Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവാകാശങ്ങള്‍ ഹനിക്കാത്ത യുദ്ധങ്ങള്‍

ഇസ്‌ലാമിക സൈന്യം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പ്രവാചകന്‍ (സ) തന്റെ സൈനികര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇസ്‌ലാമിന്റെ മഹത്വം വിളിച്ചോതുന്നതും കൂടുതല്‍ വായനകള്‍ക്കും ചിന്തകള്‍ക്കും പ്രേരകമാകുന്നതുമാണ്. ‘ നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തിലും പ്രവാചകന്റെ സരണിയിലുമായി പുറപ്പെടുക. വന്ധ്യവയോധികരേയും ചെറിയ കുട്ടികളെയും സ്ത്രീകളെയും നിങ്ങള്‍ വധിക്കരുത്. നിങ്ങള്‍ കൊലയില്‍ അതിരുകവിയരുത്. സമരാര്‍ജിത സ്വത്തുക്കള്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടുകയും കൂടുതല്‍ നന്മയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. തീര്‍ച്ചയായും സുകൃതവാന്മരെയാണ് അല്ലാഹു ഇഷ്ടപ്പെടുക (അബൂ ദാവൂദ്).

സ്ത്രീകളുടെ മേലുള്ള എല്ലാ കയ്യേറ്റവും അഭിമാനക്ഷതവും ഇസ്‌ലാം വിലക്കുകയുണ്ടായി. കുത്തുവാക്കുകള്‍ ഉപയോഗിച്ച് അവരെ വേദനിപ്പിക്കുന്നത് പോലും ഇസ്‌ലാം കടുത്ത പാതകമായി മനസ്സിലാക്കി. ‘പതിവ്രതകളും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.’ (അന്നൂര്‍ 23) കുട്ടികളുടെയും കാര്യത്തില്‍ ഇതേ സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ആധുനിക ലോകത്ത് ഇറാഖിലും മറ്റും ബോംബും മിസൈലുകളും വര്‍ഷിച്ചുകൊണ്ട് നിരപരാധികളായ സ്ത്രീകളെയും കുരുന്നുകളെയും കൊന്നൊടുക്കുന്ന നീചമായ സംസ്‌കാരത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഇറാഖ് യുദ്ധത്തിന്റെ ആദ്യപാതിയില്‍ ഫലൂജയില്‍ മാത്രം 700 പേര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ജനത്തിരക്കുളള മേഖലയില്‍ 13000 ബോംബുകളാണ് ഇസ്‌ലാമിനോട് ശത്രുതയുള്ള അധിനിവേശ അമേരിക്കന്‍ സൈന്യം വര്‍ഷിച്ചത്. സമാനമായ അര്‍ഥത്തില്‍ ബ്രിട്ടന്‍ സൈന്യവും മിസൈലുകള്‍ തുടുത്ത് വിടുകയുണ്ടായി. നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പേരാണ് ഈ കുരുതിക്കിരയായത്. മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലന്മാരെന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളാണിതൊക്കെയും.

അപ്രകാരം തന്നെ അധിനിവേശ സൈനികര്‍ സ്ത്രീകളെ ബലാല്‍കകാരമായി പീഢിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അബൂഗുറൈബില്‍ നിന്നുളള നിഷ്ഠൂരതകള്‍ കണ്ട് ലോകം തന്നെ തലകുനിക്കുകയുണ്ടായി. അല്ലാഹുവിന്റെ വചനം എത്ര അര്‍ഥവത്താണ്: ‘  എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നുംപോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം’. (മുഹമ്മദ് 12). ശത്രുക്കള്‍ക്കെതിരെ ജിഹാദ് ചെയ്യാനുള്ള എല്ലാ ന്യായങ്ങളും ഒത്തുവന്നിരിക്കുന്നു. മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്തേക്ക് ശത്രു എത്തിയാല്‍ അവരെ യുദ്ദത്തിലൂടെ പുറത്താക്കുക എന്നത് എല്ലാ മുസ്‌ലിംകളുടെയും ബാധ്യതയാണ് എന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്.

ഇസ്‌ലാം അതിന്റെ ഒന്നാം നാളുമുതല്‍ക്കെ അനുയായികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എത്ര മഹത്തരമാണ്. മാനുഷികമായ എല്ലാ മൂല്യങ്ങളും ഇസ്‌ലാം അവരില്‍ നട്ടുവളര്‍ത്തുകയുണ്ടായി. സമരാര്‍ജിതസമ്പത്തില്‍ പോലും വഞ്ചന കാണിക്കരുത് എന്നാണ് അതിന്റെ അധ്യാപനം. അപ്രകാരം തന്നെ നിങ്ങള്‍ അംഗഛേദം ചെയ്യരുത്, കുട്ടികളെയും സ്ത്രീകളെയും മഠത്തില്‍ കഴിയുന്നവരെയും ആക്രമിക്കരുത്, ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ മുറിക്കരുത്…തുടങ്ങിയ സൈനികര്‍ക്കുള്ള മഹനീയമായ ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ ആധുനിക സമൂഹത്തിന് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര ഉദാത്തമാണ്.

ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിംകളുടെ പരാതി പോലും ഭരണാധികാരികള്‍ സൂക്ഷമമായി പരിശോധിക്കുകയും അനീതി പ്രകടമായാല്‍ തന്റെ ഗവര്‍ണര്‍മാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കിയതിനും നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാം. ഈ മഹനീയമായ വ്യവസ്ഥയിലൂടെ മാത്രമേ ലോകത്ത് മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുകയും സമാധാനം കളിയാടുകയും ചെയ്യൂവെന്ന് നാം തിരിച്ചറിയണം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles