Current Date

Search
Close this search box.
Search
Close this search box.

നീതിദേവതയുടെ ഒളിനോട്ടങ്ങള്‍

നീതിദേവതയുടെ കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുന്നത് മുഖം നോക്കാതെ നീതി വിധിക്കാനാണെന്നു സങ്കല്‍പ്പം. എന്നാല്‍, ചിലപ്പോഴെങ്കിലും നീതിദേവത ഒളികണ്ണിട്ടുനോക്കുന്നുണേ്ടാ? നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ അതിന്റെ വിധിതീര്‍പ്പുകളെ ബാധിക്കുന്നുണേ്ടാ? പതിനേഴു വര്‍ഷമായി ഇടയ്ക്കിടെ പൊന്തിവന്നും ചിലപ്പോള്‍ മറവിയിലകപ്പെട്ടും കേരളീയസമൂഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന സൂര്യനെല്ലികേസ് ഉയര്‍ത്തുന്ന നൈതികസന്ദേഹങ്ങള്‍ ചില ഉത്തരങ്ങളാവശ്യപ്പെടുന്നുണ്ട്.
അവയിലേറ്റവും പ്രധാനം ന്യായാധിപന്മാരുടെ പൊതുബോധം അവരുടെ ന്യായവിധികളെ സ്വാധീനിക്കുന്നുണേ്ടാ എന്നതു തന്നെയാണ്. പതിനാറു വയസ്സുപോലും തികയാത്ത സൂര്യനെല്ലിപെണ്‍കുട്ടിയെ നാല്‍പ്പതു ദിവസത്തോളം കസ്റ്റഡിയില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്ത കുറ്റത്തിന് പ്രത്യേക കോടതി മുപ്പത്തിയഞ്ചു പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ആ ശിക്ഷ റദ്ദാക്കുകയും ഇരയെ കുറ്റവാളിയെന്ന നിലയില്‍ വിധി പ്രസ്താവിക്കുകയും ചെയ്യുന്നു.സുപ്രിംകോടതി കഴിഞ്ഞ ജനുവരി 31ന് പുറപ്പെടുവിച്ച ഉത്തരവില്‍ ആ വിധി അസാധുവാകുകയും പുതുതായി വാദം കേട്ട് ആറുമാസത്തിനകം തീരുമാനം അറിയിക്കാനും ഹൈക്കോടതിയോട് നിര്‍ദേശിക്കുന്നു. നീതിപീഠബാഹ്യ ഇടപെടലുകളുണ്ടായിട്ടുണേ്ടാ എന്ന സംശയങ്ങളാണ് ഇതെല്ലാമുയര്‍ത്തുന്നത്. നീതിപീഠത്തിന്റെ അപ്രമാദിത്ത പരിവേഷമഴിഞ്ഞു വീഴുന്നത് നാമിവിടെ കാണുന്നു.
കോടതികള്‍ക്ക് എപ്പോഴും തെളിവുകളാണു പ്രധാനം. ആ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും വിധി പ്രസ്താവങ്ങള്‍. എന്നാല്‍, ഇടുക്കിയില്‍നിന്നു തുടങ്ങി ഡല്‍ഹി വരെ എത്തിയ സൂര്യനെല്ലി കേസില്‍ എവിടെയോ ചില പൊരുത്തക്കേടുകളുണെ്ടന്നു ചിലരെങ്കിലും സംശയിക്കുന്നു. മൂന്നു കോടതികള്‍, മൂന്നു തരം വിധിപ്രസ്താവങ്ങള്‍, വിധി പറഞ്ഞവരെല്ലാം പ്രശസ്തരായ നിയമജ്ഞര്‍. അഭിഭാഷകര്‍ക്കിടയില്‍പ്പോലും രാഷ്ട്രീയക്കാരെ വെല്ലുന്ന ഭിന്നാഭിപ്രായങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്‌പെഷ്യല്‍ കോടതി രൂപീകരിച്ച കേസ്. ഇങ്ങനെ ഏറെ സങ്കീര്‍ണമാണു സൂര്യനെല്ലിക്കേസ്.

നീതിപീഠങ്ങള്‍ മൂന്നു കോണുകളിലൂടെ ദര്‍ശിച്ചപ്പോള്‍ നീതിക്കരികെ പോലും എത്താന്‍കഴിയാതെ നില്‍ക്കുന്നത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയാണ്. മൂന്നാര്‍ ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും സൂര്യനെല്ലി സ്വദേശിയുമായ പെണ്‍കുട്ടിയെ 1996 ജനുവരി 16നാണു കാണാതാവുന്നത്. പീരുമേട് കോടതിയില്‍ തുടങ്ങിയ വിചാരണ ജനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോട്ടയത്തെ പ്രത്യേക കോടതിയിലേക്കു മാറ്റുന്നത്. 2000 സപ്തംബര്‍ ആറിന് പ്രത്യേകകോടതി 35 പ്രതികള്‍ക്കു മൂന്നു മുതല്‍ 13 വര്‍ഷം വരെ തടവുശിക്ഷ നല്‍കി.ഗൂഢാലോചന, കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികോദ്ദേശത്തോടെ വിപണനം ചെയ്യല്‍ തുടങ്ങിയ കുറ്റാരോപണങ്ങളാണു വിധിപ്രസ്താവത്തിലൂടെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ശരിവച്ചത്.

ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ കണെ്ടത്തിയ തെളിവുകളൊന്നും പക്ഷേ, അപ്പീല്‍ കേട്ട ഡിവിഷന്‍ബെഞ്ചിനു മുന്നിലെത്തിയില്ല! ഇതിനകം ജസ്റ്റിസ് നമ്പ്യാര്‍ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടിരുന്നുവെങ്കിലും അപ്പീലില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ചില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല.
ഇരയെ പ്രതിയാക്കി ഹൈക്കോടതി ഒരു ക്രിസ്മസ് അവധിക്കു ശേഷം അപ്പീലില്‍ വിധി പറഞ്ഞ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെ വിടുകയാണ് ചെയ്തത്. അഭിഭാഷകനായ ഒന്നാം പ്രതി ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമായി ചുരുക്കി. ബലാല്‍സംഗക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് ശിക്ഷയില്‍ ഇളവുലഭിച്ചത്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു, ലൈംഗികവേഴ്ചയ്ക്കായി തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങളൊഴിച്ച് മറ്റെല്ലാം കോടതി റദ്ദാക്കി. തട്ടിക്കൊണ്ടുപോവല്‍, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളാണ് തെളിവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഹൈക്കോടതിയില്‍ ജസ്റ്റിസ് അബ്ദുല്‍ ഗഫൂറും ജസ്റ്റിസ് ആര്‍. ബസന്തും ചേര്‍ന്നുള്ള ഡിവിഷന്‍ബെഞ്ചാണ് സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ അടുത്തകാലത്തായി മരണപ്പെട്ടു.
 പെണ്‍കുട്ടി കാമുകനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതുകൊണ്ട് ഈ കേസ് തട്ടിക്കൊണ്ടുപോവലായി പരിഗണിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറ്റൊരു കണെ്ടത്തല്‍.ലൈംഗികബന്ധത്തിന് ‘സമ്മതം’ നല്‍കുന്നതിനുള്ള പ്രായം പതിനാറാണ്. ഇരയായ പെണ്‍കുട്ടിക്ക് 16 വയസ്സിനു മുകളില്‍ പ്രായമുണെ്ടങ്കില്‍ സമ്മതത്തോടെയല്ല ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് തെളിയിക്കാനായാലേ ബലാല്‍സംഗമായി കണക്കാക്കാനാവൂ. ഈ കേസില്‍ ലൈംഗികബന്ധത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടായിരുന്നതായി കോടതി ആരോപിച്ചു. ഒപ്പം പെണ്‍കുട്ടി വഴിപിഴച്ച ജീവിതം നയിച്ചവളാണെന്ന നിരീക്ഷണവും കോടതി നടത്തി. 40 ദിവസം പരിചയമുള്ള വഴികളിലും സ്ഥലങ്ങളിലും സഞ്ചരിച്ച പെണ്‍കുട്ടി രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും അതിനു ശ്രമിച്ചില്ല- ഇതായിരുന്നു പെണ്‍കുട്ടിക്കെതിരായ വാദം.
ജഡ്ജിമാരുടെ നിഷേധാത്മക സമീപനം
ഹൈക്കോടതിവിധിക്കു ശേഷം എട്ടു വര്‍ഷം കഴിഞ്ഞാണെങ്കിലും കേസില്‍ സുപ്രിംകോടതി ഒന്നര മണിക്കൂര്‍ വാദം കേട്ടു. ഹൈക്കോടതി വിധി തെറ്റാണെന്നു കണെ്ടത്തുകയും ചെയ്തു. ഒരേ നിയമം പഠിച്ച വ്യത്യസ്ത ജഡ്ജിമാര്‍ ഒരു കേസിനെ വ്യത്യസ്ത രീതികളിലാണു വീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് സൂര്യനെല്ലിക്കേസിനെ കുറിച്ച് അവര്‍ നടത്തിയ അഭിപ്രായങ്ങളും വിഭിന്നമായത്.
സൂര്യനെല്ലി കേസ് ബലാല്‍സംഗമല്ല ബാലവേശ്യാവൃത്തിയാണെന്ന ജസ്റ്റിസ് ബസന്തിന്റെ അഭിപ്രായപ്രകടനം രഹസ്യകാമറ വഴി കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചവളാണെന്നും അവള്‍ ചെറുപ്പത്തിലേ തന്നെ തട്ടിപ്പുകള്‍ കാട്ടിയിട്ടുണെ്ടന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വളരെയേറെ ഒച്ചപ്പാടുണ്ടാക്കി.
അതേസമയം പീഡനത്തിനിരയാവുന്ന സ്ത്രീകളോട് അനുതാപകരമായ സമീപനമായിരിക്കണം ന്യായാധിപന്മാരുടേതെന്നാണ് സൂര്യനെല്ലി ജഡ്ജിയായിരുന്ന ശശിധരന്‍ നമ്പ്യാരുടെ അഭിപ്രായം. ന്യായാധിപന്മാര്‍ ഇരകളെ കുറ്റവാളികളായി കാണരുത്. ഇര പറയുന്നതു ശരിയോ തെറ്റോ എന്നു വിധിക്കുന്നതിനു മുമ്പ് ഇരയുടെ സ്ഥാനത്ത് സ്വന്തം മകളെ സങ്കല്‍പ്പിക്കണം. എങ്കില്‍ തെറ്റുകൂടാതെ തീരുമാനമെടുക്കാം. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നു പറയുന്നത് സമ്മതമെന്ന നിഗമനത്തില്‍ എത്തുന്നതിനു കാരണമാവരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പണത്തിനു പകരമായി ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരാണ് വേശ്യകള്‍ അല്ലെങ്കില്‍ ലൈംഗികതൊഴിലാളികള്‍. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയാവാത്തവരാണെങ്കില്‍ അവരെ ബാലവേശ്യ എന്നു വിളിക്കും. ജസ്റ്റിസ് ബസന്ത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ വിളിച്ചതും ഇതുതന്നെ. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാകുമ്പോള്‍ ഈ കേസിലെ പ്രതികള്‍ സ്വാഭാവികമായും വ്യഭിചാരകേസില്‍ പിടിക്കപ്പെടേണ്ടവരോ പ്രതി ചേര്‍ക്കേണ്ടവരോ ആണ്. ഇത്തരക്കാര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
എന്നാല്‍, സൂര്യനെല്ലി കേസ് നിലവില്‍ ബലാല്‍സംഗക്കേസുമല്ല, വേശ്യാവൃത്തിയുമല്ല എന്ന സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ വിധി പ്രസ്താവത്തിലൊരിടത്തു പോലും പണത്തിനുവേണ്ടി സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി ചെയ്തതായി തെളിവില്ല. പകരം കോടതി പറയുന്നത് ഹോസ്റ്റല്‍ഫീസ് അടയ്ക്കുന്നതിനു നല്‍കിയ 450 രൂപ കാമുകനായ രാജുവിനു നല്‍കിയ പെണ്‍കുട്ടി ആഭരണങ്ങള്‍ പണയംവയ്ക്കാന്‍ പോയെന്നും പണയം വയ്ക്കുന്ന കടയില്‍ തെറ്റായ അഡ്രസ് നല്‍കിയെന്നുമാണ്. ഇതില്‍ നിന്നും പെണ്‍കുട്ടിക്ക് പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നാണു കോടതിയുടെ നിഗമനം.
എന്നാല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നതിതാണ്: ”ഒരു പെണ്‍കുട്ടി രണ്ടു കാരണങ്ങള്‍കൊണ്ട് ശാരീരികബന്ധത്തിന് അനുവാദം നല്‍കും. ഒന്ന് അവള്‍ക്കാരോടെങ്കിലും പ്രണയമുണെ്ടങ്കില്‍ ആ സ്‌നേഹത്തിനു മുന്നില്‍… രണ്ട്, പണത്തിനു വേണ്ടി. സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്ക് ബസ് കണ്ടക്ടറായ രാജുവിനോടു മാത്രമാണ് പ്രണയമുണ്ടായിരുന്നത്. സ്‌നേഹത്തിന്റെ പേരിലാണു ബന്ധംപുലര്‍ത്തിയതെങ്കില്‍ കാമുകനുമായി മാത്രമാണ് ഇതുണ്ടാവേണ്ടത്. ഈ കേസിന്റെ സ്ഥിതി അതല്ല. മാത്രമല്ല പണത്തിനു വേണ്ടി ലൈംഗികതൊഴില്‍ ചെയ്യാന്‍ മാത്രം പരാധീനതകളുള്ള ഒരു കുടുംബത്തിലെ കുട്ടിയായിരുന്നുമില്ല ഇവള്‍.”

മെഡിക്കല്‍ റിപോര്‍ട്ട്

”പെണ്‍കുട്ടിയുടെ മൊഴി വിശദമായി കേട്ടു ബോധ്യപ്പെട്ടിട്ടാണ് ജസ്റ്റിസ് നമ്പ്യാര്‍ വിധിപ്രസ്താവിച്ചതെങ്കിലും അവളനുഭവിച്ച ക്രൂരതകള്‍ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കാണാതെ പോയത് എന്തുകൊണ്ടാണ്?” ദീര്‍ഘകാലമായി സൂര്യനെല്ലി കേസ് കൈകാര്യം ചെയ്യുകയും ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് ആത്മവിശ്വാസവും നല്‍കുന്ന അഡ്വ. അനിലാ ജോര്‍ജ് ചോദിക്കുന്നു. ”പോലിസ് കണെ്ടത്തിയ
തെളിവുകളൊന്നും ഹൈക്കോടതി കണ്ടില്ല. 97 സാക്ഷികളെ വിസ്തരിച്ച കേസിന് എന്തു തെളിവുകളായിരുന്നു ഇതിനപ്പുറം വേണ്ടിയിരുന്നതെന്നറിയില്ല. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ ആദ്യമായി ലൈംഗികബന്ധം നടന്നതായി വ്യക്തമായി പറയുന്നുണ്ട്. ഇതു കൃത്യമായ തെളിവാണ്. എന്നിട്ടും കേസ് മാറിമറഞ്ഞതിനു പിന്നില്‍ മറ്റെന്തോ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടതി ചോദിച്ചത് എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടില്ലെന്നാണ്. ആ ചോദ്യം പ്രതികളോടായിരുന്നു ചോദിക്കേണ്ടിയിരുന്നത് അല്ലാതെ ഇരയോടല്ല.” അഡ്വ. അനില പറയുന്നു.

പി.ജെ. കുര്യന്റെ പങ്ക് എന്ത്?
ഈ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന യശശ്ശരീരനായ ജി. ജനാര്‍ദ്ദനക്കുറുപ്പ് ആത്മകഥയില്‍ എഴുതിയിരിക്കുന്നതിങ്ങനെ: ”സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം എന്നെ വന്നു കണ്ടിരുന്നു. പി.ജെ. കുര്യന്‍ ദ്രോഹിച്ചെന്നും മറ്റും മാതാപിതാക്കള്‍ പറയുകയുണ്ടായി. മൈനര്‍ ആയ പെണ്‍കുട്ടിയോട് അവള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സാഹചര്യത്തെക്കുറിച്ചു ചോദിക്കാന്‍ എനിക്കു വിഷമമായിരുന്നു. എന്റെ മകള്‍ ശാരദയും പത്രപ്രവര്‍ത്തക ലീലാമേനോനും കൂടിയാണ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്.”
പെണ്‍കുട്ടിക്കു രക്ഷപ്പെടാനുള്ള
പഴുതുണ്ടായിട്ടില്ല എന്ന വാദം തള്ളിക്കളയുന്നുണ്ട് ആത്മകഥാകാരന്‍: ”പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിന്മേല്‍ കോടതി നിര്‍ദേശപ്രകാരം ഒട്ടിച്ചകവറില്‍ ഡി.ജി.പി. റിപോര്‍ട്ട് നല്‍കി. അതില്‍ പ്രധാന പ്രതികളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരിക്കെ അതു തെളിയിക്കുന്നതിനുള്ള യാതൊരു അന്വേഷണവും പോലിസ് നടത്തിയില്ലെന്ന് എനിക്കു മനസ്സിലായി. തന്നെയുമല്ല ഏതുനിമിഷവും പെണ്‍കുട്ടിക്കു രക്ഷപ്പെടാനുള്ള സന്ദര്‍ഭമുണ്ടായെന്ന രീതിയില്‍ അന്വേഷണം പ്രതിഭാഗത്തിനനുകൂലമായി തിരിച്ചുവിട്ടിരുന്നു.”
”സിബി മാത്യൂസിന്റെ റോളിനെക്കുറിച്ചും കുര്യനുവേണ്ടി ഹാജരാക്കപ്പെട്ട ‘അലിബി’ തെളിവുകളെക്കുറിച്ചും അദ്ദേഹം എഴുതുന്നു: ”പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ ഞാന്‍ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഒന്നുകൂടി എന്റെ വീട്ടില്‍ വരുത്തി ചോദ്യം ചെയ്യാന്‍ സിബിമാത്യൂസിനോട് അഭ്യര്‍ഥിച്ചു. സിബി മാത്യൂസ് വന്നപ്പോള്‍ പെണ്‍കുട്ടിയും മാതാപിതാക്കളും എന്റെ വീട്ടിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അവരെ ചോദ്യംചെയ്യാന്‍ കൂട്ടാക്കിയില്ല. അപ്പോഴേക്കും കുര്യന് വേണ്ടിയുള്ള ‘അലിബി’ തെളിവുകള്‍ സിബി മാത്യൂസ് സംഭരിച്ചു കഴിഞ്ഞിരുന്നു.”
തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി പി.ജെ. കുര്യനുണ്ടായിരുന്നുവെന്ന് 1996 മുതല്‍ പെണ്‍കുട്ടി പോലിസുകാരോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും എസ്.പിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, എഫ്.ഐ.ആര്‍. പോലും തയ്യാറാക്കാതെ പ്രാഥമികാന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിച്ച് തീര്‍പ്പാക്കുകയായിരുന്നു അധികാരികള്‍. തുടര്‍ന്ന് പെണ്‍കുട്ടി തൊടുപുഴ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്‍മേല്‍ കുര്യനെതിരേ നടപടിയാരംഭിച്ചു. അവസാനം തെളിവുകള്‍ അവ്യക്തമാണെന്ന് നിരീക്ഷിച്ച് കോടതികള്‍ കുര്യനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഈ കേസില്‍ ഒരു ക്രിമിനല്‍ നടപടിച്ചട്ടവും പാലിച്ചിട്ടില്ല. പ്രാഥമികാന്വേഷണ സമയത്ത് ആരോപണവിധേയരായവരുടെ തെളിവുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എഫ്.ഐ.ആര്‍ പോലുമില്ലാതെ കേസന്വേഷണം അട്ടിമറിച്ചത് എന്ന് വ്യക്തമാണ്.
പ്രതിയായ ധര്‍മരാജനും സാക്ഷിയായ രാജനും മൊഴി നല്‍കിയിട്ടും കുര്യനെതിരേ അന്വേഷണം നടത്തേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. ചിങ്ങവനം പോലിസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി പുതിയ പരാതി നല്‍കിയിട്ടും സ്വീകരിക്കാന്‍ തയ്യാറായില്ല. വീണ്ടും തൊടുപുഴ കോടതിയില്‍ റിവ്യൂ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണു പെണ്‍കുട്ടി.
വലിയ കേസ്ഫയലായതിനാല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷമാണു ഹൈക്കോടതിയില്‍നിന്നു റിക്കാര്‍ഡുകളെല്ലാം അവിടെ എത്തുന്നത്. അധികം തെളിവുകളും സാക്ഷി മൊഴികളുമുള്ളൊരു കേസ് പരിഗണനയ്ക്കു വരേണ്ട സ്വാഭാവിക കാലതാമസം ഈ കേസിനുമുണ്ടായി. കുറെയൊക്കെ അലംഭാവവും. വൈകിയാണെങ്കിലും സുപ്രിംകോടതി ഇടപെടലാണ് ഫയലുകളില്‍ ഉറങ്ങിയ ഈ കേസിനെ വീണ്ടും ഉണര്‍ത്തിയത്. നിയമവ്യവസ്ഥ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണെങ്കിലും അതുണ്ടായി എന്നത് ആശ്വാസകരം തന്നെ.

(കടപ്പാട് : തേജസ്)

Related Articles