Current Date

Search
Close this search box.
Search
Close this search box.

തൊഴിലിടങ്ങളില്‍ സൗഹൃദം പൂക്കട്ടെ

labor-is.jpg

അല്ലാഹു എല്ലാറ്റിലും വൈവിധ്യം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യ ജീവിതത്തിന്റെ സന്തുലിതത്വം ഉറപ്പുവരുത്താനാണ്. വൈവിധ്യത്തെ ഭാരമായി കാണാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. അതൊരു ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച് മനുഷ്യര്‍ക്കിടയിലുള്ള സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവുമായ വ്യവഹാരങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ അസന്തുലിതത്വം എന്നതിനപ്പുറം ഇരുധ്രുവങ്ങളിലുമുള്ളവരുടെ ജീവിത ഭാഗധേയ പൂര്‍ത്തീകരണവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ഒരാള്‍ അപരനെ അല്ലാഹു നല്‍കിയ സമ്പത്ത്, ശക്തി, അധികാരം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ അടിമയാക്കുകയോ കീഴാളനായി കാണുകയോ ചെയ്യുക എന്നതല്ല മറിച്ച്, സമ്പത്തും ദാരിദ്ര്യവും ഒരുപോലെ പരീക്ഷണമാണെന്നും സമ്പന്നനും ദരിദ്രനും അവരുടെ അവസ്ഥ സൃഷ്ടിക്കുന്ന അത്തരം പരീക്ഷണങ്ങളെ വിശ്വാസദാര്‍ഢ്യത്തിന്റെയും മൂല്യങ്ങളുടെയും പിന്‍ബലത്തില്‍ മറികടക്കണമെന്നുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

വൈവിധ്യങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ പ്രധാനമായും കടന്നു വരുന്ന ഒന്നാണ് തൊഴിലിടം. മുതലാളി തൊഴിലാളി എന്ന രണ്ട് വിരുദ്ധ ദ്വന്ദങ്ങള്‍ക്കിടയിലെ വിവേചനത്തിന്റെയും അസമത്വത്തിന്റെയും അനീതിയുടെയും മതില്‍കെട്ടുകളെ ഇസ്‌ലാം ധാര്‍മികതയുടെയും മൂല്യത്തിന്റെയും വഴികളിലൂടെയാണ് തകര്‍ക്കുന്നത്. ആദര്‍ശ ബോധമാണ് അവരിലെ മാനവികതയെ തൊട്ടുണര്‍ത്തുന്നത്. എല്ലാവരും വിദ്യാസമ്പന്നരാവുക, എല്ലാവരും മുതലാളിമാരാവുക എന്നത് സംഭവ്യമല്ല. എന്നാല്‍ എല്ലാവര്‍ക്കും നല്ല മനുഷ്യരാകാന്‍ പറ്റും. വിനയാന്വിതരുമാകാന്‍ സാധിക്കും.

തൊഴിലിടങ്ങളില്‍ ക്രൂരമായ വിവേചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലമാണ്. കേരളത്തിലെ ചില വന്‍കിട വസ്ത്രക്കടകളിലെ സ്ത്രീ തൊഴിലാളികള്‍ ഈയിടെ നടത്തിയ ഇരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം ശ്രദ്ധേയമായിരുന്നു. ഒരു തൊഴിലാളി ജോലിക്കിടയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇരുന്നു പോകുന്നത് നിരീക്ഷിച്ച് അതിന്റെ പേരില്‍ കൂലി തടയുന്നത് പഴയ അടിമച്ചന്തകളെയല്ലേ ഓര്‍മിപ്പിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളോട് ജോലിസമയത്തിന്റെയും കൂലിയുടെയും കാര്യത്തില്‍ നടത്തുന്ന വിവേചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചീത്തവിളി, അപമാനിക്കല്‍, മുഖത്തടിക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയവ ഇതിനെല്ലാം പുറമെയാണ്.

അബൂദര്‍റ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ കീഴിലുള്ളവരെ (തൊഴിലാളികള്‍, സേവകര്‍) അല്ലാഹു നിങ്ങളുടെ സഹോദരന്മാരായി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളില്‍ ഒരാളുടെ കീഴില്‍ ഒരു തൊഴിലാളി ഉണ്ടെന്നിരിക്കട്ടെ; അവന് ഭക്ഷണം നല്‍കണം. വസ്ത്രം നല്‍കണം. അവന് ചെയ്യാന്‍ പ്രയാസമുള്ള ജോലി ചെയ്യാന്‍ അവനെ നിര്‍ബന്ധിക്കരുത്. ഇനി അങ്ങനെ ഭാരമേറിയ ജോലി ചെയ്യിക്കുമ്പോള്‍ അവനെ സഹായിക്കുക.’

ഈ പ്രവാചക വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ‘തന്റെ കീഴിലുള്ളവന് ചിലവിന് നല്‍കലും വസ്ത്രം വാങ്ങിച്ചു കൊടുക്കലും ഒരു മുതലാളിയുടെ ബാധ്യതയാണ്. മുതലാളി പിശുക്കനോ ഭൗതിക വിരക്തനോ ആയതിന്റെ പേരില്‍ തൊഴിലാളിക്ക് കിട്ടേണ്ട ന്യായമായ അവകാശത്തില്‍ യാതൊരു കുറവും വരാന്‍ പാടില്ല.’

ഈ വചനങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് തൊഴില്‍ ഒരുത്തരവാദിത്വമാണ് എന്നതു പോലെത്തന്നെ മുതലാളി എന്ന അവസ്ഥ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് എന്ന ആശയത്തിലേക്കാണ്. അധീശത്വ ബോധമാണ് പലപ്പോഴും അനീതിയുടെയും വിവേചനത്തിന്റെയും മൂലഹേതു. അവിടെ മനുഷ്യപ്പറ്റോ നീതിയോ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ഞാന്‍ പറയുന്നതു കേട്ട് അനുസരിച്ച് വണങ്ങി എന്റെ കീഴില്‍ ഞാന്‍ തരുന്ന അച്ചാരവും വാങ്ങിക്കഴിയേണ്ടവനാണ് നീ എന്ന പഴയ ഫ്യൂഡല്‍ ബോധ്യങ്ങളെ വലിച്ചെറിയാതെ തൊഴില്‍ രംഗം ഊഷ്മളമായ ബന്ധങ്ങള്‍ക്ക് വേദിയാകില്ല.

മനുഷ്യരെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായാണ് പ്രസവിച്ചത് എന്നിരിക്കെ അവരെ അടിമകളാക്കിവെക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത് എന്ന് ഈജിപ്തിലെ ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വിനോട് അധികാരത്തിന്റെ പിന്‍ബലത്തില്‍ ഒരു കോപ്റ്റിക് ബാലനെ തല്ലിയ അംറിന്റെ മകനെ മുന്‍നിര്‍ത്തി ചോദിച്ച ഉമറിന്റെ വാക്കുകള്‍ വിമോചനത്തിന്റെ ഉറച്ച ശബ്ദമാണ്.

എല്ലാവരും സ്വതന്ത്രരായി ജനിക്കുന്നു. തൊഴിലാളിയും സ്വതന്ത്രനാണ്. മൂലധനം നല്‍കുന്ന ഹുങ്കിന്റെ പിന്‍ബലത്തില്‍ അവനുമേല്‍ അധീശത്വം സ്ഥാപിക്കുകയല്ല വേണ്ടത്. അവനെയും തന്നിലൊരുവനായിക്കണ്ട് ചേര്‍ത്ത് നിര്‍ത്തി അകലങ്ങള്‍ കുറക്കുകയാണ് വേണ്ടത്.

Related Articles