History

ഇബ്നു ഖൽദൂന്റെ സമകാലികത

ഈ വിഷയം അതിൻറെ തലക്കെട്ട് കൊണ്ട് തന്നെ ദ്വിമാന സമ്പന്നമാണ്. അതായത് ഇബ്നു ഖൽദൂനിനെ അദ്ദേഹത്തിൻറെ കാലത്ത് നിന്നുകൊണ്ടുള്ള ഒരു ആലോചന, അതോടൊപ്പം നമ്മുടെ കാലത്തുള്ള ഇബ്നു ഖൽദൂനിനെ കുറിച്ചുള്ള ഒരു ആലോചന ഇങ്ങനെ രണ്ട് രീതിയിലും ഈ തലക്കെട്ടിനെ നമുക്ക് വായിക്കാം. 14, 15 നൂറ്റാണ്ടുകളാണ് ഇബ്നു ഖൽദൂനിന്റെ കാലഘട്ടം. ഇത് ഇസ്ലാമിക ലോകത്ത് ഒരു തകർച്ചയുടെ കാലഘട്ടമായിരുന്നു. 1258ൽ അബ്ബാസിയ ഖിലാഫത്ത് തകർന്നു. ഇസ്ലാമിന്റെ കേന്ദ്രീകൃതമായ ഭരണ സംവിധാനം ഇല്ലാതാവുകയും  ചെറിയ ചെറിയ സ്റ്റേറ്റുകളായി ഇസ്ലാമിക ലോകം മാറിക്കൊണ്ടിരുന്ന ഒരു  കാലഘട്ടം. അദ്ദേഹം ജനിച്ചത് 1333ൽ തുനീഷ്യയിൽ ആണ്. 1332ലാണ് എന്നും പറയപ്പെടുന്നുണ്ട്. ഇത് ഹിജ്റ 9ആം നൂറ്റാണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ തുനീഷ്യ പടിഞ്ഞാറൻ പ്രവിശ്യ എന്ന് ഇസ്ലാമിക ലോകം അടയാളപ്പെടുത്തിയ പ്രവിശ്യകളിലാണ് ഉൾപ്പെട്ടിരുന്നത്. അന്തലുസ് അടക്കമുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അന്തലൂസിൽ ഉണ്ടായിരുന്ന പൂർവ പിതാക്കൾ തുനീഷ്യയിലേക്ക് കുടിയേറിപ്പാർത്ത പൈതൃകത്തിൽ നിന്നാണ് ഇബ്നുഖൽദൂനിന്റെ ജനനം. അബ്ദുൽ റഹ്മാൻ മുഹമ്മദ് ഇബ്നു ഖൽദൂൻ എന്ന ഇപ്പോഴുള്ള ചരിത്ര പുരുഷന്റെ പിതാമഹന്മാരിൽ ഒരാളുടെ പേരാണ് ഇബ്നു ഖൽദൂൻ. അവർക്ക് അന്തലു സിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു. ഭരണ മേഖലയിലും അവർക്ക് അവരുടേതായ മേലൊപ്പ് ചാർത്താൻ കഴിഞ്ഞിരുന്നു. ഉന്നത മണ്ഡലങ്ങളിൽ വലിയ ഉദ്യോഗസ്ഥരായും മന്ത്രിമാരായും ഒക്കെ അവർ പ്രവർത്തിച്ചിരുന്നു. അങ്ങനെയുള്ള ഒരു പാരമ്പര്യ ത്തിലൂടെയാണ് ഇബ്നുഖൽദൂന്റെ ജനനം. അദ്ദേഹം സ്വയം ഹദ്‌റമി എന്ന് ചേർത്ത് പറയുന്നുണ്ട്. ഹളർമൗത്ത് എന്ന യമനിലെ സ്ഥലത്തുനിന്നും അന്തലുസിലേക്ക് കുടിയേറിപ്പാർത്ത അറബ് കുടുംബത്തിൻറെ താവഴിയിൽ ആണ് ഇബ്നുഖൽദൂൻ വരുന്നത്. അത് പ്രവാചകൻ(സ) യുടെ സ്വഹാബക്കളിൽ ഒരാളായ അബൂബക്കറിന്റെ കുടുംബവുമായി ചേർന്നുനിൽക്കുന്ന ഒരു കുടുംബത്തിലുള്ള പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് ഇബ്നു ഖൽദൂൻ തന്റെ ആത്മകഥയുടെ തുടക്കത്തിൽ  പരിചയപ്പെടുത്തുന്നുണ്ട്. ഈ രീതിയിലുള്ള ഒരു കുടുംബപശ്ചാത്തലം ഇബ്നുഖൽദൂനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഇബ്നു ഖൽദൂനെ കുറിച്ചുള്ള അറബികളുടെ കാര്യമായ ഒരു വിമർശനം അദ്ദേഹം അറബികൾക്ക് എതിരാണ് എന്നാണ്. കാരണം ഇബ്നു ഖൽദൂനിന്റെ വംശീയത ബർബർ വംശജനാണ് എന്നതാണ്. ആഫ്രിക്കയിലെ അറബികളല്ലാത്ത ഗോത്രത്തിൽ പെട്ട ആളാണ് ഇബ്നുഖൽദൂൻ. അപ്പോൾ സ്വാഭാവികമായും അദ്ദേഹം അറബികൾ ക്കെതിരെ വലിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ത്വാഹാ ഹുസൈനെ പോലെയുള്ള എഴുത്തുകാർ ഇബ്നു ഖൽദൂനെ വല്ലാതെ വിമർശിച്ചിട്ടുണ്ട്. ഇത് കഴമ്പില്ലാത്ത വിമർശനം അല്ല. ഈ വിമർശനത്തെ കുറിച്ച് അബ്ദുല്ല ഇനാൻ തന്റെ ibnu khaldoon his life and work എന്ന കൃതിയിൽ വിശദമായി  വ്യക്തമാക്കുന്നുണ്ട്. അറബികൾക്ക് ഒരിക്കലും സമതലങ്ങളിലല്ലാതെ കുന്നു പ്രദേശങ്ങളിൽ ഒന്നും യുദ്ധം ചെയ്ത് ജയിക്കാൻ ആയിട്ടില്ല, അവർ പോയിടത്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, അവർ പുതുതായി നാഗരികതയൊന്നും ഉണ്ടാക്കിയിട്ടില്ല തുടങ്ങി ഒരുപാട് കാര്യങ്ങൾ അദ്ദേഹം മുഖദ്ദിമയിലും മറ്റും വിശകലനം ചെയ്യുന്നുണ്ട്. പക്ഷേ ആ വിമർശനങ്ങൾ ഒക്കെ അതിന്റേതായ രീതിയിൽ എടുത്താലും പിന്നീട് ഇതിനെ ibnu khaldoon philosophy of history എന്ന ഗ്രന്ഥം രചിച്ച മുഹ്‌സിൻ മഹ്ദിയെപോലുള്ള ആളുകൾ വ്യത്യസ്തമായ രീതിയിൽ ഇത്തരം വിമർശനങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഇബ്നുഖൽദൂന്റെ പൈതൃകത്തിൽ അറബ് പൈതൃകവും ബർബർ പൈതൃകവും സമന്വയമായി അവ രണ്ടും ചേർന്നു നിൽക്കുന്നു എന്ന് കാണാം. ഇതാണ് അദ്ദേഹത്തെ പറ്റി വിലയിരുത്തുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത്. ഇബ്നു ഖൽദൂൻ ബർബറും അദ്ദേഹത്തിന്റെ ഭാവനയിലൂടെ അറബിയും ആണ്. ബർബർ ഭാഷയിലല്ല മുഖദ്ദിമ രചിച്ചിരിക്കുന്നത് എന്ന് മാത്രമല്ല അറബി ഭാഷയിലെ ഒരു മഹാ സാഹിത്യമാണ് യഥാർത്ഥത്തിൽ മുഖദ്ദിമ. ബർബർ ഭാഷയിൽ മറ്റു കൃതികളൊക്കെ വന്നിട്ടുണ്ട് എങ്കിൽ പോലും. ഇബ്നു ഖൽദൂനിൻറെ ആശയാവതരണ രീതി യുമായി ബന്ധപ്പെട്ട രസകരമായ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. മിറിയം കൂക് എന്ന എഴുത്തുകാരി ഇബ്നു ഖൽദൂനിന്റെ വൈദഗ്ധ്യത്തെ കുറിച്ച് from linguistics to philological craft എന്ന വലിയ ഒരു ഗവേഷണ പ്രബന്ധം രചിച്ചിട്ടുണ്ട്.

മുഖദ്ദിമയിൽ ഇബ്നു ഖൽദൂൻ സ്വീകരിച്ചിരിക്കുന്ന ഭാഷയുടെ വശ്യത വളരെ വ്യത്യസ്തമാണ്. ibnu khaldoon and islamic ideology എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ബ്രൂസ് ലോറൻസ് പറയുന്നു ഇബ്നു ഖല്ദൂനിനെ വിശേഷിപ്പിക്കാൻ അദിബ് എന്ന പ്രയോഗം ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അറബിയിൽ അദബ് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തത്വശാസ്ത്രവും സാഹിത്യവും ഒരുമിച്ച് ചേരുന്ന പദമാണ്. ഉദാഹരണത്തിന് ആധുനിക കാലത്തെ ഒരു അദിബാണ് എഡ്വേർഡ് സൈദ്. അദ്ദേഹത്തെ നമ്മൾ ഫിലോളജിസ്റ്റ് എന്നാണ് പറയുക. എഡ്‌വേഡ് സൈദിന്റെ ഒരു പൈതൃകത്തെ അറേബ്യൻ തത്വശാസ്ത്രഞ്ജരിൽ പലരും സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള തത്വശാസ്ത്ര ധാരയിലെ ഒരു ഉയർന്ന മേഖലയാണ് അദബ് എന്ന് പറയുന്നത്. ഇന്നത്തെ ഫിലോളജിസ്റ്റുകൾ വാക്കുകളെ അതിൻറെ ഭിന്നാർത്ഥത്തിൽ ഉപയോഗിക്കുന്നവരാണ്. അത്തരം പദങ്ങൾക്ക് ഒരേ സമയത്തു തന്നെ ഒരുപാട് അർത്ഥങ്ങൾ നൽകാൻ കഴിയും. അർത്ഥങ്ങൾ അറിയുന്നതുകൊണ്ട് മാത്രമേ ഒരു കൃതിയുടെ ആഴങ്ങളിലേക്ക് എത്തി അതിനെ ആസ്വദിക്കാൻ സാധിക്കുകയുള്ളൂ ഉദാഹരണത്തിന് عام خاص എന്നീ പ്രയോഗങ്ങൾ. عام എന്നാൽ പൊതുവായതും خاص എന്നാൽ പ്രത്യേകം ആയതുമാണ്. ഇപ്പോൾ പൊതുവായത് ചിലപ്പോൾ മനസ്സിലാകില്ല പ്രത്യേകമായ മാത്രമേ മനസ്സിലാകൂ ഇത് എല്ലാ കാലഘട്ടത്തിലും പണ്ഡിതന്മാർ അനുഭവിച്ചിട്ടുള്ളതാണ്. ഇതിന്റെ ഒരു തലം മുഹ്‌സിൻ മഹ്ദി തന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു. ഈ ഗ്രന്ഥം വളരെ പ്രധാനപ്പെട്ടതാണ്. കാരണം 1956ലാണ് ഈ ഗ്രന്ഥം വരുന്നത്. 1958ലാണ് ഫ്രാൻസിസ് ലോസന്താൾ പൂർണ്ണമായും ഇംഗ്ലീഷിലേക്ക് മുഖദിമ വിവർത്തനം ചെയ്യുന്നത്. അതിന് മുമ്പ് തന്നെ മുഹ്‌സിൻ മഹ്ദി തന്റെ ഗ്രന്ഥം രചിച്ചിട്ടുണ്ട്. 1936ൽ അബ്ദുള്ള ഇനാൻ ഇബ്നു ഖല്ദൂനെ പറ്റിയുള്ള തന്റെ ഗ്രന്ഥം രചിച്ചു.

ഇബ്നു ഖൽദൂനെ പറ്റി അർണോൾഡ് ടോയെൻബി തന്റെ study of history യിൽ പറഞ്ഞ വചനം പ്രശസ്തമാണ്. ടോയെൻബിയുടെ ചരിത്ര ബോധത്തെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് ഇബ്നു ഖല്ദൂൻ. പക്ഷെ ടോയെൻബി അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്. അദ്ദേഹം പറയുന്നു ഒരു കാലത്തും ഒരിടത്തും ആർക്കും രചിക്കാനാവാത്ത അത്രയും പ്രമുഖമായ ഒരു കൃതിയാണ് മുഖദിമ. മുഖദ്ദിമയിലെ വാക്കുകൾ അത്രക്കും സൂക്ഷ്മമായത് കൊണ്ടാണ് ടോയെൻബിയെ പോലുള്ളവരെ അത് ആകർഷിച്ചത്. മുഖദ്ദിമയുടെ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്. ഇസ്ലാമിക ലോകത്ത് പ്രധാനമായും രണ്ട് സംവാദങ്ങളാണ് നടന്നത്. അത് രണ്ടും രണ്ട് നൂറ്റാണ്ടുകളിലാണ്. ഒന്ന് തത്വശാസ്ത്രവും തത്വശാസ്ത്രജ്ഞരും ഇസ്ലാമികമാണോ എന്നതാണ്. ഇതിലാണ് തഹാഫത്തുൽ ഫലാസിഫ കടന്ന് വരുന്നത്. അതിൽ ഇമാം ഗസ്സാലി തത്വശാസ്ത്രജ്ഞന്മാരെ മത വൃത്തത്തിൽ നിന്ന് പുറത്താക്കുന്നു. അദ്ദേഹം തത്വശാസ്ത്രജ്ഞന്മാരോട് ആശയപ്പോരാട്ടം നടത്തുന്നത് തത്വശാസ്ത്രം കൊണ്ട് തന്നെയാണ്. ഖുർആൻ സൃഷ്ടിവാദത്തിൽ വളരെ ശക്തമായി അദ്ദേഹം ഇടപെടുന്നു. ബുദ്ധിപരമായി വെളിപാടുകളെ വ്യാഖ്യാനിക്കുകയും ബുദ്ധിയിൽ മാത്രം വെളിപാടുകളെ പരിമിതപ്പെടുത്തുന്ന ആശയത്തോട് അദ്ദേഹം സംവദിച്ചു. തഹാഫത്തുൽ ഫലാസിഫയിൽ ഇബ്നു സീനക്കെതിരെയും അൽകിന്ധിക്കെതിരെയും അൽ ഫറാഹിക്കെതിരെയും ഇവർ വലിയ സേവനങ്ങൾ നൽകിയവർ ആയിട്ട് കൂടി അഖീദയിൽ പിഴവ് സംഭവിച്ചു എന്ന് ശക്തമായി അദ്ദേഹം വാദിക്കുന്നു. ഇത് കഴിഞ്ഞ് ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു റുശ്ദ് തഹാഫത്തു തഫാവുത്ത് എന്ന ഗ്രന്ഥം രചിക്കുന്നത്. ഈ ഖണ്ഡനത്തിനുള്ള ഒരു മറു ഖണ്ഡനം. വെളിപാടിന് ബുദ്ധിക്ക് മേലെയുള്ള തലം ഒരു വശത്തും ബുദ്ധിക്ക് വെളിപാടിന് മേലെയുള്ള തലം ഈ രണ്ട് തലത്തിൽ നിന്ന് കൊണ്ടുള്ള വാദങ്ങളുടെ ഒരു സംവാദ സംസ്കാരം ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം ഇബ്നു റുശ്ദ് ഇമാം ഗസ്സാലിയെ ഖണ്ഡിക്കുന്നത് അദ്ദേഹത്തിന്റെ അറിവിനെ എല്ലാ വിധത്തിലും ആദരവും പ്രതിപക്ഷ ബഹുമാനവും കൊടുത്തു കൊണ്ടാണ്. അല്ലാതെ വ്യക്തി ഹത്യയിലൂടെയല്ല. സംവാദത്തിന്റെ ഒരു നല്ല സംസ്കാരം ഇസ്ലാമിക ലോകത്ത് നിലനിന്നിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ രണ്ട് വാദങ്ങളുടെയും ഒരു നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് ഇബ്നു ഖല്ദൂൻ വരുന്നത്. മുഖദ്ദിമയിൽ അദ്ദേഹം തത്വശാസ്ത്രജ്ഞൻമാരെ കൃത്യമായി വിമർശിക്കുന്നുണ്ട് ബുദ്ധിപരമായ മാനദണ്ഡങ്ങൾ മാത്രം ദൈവികമായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ മുഴുവൻ കണ്ടെത്താൻ സാധിക്കില്ല എന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ഈയൊരു രീതിയിലായിരുന്നു ബുദ്ധിപരമായി അദ്ദേഹത്തിൻറെ ഒരു അന്തരീക്ഷം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം അദ്ദേഹം ഒരു കവിയായിരുന്നു. ദീർഘകാലം ഈജിപ്തിലെ ബർബറുടെ ശരീഅത്ത് കോടതിയിൽ മാലികി വിഭാഗം ന്യായാധിപൻ ആയിരുന്നു. മാലികി മദ്ഹബ് പിന്തുടർന്ന വ്യക്തിയായിരുന്നു. അധ്യാപകൻ, മന്ത്രി തുടങ്ങി ഒരുപാട് പദവികൾ അലങ്കരിച്ചിട്ടുണ്ട്. വിശ്രുതനായ ടാമർ ലൈൻ എന്ന ചക്രവർത്തിയെ നേരിട്ട് കണ്ടു മാസങ്ങളോളം അദ്ദേഹത്തിൻറെ അഭയകേന്ദ്രത്തിൽ താമസിക്കുകയും അദ്ദേഹവുമായി സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിനെ തിമിറിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത് ഇബ്നുഖൽദൂനിന്റെ അദ്ദേഹവുമായുള്ള സംഭാഷണത്തിലൂടെ ആയിരുന്നു എന്ന് ഇബ്നുഖൽദൂനെ കുറിച്ച് വളരെ ആധികാരികമായി പഠനം നടത്തിയ ഡോ.ഫിഷലിനെ പോലെയുള്ള ചരിത്രകാരന്മാർ സമർത്ഥിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയുള്ള ഒരു മനുഷ്യന് ഒരു തത്വശാസ്ത്രജ്ഞൻ, ഒരു ചരിത്രകാരൻ, ഒരു സാമൂഹിക ശാസ്ത്രജ്ഞൻ എന്നീ നിലക്കെല്ലാം വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. അന്ന് സാമൂഹ്യശാസ്ത്രം രൂപപ്പെട്ടിട്ടില്ല എങ്കിലും അദ്ദേഹത്തിൻറെ മുഖദ്ദിമയിൽ അതുമായി ബന്ധപ്പെട്ട പല പേരുകളും ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യസംസ്കാരം സാമൂഹിക ജീവിതം മനുഷ്യസമൂഹം തുടങ്ങിയ പദപ്രയോഗങ്ങൾ അദ്ദേഹം മുഖദ്ദിമയിൽ വിലയിരുത്തുന്നു.
അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രസക്തിയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ആ കാലഘട്ടത്തിൽ നിന്നും മാറി ഇന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും ഉള്ള പ്രസക്തി. 14, 15 നൂറ്റാണ്ടുകളിൽ ജീവിച്ച ഒരു മനുഷ്യനെ ഇന്നും പരിശോധിക്കാൻ എന്തുകൊണ്ടാണ് നമുക്ക് ദാഹിക്കുന്നത്? ഇബ്നുഖൽദൂന്റെ ലോകത്തേക്ക് ആഴത്തിൽ ഇറങ്ങി ചെന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് നമുക്ക് മനസ്സിലാകും. ആധുനിക കാലത്ത് ഇബ്നു ഖൽദൂനെ കുറിച്ച് വലിയ പഠനം നടത്തിയ ചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനും ആണ് ഫരീദ് അലാത്താസ്. ഇബ്നുഖൽദൂൻ സൈദ്ധാന്തിക അടിത്തറയിൽ നിന്നുകൊണ്ട് അദ്ദേഹം പല ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ഇബ്നുഖൽദൂനെ കുറിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ കൃതിയിൽ അലാതാസ് അദ്ദേഹത്തെക്കുറിച്ച് പറയുന്നു അദ്ദേഹം മൂന്നു തലങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, ഇസ്‌ലാമിക ലോകത്തുള്ള പൗരാണികവും ചരിത്രപരവുമായ കാര്യങ്ങളെ നമുക്ക് നമ്മുടെ കാലത്ത് നിന്നുകൊണ്ടുതന്നെ ഇബ്നു ഖൽദൂനിന്റെ സിദ്ധാന്തങ്ങളുടെ അടിത്തറയിൽ വ്യാഖ്യാനിക്കാൻ കഴിയും. ഇബ്നു ഖൽദൂന്റെ സൈദ്ധാന്തികമായ അടിത്തറയെ വച്ചുകൊണ്ട് കോൺഗ്രസിന് ഇനി പഴയതിലേക്ക് തിരിച്ചു ചെല്ലാൻ കഴിയില്ല, അങ്ങനെ പോകണമെങ്കിൽ പുതിയ തലങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രശ്നങ്ങളെ അതിന്റെ യാഥാർഥ്യത്തിൽ നിന്ന് വിശകലനം ചെയ്ത് കൊണ്ട് ഒരു പുതിയ രീതിയിലൂടെ പുനർനിർമ്മാണം സാധ്യമാക്കുക എന്നത് മാത്രമാണ് വഴി. ഇബ്നുഖൽദൂന്റെ സൈദ്ധാന്തിക അടിത്തറയിൽ നിന്നുകൊണ്ട് ബറക്കാത്ത് അഹമ്മദ് എന്ന ഒരു ഗ്രന്ഥകാരൻ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിൽ ബനൂഖുറൈള സംഭവത്തെ വിശകലനം ചെയ്യുന്നുണ്ട്. ബനൂഖുറൈള കൂട്ടക്കൊല നടന്നതാണോ അല്ലയോ? ഇബ്നു ഇസഹാക്കിന്റെ സീറയിലാണ് ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുള്ളത്. ഇത് ആദ്യം ചോദ്യം ചെയ്തത് മാലിക് ബ്നു അനസ് ആണ് ഇമാം മാലിക്കിന്റെ ഈയൊരു നിലപാടിനെയും ഇബ്നു ഖൽദൂനിന്റെ സൈദ്ധാന്തിക അടിത്തറയും അവലംബിച്ചുകൊണ്ട് ബറക്കാത്ത് അഹമ്മദ് സ്ഥാപിച്ചെടുക്കുന്നത് ബനൂ ഖുറൈള സംഭവം നടന്നിട്ടില്ല എന്നാണ്. കാരണം ബനു ഖുറൈള സംഭവം നടക്കുന്നതിന് പ്രകൃതിപരമായ ഒരു ന്യായവും അന്ന് മദീനയ്ക്കോ അവിടത്തെ സമൂഹത്തിനോ ഉണ്ടായിരുന്നില്ല. 5000ത്തോളം ആളുകളെ ഒന്നിച്ച് താമസിപ്പിക്കാൻ എന്നല്ല 100 പേരെ പോലും താമസിപ്പിക്കാൻ ഉള്ള സൗകര്യം അന്ന് മദീനയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ സമ്പന്നൻറെ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. മാത്രവുമല്ല പത്തൊമ്പതാം നൂറ്റാണ്ടുവരെ ജൂത സമൂഹത്തിൽ നിന്നും ആരും ബനൂഖുറൈള സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല യഥാർഥത്തിൽ ഇന്ന് ഇസ്ലാമിനെ തീവ്രവാദ മുദ്ര ചാർത്താൻ ഇസ്ലാമിക വിരുദ്ധർ ഉപയോഗിക്കുന്ന സുപ്രധാനമായ ഒരു സംഭവമാണ് ബനൂ ഖുറൈള സംഭവം.

പക്ഷേ സാധാരണഗതിയിൽ ഏതെങ്കിലും ഗ്രന്ഥകാരൻ പറഞ്ഞു എന്ന് പറഞ്ഞ് പലരും ഈ സംഭവം ഉദ്ധരിക്കാറുണ്ട്. ഇങ്ങനെയുള്ള പല വാദങ്ങളെയും ഇബ്നു ഖൽദൂനിന്റെ സൈദ്ധാന്തിക അടിത്തറകൾ വച്ചുകൊണ്ട് പുതിയ സാമൂഹ്യ ശാസ്ത്ര വീക്ഷണ കോണുകളിലൂടെയും ചരിത്രപരമായ വിശകലന രീതിയിലൂടെയും നമുക്ക് പരിശോധിക്കാൻ കഴിയും. മറ്റൊന്ന് ഇബ്നു ഖൽദൂന്റെ വാദങ്ങളെ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ടു കൊണ്ട് ന്യൂതനമായ വീക്ഷണത്തിലൂടെ അദ്ദേഹത്തെ ഉപയോഗിക്കാവുന്നതാണ്. ഉദാ. ഖലീഫക്ക് അഥവാ ഇമാമിന് വേണ്ട ഗുണങ്ങൾ പറയുമ്പോൾ അറിവ്, കാഴ്ച്ച ശക്തി, കേൾവി ശക്തി തുടങ്ങിയ നിബന്ധനകളിൽ ഒന്നാണ് ഖുറൈശി ആയിരിക്കണം എന്നത്. ഇതിനെ ബാഖില്ലാനിയെ പോലുള്ള പണ്ഡിതന്മാർ ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഇബ്നുഖൽദൂൻ ഈ നിബന്ധനയെ നോക്കി കണ്ടത് മറ്റൊരു രീതിയിലാണ്. അദ്ദേഹം വിശദീകരിക്കുന്നു ഖുറൈശി ആയിരിക്കുക എന്നതിനർത്ഥം, ഇസ്ലാമിൻറെ ആദ്യകാലഘട്ടത്തിൽ ഖുറൈശി ആയിരിക്കുക എന്നത് അന്നത്തെ സംഘബോധത്തിൻറെ ഏറ്റവും വലിയ പ്രകടനമാണ്. അബൂബക്കറി(റ)നെ എല്ലാവരും ഖലീഫയായി അംഗീകരിച്ചത് അദ്ദേഹം ഖുറൈശി ആയത് കൊണ്ട് കൂടിയാണ്. ഖുറൈശികൾക്ക് മേൽ കടന്നു വരുന്ന മറ്റൊരു കുലമോ ഗോത്രമോ അന്നുണ്ടായിരുന്നില്ല. അവർ പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും. അവർക്കായിരുന്നു നേതൃത്വം. അപ്പോൾ നേതൃത്വത്തിന് അടിസ്ഥാനം എല്ലാവരും അംഗീകരിക്കുക എന്നുള്ളതാണ്. ഇബ്നു ഖൽദൂൻ ഇതിനെ വിശദീകരിക്കുന്നു, ഇത് പൊതുതാൽപര്യം വച്ചുകൊണ്ടാണ് പരിഗണിക്കേണ്ടത്. ജനാധിപത്യ കാഴ്ചപ്പാടിലേക്ക് ഉള്ള ഒരു കവാടം തുറന്നിടുകയാണ് ഇവിടെ. ആരെങ്കിലും നേതാവായാൽ പറ്റില്ല ആവുന്നവൻ പറയുന്നത് എല്ലാവരും കേൾക്കുകയും അനുസരിക്കുകയും അംഗീകരിക്കുകയും വേണം. അങ്ങനെ അംഗീകരിക്കുന്ന സംഘബോധത്തിൻറെ പേരാണ് ഖുറൈശി എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അല്ലാതെ അത് വർഗീയതയോ വംശീയതയോ ഗോത്ര പക്ഷപാതിത്വമോ അല്ല. ഇത് കാലം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരു കാലത്ത് ഇത് ബനൂ ഹാഷിം ആയിരുന്നു എങ്കിൽ പിന്നീട് മനാഫി കുലത്തിലേക്ക് പോയപ്പോഴാണ് മുആവിയ അധികാരത്തിലേറുന്നത്. കർബലയും തുടർന്നുള്ള സംഭവങ്ങളെയും ഇബ്നു ഖൽദൂൻ മുഖദ്ദിമയിൽ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹം ഉദ്ധരിക്കുന്ന ഒരു സംഭവം പ്രശസ്തമാണ്.

ഒരാൾ അലി(റ)യോട് ചോദിച്ചു: അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും കാലഘട്ടത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ നിങ്ങളുടെ കാലത്താണ് പ്രശ്നങ്ങളുണ്ടാകുന്നത്? അലി(റ) ഇതിനു മറുപടി പറഞ്ഞു “അന്ന് ഞങ്ങൾ ആയിരുന്നു പ്രജ, ഇന്ന് നിങ്ങളും”. ഇത് അങ്ങനെ മാറിക്കൊണ്ടിരിക്കും പക്ഷേ നമ്മൾ ഇത് മനസ്സിലാക്കാതെ പ്രവർത്തിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഉദാ. ഇബ്നു ഖല്ദൂൻ അധ്യാപകരെ കുറിച്ച് പറയുന്ന കാര്യം ശ്രദ്ധേയമാണ്. ഹജ്ജാജ് ബിൻ യൂസുഫിന്റെ പിതാവ് അധ്യാപകൻ ആയിരുന്നു. അത് കൊണ്ട് ഞങ്ങൾക്കും അധികാരത്തിൽ കേറാനും ഗവർണർ ആകാനും കഴിയും എന്ന് ഇക്കാലഘട്ടത്തിലെ അധ്യാപകരും പറയുന്നുണ്ട്. ഇത് പറഞ്ഞതിനുശേഷം അദ്ദേഹം വിശദീകരിക്കുന്നു മുഅല്ലിം എന്ന് പറയുന്നതിന് അന്ന് ഹജ്ജാജിന്റെ കാലത്ത് ഉണ്ടായിരുന്ന സ്ഥാനമല്ല ഇന്ന്. ഇപ്പോൾ വളരെ പാവപ്പെട്ട രീതിയിലാണ്. ഹജ്ജാജിന്റെ പിതാവ് ശമ്പളത്തിന് വേണ്ടി പഠിപ്പിച്ച ആളായിരുന്നില്ല. മിസ്അബ്‌(റ)നെ പ്രവാചകൻ മദീനയിലേക്ക് അയച്ചപ്പോൾ അദ്ദേഹം ഏറ്റവും വലിയ സമ്പന്നൻ ആയിരുന്നു. ആ പൈതൃകം പിൻപറ്റുന്ന അധ്യാപകൻ ആകണം. പക്ഷേ പിന്നീട് അത് രാജഭരണം ആയപ്പോൾ അധ്യാപകർ കേവലം ഒരു വംശം ആയി മാറി. അതുകൊണ്ട് ഞങ്ങൾക്കും അധികാരത്തിലേറാൻ കഴിയുമെന്ന് അധ്യാപകർ വാദിക്കുന്നത് യാഥാർത്ഥ്യം മനസ്സിലാക്കാത്തത് കൊണ്ടാണ് എന്ന് ഇബ്നുഖൽദൂൻ വിശദീകരിക്കുന്നു. അതുകൊണ്ട് സാമൂഹിക ഘടനയിൽ ഓരോരുത്തർക്കുമുള്ള സ്ഥാനം മാറിക്കൊണ്ടിരിക്കും.

അതോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അഴിമതിയെപ്പറ്റി ആധികാരികമായി സംസാരിച്ച ആദ്യത്തെ തത്വശാസ്ത്രജ്ഞനും സാമൂഹ്യ ശാസ്ത്രജ്ഞനും ഇബ്നു ഖൽദൂൻ ആയിരിക്കും. അഴിമതിയെക്കുറിച്ച് അദ്ദേഹം ഉപയോഗിച്ച പദം ഫസാദ് എന്നാണ്. ഈ ഫസാദും അഴിമതിയും തമ്മിൽ എന്താണ് ബന്ധം? ഫസാദ് എങ്ങനെയാണ് സംഭവിക്കുന്നത് ? ആഡംബരവും ആസക്തിയും ആയിട്ടാണ് അഴിമതി ബന്ധപ്പെട്ടിരിക്കുന്നത്. ഇബ്നു ഖല്ദൂൻ ശാരീരിക ആസക്തിയെ കുറിച്ച് പറയുന്നുണ്ട്. അത് കേവലം ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതോ അല്ലെങ്കിൽ ഒഴിവുസമയം രസകരമായി ഉപയോഗപ്പെടുത്തുന്നതോ അല്ല. അത് കൂടിക്കൂടി ആസ്വാദനത്തിൻറെ തലം ഒക്കെ വിട്ട് മറ്റുള്ളവരെ പരിഗണിക്കാതെ തനിക്കായി എല്ലാം നേടിയെടുക്കുന്ന രീതിയിലേക്ക് ഉള്ള ബോധ പരിവർത്തനം സംഭവിക്കുമ്പോഴാണ് അഴിമതി സംഭവിക്കുന്നത് എന്നാണ് ഇബ്നുഖൽദൂൻ വിലയിരുത്തുന്നത്. ഈ കാലഘട്ടത്തിൽ നടക്കുന്ന മുഴുവൻ അഴിമതികളെയും ഈ അർഥത്തിൽ വിശകലനം ചെയ്യുവാൻ നമുക്ക് സാധിക്കും.

ചുരുക്കത്തിൽ, പഴയ ചരിത്രങ്ങളെ എങ്ങനെയാണ് പുനർവായന നടത്തുക എന്നും, ഖുറൈശ് എന്നത് ഒരു പൊതു താൽപര്യത്തിന്റെ രീതിയായി അദ്ദേഹം വിശകലനം ചെയ്തത് എന്നതും എങ്ങനെയാണ് അതിനെ സാമൂഹ്യപരമായും ചരിത്രപരമായും ഉപയോഗിക്കാൻ സാധിക്കുക, അതോടൊപ്പം അഴിമതിയെ ആസക്തിയും ആഡംബരവും ആയി ബന്ധപ്പെടുത്തി വിശകലനം ചെയ്തതും ഇതെല്ലാം ഇബ്നു ഖൽദൂന്റെ വീക്ഷണങ്ങളാണ്. അദ്ദേഹം പറയുന്നു രാഷ്ട്രീയ പദവികൾ ഉള്ളവർക്ക് സമ്പാദിക്കാനുള്ള സാധ്യത വർദ്ധിക്കും. അതോടൊപ്പം രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളവർക്കും സമ്പാദ്യത്തിന് എളുപ്പമാകും. നിർബന്ധിച്ച് പണിയെടുപ്പിക്കുന്നത് കൂടി അഴിമതിയാണ് എന്ന് അദ്ദേഹം വിലയിരുത്തുന്നു. എവിടെയാണ് സമ്മർദ്ദം ചെലുത്തുന്നത്, അവിടെ മനുഷ്യത്വം ഇല്ലാതാകുന്നു എന്ന് അദ്ദേഹം പറയുന്നു. ജൂതന്മാർ ഇത്രയും ദുഷിച്ചു പോകാൻ കാരണം അവർ അനുഭവിച്ച അടിമത്തവും അവഗണനയും കാരണമാണ് എന്ന് അദ്ദേഹം സമർഥിക്കുന്നു. ചരിത്രപരമായി പരിശോധിക്കുമ്പോൾ ജൂതന്മാർക്ക് ഒരിക്കലും സ്വസ്ഥമായി ജീവിക്കാൻ സാധിച്ചിട്ടില്ല എന്ന് അദ്ദേഹം വിലയിരുത്തുന്നു. ഓരോരുത്തരെയും അവരവർക്ക് അർഹതപ്പെട്ട സ്ഥാനത്ത് അവരെ ഇരുത്തണം എന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ഇമാം ഗസ്സാലിയും സമാനമായ ആശയങ്ങൾ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്. നീതി എന്നത് ഒരു സംഗതിയെ അതിൻറെ യഥാർത്ഥ സ്ഥാനത്ത് വെക്കുന്നതും അനീതി എന്നത് അതിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് വെക്കുന്നതിനുമാണ് പറയുക എന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത് ഇബ്നുഖൽദൂന്റെ വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ്. കുട്ടികളെ കുട്ടികളായും വലിയവരെ വലിയവരായും കാണുക എന്നത്.

ഈ ഒരു രീതിയിൽ രാഷ്ട്രീയമായ ചട്ടക്കൂടിലൂടെ സാമൂഹ്യ രാഷ്ട്രീയ യാഥാർഥ്യങ്ങളെ നമുക്ക് വിശകലന വിധേയമാക്കാൻ സാധിക്കും. ഇബ്നു ഖൽദൂൻ ഒരു കഥ പറയുന്നുണ്ട്. തുനീഷ്യയിലെ മന്ത്രിയോട് ഇബ്നു ഖല്ദൂൻ നടത്തുന്ന ചർച്ചയാണ് അത്. ഇബ്നു ബതൂതയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. ഇബ്നു ബത്തൂത്ത പറയുന്നു ഹിന്ദുസ്ഥാനിലെ ഒരു രാജാവ് യാത്ര പോകുമ്പോൾ 6 മാസത്തേക്ക് തന്റെ മുഴുവൻ പ്രജകൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടാണ് അദ്ദേഹം പോവുക എന്ന്. ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ഇബ്നു ഖൽദൂൻ ആ മന്ത്രിയോട് ചോദിക്കുന്നുണ്ട്. ആ മന്ത്രി പറഞ്ഞു രാജാക്കന്മാർ ആകുമ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കാം. എന്നിട്ട് ആ മന്ത്രി തുടർന്നു, ഞാൻ നിനക്ക് ഒരു കഥ പറഞ്ഞു തരാം. ഒരിക്കൽ ഒരു മന്ത്രിയെ രാജാവ് അദ്ദേഹത്തിൻറെ രണ്ടുവയസ്സുള്ള മകനോടൊപ്പം രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ അടച്ചു. കുട്ടിയെ നോക്കാൻ വേറെ ആരും ഇല്ലാത്തതു കൊണ്ടാണ് കുട്ടിയെയും കൂടെ കൂട്ടിയത്. അങ്ങനെ ജയിലിൽവച്ച് ഒരു പെരുന്നാൾ ദിവസം നല്ല ആട്ടിറച്ചിയും ഖുബ്ബൂസും ഒക്കെ ഇവർക്ക് കൊണ്ടുപോയി കൊടുത്തു. ആദ്യമായിട്ടായിരുന്നു ആ കുട്ടി ആട്ടിറച്ചി കഴിക്കുന്നത്. കുട്ടി തൻറെ പിതാവിനോട് ഇതെന്ത് ഇറച്ചി ആണെന്ന് ചോദിച്ചു. ആട്ടിറച്ചിയാണെന്ന് പറഞ്ഞപ്പോൾ അടുത്ത ചോദ്യം, “ആടെന്ന് വെച്ചാൽ എന്താണ്?” പിതാവ് സ്നേഹത്തോടെ പറഞ്ഞുകൊടുത്തു, “ആട് എന്നാൽ കൂർത്ത മുഖവും ചെറിയ ചെവിയും ചെറിയ വാലും ഒക്കെ ഉള്ള ജീവിയാണ്”. ഉടനെ കുട്ടി തിരിച്ചു ചോദിച്ചു, “എലിയെ പോലെ അല്ലേ?” കുട്ടിയുടെ ഭാവനയിൽ എലിയെ മാത്രമേ അവൻ കണ്ടിട്ടുള്ളൂ. രാജാക്കന്മാരുടെ കാര്യത്തിൽ നമ്മൾ പലപ്പോഴും ഈ എലിയെ കണക്കാക്കി ആടിനെ വിചാരിക്കുന്നവരെ പോലെയാണെന്ന് ഈ മന്ത്രി ഇബ്നു ഖൽദൂനിന് പറഞ്ഞു കൊടുക്കുകയും അങ്ങനെ അദ്ദേഹം തൻറെ പഠനത്തിൻറെ ഭാഗമായി അബ്ബാസിയ ഖിലാഫത്തിലെ ആഡംബര കാലഘട്ടത്തിലെ രേഖകൾ പരിശോധിച്ചു. ആ സമയത്ത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ടിട്ട് അദ്ദേഹം പറയുന്നു മഅ്മൂനിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്തത് 50 ആളും പൊതുവായി 100 ആളുകളും ആയിരുന്നു. ഈ പ്രത്യേക ക്ഷണം കിട്ടിയ 50 ആളുകൾ ഇരിക്കുന്നത് സ്വർണ്ണത്തിൻറെ കസേരയിൽ ആണ്. അവർക്ക് മുമ്പിൽ സ്വർണ്ണത്തിൻറെ മേശയും ഉണ്ട്. ഓരോരുത്തർക്കും വിളമ്പി കൊടുക്കാൻ ഓരോ അടിമ സ്ത്രീകളെ നിശ്ചയിച്ചിട്ടുണ്ട്.

അതോടൊപ്പം മടങ്ങുമ്പോൾ ആ അടിമസ്ത്രീകളെയും സ്വർണ്ണ പാത്രങ്ങളും അവർക്ക് കൂടെ കൊണ്ട് പോകാം. ഇങ്ങനെയായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ നമ്മൾ ഒരു ഭരണകൂടത്തെ കുറിച്ച് പഠിക്കുമ്പോൾ അതിൻറെ യാഥാർഥ്യത്തിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ അതിനെ മനസ്സിലാക്കാൻ സാധിക്കൂ. ഒരു രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്താക്കൾ അവിടുത്തെ ഭരണകൂടവും അവരുമായി ബന്ധപ്പെട്ട അധികാര വർഗ്ഗവും ആയിരിക്കും. ഇതാണ് ഇബ്നു ഖൽദൂന്റെ സൈദ്ധാന്തിക അടിത്തറ. വിജ്ഞാനത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ സിദ്ധാന്തവും വളരെ പ്രധാനപ്പെട്ടതാണ്. അതിനെക്കുറിച്ച് പലരും പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഇബ്നു ഖൽദൂനിന്റെ സൈദ്ധാന്തിക അടിത്തറയെ സ്വാധീനിച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഒന്ന്, മനുഷ്യൻ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനായി നിൽക്കുന്നത് ചിന്താശക്തി യിലൂടെയാണ്. ചിന്താശക്തിയിൽ നിന്നുണ്ടാകുന്നതാണ് പരസ്പരസഹകരണം. പരസ്പര സഹകരണത്തിന് നിന്നാണ് സമൂഹം ഉണ്ടാകുന്നത്. ഇതൊരു social ladder ആണ്. ഇവിടെ എന്ത് കൊണ്ട് عقل എന്ന് ഉപയോഗിക്കാതെ فكر എന്ന് ഉപയോഗിച്ചു എന്നതും ചിന്തിക്കേണ്ടതാണ്. തത്വശാസ്ത്രത്തിൽ മുഴുവൻ عقل ആണ് ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹം فكر നെ عقل മായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു. العقل التمييزي എന്നത് പ്രാഥമിക തലമാണ്. العقل التجربي ഇത് സെക്കന്ററി ലെവൽ ആണ്. العقل النظر എന്നത് tertiary level ആണ്. العقل التمييزي എന്നത് discriminatory intellect ആണ്. അതായത് ഏറെ കുറെ മനുഷ്യരിൽ മൃഗങ്ങളിലും ഉള്ള ബുദ്ധി ശക്തിയാണത്. അതായത് അവന് ഗുണം ചെയ്യുന്നത് സ്വീകരിക്കാനും അപകടം വരുത്തുന്നത് ഉപേക്ഷിക്കാനും ഉള്ള ശക്തി. പക്ഷെ العقل التجربي എന്നത് അനുഭവങ്ങളിലൂടെ മാത്രം ലഭിക്കുന്നതാണ്. ഇതിൽ നിന്നാണ് സമൂഹം രൂപപ്പെടുന്നത്. ആചാരങ്ങളുടെയും രീതികളുടെയും ക്രിയാത്മക വശങ്ങളുമായി വ്യക്തിക്ക് ബന്ധപ്പെടാൻ കഴിയുമ്പോഴാണ് അവനെ സാമൂഹികമായി പ്രകാശിപ്പിക്കാൻ സാധിക്കുക. ഇത്തരം അനുഭവങ്ങൾ അവന് ലഭിക്കുന്നതിന്റെ പ്രധാന ഉറവിടങ്ങൾ മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആണ്. അവിടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഇബ്നു ഖൽദൂൻ വിലയിരുത്തുന്നത് കാണാം. മൂന്നാമത്തേത് theoretical reasoning ആണ്. ഇല്ലാത്ത ഒന്നിനെ ഭാവനയിൽ കാണുകയും അതിൽ നിന്ന് ഒരു സൈദ്ധാന്തിക ചട്ടക്കൂട് രൂപപ്പെടുത്തി വലിയ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്ന ബുദ്ധിയുടെ ഏറ്റവും ഉയർന്ന തലം. ഇതിനപ്പുറത്ത് فؤاد എന്ന് പറയുന്നത് ബുദ്ധിയുടെ വേറെ തലങ്ങളാണ്. അവിടെ ബുദ്ധിയുടെ ഏറ്റവും പരമോന്നതമായ വികാസത്തിലാണ് مصطفى എന്ന് പറയുന്നത്. ഇത് theory of profesy എന്ന ഭാഗത്ത് അദ്ദേഹം പറയുന്നു. അപ്പോൾ فكرൽ നിന്ന് تعاون ഉണ്ടാകും. അവിടെ ഭക്ഷണം, സുരക്ഷിതത്വം, വസ്ത്രം ഇതെല്ലാം വേണം. ഈ പരസ്പര സഹകരണം ഉണ്ടാക്കാൻ തൊഴിൽ വിഭജനം നടക്കുന്നു.

അങ്ങനെ എല്ലാവരും സഹകരിക്കുന്ന രീതിയിലേക്ക് സമൂഹം എത്തുന്ന യാഥാർഥ്യത്തിൽ വളരെ ആഴത്തിലുള്ള വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. ഇത്തരത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച സൈദ്ധാന്തിക അടിത്തറ ഇന്നും പലരിലൂടെയും മുന്നോട്ട് പോകുന്നു. പാശ്ചാത്യ ശക്തികൾ ഇരുണ്ട യുഗം എന്ന് പറഞ്ഞ കാലത്താണ് അദ്ദേഹം വരുന്നത് എന്നത് പ്രസക്തമാണ്.

 

തയ്യാറാക്കിയത് : മുനീമ്പ്.എൻ.എ

Facebook Comments
Related Articles
Show More
Close
Close