Current Date

Search
Close this search box.
Search
Close this search box.

അവകാശമാണ് മതസ്വാതന്ത്ര്യം

religious-freedom.jpg

ഇസ്‌ലാമാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനങ്ങള്‍ നിര്‍ണയിച്ചത്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ ഖത്താബ്(റ) ഒരിക്കല്‍ ചോദിച്ചു: ”നിങ്ങള്‍ എന്നു മുതലാണ് ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചിട്ടുള്ളത്.” അപ്രകാരം അലി(റ) തന്റെ വസ്വിയത്തില്‍ ആവശ്യപ്പെട്ടു: ”അല്ലാഹു നിന്നെ സ്വതന്ത്രനായിട്ടാണ് സൃഷ്ടിച്ചത്, നീ മറ്റൊരാളുടേതാവരുത്.”

അല്ലാഹുവിന്റെ സൃഷ്ടികളെന്ന നിലയില്‍ അടിസ്ഥാനപരമായി മനുഷ്യര്‍ സ്വതന്ത്രരാണ്. സ്വതന്ത്രരായി ജനിക്കുന്ന അവരുടെ അവകാശമാണ് സ്വാതന്ത്ര്യം. അവര്‍ ഒരിക്കലും അടിമകളല്ല. ചിന്താപരമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും സാമ്പത്തികമായും ജനങ്ങള്‍ അടിമകളാക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ഇസ്‌ലാം രംഗപ്രവേശം ചെയ്ത് സ്വാതന്ത്ര്യം അംഗീകരിക്കുന്നത്. വിശ്വാസ സാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യര്‍ തേടിയിരുന്ന സ്വാതന്ത്ര്യമെല്ലാം ഇസ്‌ലാം അംഗീകരിച്ചു.

മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും അനുവദിച്ച ഇസ്‌ലാം ഒരാളെയും അതിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. അല്ലാഹു പറയുന്നത് കാണുക: ”നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്ന്) ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ?” (യൂനുസ്: 99) മക്കീ കാലഘട്ടത്തിലാണിത് പറയുന്നത്. മദീന ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ”ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.” (അല്‍ബഖറ: 256) സ്വാതന്ത്ര്യത്തെ ഇസ്‌ലാം എത്രത്തോളം പവിത്രമായി കാണുകയും ആദരിക്കുകയും പ്രസ്തുത അടിസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ഇതിന്റെ അവതരണ പശ്ചാത്തലം വ്യക്തമാക്കുന്നത്. കുട്ടികളുണ്ടാവാത്ത സ്ത്രീകള്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടായാല്‍ അവരെ ജൂതന്‍മാരായി വളര്‍ത്താം എന്ന് നേര്‍ച്ച നേരുന്ന സമ്പ്രദായം മദീനിയിലെ ഔസ്, ഗസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ അറബ് ഗോത്രങ്ങളായ ഔസിലും ഗസ്‌റജിലും നിരവധി ജൂത കുട്ടികളുണ്ടായിരുന്നു. പിന്നീട് ഇസ്‌ലാമിന്റെ അനുഗ്രഹം അവരിലേക്ക് എത്തി. ചില രക്ഷിതാക്കളെല്ലാം തങ്ങളുടെ മക്കളെ ജൂതമതത്തില്‍ നിന്നും തങ്ങളുടെ മതമായ ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചു. അവര്‍ ജൂത മതത്തിലെത്തിയ പ്രത്യേക സാഹചര്യത്തിലായിരുന്നിട്ടും ജൂത വിഭാഗങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ യുദ്ധങ്ങള്‍ നടക്കുന്ന കാലമായിരുന്നിട്ടും തങ്ങളുടെ മതം ഉപേക്ഷിച്ച് മറ്റൊന്ന് – അത് ഇസ്‌ലാമാണെങ്കില്‍ പോലും – സ്വീകരിക്കുന്നതിന് അവര്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്താന്‍ ഇസ്‌ലാം അനുവദിച്ചില്ല. ‘ഒന്നുകില്‍ ക്രിസ്ത്യാനിയാവുക, അല്ലെങ്കില്‍ മരണം’ എന്ന് ബൈസാന്റിയന്‍ ഭരണകൂടം പറയുന്ന കാലത്താണ് ദീനില്‍ നിര്‍ബന്ധമില്ലെന്ന പ്രഖ്യാപനം ഇസ്‌ലാം നടത്തുന്നത്.

സമൂഹത്തിലുണ്ടായ പുരോഗതിയുടെയോ അല്ലെങ്കില്‍ അതാവശ്യപ്പെട്ട് നടന്ന വിപ്ലവത്തിന്റെ ഫലമായോ ഉണ്ടായ ഒന്നല്ല ഇസ്‌ലാമിനെ സംബന്ധിച്ചടത്തോളം സ്വാതന്ത്ര്യമെന്ന അടിസ്ഥാനം. അന്നത്തെ സമൂഹത്തെക്കാള്‍ ഉന്നതമായ അടിസ്ഥാനമാണത്. ഭൂമിയിലുള്ളവര്‍ക്ക് ഔന്നിത്യം നല്‍കുന്നതിനായി ആകാശത്ത് നിന്നും വന്നതാണത്. വിശ്വാസ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അംഗീകരിക്കുന്നതിലൂടെ മനുഷ്യന്റെ മഹത്വം ഉയര്‍ത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. എന്നാല്‍ ഈ അടിസ്ഥാനം അംഗീകരിക്കുന്നതോടൊപ്പം ഇസ്‌ലാം അതിന് ചില ഉപാധികളും നിയന്ത്രണങ്ങളും വെക്കുകയും ചെയ്യുന്നു. മതം ജനങ്ങളുടെ കയ്യിലെ കളിപ്പാട്ടമായി മാറാതിരിക്കാനാണത്. ജൂതവിഭാഗത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: ‘ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം.” (ആലുഇംറാന്‍: 72) രാവിലെ മുസ്‌ലിമാകുന്ന അവര്‍ വൈകുന്നേരം അതില്‍ നിന്ന് പിന്തിരിഞ്ഞ് വന്ന് പറയും: മുഹമ്മദിന്റെ ദീനിന് ഇന്നയിന്ന കുഴപ്പങ്ങളൊക്കെ കണ്ടതു കൊണ്ട് ഞങ്ങളത് ഉപേക്ഷിച്ചു…. അല്ലെങ്കില്‍ ഇന്ന് വിശ്വസിക്കും നാളെ അതിനെ നിഷേധിക്കും… അല്ലെങ്കില്‍ ഒരാഴ്ച്ചക്ക് ശേഷം. ഇങ്ങനെ ദീനിനെ അവഹേളിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഈ ദീന്‍ ഒരു കളിപ്പാട്ടമായി മാറാന്‍ അല്ലാഹു ആഗ്രഹിക്കുന്നില്ല. തികഞ്ഞ ബോധ്യത്തോടെയും ഉള്‍ക്കാഴ്ച്ചയോടെയും തൃപ്തിപ്പെട്ട് ഇസ്‌ലാം സ്വീകരിച്ച ആള്‍ അത് മുറുകെ പിടിക്കണം. അല്ലാത്തപക്ഷം മതപരിത്യാഗത്തിനുള്ള ശിക്ഷക്ക് അവര്‍ അര്‍ഹരാവും. മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമാണ് പ്രഥമമായ സ്വാതന്ത്ര്യം.

മൊഴിമാറ്റം: നസീഫ്‌

Related Articles