Current Date

Search
Close this search box.
Search
Close this search box.

ഉസ്മാന്‍ ബ്‌നു അഫാന്‍ രക്തസാക്ഷിത്വം ഓര്‍മിപ്പിക്കുന്നത്

ചിലപ്പോള്‍ മഹാന്മാരുടെ ഖബറിടങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ ആലോചനക്കായി ഞാന്‍ നില്‍ക്കാറുണ്ട്. പ്രയാസങ്ങളും പരുക്കന്‍ പ്രതിസന്ധികളും അനുഭവിച്ച് ഈ ലോകത്ത് നിന്ന് വിടപറഞ്ഞ മഹാന്മാര്‍ ജീവിച്ച നിസാരമായ നൈമിഷകമായ ദുനിയാവിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. തുടര്‍ന്ന് ഞാന്‍ ആത്മഗതം നടത്താറുണ്ട്; ഈ ദുനിയാവിന് അള്ളാഹുവിന്റെ അടുത്ത് സ്ഥാനമുണ്ടായിരുന്നെങ്കില്‍ മഹാന്മാരായ പണ്ഡിതന്മാര്‍ നിന്ദിക്കപ്പെടുകയോ ക്രൂരമായി കൊല ചെയ്യപ്പെടുകയോ ഒന്നും സംഭവിക്കുകയില്ല. സത്യം ചിലയാളുകളുടെ അടുത്ത് വെളിപ്പെടുകയും ചിലയാളുകളുടെ അടുത്ത് ഗോപ്യമാവുകയും ചെയ്യും. എന്തൊന്ന് മനസ്സിലാക്കിയോ അതിന് പകരമായി ജീവന്‍ ബലികഴിക്കേണ്ടി വരുന്ന ചിലരെയും എന്തൊന്നവര്‍ മനസ്സിലാക്കിയോ അതിന് പകരമായി പ്രതികാരത്തോടെ കൊലചെയ്യുന്ന മറ്റുചിലരെയും അവരുടെ കൂട്ടത്തില്‍ ഞാന്‍ കാണുന്നു.

രക്തസാക്ഷി കൊലചെയ്യപ്പെടുന്ന ദിവസം ശാശ്വത ജീവിതത്തിനായുള്ള ജന്മദിനം പിറക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. അനുഗ്രഹീത സ്വര്‍ഗത്തിലേക്കുള്ള യാത്ര. അതോടൊപ്പം, രക്തം ചിന്തുകയും കൊല നടത്തുകയും ചെയ്യുന്നവരോടുള്ള ദേഷ്യവും പ്രതിഷേധവും നാം പ്രകടിപ്പിക്കുന്നു.
എനിക്ക് ചില കൂട്ടുകാരുണ്ട്. അല്ലാഹു അവരുടെ പദവി ഉയര്‍ത്തട്ടെ, അവര്‍ ദീനില്‍ രക്തസാക്ഷിത്വം വരിച്ച് ഒരുപാട് മുന്നോട്ട് ഗമിച്ചിരിക്കുന്നു. എനിക്ക് ചില ഉസ്താദുമാരുണ്ട്, അവര്‍ പോരാളികളായി ആയുസ്സ് ചെലവഴിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരം ബലികഴിച്ചു. അവര്‍ ചെയ്തത് കൊണ്ടവര്‍ സന്തോഷവാന്മാരാണ്. അവരെ കുറിച്ച് വായിച്ച് അഗാധ ചിന്തയിലേക്ക് ഞാന്‍ ഊളിയിടാറുണ്ട്. രക്തസാക്ഷികളുടെ ജീവിതം എത്ര വിലമതിക്കുന്നതാണ്! അക്രമികളുടെ ജീവിതം എത്ര പരാജയവും!

ഇപ്പോള്‍ ഇത്തരത്തിലേക്കുളള തോന്നലിലേക്ക് നയിച്ചതെന്താണ്? ഉസ്മാന്‍(റ)വിന്റെ വാക്കുകള്‍ വായിച്ചെടുത്തപ്പോഴാണ്. കൊല ചെയ്യുന്നതിന് മുമ്പ് തന്റെ കൊലയെ കുറിച്ച് സംസാരിക്കുന്ന ഉസ്മാന്‍(റ)വിന്റെ വാക്കുകള്‍!
അദ്ദേഹം അവരോട് പറഞ്ഞു: ‘കാലുകള്‍ രണ്ടും ബന്ധിക്കാനാണ് അല്ലാഹുവിന്റെ ഖുര്‍ആനില്‍ നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങളത് ചെയ്യുക’. അവര്‍ തന്നെ കൊല ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ ഉസ്മാന്‍(റ) ചോദിച്ചു; എന്തിനാണവര്‍ എന്നെ കൊല്ലുന്നത്. പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഒരു മനുഷ്യന്റെ രക്തം മൂന്ന് കാര്യങ്ങള്‍ക്കൊണ്ടെല്ലാതെ അനുവദനീയമാവുകയില്ല. വിശ്വാസത്തിന് ശേഷം നിഷേധിയാവുക, വിവാഹത്തിന് ശേഷം വ്യഭിചരിക്കുക, അന്യായമായി ഒരുവനെ കൊല്ലുക തുടങ്ങിയ മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. അല്ലാഹുവാണ് സത്യം! ജാഹിലിയ്യത്തിലും ഇസ്‌ലാമിലും ഞാന്‍ വ്യഭിചരിച്ചിട്ടില്ല. അല്ലാഹു സന്മാര്‍ഗം നല്‍കിയതു മുതല്‍ മറ്റൊരു ദീനിനെ പകരമായി ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാനൊരുവനെ കൊന്നിട്ടുമില്ല. പിന്നെന്തിനാണ് അവര്‍ എന്നെ കൊല്ലുന്നത്. സൈദ് ബ്‌നു സാബിത്(റ) ഉസ്മാന്‍(റ) വിന്റെ അടുക്കല്‍ വന്ന് പറഞ്ഞു: താങ്കളുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഇവര്‍ പറയുന്നു; താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം ഞങ്ങള്‍ രണ്ടാമതും അല്ലാഹുവിന് സഹായികളാവുന്നതാണ്. ഉസ്മാന്‍(റ) പറഞ്ഞു: യുദ്ധം, അത് വേണ്ടതില്ല.

രക്തചൊരിച്ചല്‍ ഒഴിവാക്കുന്നതിലും സമാധാനം പ്രചരിപ്പിക്കുന്നതിലും മാന്യതയിലും ഉസ്മാന്‍ ബ്‌നു അഫാന്‍(റ) വേറിട്ട പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതുപോലെ, ഉദാരതയിലും ഉന്നതമാര്‍ന്ന സ്വഭാവത്തിലും അല്ലാഹുവിനോടുളള സ്‌നേഹത്തിലും വ്യതിരിക്തനാണ് ഉസ്മാന്‍(റ). എന്നിട്ടും, അവിവേകികളായ ഒരു കൂട്ടം, പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തരിക്കെ ഉസ്മാന്‍(റ)വിന് മേല്‍ ചാടിവീഴുകയും കൊലപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ബ്‌നു സീരീന്‍ പറയുന്നു: അവര്‍ ഉസ്മാന്‍(റ)വിനെ കൊലപ്പെടുത്താന്‍ വീടിനുളളിലേക്ക് പ്രവിശിച്ച സമയം അദ്ദേഹത്തിന്റെ പത്‌നി പറഞ്ഞു. അദ്ദേഹത്തെ വിളിക്കാനാണെങ്കിലും കൊലചെയ്യാനാണെങ്കിലും, അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്ത് നീണ്ട നമസ്‌ക്കാരത്തിലൂടെ രാത്രിയെ ജീവിപ്പിക്കുകയാണ്.

രക്തസാക്ഷിയാവുന്നതിന് മുമ്പുളള ഉസ്മാന്‍(റ)വിന്റെ വര്‍ത്തമാനവും ഇസ്‌ലാമിക സേവനത്തിനായി സഹിച്ച ത്യാഗവും അവിവേകികളായവര്‍ ഒട്ടും മാന്യത കല്‍പിക്കാതെ അദ്ദേഹത്തെ വധിച്ചതുമെല്ലാം എന്റെ മനസ്സില്‍ ദുനിയാവിനോടുളള വിരക്തിയും അവിവേകികളോടുളള നീരസവുമാണ് ഉളവാക്കിയത്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷിത്വത്തിലൂടെ ഓരോ രക്തസാക്ഷികള്‍ക്കും ആദരവും പദവിയും നല്‍കപ്പെടുകയാണ്. അല്ലാഹു അവരെ ജീവിപ്പിക്കുകയും അവര്‍ക്ക് പുതിയ ജീവിതം സമ്മാനിക്കുകയും ചെയ്യുന്നതാണ്.

വിവ.അര്‍ശദ് കാരക്കാട്

Related Articles