History

ഡൽഹിയിലെ ‘പേരിടാത്ത നഗരം’

കുഴിച്ചു മൂടപ്പെട്ട ഡൽഹി പ്രദേശത്തിൻ്റെ മുസ്ലിം ചരിത്ര അവശേഷിപ്പുകളിൽ പ്രധാനപ്പെട്ട ഇടമായി വിലയിരുത്തപ്പെടുന്ന നഗരമാണ് പഴയ കോട്ട എന്നർത്ഥമുള്ള ‘പുരാന ഖില’. മൗര്യ സാമ്രാജ്യം മുതൽ ബ്രിട്ടീഷ് ഭരണകൂടം വരെയുള്ള അതിവിശാലമായ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ പ്രധാന പ്രവിശ്യയാണ് ഡൽഹിയിലെ ഈ പ്രദേശം. പൊതുവെ ഡൽഹിയിലെ ഓരോ നഗരവും ഒരു പ്രത്യേക പേരിലായിരിക്കും അറിയപ്പെടുക എന്നാൽ ‘പുരാന ഖില’ നിൽക്കുന്ന പ്രദേശം വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടത്. ഇന്ദ്രപ്രസ്ഥ, ദിൻ പനാഹ്, ഷേർ ഗാഹ്, പുരാന ഖില എന്നിങ്ങനെ പോവുന്നു ആ പേരുകൾ. അത് കൊണ്ട് തന്നെ പ്രത്യേകമായി ഒരു പേരിൽ മാത്രം ഈ പ്രദേശത്തെ പരിചയപ്പെടുത്താൻ ചരിത്രത്തിന് കഴിയില്ല. പിൽകാലത്ത് വന്ന പുരാന ഖില എന്ന പേര് പോലും പ്രദേശത്തിൻ്റെ പേരായി ചരിത്രത്തിൽ അറിയപ്പെടുന്നില്ല.

1954- 55, 1969-72 വർഷങ്ങളിൽ പുരാവസ്തു വകുപ്പിൻ്റെ ഉദ്ഖനന പ്രവർത്തനങ്ങൾ ഈ മേഖലയിൽ കാര്യമായി തന്നെ നടന്നിട്ടുണ്ട്. മഹാഭാരതത്തിൽ പരാമർശിക്കപ്പെട്ട പാണ്ഡവരുടെ തലസ്ഥാന നഗരി ഇന്ദ്രപ്രസ്ഥ ഇവിടെയായിരുന്നുവെന്ന ഐതിഹ്യങ്ങൾ ഒരു ഭാഗത്ത് കാണാം. വ്യക്തമായ തെളിവുകളുടെ അപര്യാപ്തത മൂലം ഇന്ത്യയിലെ പുരാവസ്തു വിഭാഗം പോലും മേൽ പറഞ്ഞ കാര്യങ്ങൾ വസ്തുതകളായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഡൽഹി യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം തലവൻ ഉപേന്ദർ സിംഗ് പറയുന്നതനുസരിച്ച് പ്രസ്തുത പ്രദേശത്ത് മേൽപറഞ്ഞ ചരിത്ര വസ്തുതകളെ ഉദ്ഖനനത്തിലൂടെ തെളിയിക്കാനോ, കണ്ടെത്തിയവ തെറ്റാണെന്ന് തെളിയിക്കാനോ ഇത് വരെയും കഴിഞ്ഞിട്ടില്ല. 2014 ൽ വീണ്ടും ഉദ്ഖനന പ്രക്രിയകൾ ഈ പ്രദേശത്ത് നടക്കുകയുണ്ടായി.

മേൽ പറഞ്ഞ ചരിത്ര വിശകലനങ്ങളെ അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കിയാൽ ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കോട്ടകൊത്തളങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് പുരാന ഖില. എതിഹ്യങ്ങൾ എന്തായിരുന്നാലും മുഗൾ സുൽത്താനായ ബാബറിൻ്റെ മകനായ ഹുമയൂണിൻ്റെ പ്രദേശമായിട്ടാണ് ചരിത്രം പുരാന ഖിലയെ പരിചയപ്പെടുത്തുന്നത്. ഡൽഹി തലസ്ഥാനമാക്കിയ ആദ്യത്തെ മുകൾ ചക്രവർത്തിയാണ് ഹുമയൂൺ. ‘ശഹ്റ് ഇ- ബാദ് ശാഹ് ഇ- ദിൻപനഹ്'(വിശ്വാസത്തിൻ്റെ അഭയകേന്ദ്രം) എന്ന പേരിൽ ഡൽഹിയിൽ ഹുമയൂൺ നിർമ്മിച്ച കോട്ട നഗരം പിന്നീട് അറിയപ്പെട്ടത് ‘പുരാന ഖില’ എന്നാണ്. 1530 മുതൽ 1538 വരെയാണ് പ്രസ്തുത കോട്ടയുടെ നിർമ്മാണം നടന്നത്.

Also read: കൊറോണയുടെ മറവിൽ ഏകാധിപത്യം കൊതിക്കുന്നവർ

ഭരണ മേഖലകളിൽ അത്ര കണ്ട് ശോഭിക്കാൻ കഴിയാതിരുന്ന ഹുമയൂണിനെ 1540 ൽ പഠാൻകാരുടെ സൂർ ഗോത്രത്തിൽ ജനിച്ച ഷേർഷാ സൂരി പരാജയപ്പെടുത്തി നഗരം പിടിച്ചെടുത്തു. അഞ്ച് വർഷം സൽഹി ഭരിച്ച ഷേർഷ ഡൽഹിയുടെ മുഖഛായ തന്നെ മാറ്റിയെഴുതി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വലിയ റോഡുകൾ നിർമ്മിച്ചത് ഷേർഷ എന്ന് ചരിത്രം വിശേഷിപ്പിച്ച ഫരീദ് ഖാനാണ്. അഷ്ട കോണാക്രതിയിൽ ഷേർഷാ നിർമ്മിച്ച ‘ഷേർ മണ്ഡൽ’ ഗോപുരം ഡൽഹിയിലെ അതി വിശിഷ്ട നിർമ്മിതിയാണ്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഹുമയൂൺ സൂറികളെ പരാജയപ്പെടുത്തി വീണ്ടും ഡൽഹി പിടിച്ചെടുത്തു. ഷേർഷാ സൂരിയും, മകൻ സലീമും മരണപ്പെട്ടതിന് ശേഷം മാത്രമാണ് ഹുമയൂണിന് ഡൽഹി പിടിച്ചടുക്കാൻ കഴിഞ്ഞത് എന്ന് കൂട്ടി വായിക്കുമ്പോൾ ഷേർഷ എന്ന ഭരണാധികാരിയുടെ അധികാര ശക്തി എത്രമേൽ ശക്തമായിരുന്നുവെന്ന് മനസ്സിലാക്കാം.

മൂന്ന് പ്രധാന കവാടങ്ങൾ കോട്ടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ‘ബഡാ ദർവാസ’ ( വലിയ വാതിൽ ) എന്ന് പേരിട്ടിരിക്കുന്ന പ്രധാന കവാടമാണ് സന്ദർശകർക്ക് അകത്തേക്കുള്ള പ്രവേശനം നൽകുന്ന ഏക പ്രവേശന കവാടം. 1533-34 ലാണ് ഇത് നിർമ്മിക്കപ്പെടുന്നത്. മൂന്ന് തട്ടുകളായി, രണ്ട് കോട്ടയുടെ നടുക്കായി നിർമ്മിക്കപ്പെട്ട കവാടം അതി (ബ്രഹത്തായ നിർമ്മിതിയാണ്. കോട്ടയിലെ മറ്റൊരു കവാടമാണ് ഹുമയൂൺ കവാടം ( ഹുമയൂൺ ദർവാസ). തെക്ക് ഭാഗത്തുള്ള പ്രസ്തുത നിർമ്മിതിയിൽ നിന്ന് ഹുമയൂൺ ടോംപിൻ്റെ മനോഹരമായ കാഴ്ച്ചകൾ സന്ദർശകർക്ക് ആസ്വദിക്കാം. കോട്ടയുടെ അകത്ത്, വടക്ക് മാറി സ്ഥാപിക്കപ്പെട്ട കവാടമാണ് ‘തലാഖീ ദർവാസ’ (വിലക്കപ്പെട്ട കവാടം). തലാഖീ ദർവാസ എന്ന പേര് ഈ കവാടത്തിന് ലഭിച്ചതിന് മതിയായ രേഖകളൊന്നുമില്ലെങ്കിൽ തന്നെയും കെട്ടുകഥയായി പയപ്പെടുന്ന ചരിത്രം ഇപ്രകാരമാണ് ‘യുദ്ധത്തിന് പോയ രാജാവ് പരാജയപ്പെട്ടതറിഞ്ഞ രാജ്ഞി ഇനി യുദ്ധം ജയിച്ച് വന്നാൽ മാത്രമേ ഈ കവാടം തൻ്റെ ഭർത്താവിനായി തുറക്കുകയുള്ളൂ എന്ന് ശപഥം ചെയ്തു. യുദ്ധത്തിൽ രാജാവ് കൊല്ലപ്പെട്ടു. പിന്നീട് പ്രസ്തുത കവാടം എന്നെന്നേക്കുമായി അടക്കപ്പെട്ടു.’ കവാടം ഇന്നും ജീർണാവസ്ഥയിലാണെങ്കിലും അടഞ്ഞ കവാടമായി തന്നെ സന്ദർശകർക്ക് അതിനെ ആസ്വദിക്കാൻ കഴിയും. മേൽ പരാമർശിക്കപ്പെട്ട ഓരോ കവാടങ്ങളും മുഗൾ കാലഘട്ടത്തിലെ ഇന്തോ-പേർഷ്യൻ വാസ്തു വിദ്യ ശൈലികളെ കോർത്തിണക്കിയാണ് നിർമ്മിച്ചിട്ടുള്ളത്.

ഖിലാ-ഇ കോഹ് ന മസ്ജിദ്
കോട്ടയിലെ അതി സുന്ദര നിർമ്മിതിയാണ് പ്രസ്തുത പള്ളി. ഹുമയൂണിനെ തോൽപിച്ച ഷേർഷ കോട്ടയിൽ നിർമ്മിച്ച പള്ളി സന്ദർശകർ കാണേണ്ട നിർമ്മിതിയാണ്. പള്ളിയുടെ നടുവിലത്തെ കമാനം വലുതും വെള്ള മാർബിൾ കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടതുമാണ്. പൊതുവിൽ ഡൽഹി-മുഗൾ കാലത്ത് കാണുന്ന, ഖുർആൻ കലിഗ്രഫി ശൈലിയിൽ എഴുതിയ ആയത്തുകൾ അതി സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്. പള്ളിയുടെ അകത്തെ മുകൾത്തട്ട് നീല, പച്ച, മഞ്ഞ, വെള്ള നിറങ്ങളിലുള്ള മാർബിൾ കഷ്ണങ്ങൾ ചിട്ടയോടെ അടുക്കി വെച്ച് അലങ്കരിച്ചിരിക്കുന്നത് പള്ളിയെ കൂടുതൽ മനോഹരമാക്കുന്നു.

‘ഷേർ മണ്ഡൽ’
ഷേർഷയുടെ അതി വിശിഷ്ട നിർമ്മിതിയാണ് അഷ്ടകോണാക്രതിയിൽ നിർമ്മിക്കപ്പെട്ട പ്രസ്തുത സുഖവാസ കേന്ദ്രം. 1541 ലാണ് ഷെർഷാ ഗോപുരം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും അധികാരം പിടിച്ചെടുത്ത ഹുമയുൺ രണ്ട് തട്ടുകളായി നിർമ്മിക്കപ്പെട്ട ‘ഷേർ മണ്ഡൽ’ ലൈബ്രറിയാക്കി പിന്നീട് മാറ്റുകയുണ്ടായി. ഇതേ ഷേർ മണ്ഡലിലെ ഏണിപ്പടിയിൽ നിന്ന് വീണ് ഹുമയൂൺ മരണപ്പെട്ടതെന്ന വസ്തുത വിവിധ ചരിത്ര രേഖകൾ അടയാളപ്പെടുത്തുന്നുണ്ട്. അപകട സാധ്യത മുന്നിൽ കണ്ട് മുകളിലെ തട്ടിലേക്ക് സന്ദർശകരെ അനുവദിക്കാറില്ല. നിരവധിയായ കലാവൈവിധ്യങ്ങളെ ഷേർ മണ്ഡൽ വരച്ചിടുന്നുണ്ട്.

Also read: കൊറോണ പഠിപ്പിച്ച 33 പാഠങ്ങള്‍

ബവോലി
ഡൽഹിയിലെ ജലശേഖരണ മാതൃകകളെ വാസ്തുവിദ്യയിലൂടെ പരിഭോഷിപ്പിച്ച് ലോക ശ്രദ്ധയാകർഷിക്കുന്ന നിർമ്മിതികളാക്കി മാറ്റിയത് ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളാണ്. ‘ബവോലികൾ’ (വെള്ളം ശേഖരിക്കാൻ അതി സുന്ദരമായ കൽപ്പടവുകളാൽ നിർമ്മിക്കപ്പെട്ട ജലസംഭരണികൾ) ഡൽഹിയിലെ ഓരോ ചരിത്ര പ്രദേശത്തെയും പ്രധാന ആകർഷണമായി ഇന്നും നിലനിൽക്കുന്ന നിർമ്മിതികളാണ്. ഖില – ഇ കോഹ് ന മസ്ജിദിൻ്റെയും ഷേർ മണ്ഡലിൻ്റെയും ഇടയിൽ പ്രസ്തുത കോട്ടയിൽ ബവോലി സന്ദർശകർക്ക് കാണാം. കൽപ്പടവുകൾ ഇറങ്ങി താഴേക്ക് പോകുവാൻ അനുവാദമില്ലെങ്കിലും ദൂരെ നിന്ന് കൺകുളിർമ നൽകുന്ന കാഴ്ച്ചാനുഭവം ഇത്തരത്തിലുള്ള ബവോലികൾ നൽകുമെന്ന് തീർച്ച. ഇന്ന് പുരാന ഖിലയോട് ചേർന്ന് സന്ദർശകർക്കായി ബോട്ട് സവാരിയും ഡൽഹി സർക്കാർ ഒരുക്കിയിട്ടുണ്ട്.

‘പുരാന ഖില’ ഡൽഹിയിലെ പുരാവസ്തു മ്യൂസിയമായി അറിയപ്പെടുന്ന കോട്ടയാണ്. ഒരു കോട്ട സ്വയമേ ഒരു മ്യൂസിയമാവുക ചെറിയ കാര്യമല്ല. ഇത്രയും വിശാലമായതും വ്യത്യസ്ത കാലഘട്ടങ്ങളെ പരിചയപ്പെടുത്തുന്നതുമായ മറ്റൊരു നിർമ്മിതിയും ഡൽഹിയിൽ കാണുക പ്രയാസമായിരിക്കും.

Also read: വീട്ടിലിരിക്കുന്നതിന്റെ നീതിശാസ്ത്രം

കോട്ടയുടെ പുറത്ത്, സമീപത്തായി ചെറുതും വലുതമായ നിരവധി ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികൾ സന്ദർശകരെ അദ്ഭുതപ്പെടുത്തും. ‘ഖൈറുൽ മനാസിൽ’, ‘ലാൽ ദർവാസ’ പതിനെട്ടാം നൂറ്റാണ്ടിൽ അറിയപ്പെട്ട കവിയും തത്ത്വചിന്തകനുമായിരുന്ന മിർസാ അബ്ദുൽ ഖാദിർ ബേദിലിൻ്റെ ദർഗ ‘ബാഗ് – എ ബേദിൽ), ഗിയാസുദ്ധീൻ ബാൽബൻ്റ കാലത്ത് ജീവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഹസ്റത്ത് ശൈഖ് അബൂബക്കർ തൂസി ഹൈദറി ഖലന്ദറി എന്ന സൂഫിവര്യൻ്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ‘മത്ക പീർ’ എന്നിവ അവയിൽ എടുത്തു പറയേണ്ടതാണ്.

ഇന്ന് കോട്ടയുടെ അകത്ത്, തെക്ക് ഭാഗത്തായി 240 ഏക്കർ വിശാലതയിൽ National zoological park സന്ദർശകർക്ക് കാണാം. കോട്ടയുടെ വടക്ക് ഭാഗത്ത് ഡൽഹിയിലെ സംസ്കാര സമുച്ചയമായി അറിയപ്പെടുന്ന പ്രദേശമായ പ്രകതി മൈതാനാണ് സ്ഥിതി ചെയ്യുന്നത്. National Handicrafts and Handlooms Museum, National Science Center എന്നിവയും പുരാന ഖിലയോടൊപ്പം സന്ദർശിക്കാൻ കഴിയുന്ന മറ്റിടങ്ങളാണ്.

Facebook Comments
Related Articles

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close