Current Date

Search
Close this search box.
Search
Close this search box.

‘മുഹമ്മദന്‍ ലോ’ യും, ശരീഅത്തും, നിയമപരിരക്ഷയും

ബ്രിട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും, സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് സിവില്‍, ക്രമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചു കൊടുത്തിരുന്നു. 1864 അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശകസമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പലവകുപ്പുകളും കൂട്ടി ചേര്‍ത്ത് നിയമം നടപ്പിലാക്കി അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860 ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍ ക്രിമിനല്‍ ലോ പൂര്‍ണ്ണമായും ഇല്ലാതായി. എന്നാല്‍ അവരുടെ സിവില്‍ നിയമങ്ങള്‍ പരിരക്ഷിക്കപ്പെട്ടു. അഞ്ച് സരണികള്‍ സ്വീകരിച്ചായിരുന്നു സിവില്‍ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നത്. ഹനഫി, ശാഫി, മാലികി, ഹമ്പലി സരണിയും ശീഈ മുസ്‌ലിംകള്‍ക്ക് ജഅ്ഫരി സരണിയും സ്വീകരിക്കപ്പെട്ടു.

ഫതാവാ ആലംങ്കീരി, ഫതാവാ ഖാദീഖാന്‍ തുടങ്ങിയ പ്രാമാണിക ഹനഫി കര്‍മ്മശാസ്ത്ര സരണികള്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റം ചെയ്തു ജഡ്ജിമാര്‍ വിധികള്‍ക്ക് റഫറന്‍സായി ഉപയോഗിച്ചുവന്നു. വിവാഹം, മഹ്‌റ്, സ്വത്തവകാശം, വിവാഹ മോചനം, മൈനര്‍മാരുടെ സംരക്ഷണം, വസ്വിയത്ത്, ദാനം തുടങ്ങിയ വ്യക്തിനിയമങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്ക് ശരീഅത്തിന്റെ സംരക്ഷണം ലഭിച്ചുവന്നു.മുഹമ്മദന്‍ ലോയില്‍ കാലിക പരിഷ്‌കരണങ്ങള്‍ വേണമെന്ന് സര്‍ സയ്യിദ് അഹമദ്ഖാന്‍ (1817-1898) അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (1875-1938) ആവശ്യപ്പെട്ടിരുന്നു. കല്‍ക്കത്ത കോടതി ജഡ്ജിയായിരുന്ന അമീര്‍ അലി (1894-1928) മുസ്‌ലിം വഖഫ് സംബന്ധിച്ച് അമുസ്‌ലിം ജഡ്ജിമാരുടെ വിധിയും, നിരീക്ഷണവും വരുത്തിവെക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടികാണിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. 1887ല്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ചില പരിഷ്‌കരണങ്ങളോടെ രണ്ട് വാള്യങ്ങളായി മുഹമ്മദന്‍ ലോയില്‍ ചേര്‍ക്കപ്പെട്ടു.

സിങ്കപ്പൂര്‍, മലേഷ്യ, പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍ (ബംഗ്ലാദേശ്) തുടങ്ങിയ ബ്രിട്ടീഷ് ആധിപത്യമുള്ള എല്ലായിടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷത്തിന് അവരുടെ വ്യക്തി നിയമങ്ങളില്‍ ശരീഅത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നു.ഇപ്പോഴും കോടതികള്‍ സ്വീകരിച്ചുവരുന്നത് ഈ സരണികളാണ്. 1947ല്‍ സ്വാതന്ത്ര്യം നേടിയ ഭാരതത്തിന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലക്ക് നീണ്ട ചര്‍ച്ചകള്‍ക്കും, വിചിന്തനങ്ങള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാണ സമിതി തയാര്‍ ചെയ്ത ഭരണഘടന നിലവില്‍വന്നു. 22 പ്രധാന ഭാഗങ്ങളും, 392 വകുപ്പുകളും മുള്‍കൊള്ളുന്ന നമ്മുടെ ഭരണഘടനയുടെ രണ്ട് സുപ്രധാന ഘടകമാണ് ഒന്ന് മൗലികാവകാശം, രണ്ട് മാര്‍ഗ്ഗ നിര്‍ദേശക തത്വങ്ങള്‍.

ഭരണഘടന ഭാഗം മൂന്നില്‍ മൗലികാവകാശത്തിന്റെ നിര്‍വ്വചനവും, പിന്നീട് സമത്വത്തിനുള്ള അവകാശം, സ്വാതന്ത്രത്തിന്നുള്ള അവകാശം, ചൂഷണത്തിന്നെതിരിലുള്ള അവകാശം, മത സ്വാതന്ത്രത്തിനുള്ള അവകാശം, സംസ്‌ക്കാരവും, വിദ്യാഭ്യാസപരവുമായുള്ള അവകാശങ്ങള്‍ ഭരണഘടനാ സംബന്ധമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് 12 മുതല്‍ 35 കൂടിയ അഥവാ 23 വകുപ്പുകളാണ് നിര്‍വ്വചിച്ചിട്ടുള്ളത്. ഇതില്‍ ഭരണഘടന അനുഛേദം 25,26,27 എന്നിവ മത വിശ്വാസം സംബന്ധിച്ചവയും 28 വിദ്യാഭ്യാസം 29 സംസ്‌കാരം 21 ജീവന്‍, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം എന്നിവയാണ് അംഗീകരിച്ചിട്ടുള്ളത്. ഭരണഘടനയുടെ മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തിയതാണ് മതന്യൂനപക്ഷങ്ങള്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ വിശ്വാസം, ആചാര സംസ്‌കാര സംരക്ഷണം സ്റ്റയിറ്റിന്റെ ബാധ്യതയായി ത്തീരുന്നത്.

എന്നാല്‍ സ്വാതന്ത്ര്യാനന്തരം പലഘട്ടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാ ദത്തമായ അവകാശ ധികാരങ്ങളില്‍ ഭരണകൂടങ്ങളും, ജുഡീഷ്യറിയും ഇടപെടലുകള്‍ നടത്തിവന്നു. വാസ്തവത്തില്‍ മൗലികാവകാശധ്വംസനങ്ങളായിരുന്നു അവ. 1977ല്‍ മൊറാര്‍ജി ദേശായി കൊണ്ടുവന്ന വിവാഹ പ്രായ പരിധി, 2006ലെ ശൈശവ വിവാഹനിയമം (ക്രമിനല്‍) ശബാനുകേസ് വിധി തുടങ്ങിയവ പ്രത്യക്ഷത്തില്‍ പൊതു നിയമങ്ങളാണങ്കിലും മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്നതും, ഭരണഘടനാ പരിരക്ഷ ഉള്ളതുമായ ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതായിരുന്നു അവയില്‍ പലതും.

ഉദാഹരണം മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ശാരീരിക പ്രായ പൂര്‍ത്തിയാവലാണ്  (ഋതുമതി) എന്നാല്‍ നിലവിലുള്ള ഇന്ത്യന്‍ നിയമം 18 വയസ്സാവലാണ്. ഈ വയസ്സില്‍ എല്ലാ പെണ്‍കുട്ടികളും ഋതുമതിയാവുമെന്ന് ഒരു വൈദ്യശാസ്ത്രവും തറപ്പിച്ചു പറയുന്നില്ല. ലൈംഗികതക്ക് പാകമാല്ലാത്ത പ്രായ പൂര്‍ത്തിവരാത്ത 18 കാരികളെ വിവാഹം ചെയ്യുന്നത് ഇന്ത്യയില്‍ നിയമ തടസ്സം ഇല്ല. ഇവിടെ പ്രായപൂര്‍ത്തി എന്നത് 18 വയസ്സ് മാത്രമാണ്.

പലകോടതികളും മുസ്‌ലിം ശരീഅത്തിന്റെ അന്തസത്ത ഉള്‍കൊണ്ട് ധാരാളം വിധികള്‍ പുറപ്പെട്ടിച്ചിട്ടുണ്ട്. കേരള, ഡല്‍ഹി, അലഹബാദ്, ഹൈകോടതികളില്‍ നിന്ന് ശക്തമായ വിധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ലിമെന്റും, അസംബ്ലികളും പലപ്പോഴും പാസാക്കുന്ന നിയമങ്ങല്‍ ഭരണഘടനാ തത്വങ്ങളുമായി രാജിയാവാതെവരികയും ഫലത്തില്‍ അവ്യക്തതയും,  രണ്ടുതരം നീതിയും, രണ്ടുതരം വിധികളും അനാവശ്യവിവാദങ്ങളും ഉയരുന്നു.

ഇക്കാര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ചു വ്യക്തതവരുത്താന്‍ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കുന്നില്ല. വിവാദങ്ങള്‍ വ്യവസായമാക്കി വോട്ടാക്കി ലാഭമാക്കാനാണ് പലര്‍ക്കും താല്‍പര്യം. മുസ്‌ലിം സമുദായത്തില്‍ പരക്കെ ശൈശവ വിവാഹം നടക്കുന്നു. അതിന് ശരീഅത്ത് കൂട്ടുനില്‍ക്കുന്നു. എന്ന വിധമാണ് പലപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നത് കണക്കുകള്‍ പരിശോധിക്കാതെയാണ് പലരും വാര്‍ത്തകള്‍ മിനയുന്നത്.

ഐ.കെ.എം.നല്‍കിയ കണക്ക് പ്രകാരം 2008 മുതല്‍ 2013 വരെ 18 വയസ്സ് തികയാത്ത സ്ത്രീകളുടെ വിവാഹ രജിസ്‌ട്രോഷന്‍ ആകെ 544 ആണ്. അത് താഴെ പറയും പ്രകാരമാണ്. തിരുവനന്തപുരം-64, കൊല്ലം-19, പത്തനംതിട്ട 03, ആലപ്പുഴ-9, കോട്ടയം-9, ഇടുക്കി-6, എറണാകുളം-10, തൃശ്ശൂര്‍-33, പാലക്കാട്-59, മലപ്പുറം-224, കോഴിക്കോട്-30, വയനാട്- 13, കണ്ണൂര്‍-34, കാസര്‍ഗോഡ്-31. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്‍കിയ വിവരം അനുസരിച്ച് സംസ്ഥാനത്താകെ 18 വയസ്സ് പൂര്‍ത്തിയാകാത്ത സ്ത്രീകളുടെ വിവാഹ രജിസ്‌ട്രോഷന്‍ ആകെ 262 ആണ്.

പ്രത്യേക ഘട്ടകങ്ങളിലോ സാഹചര്യങ്ങളിലോ സംഭവിക്കാനിടയുള്ള 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണുന്നതും, അതുവഴി അവരെ ശിക്ഷിക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതും നീതിയല്ല. 18 വയസ്സില്‍ താഴെയുള്ളവരുടെ ശരീരം സര്‍ക്കാര്‍ സ്വത്തല്ലന്നും അത്തരക്കാരുടെ ശാരീരികാവകാശവും, ആനന്ദവും നിഷേധിക്കാന്‍ ഭരണകൂടങ്ങള്‍ക്കധികാരമില്ലന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍ കോര്‍ട്ട് ജഡ്ജി ധര്‍മേഷ് ശര്‍മ്മ 2013 ഓഗസ്റ്റ് 23ന് പുറപ്പെടിവിച്ച വിധി ശ്രദ്ധേയമാണ്. പരിഷ്‌കൃത സമൂഹം അവരുടെ ഭാവിയെ സംബന്ധിച്ച് കരുതലുകള്‍ വെച്ചു പുലര്‍ത്തുന്നു. വിദ്യാഭ്യാസം, വിവാഹം ഇതൊക്കെയഥാവിധി തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഒറ്റ തിരിഞ്ഞു ഒരു സമൂഹത്തെ അധിഷേപിച്ചു മനശക്തി തകര്‍ക്കാന്‍ നടത്തുന്ന ശ്രമം ആര്‍ക്കും ഗുണം ചെയ്യില്ല. മുസ്‌ലിം സമൂഹം ഒരു അധഃസ്ഥിത വര്‍ഗ്ഗമാണന്ന വിധം അടിക്കടി വരുന്ന വര്‍ത്തകള്‍ ഒട്ടും ശരിയല്ല.

Related Articles