Travel

മുസ്‌ലിം ഡല്‍ഹിയുടെ ചരിത്രാവിഷ്‌കാരങ്ങള്‍

ലോക ചരിത്ര വായനകളില്‍ പൗരാണിക മുസ്‌ലിം നഗരങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ചിന്തോദീപകവും ആവേശഭരിതവുമാണ്. ഇസ്‌ലാം കടന്നുവന്നതിനു ശേഷമുള്ള ഒരു നാടിന്റെ/നഗരത്തിന്റെ കലാ-സാംസ്‌കാരിക, സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളെ വിശകലന വിധേയമാക്കിയപ്പോള്‍ ലഭ്യമായ വസ്തുതകള്‍ക്ക് എന്ത്‌കൊണ്ട് മൂല്യം കൂടുന്നു എന്ന് ചോദിച്ചാല്‍ മുസ്‌ലിം നാടുകള്‍ മുന്നോട്ട് വെച്ച നഗര ആസൂത്രണ മികവെന്നേ ഒറ്റ വാക്കില്‍ പറയാന്‍ കഴിയൂ.

ഒരു രാജ്യത്തിന്റെ നഗര വികസനം പുതുമയുടെ രാഷ്ട്രീയത്തെക്കുറിച്ചു മാത്രമല്ല സംസാരിക്കേണ്ടത്,അതിനപ്പുറം സംരക്ഷിച്ചു നിലനിര്‍ത്തേണ്ട ആ രാജ്യത്തിലെ പൈതൃക സമ്പത്തുകളെക്കുറിച്ച് കൂടിയാണ്. മികവുറ്റ ഇസ്‌ലാമിക മുദ്രകള്‍ അവതരിപ്പിച്ച് ലോക മുസ്ലിം നഗരങ്ങളെപ്പോലും അതിശയിപ്പിച്ച ഇന്ത്യയിലെ പ്രധാന നഗര സമുച്ചയമാണ് ഡല്‍ഹി. മുസ്‌ലിം ഭരണം അഭിവൃദ്ധിപെടുത്തിയ ചരിത്രത്തിലെ പ്രധാന പ്രദേശങ്ങളിലൊന്ന്. മാറി വന്ന പ്രസ്തുത ഭരണ സംവിധാനങ്ങളിലൂടെ ഡല്‍ഹി കൂടുതല്‍ സുന്ദരിയായി മാറുകയായിരുന്നു. മദ്ധ്യേഷ്യന്‍ സംസ്‌കാരങ്ങളുടെ മൂര്‍ത്ത രൂപങ്ങളെ ഇന്ത്യന്‍ ഉപഭൂഖണ്ഡം അനുഭവിക്കാന്‍ ആരംഭിച്ചത് മുതല്‍ ഇന്തോ-പേര്‍ഷ്യന്‍, ഇന്തോ-ഇസ്ലാമിക്, ഇന്തോ-തുര്‍ക്കിഷ്, ഇന്തോ-ഇറാന്‍ എന്നീ വിവിധ പേരുകളില്‍ ഇന്ത്യന്‍ ചരിത്ര രേഖകള്‍ അവയെ വായിക്കാന്‍ തുടങ്ങി. ഇന്നത്തെ ഡല്‍ഹി, ഇന്ത്യയിലെ തന്നെ ചരിത്ര സ്മാരകങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മെട്രോ സിറ്റികളില്‍ പ്രധാനപ്പെട്ടതാണ്.

ഖുതുബ് മിനാര്‍ പണി കഴിപ്പിച്ച മഹ്റൊലി, ഷാജഹാന്റെ പുരാന ഡല്‍ഹി, അലാവുദ്ധീന്‍ ഖില്‍ജിയുടെ സീരി നഗരം, ഗിയാസുഹ്ദീന്റെ തുഗ്ലക്കാബാദ്, ഫിറോസ് ഷായുടെ ഫിറോസ് ഷാ കൊട്ട്‌ല തുടങ്ങി ഒട്ടനവധി മുസ്ലിം ഭരണങ്ങളുടെ നേര്‍ചിത്രം പറഞ്ഞു തരുന്നുണ്ട് ഡല്‍ഹി എന്ന പുരാതന ഇസ്‌ലാമിക നഗരം. ഡല്‍ഹിയിലെ ചില സ്ഥലപ്പേരുകളെങ്കിലും പഴയ പേരുകളിലാണ് ഇന്നും അറിയപ്പെടുന്നത്. പ്രമുഖ സൂഫി വര്യനായ നിസാമുദ്ധീന്‍ ഔലിയയുടെ പേരില്‍ അറിയപ്പെടുന്ന നിസാമുദ്ധീന്‍ റെയില്‍വേ സ്റ്റേഷന്‍ ഡല്‍ഹിയിലെ എന്നല്ല ഇന്ത്യയില്‍ തന്നെ പ്രസിദ്ധമാണ്. കൂടാതെ ഹോസ് ഖാസ്, ചിരാഗ് ഡല്‍ഹി, സീരി, ജഹന്‍ പനഹ്, തുഗ്‌ളക്കാബാദ് തുടങ്ങിയ അതെ പാത പിന്‍പറ്റുന്ന ചരിത്ര പ്രദേശങ്ങളാണ്. അതി പുരാതന ഇറാനിയന്‍ നഗരമായ ഇസ്ഫഹാന്‍ ‘ഇസ്ഫഹാന്‍ നിസ്ഫെ ജഹാന്‍’ (ഇസ്ഫഹാന്‍ ലോകത്തിന്റെ പാതി) എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇസ്ഫഹാന്‍ നഗര സമുച്ചയത്തിന്റെ അതെ നിര്‍മ്മാണ വൈവിധ്യങ്ങളോടെ സംവിധാനിക്കപ്പെട്ട നഗരമാണ് അതിപുരാതന മുസ്‌ലിം ഡല്‍ഹി.

മാത്രമല്ല അസര്‍ ബൈജാനിലെ തിബ്‌രീസി പട്ടണം ഡല്‍ഹിയുമായി വലിയ രീതിയിലുള്ള വാണിജ്യ ബന്ധങ്ങള്‍ നില നിര്‍ത്തിയിരുന്നു. ഉസ്ബകിസ്താനിലെ തിമൂറികളുടെ സ്വപ്‌ന നഗരമായ സമര്‍ഖന്ദ്, ഹെറാത്ത്, താഷ്‌കന്റ്, മധേഷ്യയിലെ പ്രധാന വൈജ്ഞാനിക നഗരമായ ഖുറാസാന്‍, തുര്‍ക്കിയുടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന ഇന്നത്തെ ഇസ്താന്‍ബുള്‍ തുടങ്ങിയ നഗര സമുച്ഛയങ്ങള്‍ ഡല്‍ഹിയുമായി നിലനിര്‍ത്തിയിരുന്ന വൈദേശിക-സാംസ്‌കാരിക ബന്ധങ്ങള്‍ ലോക പ്രസിദ്ധങ്ങളാണ്. പ്രസ്തുത കൊടുക്കല്‍-വാങ്ങലുകളിലൂടെ വികാസം പ്രാപിച്ച ഡല്‍ഹിയുടെ പൗരാണിക മാര്‍ക്കറ്റ് സമുച്ഛയങ്ങള്‍ ഇന്നും സന്ദര്‍ശകരെ മോഹിപ്പിക്കുമെന്ന് തീര്‍ച്ച. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള നഗര വികസനം പ്രധാനമായും ഡല്‍ഹിയില്‍ നടപ്പിലാക്കാന്‍ അന്ന് എഴുതപ്പെട്ട ഫത്വ ഗ്രന്ഥങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു.

ഓരോ ഭരണകൂടങ്ങള്‍ക്ക് കീഴിലും നഗര വികസന കാര്യാലയങ്ങള്‍ മുഫ്തിമാരുടെ മേല്‍നോട്ടത്തില്‍ നടന്നു വന്നു. അത്താണികള്‍, സത്രങ്ങള്‍, കുളിപ്പുരകള്‍, വഴി വിളക്കുകള്‍, ജല സംഭരണികള്‍, ജനസേവനത്തിനായി പ്രേത്യേകം സജ്ജമാക്കിയ സൈനിക വ്യൂഹങ്ങള്‍ തുടങ്ങി പ്രജകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിര്‍ലോഭം ലഭ്യമാക്കാനുള്ള വ്യക്തമായ രൂപ രേഖകള്‍ തയ്യാറാക്കപ്പെട്ടിരുന്നു. ഡല്‍ഹി നഗരത്തിന്റെ പ്രൗഢിയെക്കുറിച്ചു ഒരു ചരിത്രകാരന്‍ പറയുന്നത് ഇപ്രകരമാണ്: ”ഡല്‍ഹിയിലെ എടുത്തു പറയത്തക്ക മറ്റൊന്ന് അവിടത്തെ നാഴിക മണിയായിരുന്നു. ടോളിഡോയിലെ ജല ഘടികാരങ്ങളെപ്പറ്റി പറയുകയുണ്ടായല്ലോ, അത്തരമൊരു ഘടികാരം ഫിറോസ് ഷാ തുഗ്‌ളക്കിന്റെ ഫിറോസാബാദിലും നിര്‍മ്മിച്ച് വെക്കുകയുണ്ടായി. നമസ്‌കാരത്തിന്റെയും നോമ്പ് തുറയുടെയും സമയം, നിഴലുകളുടെ അവസ്ഥ, രാത്രിയിലെയും പകലിലെയും സമയങ്ങള്‍ എന്നിവ അത് കാണിച്ചിരുന്നു” [1]. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള ജല സേചന മാര്‍ഗങ്ങള്‍, ഡല്‍ഹിയിലെ ഭൂപ്രകൃതിക്കനുസൃതമായി സജ്ജീകരിക്കപ്പെട്ട വ്യത്യസ്ത ഇനങ്ങളില്‍ പെട്ട തണല്‍ മരങ്ങള്‍, മനോഹരമായി സംവിധാനിച്ച ഉദ്യാനങ്ങള്‍ ഇങ്ങനെ പോവുന്ന പൗരാണിക മുസ്‌ലിം ഡല്‍ഹിയുടെ കാഴ്ചകള്‍. ഏതൊരു വ്യക്തിയെയും അതിശയിപ്പിക്കുന്നതാണിതെല്ലാം.

പള്ളികള്‍

പ്രവാചകന്റെ നഗര ആസൂത്രണ ആശയങ്ങളുടെ സുപ്രധാന അടിത്തറയായി വര്‍ത്തിച്ച ഘടകമായിരുന്നു നഗരത്തിന്റെ കേന്ദ്ര ബിന്ദുവായി പടുത്തുയര്‍ത്തപ്പെട്ട പള്ളികള്‍. ഇവിടെ ഡല്‍ഹിയിലും നിരവധി പള്ളികള്‍ നഗരത്തിന്റെ പ്രൗഢി വിളിച്ചോതി മുസ്ലിംരാജ വംശങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരുവേള യൂറോപ്യന്‍ സംസ്‌കാരത്തെ പഠിച്ചാല്‍ വ്യക്തമാകുന്ന ചില സൂചകങ്ങള്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നഗര വികസന കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. യൂറോപ്പ്യന്‍ നഗര ആസൂത്രണത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് ഭരണ വര്‍ഗം നല്‍കുന്ന പ്രാധാന്യം അവരുടെ തെരുവകളെ പഠിച്ചാല്‍ നമ്മുക്ക് മനസിലാക്കാം. ചര്‍ച്ചുകള്‍ പ്രധാന തെരുവിന്റെ അല്ലെങ്കില്‍ പട്ടണത്തിന്റെ ഉയര്‍ന്ന പ്രദേശത്തോ അല്ലെങ്കില്‍ ഒത്ത നടുക്ക് തന്നെയോ കെട്ടിയുയര്‍ത്തി മനോഹരമാക്കിയിരിക്കും. വാഹനങ്ങള്‍ നിരോധിച്ചും, മനോഹര കല്‍പ്പടവുകള്‍ തീര്‍ത്തും ചര്‍ച്ചിലേക്കുള്ള വീഥികള്‍ കൂടുതല്‍ ആകര്‍ഷണീയത നല്‍കി, സഞ്ചാരികള്‍ക്ക് ആത്മീയ അന്തരീക്ഷം സമ്മാനിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ പാശ്ചാത്യ സമൂഹം. യൂറോപ്പ് ഏറ്റെടുത്ത പ്രസ്തുത നഗര വികസന കാഴ്ചപ്പാടുകള്‍ ഇസ്ലാമിന്റെ നഗര വികസന കര്‍മശാസ്ത്ര ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പില്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തമായ കണക്ക് വിവരങ്ങള്‍ ലഭ്യമല്ലായെങ്കിലും ഡല്‍ഹിയില്‍ മാത്രമായി മുസ്‌ലിം ഭരണം നിലനിന്നപ്പോള്‍ പടത്തുയര്‍ത്തപ്പെട്ട പള്ളികള്‍ നിരവധിയാണ്. ഫിറോസാബാദില്‍ മാത്രം ആയിരം പേര്‍ക്ക് ഒരുമിച്ചു നമസ്‌ക്കരിക്കാനുള്ള എട്ടു പള്ളികളുണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്. പലതും ഇന്ന് കാലഹരണപ്പെട്ടു പോയിരിക്കുന്നു. പുരാവസ്തു വകുപ്പിന് കീഴില്‍ വരുന്നത് കൊണ്ട് ചിലതിലെല്ലാം പൊതു ജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ചരിത്രത്തിന്റെ ഭാഗമാവാന്‍ കാത്തു നില്‍ക്കുന്നവ വേറെ തന്നെയുണ്ട് ഡല്‍ഹിയില്‍. ഇന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത് ഒഴിഞ്ഞ പാര്‍ക്കുകളിലോ, ആളൊഴിഞ്ഞ തെരുവുകുളിലോ ആണെന്നത് സമീപ കല സംഭവങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തുടരും…

Facebook Comments
Show More

Related Articles

Close
Close