History

മുഹമ്മദ് അബ്ദു: പരിഷ്‌കരണത്തിന്റ നായകന്‍

ജ്ഞാനത്തിന്റെ വിലയും മൂല്യവും സാമൂഹികതയുടെ അടിസ്ഥാനത്തിലാണ് അളക്കപ്പെടുന്നത്. സമൂഹത്തെ സ്വാധീനിച്ച ജ്ഞാനികള്‍ വിയോഗശേഷവും സ്മരിക്കപ്പെടുന്നു. അവര്‍ നിലനില്‍ക്കുന്ന കാലത്തിലൂടെ ഒഴുകി നൂറ്റാണ്ടുകളുടെ തീരങ്ങളില്‍ നിന്ന് തീരങ്ങളെ തഴുകി പ്രവഹിക്കുകയാണ്. അറിവിന്റെ ഉന്നതികള്‍ സ്പര്‍ശിച്ച് സമൂഹത്തിന്റെ മനസ്സായി മാറിയ പണ്ഡിതന്മാരാണവര്‍. പണ്ഡിതന്മാരുടെ ഗണത്തില്‍ ആധുനകനായ ഇമാം മുഹമ്മദ് അബ്ദുവിനെ ഒരിക്കല്‍ക്കൂടി ലോകം സ്മരിക്കുകയാണ്. ആധുനിക ഇസ്‌ലാമിന്റെ പ്രതിനിധാന മുന്‍നിരയില്‍ നിലയുറപ്പിച്ച പണ്ഡിതനും ചിന്തകനും പ്രബോധകനും പരിഷ്‌കര്‍ത്താവുമായ ഇമാം മുഹമ്മദ് അബ്ദു ഇഹലോകവാസം വെടിഞ്ഞ് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. 1905 ജൂലൈ 11 അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്. അദ്ദേഹം രൂപം നല്‍കിയ ചിന്താപ്രസ്ഥാനം നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഇസ്‌ലാമിക പ്രതിനധാനം നിര്‍വഹിക്കുന്നു.

എതിരാളികളുടെയും ശിഷ്യന്മാരുടെയും വിശേഷണങ്ങളില്‍നിന്ന് മാറി അദ്ദേഹത്തെ നിഷ്പക്ഷമായി വായിച്ച വ്യക്തികളുടെ സാക്ഷ്യം പരിശോധിക്കുക മുഖേന അദ്ദേഹം എത്തിനില്‍ക്കുന്ന മഹാപര്‍വത്തെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. അമേരിക്കന്‍ ഓറിയന്റലിസ്റ്റായ ചാള്‍സ് ആഡംസ് പുതിയ കാലത്തെ ഈജിപ്ത്തിനെ വായിച്ചെടുത്ത പാശ്ചാത്യനാണ്. ഇമാം മുഹമ്മദ് അബ്ദുവിനെ കുറിച്ച് അദ്ദേഹം പറയുന്നു: ‘സത്യത്തെ ഒരിക്കലും ഞങ്ങള്‍ അവഗണിക്കുകയില്ല. ആധുനിക ചിന്താപ്രസ്ഥാനം ഉന്നതമാണെന്ന് നാം അംഗീകരിക്കുകയാണെങ്കില്‍ അത് നമ്മെ കൊണ്ടെത്തിക്കുക ഉസ്താദുല്‍ ഇമാ(മുഹമ്മദ് അബ്ദു)മിലേക്കാണ്. ഒരുപാട് മാറ്റങ്ങള്‍ക്ക് മുന്നേറ്റം കുറിച്ചത് അദ്ദേഹത്തിലൂടെയാണ്’.
മുഹമ്മദ് അബ്ദുവിന് ശേഷം വന്ന അദ്ദേഹത്തിന്റെ ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഗസ്സാലി നവോത്ഥാന നായകനായ അദ്ദേഹത്തെ വിശകലനം ചെയ്യുന്നുണ്ട്. ഇമാം ഗസ്സാലി തന്റെ ‘ഇലല്‍ വഅദവിയ്യ’ എന്ന പുസ്തകത്തില്‍ ‘അല്‍മനാറിനെ’ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പറയുന്നു: ‘ജമാലുദ്ധീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റശീദ് രിദയും പുതിയകാലത്തെ ചിന്താപ്രസ്ഥാനത്തിന്റെ നേതൃത്വങ്ങളാണ്’.

ഈജിപ്തിലെ ബഹീറ ഗവര്‍ണറേറ്റില്‍ 1859 ജനുവരി ഒന്നിനാണ് മുഹമ്മദ് അബ്ദു ജനിക്കുന്നത്. ഇസ്‌ലാമിന്റെ പ്രാഥമിക വശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ പിതാവ് ഗ്രാമത്തിലെ പളളിക്കൂടത്തിലേക്ക് പറഞ്ഞയച്ചു. ശേഷം അഹമ്മദിയ്യ സര്‍വകലാശാലയില്‍ പഠനം നടത്തി, 1866-ല്‍ ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1877-ല്‍ അല്‍അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചു. അല്‍അസ്ഹറിലെ വൈജ്ഞാനിക ജീവിതം ഒരുപാട് അറിവ് സമ്മാനിക്കുന്നതിന് കാരണമായി. തുടര്‍ന്ന്, കാലഘട്ടത്തിന്റെ തേട്ടം മനസ്സിലാക്കി മുന്നോട്ട് നീങ്ങിയ മുഹമ്മദ് അബ്ദു തന്റെ ഉസതാദായ ജമാലുദ്ധീന്‍ അഫ്ഗാനിയുടെ സ്വാധീനം ഉള്‍കൊണ്ട് നിര്‍ജീവമായ ഇസ്‌ലാമിനെ ചലനാത്മകമാക്കുന്നതിനുവേണ്ടി പ്രയ്തന പരിപാടികളുമായി രംഗത്തിറങ്ങി.

ഈജിപ്തില്‍നിന്ന് മാറി എകദേശം ഒരു വര്‍ഷം ബൈറൂത്തില്‍ താമസിച്ച് തന്റെ ഉസ്താദും സുഹൃത്തുമായ ജമാലുദ്ധീന്‍ അഫ്ഗാനിയുടെ അടുക്കലേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ പാരീസില്‍ വെച്ച് ‘ഉര്‍വതുല്‍ വുസ്ഖ’ എന്ന പത്രം ആരംഭിച്ചു. ഈ പത്രവുമായി അധികകാലം മുന്നോട്ടുപോകുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തിറങ്ങിയ പത്രം അധിനിവേശ ശക്തികള്‍ക്കെതിരായിതിനാല്‍ അതിന്റെ പ്രസാധനം നിര്‍ത്തിവെക്കേണ്ടിവന്നു. ആറ് വര്‍ഷത്തെ പ്രവാസ ജീവതത്തിന് ശേഷം സ്വന്തം നാടായ ഈജിപ്തിലേക്ക് തിരിച്ചെത്തി, ഇസ്‌ലാമിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയില്‍ നിലകൊണ്ടു. തുടര്‍ന്ന് മുഹമ്മദ് അബ്ദു ബെന്‍ഹ കോടതിയിലെ ജഡ്ജിയായി നിയമിക്കപ്പെട്ടു. ശേഷം സഖാസിഖ് കോടതിയില്‍ ജഡ്ജിയായും അപ്പീല്‍ കോടതിയല്‍ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

മുഹമ്മദ് അബ്ദു അടഞ്ഞ മുറിയിലിരുന്ന് വിപ്ലവം നടത്തുന്ന പണ്ഡിതനായിരുന്നില്ല, സമൂഹത്തിന്റെ മനസ്സറിഞ്ഞ് രംഗത്തിറങ്ങിയ പ്രതിഭയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റ വൈജ്ഞാനിക മണ്ഡലത്തെ പഠനവിധേയമാക്കുമ്പോള്‍ ഒരുപക്ഷേ ഗ്രന്ഥ ഗോപുരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. സമൂഹത്തിന്റ പ്രശ്‌നങ്ങള്‍ക്ക് മുഖം കൊടുത്ത് ഇസലാമിന്റെ പ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ജീവിതത്തിലുടനീളം ചെയ്തത്. അദ്ദേഹത്തിന്റെ പ്രധാന പുസ്തകമായ ‘ഇസ്‌ലാമും ക്രൈസ്തവതയും ജ്ഞാനത്തിനും സംസക്കാരത്തിനുമിടയില്‍’ എന്നത് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഹാനൊട്ടൊ ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ചപ്പോള്‍ അതിന് മറുപടിയായി എഴിതിയതാണ്. അത് ക്രോഡീകരിച്ചത് അദ്ദേഹത്തിന്റ ശിഷ്യനായ മുഹമ്മദ് റശീദ് രിദയാണ്. അവസ്ഥകളെ ശരിയായ വിധത്തില്‍ മനസ്സിലാക്കി ഇസ്‌ലാമിനെ പ്രതിരോധിച്ച പ്രബോധകനാണ് ഇമാം മുഹമ്മദ് അബ്ദു. ഇമാം ഗസ്സാലി പറയുന്നു: ‘ശൈഖ് റശീദ് റിദയും അദ്ദേഹത്തിന്റെ ഉസ്താദ് മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റ നേതാവ് ജമാലുദ്ധീന്‍ അഫ്ഗാനിയും ആധുനിക നവോത്ഥാനത്തിന്റെ നെടുംതൂണുകളാണ്.

പരിഷ്‌കര്‍ത്താവ് മരിക്കുമ്പോള്‍ നവോത്ഥാനം അവസാനിക്കുന്നില്ല. നവോത്ഥാനത്തിന് വേദിയായ സ്ഥലങ്ങള്‍ അതിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നു. മുഹമ്മദ് അബ്ദുവിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട ധാരാളം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. രാഷ്ട്രീയത്തില്‍ പരിജ്ഞാനമുളള സഗലൂല്‍ നജ്ജാര്‍, ചിന്തകനായ അബ്ബാസ് മഹമൂദ് അഖാദ്, പണ്ഡിതനും പ്രബോധകനുമായ മുഹമ്മദ് റശീദ് രിദ, കര്‍മശാസ്ത്ര പണ്ഡിതരായ ശൈഖ് മുഹമ്മദ് ഹളറിയും ശൈഖ് മുഹമ്മദ് അബൂ സഹ്‌റയും, പരിഷ്‌കരണ പ്രവര്‍ത്തകനായ ശൈഖ് മുഹമ്മദ് മുസ്തഫ മറാഗി, സംസ്‌ക്കരണ പ്രവര്‍ത്തകനായ ഖാസിം അമീന്‍ തുടങ്ങിയ ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ സ്വാധീനം ഉള്‍കൊണ്ട വ്യക്തിത്വങ്ങളാണ്. കാലത്തോട് സംവദിക്കുന്ന ഇത്തരത്തിലുളള വിവേകികള്‍ കാലത്തിന്റെ ആത്മാവാണ്. അവര്‍ സമൂഹത്തിന് പുതുജീവന്‍ നല്‍കി കാലാതിവര്‍ത്തിയായി ജീവിക്കുന്നു.

Facebook Comments
Show More

Related Articles

Check Also

Close
Close
Close