Current Date

Search
Close this search box.
Search
Close this search box.

പൊളിച്ചു മാറ്റാനാവാത്ത ജാതിയുടെ വേലികെട്ടുകള്‍

നാനാത്വത്തില്‍ ഏകത്വം എന്ന സുന്ദരമായ മുദ്രാവാക്യം ഇന്ത്യയുടെ അടിസ്ഥാന മുഖലക്ഷണമാണ്. വ്യത്യസ്തമായ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും ഭാഷകളും നിലകൊള്ളുന്ന ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനമാണ് രാജ്യത്തെ ഓരോ പൗരനും ഈ വാക്കുകള്‍ നല്‍കുന്നത്.  എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജാതീയ; സാമുദായിക സംഘര്‍ഷങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും ആശങ്കകള്‍ക്ക് വക നല്‍കുന്നതുമാണ്. ഇതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയിലെ ബെല്‍ഗാമില്‍ കണ്ടത്. കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട ജാതീയ സംഘര്‍ഷം മേഖലയില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അവിടെയുള്ള ഉന്നത ജാതിയില്‍പെട്ട യുവാവിനെ മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ആക്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.
 
മനുഷ്യര്‍ തമ്മിലുള്ള ജാതിയുടെയും വംശത്തിന്റെയും നിറത്തിന്റയും പേരിലുള്ള വിഭജനങ്ങള്‍ക്ക് മനുഷ്യായുസ്സിനോളം തന്നെ പഴക്കമുണ്ട്. ഒരേ മജ്ജയും മാംസവുമുള്ള മനുഷ്യന്‍ തമ്മിലുള്ള ഇത്തരം വിഭജനങ്ങള്‍ തികച്ചും അര്‍ത്ഥ ശൂന്യമാണ്. സമൂഹത്തില്‍ ഒരുവിഭാഗം മേലാളന്മാരും മറുവിഭാഗം കീഴാളന്മാരുമാകുന്ന തെറ്റായ സാമൂഹിക ക്രമമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മേലാളന്മാര്‍ സമൂഹത്തിന്റെ അധികാരം കയ്യിലൊതുക്കി കീഴാള സമൂഹത്തെ അടിച്ചമര്‍ത്തുന്നു. മര്‍ദ്ദിതരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ കീഴാള സമൂഹം എന്നും അധസ്ഥിതിയിലും ദുരിതത്തിലും കഴിഞ്ഞു കൂടുകയും ചെയ്യുന്നു.

മനുഷ്യര്‍ക്കിടയിലുള്ള ഇത്തരം തെറ്റായ വിഭജനങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പുകള്‍ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തി അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ 1789 ലെ ഫ്രഞ്ച് വിപ്ലവം ഇതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ്. 1948 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട അപാര്‍ത്തിഡ് വ്യവസ്ഥക്കെതിരെ നെല്‍സണ്‍ മണ്ഡേലയുടെ നേതൃത്വത്തില്‍ നടന്ന സമര-പോരാട്ടങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാര്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ നടത്തിയ വംശീയ അതിക്രമങ്ങളും; മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂനിയറിന്റെയും മാല്‍കം എക്‌സിന്റെയും നേതൃത്വത്തില്‍ നടന്ന ചെറുത്തു നില്‍പുകളും ഇതിന് ഉദാഹരണങ്ങളാണ്.

ജാതീയമായ വിഭജനങ്ങള്‍ ഏറ്റവും കൂടുതല്‍ നിലവിലുള്ള രാജ്യങ്ങളൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തില്‍ നില നില്‍ക്കുന്ന വര്‍ഗവിഭജനമാണ് ഇതിന്റെ പ്രധാന കാരണം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ മനുഷ്യര്‍ പല തട്ടുകളായി വിഭജിക്കപ്പെട്ടു. പിന്നീട് അനേകം ജാതികള്‍ അതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. മുന്‍ കാലത്ത് കേരളത്തിലിത് വളരെ രൂക്ഷമായി നിലനിന്നിരുന്നു. അതുകൊണ്ടാണ് ഹിന്ദു മതപണ്ഡിതന്‍ കൂടിയായ സ്വാമി വിവേകാനന്ദന്‍ അന്ന്  കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ഇന്ന് കാണപ്പെടുന്ന നമ്പൂതിരിമാരും നായന്മാരും തിയ്യന്മാരും പുലയന്മാരുമെല്ലാം ഇതിന്റെ ബാക്കി പത്രങ്ങളാണ്. കീഴ്ജാതിക്കാരുടെ ശക്തമായ ചെറുത്തുനില്‍പുകള്‍ മൂലം ജാതി വ്യവസ്ഥ പ്രത്യക്ഷത്തില്‍ തകര്‍ക്കപ്പെട്ടുവെങ്കിലും ഇന്ത്യയില്‍ ഇന്നും രൂക്ഷമായി അത് തുടരുന്നുണ്ട്. മറുജാതിയുലുള്ളവരെ പ്രണയിച്ചുവെന്നതിന്റെ പേരില്‍ സ്വന്തം ബന്ധുക്കളാലും സമുദായക്കാരാലും കൊല്ലപ്പെട്ട അനേകം യുവതികളെക്കുറിച്ച വാര്‍ത്തകള്‍ ഇന്ന് പത്രങ്ങള്‍ക്ക് സുപരിചിതമാണ്. അത്തരം പ്രണയങ്ങള്‍ സൃഷ്ടിച്ച സംഘര്‍ങ്ങളും അനവധി. കേരളത്തിനു പുറത്തു നിന്നാണ് ഇത്തരം സംഭവങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.
 
എല്ലാവര്‍ക്കും ആദരവും ബഹുമാനവും നല്കിയ ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും അത് വിലകല്‍പ്പിക്കുന്നു. വര്‍ണത്തിന്റയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും അത് അനുവദിക്കുന്നില്ല. അല്ലാഹു പറയുന്നു: ‘ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.’ (അല്‍ഇസ്‌റാഅ് : 70)  നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇതിനെക്കുറിച്ച സൂചനയുണ്ട്.

നിങ്ങളുടെ രക്തവും ധനവും ഈ വിശുദ്ധമാസവും ദിവസവും ഈ നാടും പോലെ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന നാള്‍ വരെ പവിത്രമാണ്.’  മനുഷ്യസമത്വത്തെക്കുറിച്ച് ഊന്നിപ്പറയുകയും മനുഷ്യര്‍ക്കിടയിലെ വിവേനങ്ങളെ തള്ളിപ്പറയുകയുംകൂടി ചെയ്ത ദര്‍ശനമാണ് ഇസ്‌ലാം. നബി(സ) ലോകജനതക്ക് ഈയൊരു ആഹ്വാനം നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു : ജനങ്ങളേ, നിങ്ങളുടെ നാഥന്‍ ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്, എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്, ആദമോ മണ്ണില്‍ നിന്നും, നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയര്‍, ദൈവഭക്തി കൊണ്ടല്ലാതെ ഒരു അറബിക്ക് അനറബിയേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല.’  സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പെരുമാറ്റവും നബി(സ)യുടെ ജീവിതത്തില്‍ നമുക്ക് കാണാം. അബൂ ഉമാമയില്‍ നിന്നുദ്ധരിക്കുന്നു : അബൂദര്‍റ് ബിലാലിനെ ഉമ്മയുടെ പേരില്‍ ആക്ഷേപിച്ചു. കറുത്തവളുടെ മകനേ എന്നായിരുന്നു അബൂദര്‍റ് വിളിച്ചത്. ബിലാല്‍(റ) പ്രവാചക സന്നിധിയില്‍ എത്തി പരാതി പറഞ്ഞു. പിന്നീട് അബൂദര്‍റ്(റ) നോട് നബി(സ) പറഞ്ഞു: ‘എനിക്ക് ഗ്രന്ഥം അവതരിപ്പിച്ചവനാണ് സത്യം, കര്‍മം കൊണ്ടല്ലാതെ ഒരാള്‍ക്കും യാതൊരു ശ്രേഷ്ഠതയുമില്ല.’

ഇസ്‌ലാം ഇന്ത്യയിലേക്ക് ആഗതമായ കാലത്ത് ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് ആശ്ലേഷിച്ചതിന്റെ പ്രധാന കാരണവും ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി സമ്പ്രദായവും അതിന്റെ അടിസ്ഥാനത്തിനുള്ള വിവേചനങ്ങളുമായിരുന്നു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദര്‍ശനങ്ങള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ: ബി.ആര്‍ അംബേദ്കര്‍ പോലും ഇതില്‍ ആകൃഷ്ടനായിരുന്നു.

Related Articles