Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലോകത്തെ മാറാവ്യാധികളും സയണിസ്റ്റ് ഭീഷണി നേരിടുന്ന അഖ്‌സയും

ഖുദുസ് നഗരവും മസ്ജിദുല്‍ അഖ്‌സയും ഏതാനും മാസങ്ങളായി ആസൂത്രിതവും നിഗൂഢവുമായ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. മുമ്പ് ഇല്ലാത്ത വിധം വ്യവസ്ഥാപിതമായ കടന്നാക്രമണങ്ങള്‍ക്ക് നഗരം സാക്ഷിയാവുകയുണ്ടായി. ഈ അജണ്ടകള്‍ രാഷ്ട്രീയവും നിയമപരവും മതപരവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതേ സമയം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ജൂതകുടിയേറ്റവും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ മസ്ജിദുല്‍ അഖ്‌സക്ക് നേരെയുള്ള സയണിസ്റ്റ് ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ചില കുടിയേറ്റ ഗ്രൂപ്പുകളില്‍ നിന്ന് മസ്ജിദിന് നേരെ കടന്നാക്രമണവുമുണ്ടായി. അവിടെ ഒരു ജൂത ദേവാലയം പണിയാനുള്ള സയണിസ്റ്റ് തീരുമാനം ‘മുഅസ്സത്തുല്‍ അഖ്‌സ’ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി. അത്‌പോലെ നൂറ്റിമുപ്പതോളം വരുന്ന സയണിസ്റ്റ് സൈനികര്‍ പള്ളിയുടെ മേല്‍ കടന്നാക്രമണം നടത്തി. അതിന് ശേഷം ജൂതപുരോഹിതന്മാരും ഈ കുറ്റകൃത്യം ആവര്‍ത്തിച്ചു. സയണിസ്റ്റ് സംഘടനകളും അതിന്ന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി.

സമുദായത്തിലെ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്, മസ്ജിദുല്‍ അഖ്‌സ വിഷയം സാധാരണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അത്ര ഗൗരവമര്‍ഹിക്കാത്ത കാര്യമാണെന്നാണ്. പുതുതായി ഒന്നും ഇപ്പോള്‍ സംഭവിക്കുന്നില്ല എന്നവര്‍ കരുതുന്നു. എന്നാല്‍ കാര്യം ഇപ്പോള്‍ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ അവസാന മാസത്തില്‍ മസ്ജിദിന്റെ പ്രശ്‌നം അപകടകരമായ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു. ഖുദുസ് നഗരത്തിനും മസ്ജിദുല്‍ അഖ്‌സക്കും നേരെയുള്ള കടന്നാക്രമണം, അതിന്റെ സ്വത്വം ഇല്ലാതാക്കാനുള്ള സയണിസ്റ്റ് സ്ട്രാറ്റജിയുടെ ഭാഗമാണ്. അത് രാഷ്ട്രീയ-ഭൂമി ശാസ്ത്ര- നാഗരിക വശങ്ങളില്‍ പ്രതിഫലിക്കുന്നതാണ്. ഇത് ഇരുപത്തഞ്ചോളം വരുന്ന സയണിസ്റ്റ് കുടിയേറ്റ സംഘടനകളുടെ പിന്തുണയോടെയാണ് സംഭവിക്കുന്നത്. മില്യന്‍ കണക്കിന് ഡോളറാണ് ഇതിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത്.

മസ്ജിദുല്‍ അഖ്‌സക്ക് മേലുള്ള കടന്നാക്രമണം വികസിപ്പിക്കണമെന്നും ഖുദുസ് നഗരത്തില്‍ ജൂതവല്‍ക്കരണം ദ്രുതഗതിയിലാക്കണമെന്നും വാദിക്കുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും ഇതിന് പിന്നിലുണ്ട്. അത് പോലെ അറബ് രാഷ്ട്രീയ സാഹചര്യവും ഇതിന് ഒരു മറയാണ്. സിറിയന്‍ പ്രതിസന്ധി, സയണിസത്തോട് മൃദുസമീപനം സ്വീകരിക്കുന്ന ഈജിപ്തിലെ പുതിയ ഭരണകൂടം, ഭൂരിഭാഗം വരുന്ന അറബ് രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികള്‍, പരിഹരിക്കാന്‍ കഴിയാത്ത അറബ് രാഷ്ട്രീയ സമസ്യകള്‍, ഫലസ്തീന്‍ പ്രശ്‌നത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന അറബ് നിലപാടുകള്‍, അന്താരാഷ്ട്ര വേദികളില്‍ സയണിസ്റ്റ് ക്രൂരതകളോട് ഏറ്റുമുട്ടാനാവാത്ത അറബ് ദൗര്‍ബല്യം തുടങ്ങിയ കാര്യങ്ങളെല്ലാം സയണിസ്റ്റുകള്‍ക്ക് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. അത് പോലെ ദുര്‍ബലമായ ഫലസ്തീന്‍ സാഹചര്യം ഒരു കാരണമാണ്. ഫലസ്തീന്‍ അതോറിറ്റി സയണിസ്റ്റുകളോട് സമാധാന ചര്‍ച്ചകളിലാണ്. ഖുദുസ് നഗരത്തോടുള്ള അന്താരാഷ്ട്ര സമീപനം ഏറെ ദുര്‍ബലമാണ്. കൃത്യമായ ഒരു നിലപാടെടുക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. അന്താരാഷ്ട്ര സംഘടനകളും ഇതിനെതിരെ മൗനം പാലിക്കുന്നു. അമേരിക്കന്‍ നിലപാട് സയണിസ്റ്റുകള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഈ പ്രശ്‌നം ഗൗരവത്തില്‍ എടുക്കുന്നുമുണ്ട്. പക്ഷെ അതെല്ലാം റിപ്പോര്‍ട്ടുകളില്‍ മാത്രം പരിമിതമാണ്. അത് പോലെ അന്താരാഷ്ട്ര തലത്തില്‍ അവലംഭിക്കാുവുന്ന ഇസ്‌ലാമിക കൂട്ടായ്മ ഇല്ല എന്നതും മറ്റൊരു കാരണമാണ്. ക്രൈസ്തവ സംഘടനകള്‍ക്ക് ഇതിനു പിന്നില്‍ താല്‍പര്യവുമില്ല. അറബ് കൂട്ടായ്മകള്‍ അഭ്യന്തര പ്രശ്‌നങ്ങളില്‍ വ്യാപൃതരുമാണ്. എന്നാല്‍ യു എന്‍ അതിന്റെ ദുര്‍ബലതയും പരാജയവും മുമ്പ് തെളിയിച്ചതാണ്. ചില രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ ഈ വിഷയം നിരന്തരമായി നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്യുന്നുണ്ട്.

ഖുദുസ് നഗരത്തില്‍ നടക്കുന്ന കാര്യങ്ങളോട് മൂന്ന് തരത്തിലാണ് പൊതു ഫലസ്തീന്‍ നിലപാട് വിലയിരുത്തപ്പെടുന്നത്. 1.ഔദ്യോഗിക നിലപാട് 2. ഫലസ്തീന്‍ ഗ്രൂപ്പുകളുടെ നിലപാട് 3. ജനങ്ങളുടെ നിലപാട്. ഇതില്‍ ഔദ്യോഗിക നിലപാട് എന്നുപറയുന്നത് ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റേതാണ്. അതവര്‍ പറയുന്നു. ‘ഞങ്ങളാണ് ഫലസ്തീന്‍ ജനതയെ നിയമാനുസൃതമായി പ്രതിനിധീകരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഫലസ്തീന്‍ അതോറിറ്റിയാണ് അങ്ങനെ അറിയപ്പെടുന്നത്’ . എന്നാല്‍ ഖുദുസ് നഗരത്തില്‍ വെച്ച് അധിനിവേശ ശക്തികളോട് സമാധാന ചര്‍ച്ചകള്‍ നടത്തുന്ന അവര്‍ സയണിസ്റ്റ് പ്രവര്‍ത്തനങ്ങളെ അപലപിക്കാറില്ല. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യും. സയണിസ്റ്റ്-ജൂത നയങ്ങളെ രാഷ്ട്രീയമായും നയതന്ത്രപരമായും നേരിടുന്ന ഒരു പ്രവര്‍ത്തനവും അവര്‍ നടത്തുകയുമില്ല. അതേ സമയം ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് സയണിസ്റ്റ് നടപടികള്‍ക്കെതിരെ രാഷ്ട്രീയമായും പ്രചരണപരമായും ചില നയങ്ങള്‍ സ്വീകരിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. എന്നാല്‍ ഫലസ്തീന്‍ ജനകീയ പ്രസ്ഥനങ്ങള്‍ ഇന്ന് വളരെ ഏറെ വിജയങ്ങള്‍ നേടിയിട്ടുണ്ട്. അവര്‍ ഖുദുസില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുന്നു. കുടിയേറ്റ -നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും നഗര കവാടങ്ങളിലും മസ്ജിദുല്‍ അഖ്‌സയുടെ ഭാഗങ്ങളിലും നിലയുറപ്പിച്ച് അധിനിവേശ സൈന്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് 1948-ല്‍ അധിനിവിഷ്ട ഭൂമിയില്‍ മസ്ജിദുല്‍ അഖ്‌സയെ പ്രതിരോധിച്ച് കൊണ്ട് ഫലസ്തീനികളും അവിടുത്തെ ഇസ് ലാമിക പ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടമാണ്. എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ ജൂതസൈന്യത്തെ നേരിട്ടു. ഓരോ മാസത്തിലും 1500-ളം ബസ്സുകള്‍ മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനും അധിനിവേശ സൈന്യത്തെ നേരിടാനും വേണ്ടി ആളുകളെ എത്തിക്കാന്‍ ഉപയോഗിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചില പാളിച്ചകള്‍ കാരണം ധാരാളം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

അറബ് ലോകത്തെ ആഭ്യന്തര കലഹങ്ങളും അനൈക്യവും അറബ് സമൂഹത്തെ വരിഞ്ഞ് മുറുക്കിയ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളും ഖുദുസ് നഗരത്തെയും മസ്ജിദുല്‍ അഖ്‌സയെയും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം മുഖ്യപരിഗണനയര്‍ഹിക്കേണ്ടതുണ്ട്. കാരണം മസ്ജിദുല്‍ അഖ്‌സ ഫലസ്തീനികളുടെ മാത്രം ഗേഹമല്ല. മറിച്ച് മുസ്‌ലിം സമൂഹത്തിന്റെ പൊതുസൊത്താണ്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവിയായ ഖാലിദ് മിശ്അല്‍ പ്രസ്തുത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിനെ പ്രതിരോധിക്കാനും വേണ്ടി ഒരു യോഗം വിളിച്ചിരുന്നു. അദ്ദേഹം അതില്‍ വിവരിച്ചു ‘മസ്ജിദുല്‍ അഖ്‌സയുടെ കാര്യത്തില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന്‌കൊണ്ട് നാം ഒന്നിക്കണം. അല്ലെങ്കില്‍ അത് ജൂത ആക്രമണങ്ങള്‍ക്ക് വിധേയമാകും. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യും. ദുഖകരമെന്നു പറയട്ടെ നമ്മള്‍ ചില ആഭ്യന്തര കാര്യങ്ങളില്‍ വ്യാപൃതരാണ്. മുഖ്യമായ പ്രശ്‌നങ്ങളില്‍ നിന്ന് അത് നമ്മളെ അശ്രദ്ധരാക്കിയിരിക്കുന്നു. ഗള്‍ഫ് നാടുകളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുതലെടുത്ത് കൊണ്ട് സയണിസ്റ്റ് ലോബികള്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണിപ്പോള്‍. അത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ വീണ്ടെടുക്കാന്‍ കഴിയാത്ത നഷ്ടം നമുക്കുണ്ടാവും.

വിവ : സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles