Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവറയില്‍ നിന്നൊരു കത്ത്

2002 മുതല്‍ അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്ന മആദ് ആല്‍ അലവി എന്ന യെമന്‍ സ്വദേശിയായ തടവുകാരന്‍ എഴുതിയ കത്താണിത്. ഗ്വാണ്ടനാമോ തടവില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യ കാല തടവുകാരില്‍ പെട്ടയാളാണ് മആദ്. ഗ്വാണ്ടനാമോയില്‍ തടവുകാരോട് ജയില്‍ അധികൃതര്‍ സ്വീകരിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനത്തില്‍ പ്രതിഷേധിച്ച് മആദ് അടക്കമുള്ള നിരവധി തടവുകാര്‍ ദിവസങ്ങളായി നിരാഹാര സമരത്തിലാണ്.

കുറേ നേരത്തെ ഛര്‍ദ്ദിക്കും നിര്‍ബന്ധിച്ചുള്ള ഭക്ഷണം തീറ്റിക്കലിനെ തുടര്‍ന്നുണ്ടായ വയറു വേദനക്കുമിടയിലാണ് ഞാനീ കത്തെഴുതുന്നത്. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വായിച്ചു നിങ്ങള്‍ വിചാരിക്കുന്നുണ്ടാവാം, ഞങ്ങള്‍ സമരം നിര്‍ത്തി എന്ന്. സര്‍ക്കാരിന്റെ ഇളവുകള്‍ക്ക് ഞങ്ങളുടെ പ്രതിഷേധങ്ങളെ വാങ്ങിക്കാനായെന്നും നിങ്ങള്‍ കരുതുന്നുണ്ടാകാം. ഞങ്ങള്‍ ഗ്വാണ്ടാനാമൊ തടവറകള്‍ക്കുള്ളില്‍ അടക്കപ്പെട്ടിരിക്കാം, പക്ഷേ ഞങ്ങളെ നിശ്ശബ്ദരാക്കാനാവില്ല. ഞങ്ങളിപ്പോഴും സമരത്തിലാണെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാനിതെഴുതുന്നത്. ഞങ്ങളുടെ അഭിമാനം തിരിച്ചു ലഭിക്കുംവരെ, ഞങ്ങളുടെ കുടുംബങ്ങളിലേക്ക്, വീടുകളിലേക്ക് മടങ്ങാനാകുന്നതു വരെ ഞങ്ങളീ സമരം തുടരും.

പ്രസിഡന്റ് ബാരക് ഒബാമയുടെ ആശീര്‍വാദത്താല്‍ ഗ്വാണ്ടാനാമൊ ജയിലിലെ വാര്‍ഡന്‍ കേണല്‍ ബോഗ്ടന്‍ ഇപ്പോള്‍ ഞങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഗുഹ്യപരിശോധനയും തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ വക്കീലന്മാരോടൊ, കുടുംബക്കാരോടൊ ഫോണില്‍ സംസാരിച്ചു കഴിഞ്ഞുവരുമ്പോഴാണ് പലപ്പോഴും ഈ പരിശോധന. അയാള്‍ ഞങ്ങളുടെ ചികിത്സ തടഞ്ഞിരിക്കുന്നു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന കോടതി രേഖകളും ഖുര്‍ആനും നശിപ്പിച്ചു. അയാളുടെ വീട്ടില്‍ കുട്ടികള്‍ ഉള്ളതിനാല്‍ ഞങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്ന് അയാള്‍ പറഞ്ഞതായി കേട്ടു. ഞങ്ങള്‍ അയാളുടെ മക്കളല്ല, ഇത് അയാളുടെ വീടുമല്ല. വീടും, ഞങ്ങളെ ഇപ്പോള്‍ തിരിച്ചറിയുമോ എന്നറിയാത്ത കുടുംബവുമുള്ള, ആളുകളാണ് ഞങ്ങള്‍.
സമാധാനപരമായി നിരാഹാര സമരം നടത്തുന്ന തടവുകാരന് ഇവിടെ ‘അച്ചടക്ക പദവി’ ലഭിക്കും. അതോടെ അയാള്‍ പലതരത്തിലുള്ള ശിക്ഷകള്‍ക്ക് പാത്രമായി തീരും. സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി, കൂട്ടമായുള്ള തടവറകളില്‍ നിന്നും മാറ്റി ഏകാന്ത തടവും, ബലം പ്രയോഗിച്ചുള്ള തീറ്റയും നല്‍കുന്നു. എന്റെ തടവിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതിനാല്‍ നിതാന്തമായി എന്നെ പിന്തുടരുന്ന പുറംവേദനക്കുള്ള പ്രത്യേക കിടക്കകളും, തലയിണകളും, അടിവസ്ത്രങ്ങളും, റേസറും, സോപ്പും ബ്രഷുമെല്ലാം അവര്‍ പിടിച്ചുവാങ്ങിയിരിക്കുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ നേരത്തെ മര്‍ദ്ദനവും, ബലം പ്രയോഗിച്ചുള്ള തീറ്റയും ഞാന്‍ സഹിക്കുന്നു. അതിനിടയില്‍ ഞാന്‍ പലതവണ എന്റെ മടിയിലേക്ക് ഛര്‍ദിക്കും. തിരിച്ചു എന്റെ മുറിയിലേക്കു കൊണ്ടുപോകുമ്പോള്‍ കാവല്‍ക്കാരുടെ മേലും ഞാന്‍ ഛര്‍ദ്ദിച്ചുപോകും. അവരുടെ വസ്ത്രത്തിന്മേല്‍ ഛര്‍ദിക്കുന്നത് ഒഴിവാക്കാന്‍ പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു പ്രത്യേക മുഖംമൂടി എന്നെ ധരിപ്പിക്കും. അത് അവര്‍ എന്റെ മുഖത്തോട് അമര്‍ത്തും. എനിക്ക് ശ്വാസംമുട്ടും. കാരണം, ആ മുഖംമൂടിക്കുള്ളില്‍  ഞാന്‍ ഛര്‍ദിക്കുകയാണ്, ശ്വാസം കിട്ടാതെ.

ഒരിറ്റു ശ്വാസത്തിനുവേണ്ടി ഞാന്‍ മല്ലടിക്കുമ്പോള്‍, കാവല്‍ക്കാര്‍ ഉറക്കെ ചിരിച്ചുകൊണ്ട് എന്നെ പരിഹസിക്കും. പലതവണ എന്നെ തടവറയിലാക്കിയതിനു ശേഷം കമിഴ്ത്തി കിടത്തി അവര്‍ എന്റെ വയറ്റില്‍ അവശേഷിക്കുന്ന ഭക്ഷണം കൂടി അമര്‍ത്തി പുറത്തുകളയും. കാവല്‍ക്കാരിലെ ഏറ്റവും മെലിഞ്ഞവന്‍ 90 കിലോ ഭാരമുണ്ടാവും. ഞാനാകട്ടെ 40 കിലൊ മാത്രം ഭാരമേയുള്ളൂ. അവര്‍ എന്നെ മുഴുവനായി ഇല്ലാതാക്കാത്തതെന്തെന്നത് എന്നെ കുഴക്കുന്ന ചോദ്യമാണ്.

എന്റെ കൂടെ തടവില്‍ പാര്‍ക്കുന്നവര്‍ക്കല്ലാതെ ഞങ്ങളെത്ര അനുഭവിക്കുന്നുണ്ടെന്ന് അറിയില്ല. ഗ്വാണ്ടാനാമൊ തടവറക്കകത്ത് കേണല്‍ മാധ്യമങ്ങളെ അനുവദിക്കില്ല. അയാള്‍ ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയാണത്രെ. ഇവിടെ ഒരാള്‍ക്കും മാധ്യമങ്ങളില്‍ നിന്നും സ്വകാര്യത വേണ്ട. മാധ്യമങ്ങള്‍ അകത്തുവരികയും, തടവുകാരെ കാണുകയും ചെയ്താല്‍ നിത്യേന ഇവിടെ നടക്കുന്ന ക്രൂരതകള്‍ വെളിച്ചം കാണുമെന്ന് കേണല്‍ ഭയക്കുന്നു. ഈ എഴുത്ത് അതിനുപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഇപ്പോള്‍ നിരാഹാരസമരം അനുഷ്ഠിക്കുന്നവരായി 21 പേരുണ്ട്. നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കപ്പെടുന്ന 16 പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങള്‍ ഇപ്പോഴും സമരത്തിലാണെന്ന് അമേരിക്കയിലെ ജനങ്ങള്‍ അറിയരുതെന്നാണ് അമേരിക്കന്‍ ഭരണകൂടം ആഗ്രഹിക്കുന്നത്. ഏകാന്ത തടവിലാക്കിയും മര്‍ദ്ദന മുറകളിലൂടെയും ഞങ്ങളെ പിന്തിരിപ്പിക്കാമെന്നാണവര്‍ വിചാരിക്കുന്നത്. പക്ഷേ ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കില്ല. ഞങ്ങള്‍ നിശ്ശബ്ദരാവുകയില്ല. പ്രതിഷേധിക്കുന്നവരുടെ എണ്ണം വെളിപ്പെടുത്താതെ പൊതു ജനശ്രദ്ധയില്‍ നിന്ന് ഞങ്ങളെ മറച്ചുവെക്കാനുമാവില്ല. ഭക്ഷണം നിരസിക്കുകയെന്നതാണ് സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ഞങ്ങള്‍ക്കുള്ള ഏകമാര്‍ഗം. അമേരിക്കന്‍ ഗവണ്‍മെന്റിന്റേയും, അമേരിക്കന്‍ ജനതയുടേയും ശ്രദ്ധ ഞങ്ങളിലേക്ക് തിരിക്കാനുള്ള ഏകപോംവഴിയും അതാണ്.

ഞങ്ങള്‍ യുദ്ധത്തിലേര്‍പ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കേണല്‍ ബോഗ്ടന്‍ ഞങ്ങളോടുള്ള സമീപനത്തെ വിശദീകരിച്ചത്. പക്ഷേ ഇപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇതു യുദ്ധമല്ല. ഞങ്ങള്‍ നിരായുധരായി പിടിക്കപ്പെട്ടവരാണ്. അമേരിക്കന്‍ ജനതയോട് ഞാന്‍ ചോദിക്കുന്നു, അമേരിക്ക ഘോഷിക്കുന്ന സ്വാതന്ത്ര്യം എവിടെ? നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളോട് ചെയ്യുന്നതിനെ നിങ്ങള്‍ അംഗീകരിക്കുന്നോ..? എനിക്കറിയാം, സര്‍ക്കാറുകള്‍ എപ്പോഴും ആ രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കാറില്ല. അമേരിക്കന്‍ ജനത ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലപ്പുറം, ഈ ക്രൂരത നിര്‍ത്തലാക്കാന്‍ തങ്ങളാലാകാവുന്നത് എന്തെങ്കിലുമവര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

Related Articles