Current Date

Search
Close this search box.
Search
Close this search box.

മലിക് അംബർ: മുഗളന്മാരെ വിറപ്പിച്ച എത്യോപ്യൻ അടിമ

പതിനാറാം നൂറ്റാണ്ടിൽ എത്യോപ്യയിൽ വെച്ച് അടിമയായി പിടിക്കപ്പെടുന്നതോടെയാണ് മലിക് അംബറിന്റെ ചരിത്രം ആരംഭിക്കുന്നത്. ആയിരക്കണക്കിന് മറ്റ് അടിമകളോടൊപ്പം പശ്ചിമേഷ്യയിലെ ഏതോ ഒരു അടിമച്ചന്തയിൽ വിൽക്കപ്പെട്ട അംബർ കുറച്ച് പതിറ്റാണ്ടുകൾക്കകം ഇന്ത്യയിലെ അറിയപ്പെട്ട സൈനിക ജനറൽമാരിൽ ഒരാളായി വളർന്നു വന്നത് അഭൂതപൂർവമായാണ്. 86 വയസ്സു വരെ ജീവിച്ച ആ യോദ്ധാവ് മഹത്തായ മുഗൾ സാമ്രാജ്യത്തിന്റെ പേടിസ്വപ്നമായി മാറി എന്നു ചരിത്രം പറയുന്നു.

കിഴക്കൻ എത്യോപ്യയിലെ ഹറാർ പ്രവിശ്യയിൽ 1548-ലാണ് മലിക് അംബറിന്റെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ അടിമത്വത്തിന്റെ കയ്പേറിയ അനുഭവങ്ങൾ പേറാൻ അദ്ദേഹം നിർബന്ധിതനായി. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലാകെ പല അടിയച്ചന്തകളിലും പല യജമാനന്മാരുടെ കൈകളിലുമായി കുട്ടിക്കാലം ചെലവഴിക്കേണ്ടി വന്ന അംബർ യമൻ വഴിയാണ് ബഗ്ദാദിലെത്തുന്നത്. അടിമകളെ ലൈംഗികമായി ശണ്ഡീകരിക്കുന്ന സമ്പ്രദായമുണ്ടായിരുന്ന കാലത്ത് ബഗ്ദാദിൽ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയ യജമാനൻ ഖാളി ഹുസൈന്റെ കാരുണ്യത്താൽ മാത്രമാണ് അംബർ അതിൽ നിന്ന് രക്ഷപ്പെട്ടത്. ഖാളി ഹുസൈൻ തികഞ്ഞ വിശ്വാസിയായ ഒരു മനുഷ്യനായിരുന്നു. അത് മലിക് അംബറിന്റെ ഇസ്ലാമാശ്ലേഷണത്തിൽ കലാശിച്ചു.

Also read: എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

അംബറിന്റെ ബുദ്ധികൂർമ്മതയിലും ബഹുഭാഷാ വൈദഗ്ധ്യത്തിലും മതിപ്പു തോന്നിയ ഖാളി ഹുസൈൻ ഭരണപരവും സാമ്പത്തികമായ കാര്യങ്ങളിൽ തന്റെ സേവകന് പരിശീലനങ്ങൾ നൽകി. എന്നാൽ, ഖാളി ഹുസൈന്റെ മരണത്തോടെ മലിക് അംബർ വീണ്ടും അടിമത്വത്തിന്റെ പാതയിലായി. ബഗ്ദാദിൽ നിന്ന് ഇന്ത്യയിലേക്കാണ് അംബർ അടിമയായി കയറ്റുമതി ചെയ്യപ്പെട്ടത്. അഹമ്മദ്നഗറിലെ നിസാം ഷാഹി സുൽത്താന്റെ മന്ത്രിയായ ചെങ്കിസ് ഖാന്റെ കീഴിലാണ് പുതുതായി മലിക് അംബർ എത്തിപ്പെട്ടത്. അദ്ദേഹവും സ്വതന്ത്രനാക്കപ്പെട്ട ഒരു എത്യോപ്യൻ അടിമയായിരുന്നു.

അംബറിന്റെ വിശ്വസ്തമായ സേവനങ്ങൾ ചെങ്കിസ് ഖാന്റെ കീഴിൽ പല പുതിയ ദൗത്യങ്ങളും ഏറ്റെടുക്കാനും നടപ്പിലാക്കനും അദ്ദേഹത്തിന് അവസരമൊരുക്കി. ഖാനിന്റെ കീഴിൽ യുദ്ധമുറകളും നയതന്ത്രവും നേതൃപരമായ പല ഗുണങ്ങളും മലിക് അംബർ കരസ്ഥമാക്കി. ഖാനിന്റെ മരണശേഷം ഡെക്കാനിലെ കോടതിയുടെ വിധി പ്രകാരം മലിക് അംബർ സ്വതന്ത്രനായി പ്രഖ്യാപിക്കപ്പെട്ടു. വൻ സൈനിക സന്നാഹമുള്ള ഒരു മിലിട്ടറി ജനറലായി ഉയർന്നു വരാൻ മലിക് അംബറിന് പിന്നെ അധിക കാലം വേണ്ടി വന്നില്ല.

അക്കാലത്ത് മുഗൾ സാമ്രാജ്യം ഇന്ത്യയാകെ തങ്ങളുടെ അധീശത്വം വ്യാപിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. എന്നാൽ, ഇന്നത്തെ മധ്യപ്രദേശും മഹാരാഷ്ടയും അടങ്ങിയ പ്രദേശങ്ങൾ ഭരിച്ചിരുന്ന അഹമ്മദ്നഗർ സുൽത്താനേറ്റ് മറ്റു പല ദക്ഷിണേന്ത്യൻ സുൽത്താനേറ്റുകളെയും പോലെ തന്നെ മുഗൾ പെരുമക്ക് മുന്നിൽ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഡെക്കാനിലേക്ക് കടക്കുന്നതിൽ നിന്ന് മുഗളന്മാരെ തടഞ്ഞു നിർത്തിയ ദക്ഷിണേന്ത്യൻ പ്രദേശങ്ങളുടെ പ്രതിരോധ പ്രസ്ഥാനത്തിന്റെ അമരക്കാരനായി എത്യോപ്യക്കാരനായ മലിക് അംബർ ഉയർന്നു വന്നു. മുഗളന്മാർക്കെതിരെ തീർത്ത പ്രതിരോധവും തന്റെ യുദ്ധപാടവത്താൽ നേടിയെടുത്ത വിജയങ്ങളും ഉപഭൂഖണ്ഡത്തിലാകെ മലിക് അംബറിന്റെ ഖ്യാതി പടർത്തി. ഈ വസ്തുത മുൻനിർത്തിയാണ് അംബറിന് “മലിക്” (അറബിയിൽ രാജാവ് എന്നർഥം) എന്ന പദവി കരഗതമായത്.

പ്രശസ്ത മുഗൾ ഭരണാധികാരികളായ അക്ബറിന്റെയും ജഹാംഗീറിന്റെയും കീഴിൽ വന്ന മുഗൾ സൈന്യങ്ങളെ തറപറ്റിച്ച വിജയങ്ങൾ മലിക് അംബറിന് സ്വന്തമാണ്. അറബികളും ആഫ്രിക്കക്കാരും ഡെക്കാനികളുമുൾപ്പെട്ട അംബറിന്റെ പടയാളികളിൽ നിന്ന് മുഗളന്മാരെ തടഞ്ഞു നിർത്താനായി പല ദക്ഷിണേന്ത്യൻ ഭരണാധികാരികളും സഹായമർത്ഥിച്ചിരുന്നു. തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ചേർത്ത് ഒരു സ്വയംഭരണം സ്ഥാപിച്ച അംബർ ഖഡ്‌ക്കിയെ അതിന്റെ തലസ്ഥാനമാക്കി.

Also read: ഇസ്‌ലാമിലെ വസ്വിയ്യത്തും നിയമങ്ങളും

വാസ്തുകലാ നിർമ്മിതികളിൽ അതീവ തൽപരനായിരുന്ന മലിക് അംബർ നിരവധി കൊട്ടാരങ്ങൾ നിർമ്മിക്കുകയുണ്ടായി. കനാലുകളടക്കമുള്ള വിപുലമായ ജലസേചന സൗകര്യങ്ങളും മലിക് അംബർ വിഭാവന ചെയ്ത് നടപ്പിലാക്കി. കുടിവെള്ള ക്ഷാമം നേരിട്ട തന്റെ തലസ്ഥാന നഗരിയിൽ ഭൂഗർഭ ജലസ്രോതസ്സുകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയും ജലവിതരണത്തിനായി കിലോമീറ്ററുകൾ നീളത്തിൽ തോടുകൾ സ്ഥാപിക്കുകയും ചെയ്തു എന്നത് മലിക് അംബറിന്റെ ഭരണപാടവത്തിന് മികച്ച ഉദാഹരണമായി വാഴ്ത്തപ്പെടുന്നതാണ്. വെറും 15 മാസങ്ങൾ കൊണ്ടാണ് തലസ്ഥാന നഗരിയിലാകെ വെളളമെത്തിക്കാനുതകുന്ന തോടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ദക്ഷിണേന്ത്യൻ ഭരണവിഭാഗങ്ങളിൽ ആഫ്രിക്കൻ വേരുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പ്രഭു കുടുംബങ്ങളിലേക്ക് തന്റെ പെൺമക്കളെ വിവാഹം ചെയ്ത് അയക്കുകയുമുണ്ടായി മലിക് അംബർ. മുഗളന്മാരെ പരാജയപ്പെടുത്താനായി ബ്രിട്ടീഷ്, പോർച്ചുഗീസ്, ഡച്ച് ശക്തികളുമായി സന്ധിയുണ്ടാക്കിയ അംബർ അവരിൽ നിന്ന് ആയുധ സഹായവും സ്വീകരിച്ചിരുന്നു. എന്നാൽ തന്റെ അവസാന കാലങ്ങളിൽ രാജകുമാരനായ ഷാജഹാന്റെ മുഗൾ സൈന്യത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നിരുന്നു അംബറിന്. 1626-ൽ തന്റെ 86-ാമത്തെ വയസ്സിലാണ് മലിക് അംബർ മരണപ്പെട്ടത്. ഇന്നത്തെ ഔറംഗാബാദിൽ പഴയ ആ ഏത്യോപ്യൻ യോദ്ധാവിന്റെ സ്മരണകളുണർത്തുന്ന ധാരാളം അടയാളങ്ങൾ കാണാനാകും.

മൊഴിമാറ്റം: അനസ് പടന്ന
കടപ്പാട് : trtworld.com

Related Articles