Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

ചരിത്ര വിദ്യാർഥികൾ ഇസ്ലാമിക ചരിത്രം പഠിക്കുമ്പോൾ ആശ്രയിക്കുന്ന ഏറ്റവും പുരാതന റഫറൻസുകളിൽ ഒന്നാണ് ഇമാം ത്വബരിയുടെ താരീഖുൽ ഉമമി വൽ മുലൂക്ക് എന്ന ബൃഹത് ഗ്രന്ഥം.

ഒരേ സമയത്ത് തഫ്സീറും, ഹദീസും, ഫിഖ്ഹും, ചരിത്രവുമൊക്കെ കൈകാര്യം ചെയ്തിരുന്ന, സഞ്ചരിക്കുന്ന ഒരു വിജ്ഞാന കോശം തന്നെയായിരുന്ന മഹാനവർകൾ തനിക്ക് ലഭിക്കുന്ന എല്ലാ കാര്യങ്ങളും കാര്യങ്ങളും രേഖപ്പെടുത്തി വെക്കുകയായിരുന്നു. ഒന്നും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള സൂഷ്മതയും ജാഗ്രതയുമായിരുന്നു അവർക്ക്.

ഖുർആനിന് തഫ്സീറെഴുതാൻ തീരുമാനിച്ചപ്പോൾ മുപ്പതിനായിരം പേജിൽ എഴുതാനായിരുന്നു ഉദ്ദേശ്യം. എന്നാൽ പൂർത്തിയാക്കാൻ കഴിയാതെ മരിച്ചു പോവുമോ എന്ന ഭയം മുവ്വായിരത്തിലേക്ക് ചുരുക്കുകയായിരുന്നു.

ഒരു സംഭവത്തെ പറ്റി ഒരുപാട് വഴികളിലൂടെ തന്റെ ഡസ്കിൽ ലഭിക്കുന്ന വാർത്തകൾ ഒരു എഡിറ്റർ സൂക്ഷ്മമായി പരിശോധിച്ച് വാർത്തയാക്കി പ്രസിദ്ധീകരിക്കുന്നതു പോലെ ചരിത്രവും പരിശോധിച്ചു നെല്ലും പതിരും വേർതിരിക്കേണ്ടതുണ്ട്. ഈ പണി പക്ഷെ വാർത്തകൾ ശേഖരിക്കുന്നവർക്കു പറ്റിക്കൊള്ളണമെന്നില്ല. പലപ്പോഴും എഡിറ്ററാണത് ചെയ്യുക. ഇത് ചരിത്രത്തിനും ബാധകമാണ്.

ഇവിടെയാണ് സനദിന്റെ (നിവേദക പരമ്പര) പ്രസക്തി. കള്ളന്മാരും, അധർമികളും, വിശ്വസിക്കാൻ കൊള്ളാത്തവരും, സ്വാർഥ താൽപര്യക്കാരും, പക്ഷപാതികളുമെല്ലാം റിപ്പോർട്ടു ചെയ്യുന്നതും സത്യ സന്ധരും വിശ്വസ്തരും, ദൃക്സാക്ഷികളുമായവർ റിപ്പോർട്ടു ചെയ്യുന്നതും ഒരു പോലെയാവില്ലല്ലോ.

നിവേദകപരമ്പര ഉദ്ധരിക്കുന്നതോടെ വലിയൊരു ബാധ്യത തീർന്നുവെന്നും, ഇനി ആ പരമ്പര പരിശോധിച്ച് നിജസ്ഥിതി ഉറപ്പു വരുത്തേണ്ട ബാധ്യത മറ്റുള്ളവർക്കാണ് എന്നും പല ഇമാമുമാരും പഠിപ്പിച്ചിട്ടുള്ളത് പറഞ്ഞതായി കാണാം. « مَنْ أَسْنَدَكَ حَمَّلَكَ » ഇതെല്ലാം തിരിച്ചറിഞ്ഞുവേണം ചരിത്ര വായന നടത്താൻ. യഥാർഥ ചരിത്രം ഇന്നതാണെന്ന് മനസ്സിലാക്കാൻ.

നിവേദക പരമ്പര വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാവും. അതു ചെയ്തു എന്നതാണ് ഇമാം ത്വബരിയുടെ ഗുണം. മാത്രമല്ല താൻ രേഖപ്പെടുത്തിയത് മുഴുവൻ സത്യമാണെന്ന് ഒറ്റയടിക്ക് ആരും തീരുമാനിച്ചുറപ്പിക്കാതിരിക്കാനായി, താൻ അനുവർത്തിച്ച രീതിയെ പറ്റി തുടക്കത്തിൽ തന്നെ അദ്ദേഹം വിശദീകരിച്ചു. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ താരീഖുൽ ഉമമി വൽ മുലൂക്ക് എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നു:

ചരിത്രത്തിൽ കഴിഞ്ഞു പോയ ചിലരെക്കുറിച്ച് ശരിയായിരിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതും, തികച്ചും നിരർത്ഥകമായതും, വായനക്കാരന് നീരസം തോന്നുന്നതും, ശ്രോതാവിന് മോശമായി തോന്നുന്നതുമായ ചില വർത്തമാനങ്ങൾ, എന്റെ ഈ പുസ്തകത്തിൽ ഉണ്ടെങ്കിൽ, മനസ്സിലാക്കേണ്ടതാണ് അതൊന്നും നാമായിട്ട് കൊണ്ടുവന്നതല്ല, പ്രത്യുത ആ വിവരം കൈമാറിയവരിലൂടെ അതു നമുക്ക് ലഭിച്ചതാണ്. അഥവാ നമുക്ക് ഏതു രൂപത്തിലാണോ അത് കിട്ടിയത് അതേപടി നാമും അത് നിർവഹിച്ചു എന്നുമാത്രം. -(താരീഖുൽ ഉമമി വൽ മുലൂക്ക്: 1/8).
« … فَمَا يَكُنْ في كَتابِي هَذَا مِنْ خَبَرٍ ذَكَرْنَاهُ عَنْ بَعْضِ المَاضِيْنَ مِمَّا يَسْتَنْكِرُهُ قَارِئُه، أو يَسْتَشْنِعُهُ سَامِعُهُ، مِنْ أجْلِ أنَّه لَمْ يَعْرِفْ لَهُ وَجْهًا في الصِّحَّةِ، ولا مَعْنىً في الحَقِيْقَةِ، فلْيَعْلَمْ أنَّه لَمْ يُؤتَ في ذَلِكَ مِنْ قِبَلِنَا، وإنَّمَا أُتِيَ مِنْ قِبَلِ بَعْضِ نَاقِلِيْهِ إلَيْنا، وأنَّا إنِّما أدَّيْنا ذَلِكَ على نَحْوِ ما أُدِّيَ إلَيْنا ».-«تَارِيْخُ الأُمَمِ والمُلُوْكِ» لِابْنِ جَرِيْرٍ الطَّبَرِيِّ: 8/1.

Related Articles