Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ ഓര്‍ക്കുമ്പോള്‍

മദീന അന്ന് ഉണര്‍ന്നത് പ്രവാചകന്‍ ഇല്ലാതെയാണ്. യസരിബ് എന്ന നാടിന്റെ നാമം തന്നെ മദീന എന്നായി മാറിയിരിക്കുന്നു. മദീന എന്നതിന് പട്ടണം എന്നാണ് അര്‍ഥം പറയുക. സാധാരണ രീതിയില്‍ മദീനക്ക് ശേഷം മറ്റൊരു പേര് കൂടി പറഞ്ഞാലേ പൂര്‍ത്തിയാകൂ. എന്നാല്‍ പ്രവാചക പട്ടണം എന്ന നിലയില്‍ മദീന തന്നെ യസ്രിബിനു മതിയായിരുന്നു. ഇന്നലെ പ്രവാചകനെ മറമാടിയിരുന്നു. എവിടെയും ആ മൂകത തളംകെട്ടി നിന്നു. പ്രവാചകന്‍ ഇല്ലാത്ത മദീന സഹാബികള്‍ക്ക് അചിന്തനീയമായിരുന്നു.

പക്ഷെ പെട്ടെന്ന് തന്നെ അവര്‍ തിരിച്ചറിഞ്ഞു. ഇനി ആകാശത്ത് നിന്നും വഹിയ് വരില്ല. ഇസ്ലാമിന്റെ അടുത്ത തലമുറ തങ്ങളാണ്. പ്രവാചകന്‍ തന്റെ ദൗത്യം അവരെയാണ് ഏല്‍പ്പിച്ചത്. തലമുറകള്‍ ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു പോകണം. കലര്‍പ്പില്ലാത്ത ദീനിനെ ജനത്തിന് നല്‍കണം. പ്രവാചകന്‍ മരണപ്പെട്ടു എന്നത് ഉമറിനെ പോലെയുള്ളവര്‍ ആദ്യം അംഗീകരിച്ചില്ല എന്ന് ചരിത്രം പറയുന്നു. പ്രവാചകന്‍ ഇല്ലാത്ത ഒരു കാലം അവരുടെ ചിന്തകളില്‍ ഇല്ലായിരുന്നു.

പ്രവാചക വിയോഗം പല വിധ പ്രശ്നങ്ങള്‍ക്കും കാരണമായി. തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ ഓരോന്നായി രംഗത്ത്‌ വന്നു കൊണ്ടിരുന്നു. പക്ഷെ എല്ലാതരം കുതന്ത്രങ്ങളെയും ഇസ്ലാമിക സമൂഹം ശക്തമായി നേരിട്ടു. അതിനവര്‍ക്ക് ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മുഹമ്മദ്‌ നബി മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തന്‍ എന്ന് പറയപ്പെടുന്നതും. ലോകത്തില്‍ വന്ന ചിന്തകരും നേതാക്കളും മനുഷ്യന്റെ ചില വശങ്ങള്‍ മാത്രമാണ് ശ്രദ്ധിച്ചത്. അതെ സമയം പ്രവാചകന്റെ സന്ദേശം മനുഷ്യര്‍ക്ക് മൊത്തമായിരുന്നു. പ്രവാചകനില്‍ നിങ്ങള്ക്ക് ഉത്തമ മാതൃകയുണ്ട്‌ എന്ന് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ അതിനെ പരിമിതപ്പെടുത്തിയില്ല. മനുഷ്യ ജീവിതത്തിലെ മുഴുവന്‍ മേഖലയിലും അതിനെ ഉറപ്പിച്ചു നിര്‍ത്തി. അത് കൊണ്ട് തന്നെ പള്ളിയിലെ പ്രാര്‍ഥനകളിലും യുദ്ധക്കളത്തിലെ പോരാട്ടത്തിലും അവര്‍ പ്രവാചക മാതൃക പിന്തുടര്‍ന്നു.
പ്രവാചകന് ശേഷം ഒരു ശൂന്യതയാണ് ശത്രുക്കള്‍ മനസ്സില്‍ കരുതിയത്‌. ആ ദുരന്തം മുന്നില്‍ കണ്ടു അവര്‍ പലതും കണക്കു കൂട്ടിയിരുന്നു. വ്യക്തമായ നിലപാടുകളുടെ മേല്‍ സ്ഥാപിക്കപ്പെട്ട സമൂഹമായിരുന്നു മുസ്ലിംകള്‍. അത് കൊണ്ട് തന്നെ അവരെ തകര്‍ക്കാന്‍ ശത്രുവിന് കഴിഞ്ഞില്ല. വിശ്വാസം കൊണ്ട് ആദ്യം രൂപപ്പെടെണ്ടത് നിലപാടാണ്. പരിശുദ്ധ വാക്യം പ്രവാചകന്‍ അവരെ പഠിപ്പിച്ചത് കേവലം ഒരു “ ദിക്ര്‍” എന്ന അര്‍ത്ഥത്തിലല്ല. അതിനു മനുഷ്യനെ മാറ്റാന്‍ കഴിയുന്ന ശക്തിയുണ്ടായിരുന്നു. തന്‍റെ വിയോഗത്തെ കുറിച്ച് പ്രവാചകന്‍ സ്വയം മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. തനിക്കു ശേഷം പ്രളയം എന്ന നിലപാടല്ല പ്രവാചകന്‍ സ്വീകരിച്ചത്. സമൂഹത്തിനു നേതൃത്വം ഉണ്ടാവേണ്ടതിന്റെ ആവശ്യകത പലവുരു പ്രവാചകന്‍ ഊന്നിപ്പറഞ്ഞു. മൂന്നു പേരുടെ യാത്രയില്‍ തുടങ്ങി ഒരു രാജ്യത്തിന്റെ നേതൃത്വത്തിലേക്ക് ആ പ്രയോഗം മതിയായിരുന്നു. അത് കൊണ്ട് തന്നെയാണ് പ്രവാചകന്റെ ഭൗതിക ശരീരം മറമാടുന്നതിനു മുമ്പ് തന്നെ രാജ്യത്തിന് ഒരു നേതാവ് വേണം എന്ന കാര്യത്തില്‍ സഹാബികള്‍ ഒന്നിച്ചതും.

ജാഗരൂഗരായ ഒരു സമൂഹമായാണ് പ്രവാചകന്‍ അവര്‍ വളര്‍ത്തി കൊണ്ട് വന്നത്. നേതാവിനുള്ള അനുസരണവും ജാഗ്രതയും അവരെ കൂടുതല്‍ ശക്തരാക്കി. പ്രവാചക മാതൃകകള്‍ ജീവിതത്തിന്റെ ചില വശങ്ങളില്‍ മാത്രം കണിശമായി സ്വീകരിക്കാന്‍ പലരും ധൃതി കാണിക്കുന്നു. അത് ആരാധന വശമാണ്. അതിനോടൊപ്പം മറ്റു മേഖലകളില്‍ പലര്‍ക്കും സ്വന്തം തീരുമാനമാണ്. സ്വന്തത്തിന്റെ തീരുമാനത്തിലും പ്രവാചകന്‍ കടന്നു വരുമ്പോള്‍ മാത്രമാണ് നാം ഒന്നാമത്തെ സമൂഹത്തെപ്പോലെയാകുന്നത്. പ്രവാചകന്‍ പഠിപ്പിച്ച മാതൃകകളാണ് പ്രവാചക വിയോഗത്തിലും അവരെ പിടിച്ചു നിര്‍ത്തിയത്.
പ്രവാചകന്‍ വിട പറഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിശ്വാസികള്‍ പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു വ്യക്തിയും ഈ രീതിയില്‍ ലോകത്ത് എവിടെയും പിന്തുടരപ്പെടുന്നില്ല. അതെ സമയം പ്രവാചകന് വിശ്വാസികള്‍ ഒരു ദൈവികതയും ചാര്‍ത്തി നല്‍കുന്നില്ല. സ്നേഹവും അനുസരണവും ഭക്തിയിലേക്ക് മാറാന്‍ കഴിഞ്ഞു പോയ കാലം വളരെ കൂടുതലാണ്. പക്ഷെ അങ്ങിനെ ഒരിക്കലും സംഭവിച്ചില്ല എന്നത് തന്നെയാണ് പ്രവാചകന്‍ പഠിപ്പിച്ച ആദര്‍ശത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നതും.
മദീന അങ്ങിനെയാണു ചരിത്രത്തില്‍ ഇടം നേടിയത്. ദൈവത്തിനു മുന്നില്‍ സമ്പൂര്‍ണ സമര്‍പ്പണം ചെയ്യാന്‍ സന്നദ്ധരായ ഒരു ജനതയെ വളര്‍ത്തിയ പട്ടണം.

Related Articles