History

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിമോചനം: വിജയമോ അധിനിവേശമോ?

ഹിജ്‌റ 857 ജമാദുല്‍ ഊല 21ന് ചൊവ്വാഴ്ച (1453 മെയ് 29) സുല്‍ത്താന്‍ മുഹമ്മദ് ഫാത്തിഹിന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയിച്ചടക്കിയതിന്റെ ചരിത്ര മുഹൂര്‍ത്തത്തെ ഓര്‍ക്കുന്ന ഈയൊരു സന്ദര്‍ഭത്തില്‍, ഈജിപ്തിലെ ദാറുല്‍ ഇഫ്തായുടെ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവന ഈജിപ്തുകാരെയും, ലോക മുസ്‌ലിംകളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയത്തെ അധിനിവേശവും യുദ്ധപോരാട്ടവുമായാണ് പ്രസ്താവനയില്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ, ഹഗിയ സോഫിയ ചര്‍ച്ച് പള്ളിയാക്കി മാറ്റിയതിനെ അധിക്ഷേപിക്കുന്നുമുണ്ട്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലെ സമര്‍ദ്ദങ്ങളെ തുടര്‍ന്ന് ആ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയും, പിന്നീട് മുഹമ്മദ് ഫാതിഹിന്റെ മഹത്തായ വിജയത്തെ അംഗീകരിച്ച് കൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്യുകയുണ്ടായി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുഹമ്മദ് ഫാത്തിഹിന്റെ പരമ്പരയില്‍പെട്ട വ്യക്തിയെല്ലന്നും ഇത് വ്യക്തമാക്കുന്നു. യഥാര്‍ഥത്തില്‍, തുര്‍ക്കിക്കും ഉര്‍ദുഗാനുമെതിരിലുള്ള നടപടിയാണിത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിമോചനം വിജയമായിരുന്നോ അതല്ല അധിനിവേശമായിരുന്നോ എന്നതാണ് ഇവിടെ നാം പരിശോധിക്കുന്നത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ വിമോചനം പ്രവാചക പ്രവചനത്തിന്റെ സാക്ഷാത്കാരമായിരുന്നുവെന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. അതിനെ സംബന്ധിച്ച സുവിശേഷം രണ്ട് ഹദീസുകളില്‍ കാണാവുന്നതാണ്. ഒന്ന്, ഉബൈദുല്ലാഹി ബിന്‍ ബിശ്‌റുല്‍ ഗനവി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയിക്കുകതെന്ന ചെയ്യുന്നതാണ്. അത് വിജയിക്കുന്ന നേതാവ് എത്ര നല്ല നേതാവാണ്. അത് വിജയിക്കുന്ന സൈന്യം എത്ര നല്ല സൈന്യമാണ്!’ (അഹ്മദ്, ഇബ്‌നു ഖുസൈമ, ഹാക്കിം) രണ്ട്, അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ആസ്വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: അദ്ദേഹം ചോദിക്കപ്പെട്ടു. രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം വിജയിക്കപ്പെടുന്ന നഗരം? കോണ്‍സ്റ്റാന്റിനോപ്പിളാണോ അതല്ല റോമാണോ? അദ്ദേഹം മൂടിവെക്കപ്പെട്ട പെട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതില്‍ നിന്ന് അദ്ദേഹം ഒരു പുസ്തകം പുറത്തെടുത്തു. തുടര്‍ന്ന് അബ്ദുല്ല പറഞ്ഞു: പ്രവാചകന്റെ കൂടെയായിരുന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളാണോ റോമാണോ ആദ്യം വിജയിച്ചടക്കപ്പെടുന്ന നഗരമെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അത് എഴുതിവെച്ചിരുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ഹിര്‍ഖലിന്റെ നഗരമായ കോണ്‍സ്റ്റാന്റിനോപ്പിളാണ് ആദ്യം വിജയിച്ചടക്കപ്പെടുന്നത്. (അഹ്മദ്, ഹാക്കിം)

Also read: പ്രവാചകനെ സ്വപ്നം കാണാന്‍

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയിച്ചടക്കാനുള്ള ശ്രമം പ്രവാചക അനുചരന്മാരുടെ കാലം മതുല്‍ക്കെ ആരംഭിച്ചിരുന്നു. ഉസ്മാനി ഭരണാധികാരി മുഹമ്മദ് ബിന്‍ മുറാദ് വിജയിക്കുന്നതുവരെ ആ ശ്രമം തുടര്‍ന്നുപോരുകയും ചെയ്തു. ഈ മഹത്തായ നഗരം വിജയിച്ചടിക്കിയതുകൊണ്ട് അദ്ദേഹം വിളിക്കപ്പെടുന്നത് ‘ഫാതിഹ്’ (വിജയി, വിജയിച്ചടക്കിയവന്‍) എന്ന പേരിലാണ്. അത് പ്രവാചക പ്രവചനത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ വിജയം മണ്ണിന്റെ വിജയം മാത്രമായിരുന്നില്ല. അത്, മനസ്സിന്റെയും ചിന്തയുടെയും വിജയമായിരുന്നു. മാത്രമല്ല, അറിവിന്റെ വ്യാപനന്റെയും, നാഗരികതയുടെയും, പ്രവാചക മാതൃകയുടെയും വിജയവുമായിരുന്നു. ഇതിലൂടെ യൂറോപില്‍ മനുഷ്യ നാഗരികതയുടെ പുതുപിറവി യാഥാര്‍ഥ്യമാവുകയായിരുന്നു. ഒരുപാട് ചരിത്രകാരന്മാര്‍ ഇതിനെ നിരീക്ഷിച്ചത് മധ്യകാലത്തിന്റെ അവസാനവും, ആധുനിക കാലത്തിന്റെ തുടക്കവുമെന്നാണ്. മിമ്പറുകളില്‍നിന്ന് വിജയം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും വിശ്വാസികളില്‍ അത് സന്തോഷവും ആഹ്ലാദവും പരന്നൊഴുകുന്നതിന് കാരണമായി. തുടര്‍ന്ന്, നന്ദി സൂചകമായി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കപ്പെട്ടു, കമ്പോളങ്ങളും വീടുകളും അലങ്കരിക്കപ്പെട്ടു, രാജാക്കാന്മാരും, ഗവര്‍ന്മാരും, പണ്ഡിതന്മാരും, നേതാക്കളും അഭിനന്ദനമറിയിച്ച് സുല്‍ത്താന്‍ ഫാത്തിഹിന് കത്തുകളയച്ചു. പക്ഷേ, ഈ വിജയം യൂറോപിലെ ചര്‍ച്ച് നതൃത്വങ്ങളെയും രാജാക്കന്മാരെയും അസ്വസ്ഥപ്പെടുത്തുകയാണ് ചെയ്തത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ നാമം ഇസ്‌ലാംബൂള്‍ എന്നാക്കി മാറ്റിയത് സുല്‍ത്താന്‍ ഫാത്തിഹാണ്. പില്‍ക്കാലത്ത് ഇസ്തംബൂള്‍ എന്ന പേരില്‍ അത് അറിയപ്പെട്ടു. അവിടെ നിലനിന്നിരുന്ന ക്രിസ്ത്യന്‍ മത ചിഹ്നങ്ങള്‍ക്കെതിരെ സുല്‍ത്താന്‍ മുഹമ്മദ് ഫാത്തിഹ് രംഗത്തുവരുകയുണ്ടായില്ല. മറിച്ച്, അവര്‍ക്ക് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും, രാജാക്കന്മാരെ സംരക്ഷിക്കുകയുമായിരുന്നു. ക്രിസ്തുമത വിശ്വാസികളില്‍ നിന്ന് ഹിജ്‌റപോയവരെ തിരിച്ചുകൊണ്ടുവരികയും, അവര്‍ക്ക് ചര്‍ച്ചുകള്‍ വിട്ടുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അവരില്‍ നിന്ന് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അവരിലെ മതനേതാക്കന്മാരെ ഒരുമിച്ച് കൂട്ടുകയും, അവര്‍ നേതാവിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സുല്‍ത്താന്‍ ഈ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചു. ശേഷം, സുല്‍ത്താന്‍ തന്റെ സൈന്യത്തില്‍ നിന്ന് ഒരു കാവല്‍ക്കാരനെ ആ നേതാവിന് നിശ്ചയിക്കുകയും, റോമുമായി ബന്ധപ്പെട്ട സിവില്‍ ക്രിമിനല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അനുവാദം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ചര്‍ച്ചിലെ ഉന്നത ഉദ്യോഗാര്‍ഥികളെ വിളിച്ചുചേര്‍ത്ത് ഒരു കൗണ്‍സില്‍ രൂപീകരിച്ചു. റോമന്‍ പാത്രയര്‍ക്കീസിന് പ്രവര്‍ത്തനമണ്ഡലം വകവെച്ച് നല്‍കി എന്നത് കൊണ്ട് സുല്‍ത്താന്‍ ഫാത്തിഹ് മതിയാക്കിയിരുന്നില്ല. അതേസമയം, ജൂതവിഭാഗങ്ങള്‍ക്ക് അവരുടെ സിനഗോഗുകള്‍ കൈകാര്യം ചെയ്യുന്നതിന് സുല്‍ത്താന്‍ അനുവാദം നല്‍കി. തങ്ങളുടെ നേതാവായി പാത്രയര്‍ക്കീസിനെ സ്വീകരിക്കുന്നതിനുള്ള അവസരം അര്‍മേനിയന്‍ വിഭാഗത്തിന് സുല്‍ത്താന്‍ നല്‍കി. എന്നാല്‍, ഈ രണ്ട് കാര്യങ്ങളും ബൈസന്ദീന്‍ കാലത്ത് അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നു.

Also read: കൊറോണ കാലത്തെ യുദ്ധങ്ങള്‍

സമൂഹത്തിന്റെ നാഗരിക-ചരിത്ര പൈതൃകത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ആരോപണങ്ങളില്‍, നിന്നും കള്ള പ്രചരണങ്ങളില്‍ നിന്നും അസ്ഹറിലെ പണ്ഡിതന്മാര്‍ക്കും, ഈജിപ്തുകാര്‍ക്കും ഒരു പങ്കുമില്ല. അവര്‍ മുഹമ്മദ് ഫാത്തിഹിലൂടെ യാഥാര്‍ഥ്യമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ വിമോചനം അധിനിവേശമല്ലെന്നും, അത് വിജമയമാണെന്നും അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ്. അവര്‍ അതിനെ വിജ്ഞാനത്തിന്റെ ഗോപുരമായും, പുതിയൊരു നാഗരികതയായും പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ആ കിരണങ്ങള്‍ ഇന്നും പ്രതിഫലിച്ച് നല്‍ക്കുകയാണ്.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Close
Close