Current Date

Search
Close this search box.
Search
Close this search box.

ഡൽഹിയിലെ രാജകീയ ജലസംഭരണി

ഡൽഹിയിലെ ചരിത്ര പ്രദേശങ്ങൾ പലപ്പോഴും സന്ദർശകനെ ആകർഷിക്കുന്നത്, നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച സ്ഥലപേരുകൾ കൊണ്ട് തന്നെയാണ്. അത്തരത്തിൽ പേര് കൊണ്ട് ആകാംഷ സൃഷ്ടിക്കുന്ന ഡൽഹിയിലെ പ്രദേശങ്ങളിലൊന്നാണ് രാജകീയ ജലസംഭരണി (Hauz Khas). ഡൽഹിയിലെ അതി മനോഹര മുസ്ലിം അവശേഷിപ്പുകളിൽ എടുത്തു പറയേണ്ട ചരിത്ര പ്രദേശമാണ് ഹൗസ് ഖാസും അതുൾപ്പെടുന്ന പ്രദേശങ്ങളും.

‘രാജകീയ ജലസംഭരണി / പ്രത്യേക ജലസംഭരണി’ എന്ന അർത്ഥമാണ് ‘ഹൗള് ഖാസിന് ‘ ഉള്ളത്. യഥാർത്ഥത്തിൽ ‘ഹൗള്’ എന്ന വാക്ക് അറബി ഭാഷയിൽ നിന്നാണെങ്കിലും ഉറുദു ഭാഷയിൽ ‘ള്’ എന്ന അക്ഷരം ‘സ്’ എന്ന ഉച്ചാരണ ശൈലിയോടെയാണ് ഉപയോഗിക്കപ്പെടുന്നത്. പേർഷ്യൻ ഡൽഹിയിലെ പ്രധാന ഭാഷയായതിനാൽ ‘ഹോസ് ഖാസ്’ എന്നും കൂടി പ്രസ്തുത പ്രദേശം ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്.

ഡൽഹി കാണാൻ വരുന്നവർ അത്രയൊന്നും സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിക്കാത്ത തെക്കൻ ഡൽഹിയിലെ ഒരപൂർവ്വ ചരിത്ര പ്രദേശമാണ് ഹൗസ് ഖാസ്. ഹൗസ് ഖാസിലെ പ്രധാനമായും കണ്ടിരിക്കേണ്ടത് സ്ഥലത്തിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രസ്തുത ജലസംഭരണി തന്നെയാണ്. തടാകവും ഒത്ത നടുവിൽ മരങ്ങൾ വെച്ച് പിടിപ്പിച്ച ചെറിയ, ദ്വീപ് പോലെ തോന്നിക്കന്നതുമായ ഒരു കുന്നിൻ പ്രദേശവുമാണ് ആകർഷണീയതയായി എടുത്ത് പറയേണ്ടത്. നിരവധി അരയന്നങ്ങളും അപൂർവ്വമായി മാത്രം കണ്ടു വരുന്ന പക്ഷികളുടെ കൂടിച്ചേരലിന് കൂടി സംഗമഭൂമിയാവുന്ന ഡൽഹിയിലെ പ്രദേശമാണ് ഹൗസ് ഖാസ്.

Also read: പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

അലാവുദ്ധീൻ ഖിൽജിയാണ് ഈ പ്രദേശം ഡൽഹിക്ക് സമ്മാനിച്ചത്. അദ്ദേഹത്തിൻ്റെ സ്വന്തം നഗരമായി ഡൽഹിയിൽ അറിയപ്പെടുന്ന സീറി / സീരി ( തലയോട്ടി നഗരം) നഗരസമുച്ചയത്തിൻ്റെ സമീപത്ത് തന്നെയാണ് പ്രസ്തുത ജലസംഭരണിയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അലാവുദ്ധീൻ ഖിൽജി നിർമ്മിച്ച ജലസംഭരണി അറിയപ്പെടുന്നത് ഹൗസ് ഇ- അലായ് എന്നാണ്. പിന്നീട് വർഷങ്ങൾക്കിപ്പുറം അലാവുദ്ധീൻ നിർമ്മിച്ച ജലസംഭരണി വറ്റിപ്പോവുകയും, കാലഹരണപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥ വന്നപ്പോൾ തുഗ്ലക്ക് ഭരണാധികാരികളിലെ പ്രഗൽഭനായ ഫിറോസ് ഷാ തുഗ്ലക്ക് പ്രസ്തുത ജലസംഭരണി പുതുക്കി, ബ്രഹത്തായ ഒരു പ്രാജക്ടായി സംവിധാനിക്കുകയും ചെയ്തതാണ് പിന്നീട് ഹൗസ് ഖാസ് എന്നറിയപ്പെട്ട ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ജലസംഭരണി. 1350 കളിലാണ് ഇതിൻ്റെ നിർമ്മാണം നടന്നത്. 123 ഏക്കർ സ്ഥലത്ത് വലിയ വിസ്താര സ്വഭാവത്തോടെ കൂടുതൽ ജലം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് ജലസംഭരണിയുടെ നിർമ്മാണം നടന്നിട്ടുള്ളത്. ഈ ജലസംഭരണി നിർമ്മിച്ചിട്ടുള്ള ഹൗസ് ഖാസ് കോംപ്ലക്സിനകത്തെ മറ്റൊരു പ്രധാന ചരിത്ര സ്മാരകമാണ് ഫിറോസ് ഷാ തുഗ്ലകിൻ്റെ മദ്രസ (College of Firoz Shah Tuglak) അതിനടുത്ത് തന്നെയാണ് അദ്ദേഹത്തിൻ്റെ ശവകുടീരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

പ്രസ്തുത ജലസംഭരണി നിർമ്മിച്ചതിലൂടെ ഡൽഹിയുടെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനും ഫിറോസ് ഷാക്ക് സാധിച്ചു. മേൽ വിവരിച്ച പോലെ ഫിറോസ് ഷാ തുഗ്ലക്കിൻ്റെ ശവകുടീരം വർണ്ണിക്കപ്പെടേണ്ട ഒരപൂർവ്വ നിർമ്മിതിയാണ്. 1388 ലാണ് അദ്ദേഹം മരണപ്പെടുന്നത്. 1350 കളിൽ അദ്ദേഹം തന്നെയാണ് ടോംമ്പും നിർമ്മിച്ചത്. ഖിൽജി, തുഗ്ലക്ക്, ലോധി ഭരണാധികാരികളുടെ അപൂർവ്വമായ അവശേഷിപ്പുകളും ഹൗസ് ഖാസ് തരുന്ന ദൃശ്യാനുഭവങ്ങളാണ്. വളരെ ഉയരത്തിൽ ഉയർത്തി സ്ഥാപിച്ചിട്ടുള്ള കുംഭ ഗോപുര മാതൃകകൾ ഹൗസ് ഖാസ് കോംപ്ലക്സിലെ എല്ലാ നിർമ്മിതികളിലും കാണാൻ സാധിക്കും. ഡൽഹിയിലെ ഏതൊരു മുസ്ലിം നിർമ്മിതിയിലും കണ്ടു വരാറുള്ള പള്ളികൾ ഇവിടെയും സന്ദർശകർക്ക് കാണാം. നിലവിൽ പ്രസ്തുത പള്ളിയിൽ പ്രാർത്ഥന നടക്കാറില്ല. ‘ഡീർ പാർക്ക് ‘ എന്ന് പേരിട്ടിരിക്കുന്ന പാർക്ക് സമുച്ചയം പ്രഭാത സവാരിക്കായി ഡൽഹി നിവാസികൾ ഉപയോഗപ്പെടുത്തുന്ന കോംപ്ലക്സിനകത്തെ പ്രധാന ഇടമാണ്. ഹൗസ് ഖാസിനോട് ചേർന്ന, ചെറിയ ശവകുടീരങ്ങൾ പടത്തുയർത്തപ്പെട്ട മറ്റൊരു പ്രധാന ഭാഗമാണ് ഗ്രീൻ പാർക്ക്.

ഗ്രീൻ പാർക്കിൽ അതി വിശിഷ്ടമായ നിർമ്മിതിയാണ് ബാരഹ് കമ്പ/twelve pillars ( പന്ത്രണ്ട് സ്തൂഭങ്ങൾ) എന്ന അർത്ഥമുള്ള സ്തൂപ മാതൃകകൾ. പന്ത്രണ്ട് സ്തൂപങ്ങൾ, അവയ്ക്ക് ഓരോന്നിനുമിടയിൽ മതിലുകൾ കൊണ്ട് വേർതിരിക്കപ്പെട്ട, വിശാലമായ മേൽകൂരയുള്ള നിർമ്മിതിയാണ് ബാരഹ് കമ്പ. ശവകുടീരമായിട്ടാണ് ചരിത്രത്തിൽ ഇത് അറിയപ്പെടുന്നതെങ്കിലും ആരുടെയും ഖബറിടങ്ങൾ ടോംമ്പിനുള്ളിൽ സന്ദർശകന് കാണാൻ കഴിയില്ല. എന്നാൽ ടോംപിൻ്റെ പുറത്ത് അറിയപ്പെടാത്ത നിരവധി ഖബറിടങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ലോധി കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട നിർമ്മിതികളിലൊന്നാണ് പ്രസ്തുത ശവകുടീരം. ഹൗസ് ബാസിൻ്റെ തൊട്ടടുത്ത പ്രദേശമായ ആർ. കെ. പുരം മറ്റ് അടുത്ത പ്രദേശങ്ങളിലും സമാന രീതിയിൽ നിർമ്മിച്ച ശവകുടീരങ്ങളും അപൂർവ്വ നിർമ്മിതികളും സന്ദർശകനെ കാത്തിരിക്കുന്ന ചരിത്ര രേഖകളാണ്. എന്നാൽ ഇവയിൽ പലതും ഏത് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്ന വ്യക്തമായ ചരിത്ര രേഖകൾ ഇന്ന് കാണാൻ കഴിയില്ല എന്നത് സത്യം തന്നെയാണ്.

Also read: വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഇന്‍റര്‍നെറ്റിന്‍റെസഹായത്തോടെ ?

ജലസംഭരണിക്ക് എന്താണ് ഡൽഹിയിൽ ഇത്രയധികം പ്രാധാന്യം എന്ന് ചോദിച്ചാൽ ജലദൗർലഭ്യം എന്ന് നിസ്സംശയം പറയാം. ഇന്ത്യയിൽ ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഡൽഹി. ഡൽഹി ഭരിച്ച ഡൽഹി സുൽത്താന്മാർ ജനങ്ങൾക്ക് ആവശ്യാനുസരണം ജലം ലഭ്യമാക്കാൻ പ്രയത്‌നിച്ചതിൻ്റെ ചരിത്രരേഖകളായി അവശേഷിക്കുന്ന സംവിധാനങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് പ്രസ്തുത ജലസംഭരണി. നഗര ആസൂത്രണ സംവിധാനങ്ങൾക്ക് ഉദാത്ത മാതൃകകൾ സൃഷ്ടിച്ചവരാണ് ഡൽഹി സുൽത്താന്മാർ . മുഗുളർ അവയെ കൂടുതൽ മേന്മയോടെ അവതരിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. ഇന്നത്തെ ഡൽഹിയിലെ പല സ്ഥലപ്പേരുകളും ഉയർന്ന് വന്നതിന് പിന്നിലെ ചരിത്രം പഠിച്ചാൽ ഒരു സംസ്കാരത്തിൻ്റെ ഈടുറ്റ മാതൃകകളെ നമുക്ക് അനുഭവിക്കാൻ സാധിക്കുമെന്ന് തീർച്ച. ഇന്ന് ഡൽഹിയിലെ മെട്രോ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാൽ വലിയ പ്രയാസങ്ങളില്ലാതെ തന്നെ സന്ദർശകർക്ക് ഹോസ് ഖാസ് സന്ദർശിക്കാം.

Related Articles