Current Date

Search
Close this search box.
Search
Close this search box.

ദുരിത താഴ്‌വരയിലെ പാതി വിധവകള്‍

ഇടതിങ്ങിയ ദേവതാരു മരങ്ങള്‍, ചോള വയലുകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, കുത്തനെയുള്ള പര്‍വ്വതങ്ങള്‍..രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള ഇന്ത്യന്‍ അധീന കാശ്മീര്‍ എന്ന പ്രദേശം ഇതെല്ലാം കൂടി ചേര്‍ത്തു വക്കുമ്പോള്‍ ഒരു ഗ്രാമീണ സംഗീതം പോലെ മനോഹരിയായി ചമഞ്ഞൊരുങ്ങി നില്‍ക്കുന്നു.
എന്നാല്‍, അല്‍പം ആഴത്തില്‍ ആ പ്രദേശത്തെക്കുറിച്ചറിയാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ടതിലുള്ള പരിദേവനങ്ങള്‍ പങ്കു വക്കുന്ന വിധവകളെയും കാണാതായ ഭര്‍ത്താക്കന്‍മാരെക്കുറിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാതി വിധവകളെയും  നിങ്ങള്‍ക്കു കണ്ടെത്താം, അല്ല, പ്രദേശത്തുകൂടെ വീശുന്ന കാറ്റുതന്നെ ആ കഥ പറയുന്നുണ്ട്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാപങ്ങളില്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ടതിലെ വേദനകള്‍ കടിച്ചമര്‍ത്തി കാത്തിരിക്കുകയാണവര്‍.
‘അദ്ദേഹത്തിന്റെ തിരോധാനം ഇപ്പോഴും ഒരു നിഗൂഢതയായി നിലനില്‍ക്കുന്നു’ 1998 ലെ ഒരു വൈകുന്നേരം പ്രാര്‍ഥനക്കായി പുറത്തുപോയ തന്റെ ഭര്‍ത്താവ് ശംസുദ്ദീന്‍ പസാല്‍ പിന്നീട് തിരിച്ചു വരാത്തതിലെ വേദന പങ്കുവക്കുകയാണ് 52 കാരിയായ ബീഗം ജാന്‍.
ഗ്രീഷ്മ തലസ്ഥാനമായ ശ്രീനഗര്‍ മുതല്‍ ഇന്ത്യ- പാക് അധീന കാശ്മീരുകള്‍ വേര്‍തിരിക്കപ്പെടുന്ന കുപ്‌വാര ജില്ല വരെ 140 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണ് വേദനയുടെ സങ്കേതമായ ഈ താഴ്‌വര.
90 കളുടെ ആദ്യത്തില്‍ സ്വാതന്ത്ര്യദാഹികളായ കാശ്മീരി ചെറുപ്പക്കാര്‍ അപകടം നിറഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടി പാക്കിസ്ഥാനില്‍ പോയി ആയുധപരിശീലനം നടത്താനുള്ള മാര്‍ഗ്ഗമായി ഈ ഗ്രമാത്തെ ഉപയോഗിച്ചിരുന്നു. അങ്ങനെ പരിശീലനം സിദ്ദിച്ച് ആയുധങ്ങളുമായി മടങ്ങി വന്നിരുന്നവര്‍ ഈ ഗ്രാമീണ മേഖലയില്‍ തമ്പടിച്ച് ഇന്ത്യന്‍ സംഘവുമായി പോരാടുമായിരുന്നു.
ഗ്രാമീണരില്‍ പലരും ഇത്തരം വിമത ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. അവരില്‍ പലരെയും അജ്ഞാതരായ ചിലര്‍ പിടിച്ചുകൊണ്ടുപോകുകയോ, വിമതരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം കൊന്നുകളയുകയോ ചെയ്യും. പലപ്പോഴും ഇത്തരം കൊലപാതകങ്ങള്‍ അവഗണിച്ചു തള്ളുകയാണ് പതിവ്.
‘ചിലപ്പോള്‍ വിമതര്‍ സിവിലിയന്‍മാരെ ഗൈഡുകളായി ഉപയോഗിക്കും. അല്ലേങ്കല്‍ സൈന്യം കാടുകളിലെ തെരച്ചിലിനായി അവരെ കൂടെക്കൂട്ടും. അവരില്‍ പലരും പിന്നീട് വീടുകളിലേക്ക് തിരിച്ചു വന്നിട്ടില്ല. ഇന്നും ഞങ്ങള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെ കാത്തിരിക്കുകയാണ്. ചിലപ്പോള്‍ അവര്‍ ജീവിച്ചിരിക്കുന്നുണ്ടാകും. ആര്‍ക്കറിയാം? പക്ഷെ അങ്ങനെയെങ്കില്‍ അവര്‍ തീര്‍ച്ചയായും തിരിച്ചു വരേണ്ടതാണ്.’ അവര്‍ പറഞ്ഞു.
ബീബി ഫാത്തിമയുടെ കഥയും പറയപ്പെട്ടതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.
1993 ല്‍ തന്റെ ദിവസക്കുലിക്കാരനായ ഭര്‍ത്താവ് വിലായത്ത് ഷാ ജോലിയന്വേഷിച്ച് പുറത്തു പോയതായിരുന്നു. 65 കാരിയായ ഫാത്വിമ ഇന്നും അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
‘ മാസങ്ങളോളം ഞാനദ്ദേഹത്തെ തെരഞ്ഞു നടന്നു. സൈനിക ക്യാമ്പുകളിലൊഴികെ മറ്റെല്ലായിടത്തും ഞനദ്ദേഹത്തെ തെരഞ്ഞു. അങ്ങനെ ഒരു ദിവസം ഞാന്‍ തെരച്ചില്‍ നിര്‍ത്തി. ഞങ്ങള്‍ നിരക്ഷരരായ ജനങ്ങളാണ്. പുറമേക്ക് അധികം അറിയപ്പെടാത്ത ഈ ദൂരദിക്കില്‍ എങ്ങനെ ഇതിനെ നിയമപരമായി നേരിടണമെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരവുമില്ല.’  ഫാത്വിമ പറയുന്നു.
1989 മുതല്‍ മഞ്ഞുമൂടിയ കാശ്മീര്‍ താഴ്‌വര കലാപബാധിതമാണ്. പാക്കിസ്ഥാനും ഇന്ത്യയും തങ്ങളുടെ അധീനതയില്‍ വക്കാന്‍ പരിശ്രമിക്കുന്ന ഈ പ്രദേശത്ത് 70000 പേര്‍ ഇതിനകം അകാരണമായി കൊല്ലപ്പെട്ടു കഴിഞ്ഞു.
2009 ല്‍ ഗിന്നസ് ബുക്ക് കാശ്മീറിനെ ഏറ്റവും വലിയ അക്രമബാധിത പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി. പരിഹരിക്കപ്പെടാത്ത സംഘര്‍ഷങ്ങള്‍ കാരണം ദുരന്തങ്ങളും വേദനകളും ഒന്നിനു പിറകെ ഒന്നായി തുടരുന്നു. കാണാതായ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ കാത്തിരിക്കുന്ന വിധവകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. അവരുടെ തിരോധാനം മുതല്‍ ഇതുവരെ അവര്‍ കൊല്ലപ്പെട്ടു എന്നു സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി വിധവകളായും അവര്‍ കണക്കാക്കപ്പെടുന്നില്ല. മറിച്ച് പാതി വിധവകള്‍ എന്നാണ് അവരെ നാട്ടുകാര്‍ വിളിക്കുന്നത്.
        അവരെവിടെ? ജീവിച്ചിരിക്കുന്നോ? അതോ കൂട്ടശ്മശാനങ്ങളിലോ?
പാതി വിധവകളായവരെക്കുറിച്ച് അല്ലെങ്കില്‍ പാതി ഭാര്യമാരെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് പ്രത്യേകിച്ച് കണക്കുകളൊന്നും തന്നെയില്ല. എന്നാല്‍ കാശ്മീരിലെ ലിംഗപരമായ അതിക്രമങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രമുഖ മനുഷ്യാവകാശ സംഘമായ ‘ജമ്മുകാശ്മീര്‍ പൗരസമൂഹസഖ്യം’ നടത്തിയ പഠനപ്രകാരം ഏകദേശം 1500 പാതി വിധവകള്‍ കാശ്മീരില്‍ ജീവിക്കുന്നെണ്ടാണ് കണക്കാക്കുന്നത്. കാശ്മീരിന്റെ വടക്കേ അറ്റത്തുള്ള ബരാമുല്ല ജില്ലയില്‍ നടത്തിയ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാത്രമല്ല, 2009 ല്‍ അവര്‍ കണ്ടെത്തിയ 2700 അജ്ഞാത ശ്മശാനങ്ങളെക്കുറിച്ചും ആരെയാണ് അവിടെ അടക്കം ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘ഈയാളുകള്‍ കൂട്ടശ്മശാനങ്ങളില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാകാം. അതുകൊണ്ടാണ് സംസ്ഥന ഭരണകൂടത്തോടും കേന്ദ്ര സര്‍ക്കാരിനോടും ഡി. എന്‍. എ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തണമെന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പാതി വിധവകളുടെ വിഷയത്തിനപ്പുറം ചുരുങ്ങിയത് 10000 കുടുംബങ്ങളെയെങ്കിലും അവരുടെ തീരാ കാത്തിരിപ്പില്‍ നിന്നും വേദനകളില്‍ നിന്നും മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിച്ചേക്കും’. സംഘടയുടെ പ്രതിനിധിയായ ഖുറ്രം പര്‍വേസ് പറയുന്നു.
ഇന്ത്യന്‍ ഗ്രൂപ്പുകള്‍ തങ്ങളുടെ പൗരന്‍മാരെ ചതിയില്‍ പെടുത്തി പിടിച്ചു കൊണ്ടു പോകുകയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു കളയുകയും അറിയപ്പെടാത്ത വിമതരാണെന്ന ലേബലില്‍ മറവ് ചെയ്യുകയും ചെയ്യുന്നുവെന്ന് പലരും പരാതിപ്പെടുന്നു.
‘ വിദേശ വിമതനെന്ന് മുദ്രകുത്തി മറവ് ചെയ്ത ഈ നാട്ടിലെ പൗരന്‍മാരുടെ കുറെയധികം കേസുകള്‍ ഞങ്ങളുടെ പക്കലുണ്ട്’ സൈന്യം വിദേശ വിമതരെ കൊന്നു കഴിഞ്ഞാല്‍ അവര്‍ക്ക് കൂടുതല്‍ ആദരവ് ലഭിക്കുകയും മെഡലുകളും സ്ഥാനക്കയറ്റവും കിട്ടുകയും ചെയ്യുന്നു. സിവിലിയനെ കൊന്നതിന്റെ പേരില്‍ ഒരൊറ്റ സൈനികനെയും ശിക്ഷിച്ചിട്ടില്ല.’  പര്‍വേസ് അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ നിഷേധിക്കുകായാണ്. അപ്രത്യക്ഷരായവര്‍ പാക് അധീന കാശ്മീരില്‍ വിമതപ്രവര്‍ത്തനത്തിനു പോയി അവിടെ പെട്ടു പോയിരിക്കുകയാണെന്നാണ് അവരുടെ വാദം.
‘അതിനാലാണ് യുദ്ധ പുനരധിവാസ നയം ഞങ്ങള്‍ വ്യാപിപ്പിക്കുന്നത്. അതിര്‍ത്തിക്കപ്പുറം പോയവരൊക്കെത്തന്നെ തിരികെയെത്തണമെന്നും അതിലൂടെ ആരൊക്കെ ജീവിച്ചിരിക്കുന്നു ആരൊക്കെ മരിച്ചു എന്ന കൃത്യമായ വിവരം ലഭ്യമാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ കാശ്മീര്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ തന്‍വീര്‍ സാദിഖ് പറയുന്നു.
‘ കൂട്ട ശ്മശാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഞങ്ങള്‍ക്കത് തുറക്കാന്‍ കഴിയില്ല. ഇത് ഒരു ഇസ്‌ലാമിക വിഷയമാണ്. ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്താന്‍ അത് കാരണമാകും. സത്യം പുറത്തു കൊണ്ടു വരുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും ഒരു കമ്മീഷനെ നിയമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിലൂടെ കലാപത്തില്‍ കാശ്മീറില്‍ സംഭവിച്ചതെന്തെന്ന് വെളിച്ചത്തുകൊണ്ടു വരാന്‍ സാധിക്കും’ അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സാദിഖ് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരം യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പാതി വിധവകളായ സ്ത്രീകള്‍ പറയുന്നു.
‘ആരും ഞങ്ങളെ സാമ്പത്തികമായി സഹായിക്കുന്നില്ല. സര്‍ക്കാര്‍ തരുന്ന ദിവസവും 200 രൂപ എന്നത് ഒന്നിനും തികയില്ല. പ്രത്യേകിച്ചും നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍.’ 55 കാരിയായ ബാനു ബീഗത്തിന്റെതാണ് വാക്കുകള്‍ .
1996 ല്‍ തങ്ങളുടെ ചെറിയ കൂരയില്‍ നിന്നും അജ്ഞാതരായ സംഘം പിടിച്ചു കൊണ്ടു പോയതാണ് ബീഗത്തിന്റെ ഭര്‍ത്താവ് സലാമുദ്ദീന്‍ ഖത്താനയെ. പതിവു പോലെ അവരും അന്വേഷണം ആരംഭിച്ചു. പക്ഷെ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുന്നിനു മുകളി്ല്‍ ശക്തമായ വെടിവെപ്പുണ്ടായിരുന്നെന്നും അതില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടുവെന്നും ഒരാട്ടിടയന്‍ വന്നു പറഞ്ഞതോടെ അന്വേഷണം അവസാനിപ്പിച്ചു.
‘ഞാന്‍ ഇതു വരെ അദ്ദേഹത്തിന്റെ ശരീരം കണ്ടിട്ടില്ല. ഈ പ്രദേശം വിമതരുടെയും സൈന്യത്തിന്റെയും സാന്നിധ്യം കാരണം ചോട്ടാ പാക്കിസ്ഥാന്‍ എന്നാണ് വിളിക്കപ്പെടുന്നത്.’ അവര്‍ പറയുന്നു.
‘വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ പുറത്തിറങ്ങാറേയില്ല. കുന്നിന്‍ മുകളില്‍ പോകുന്നത് പന്തിയല്ലെന്ന് ആട്ടിടയന്‍ പറഞ്ഞതിനാല്‍ ഞാനെന്റെ ഭര്‍ത്താവിന്റെ മൃതദേഹം കാണുകയോ ഖബറിനരികില്‍ പോകുകയോ ചെയ്തിട്ടില്ല.’ അവര്‍ പറയുന്നു.
          പുനര്‍ വിവാഹം: വിരളമായ സാധ്യത
ഇത്തരം പാതി വിധവകള്‍ പല സാമൂഹ്യ, സാമ്പത്തിക, വൈകാരിക പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. കാശ്മീരിന്റെ ഗ്രാമീണ മേഖലയില്‍ നിന്നാണ് ഇത്തരം ആളുകളിലധികവും അപ്രത്യക്ഷരായിട്ടുള്ളത് എന്നിരിക്കെ അവരുടെ വിധവകള്‍ വളരെ ദാരിദ്ര്യത്തിലാണ് ജീവിതം കഴിച്ചു കൂട്ടുന്നത്. സാമൂഹ്യ സമ്മര്‍ദ്ദം കാരണം പലരും പുനര്‍ വിവാഹത്തിന് തയ്യാറാകുന്നില്ല.
‘ എനിക്ക് വികലാംഗനായ മകനുണ്ട്. മറ്റൊരാളെ വിവാഹം ചെയ്താല്‍ എനിക്കവനെ നോക്കാന്‍ സാധിക്കുമായിരുന്നില്ല. അതു പോലെ എന്റെ ഭര്‍ത്താവ് തിരിച്ചു വരുമ്പോള്‍ ഞാനെങ്ങനെ മറ്റൊരാളുടെ കൂടെ ജീവിക്കും?’ ബാനൂ ബീഗം ചോദിക്കുന്നു.
ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന ഭര്‍ത്താക്കന്‍മരുടെ അസാന്നിദ്ധ്യമാണ് ഇന്ന് ഇത്തരം പാതി വിധവകള്‍ അനുഭവിക്കുന്ന പ്രധാന പ്രശനങ്ങളിലൊന്ന്. സാമ്പത്തികാവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്.
റേഷന്‍ കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്വത്ത് തുടങ്ങിയവ ഭര്‍ത്താവിന്റെ പേരില്‍ നിന്നും അവരുടെ പേരിലേക്കു മാറ്റുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ആശ്വാസത്തിനും ഇവര്‍ക്ക്  കഴിയില്ല. കാരണം അതിനെല്ലാം ഭര്‍ത്താവ് മരിച്ചതിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ മരിച്ചതിന് ഔദ്യോഗികമായി രേഖകളില്ല.
ഇസ്‌ലാമിക നിയമപ്രകാരം ഭര്‍ത്താവ് മരിച്ച വിധവക്ക് അദ്ദേഹത്തിന്റെ സമ്പത്തിന്റെ എട്ടിലൊന്ന് ലഭിക്കണം. മക്കളില്ലെങ്കില്‍ നാലിലൊന്ന് ലഭിക്കണം. ഭര്‍ത്താവ് മരണപ്പെട്ടു എന്നുറപ്പില്ലാത്ത പാതി വിധവക്ക് ഒന്നും തന്നെ ലഭിക്കില്ല.
‘ഞങ്ങളുടെ സമൂഹത്തില്‍ അത്ര നല്ല അഭിപ്രായമുള്ള കാര്യമല്ല പുനര്‍ വിവാഹം. ഒരു തരം സാമൂഹ്യ അപമാനം അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. സമ്പത്തിന്റെ വിഷയത്തിലാണെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടാലെ ഭാര്യമാര്‍ക്ക് സമ്പത്തില്‍ അവകാശമുള്ളൂ. പാതി വിധവകള്‍ക്ക് യാതൊരു അവകാശവുമില്ല.’ കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമ മനുഷ്യാവകാശ വിഷയങ്ങളിലെ അധ്യാപകന്‍ ശൈഖ് ഷൗക്കത്തിന്റെതാണ് വാക്കുകള്‍. ഭര്‍ത്താവ് മരിച്ചു എന്നുറപ്പില്ലാത്തവരുടെ പുനര്‍വിവാഹത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പണ്ഡിതന്‍മാരുടെ ഇടയില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മുന്‍ ഭര്‍ത്താവ് തിരിച്ചു വന്നാല്‍ പുനര്‍ വിവാഹം അസാധുവാകും എന്നതാണ് എല്ലാ പണ്ഡിതന്‍മാരും പങ്കുവക്കുന്ന അഭിപ്രായം. എന്നാല്‍ കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ഒരൊറ്റ വ്യക്തി പോലും തിരിച്ചു വന്നിട്ടില്ല. അവരുടെയൊക്കെയും പാതി വിധവകള്‍ തങ്ങളുടെ ദുരിതജീവിതത്തിന്റെ പരിധിയില്‍ കിടന്ന് അന്ത്യത്തോടടുത്തിരിക്കുന്നു. അവരെ സന്ദര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരോട് അവര്‍ തങ്ങളുടെ രോഷം പങ്കു വക്കുന്നു.
‘ ഞങ്ങളിപ്പോള്‍ ഒരു വാര്‍ത്താചരക്ക് മാത്രമായിരിക്കുകയാണ്. കാമറയും പേനയുമായി നൂറുകണക്കിന് പേര്‍ ഞങ്ങളുടെ പ്രദേശം സന്ദര്‍ശിക്കുന്നു, അഭിമുഖങ്ങള്‍ നടത്തുന്നു, തിരിച്ചു പോകുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെപ്പോലെ അവരും പിന്നീടൊരിക്കലും തിരിച്ചു വരില്ല. അവര്‍ ഞങ്ങളുടെ ദുരിതം വിറ്റു കാശാക്കുകയാണ്. ഇത്തരം അഭിമുഖങ്ങള്‍ കൊണ്ട് മടുത്തു. നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെ തിരികെക്കൊണ്ടുവരുമോ? ‘  ബാനു ബീഗം ചോദിക്കുന്നു.
വേദനയുടെ താഴ്‌വരയില്‍ എത്രമാത്രം വ്രണിതമായ ജീവിതമാണവര്‍ നയിക്കുന്നതെന്ന് രോഷമുറ്റിയ അവരുടെ വാക്കുകളുടെ തീക്ഷ്ണത വെളിപ്പെടുത്തുന്നു.

അവലംബം അല്‍ ജസീറ
വിവ: അത്തീഖുറഹ്മാന്‍

Related Articles