Current Date

Search
Close this search box.
Search
Close this search box.

ലോധി ഗാർഡൻ: ഡൽഹിയിലെ ഉദ്യാന നഗരം

നിരവധി ഉദ്യാനങ്ങൾ കൊണ്ട് സമ്പന്നമായ പ്രദേശമാണ് പൗരാണിക ഡൽഹി. ഇന്നും അതിസുന്ദരമായി സംവിധാനിച്ചിരിക്കുന്ന ഉദ്യാനങ്ങൾ ഡൽഹിയുടെ പല ഭാഗങ്ങളിലും സന്ദർശകർക്ക് ആസ്വദിക്കാം. അതിൽ തന്നെയും പൗരാണിക നിർമ്മിതികൾ നിലനിൽക്കുന്ന ഏതൊരു ചരിത്ര പ്രദേശത്ത് എത്തിയാലും സന്ദർശകർക്ക് കൺകുളിർമ കൂടി നൽകുന്നു പ്രസ്തുത ഉദ്യാനങ്ങൾ. മുസ്ലിം കാലഘട്ടം ഡൽഹിക്ക് സമ്മാനിച്ച അദ്ഭുതങ്ങളിൽ വിദേശീയരെ പോലും ആകർഷിച്ച ഒന്നായിരുന്നു ഹോർട്ടികൾച്ചർ അഥവാ ഉദ്യാന നിർമ്മാണം.

‘ഉദ്യാന നഗര’മെന്ന പേര് നൽകപ്പെട്ട ഡൽഹിയിലെ ചരിത്ര നഗര ഭാഗമാണ് ‘ലോധി ഗാർഡൻ ‘. പേര് സൂചിപ്പിക്കും പോലെ അവിടം ഉദ്യാനം ആസ്വദിക്കാമെങ്കിലും പൂർണ്ണമായും ഒരു പുന്തോട്ട സങ്കൽപത്തോടെ സജ്ജീകരിക്കപ്പെട്ട ചരിത്ര പ്രദേശമല്ല ലോധി ഗാർഡൻ. ഉദ്യാന ആസ്വാദനത്തിനൊപ്പം പൗരാണിക ഡൽഹിയുടെ ആത്മാവിലേക്കിറങ്ങി ചെല്ലുവാനുള്ള അവസരം കൂടി ലോധി ഗാർഡൻ സന്ദർശകർക്ക് മുമ്പിൽ തുറന്നു വെക്കുന്നു.

തുഗ്ലക്ക് ഭരണ കാലഘട്ടത്തിൻ്റെ അവസാന സമയങ്ങളിൽ ഡൽഹിയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ നിലനിന്നു. പിന്നീട് വന്ന സയ്യിദ് വംശം സംഘർഷങ്ങൾ അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടു. സർ ഹിന്ദിൻ്റെയും ലാഹോറിൻ്റെയും ഗവർണറായിരുന്ന ബഹ് ലുൽ ലോധി വീണ്ടും ഡൽഹിയിൽ ശക്തമായ ഭരണകൂടത്തിന് അടിത്തറ പാകി. ഇന്ന് സയ്യിദ്, ലോധി ഭരണാധികാരികളുടെ ശവകുടീരങ്ങൾ നിലനിൽക്കുന്ന പ്രധാന പ്രദേശമാണ് ഡൽഹിയിലെ ലോധി ഗാർഡൻ. 1936 ൽ വൈസ്രോയി ആയിരുന്ന വെല്ലിംഗ്ടണ്ണിൻ്റെ ഭാര്യ ഈ ഭാഗത്ത് അന്നുണ്ടായിരുന്ന ഖൈർ പൂർ എന്ന ഗ്രാമം മാറ്റി, പ്രസ്തുത പ്രദേശത്ത് പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന ലോധി ഗാർഡൻ. ബ്രിട്ടീഷ് കാലത്ത് ലേഡി വെല്ലിംഗ്ടൺ പാർക്ക് എന്നാണ് ഈ ഉദ്യാനം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്യത്തിന് ശേഷം 1968ൽ ജെ.എ. സ്റ്റയിൻ ആർക്കിടെക്റ്റ് രൂപകൽപന ചെയ്തതാണ് ഇന്ന് കാണുന്ന ലോധി ഗാർഡൻ. പിന്നീട് പ്രസ്തുത പ്രദേശത്തിൻ്റെ ചരിത്ര പ്രാധാന്യം മുൻനിർത്തി ‘ലോധി ഗാർഡൻ ‘ എന്നാക്കി മാറ്റുകയായിരുന്നു.

1414 ൽ ഖിസ്റ് ഖാൻ എന്ന വ്യക്തി സയ്യിദ് ഭരണകൂടത്തിന് ഡൽഹിയിൽ അടിത്തറ പാകി. പിന്നീട് സയ്യിദ് ഷാ, മുബാറക് ഷാ, ആലം ഷാ തുടങ്ങിയ സുൽത്താന്മാർ ഭരണകൂടത്തെ മുന്നോട്ട് നയിച്ചുവെങ്കിലും സുശക്തമായ ഭരണകൂടത്തെ ഉയർത്തി കൊണ്ട് വരുന്നതിൽ സയ്യിദ് വംശം പരാജയപ്പെട്ടു. ഇവരിൽ പ്രധാനിയായ മുഹമ്മദ് ഷാ സയ്യിദിൻ്റെ ശവകുടീര മാതൃക ലോധി ഗാർഡനിലെ പ്രധാന നിർമ്മിതിയാണ്. ഇസ്ലാമിക ആർക്കിടെക്ച്ചർ ശൈലിയുടെ സുപ്രധാന ഏടുകൾ പ്രസ്തുത നിർമ്മിതിയിൽ നിന്ന് സന്ദർശകർക്ക് വായിച്ചെടുക്കാം. അഷ്ടകോണാകൃതിയിലുള്ള മൂന്ന് കമാനങ്ങൾ നിർമ്മിതിയുടെ പ്രത്യേകതയാണ്. സാധാരണയായി ഇന്തോ-ഇസ്ലാമിക് വാസ്തു വിദ്യയിൽ ഹിന്ദു വാസ്തു വിദ്യാ പ്രകാരം കണ്ടുവരുന്ന താമര ചിഹ്നം പ്രധാന കുംഭ ഗോപുരത്തിന് മുകളിൽ സന്ദർശകർക്ക് കാണാം. ഇന്ന് സയ്യിദ് വംശത്തിൻ്റെ ശവകുടീര മാതൃകയായി ഇന്ത്യയിൽ നില നിൽക്കുന്ന ഏക നിർമ്മിതിയാണിത്. കേവലം 37 വർഷമാണ് സയ്യിദ് സുൽത്താന്മാർ ഡൽഹി ഭരിച്ചത്. കൊട്ടാര മാതൃകകൾ സൃഷ്ടിക്കാൻ മറ്റ് ഭരണകൂടങ്ങളെ പോലെ സുദീർഘമായ ഭരണ കാലഘട്ടം സയ്യിദ് വംശത്തിന് ലഭിച്ചില്ല എന്ന് പറയുന്നതാവും ശരി.

മുഹമ്മദ് ഷാ സയ്യിദിൻ്റെ ശവകുടീരത്തിൽ നിന്ന് ഇറങ്ങി പിന്നീട് സന്ദർശകർ എത്തുന്നത് മറ്റൊരു ഭരണകുടത്തിൻ്റെ ചരിത്ര അവശേഷിപ്പുകളിലേക്കാണ്. ഇന്ത്യയിലെ ആദ്യത്തെ അഫ്ഗാനി ഭരണകർത്താവെന്ന് വിലയിരുത്തപ്പെടുന്ന ബഹ് ലുൽ ലോധി തുടക്കമിട്ട ലോധി സുൽത്താന്മാരുടെ കാലഘട്ടം വിവരിക്കപ്പെടേണ്ടതാണ്. 1451 മുതൽ 1526 വരെ ലോധി സുൽത്താന്മാർ ഡൽഹി ഭരിച്ചു. പിന്നീടാണ് ലോധി ഭരണകൂടത്തെ പരാജയപ്പെടുത്തി മുഗൾ രാജാക്കന്മാർ ഇന്ത്യയിലേക്ക് രംഗ പ്രവേശം ചെയ്യുന്നത്.

ലോധി കാലഘട്ടത്തിലെ പ്രശസ്തമായ നിർമ്മിതിയാണ് ‘ബഡാ ഗുംബധ്’ (വലിയ കുംഭഗോപുരം)എന്ന അറിയപ്പെടുന്ന ശവകുടീര മാതൃക. നിർമ്മിതിക്കകത്ത് മഖ്ബറകളൊന്നും കാണപ്പെടുന്നില്ലെങ്കിലും ശവകുടീരമായി തന്നെയാണ് ചരിത്രകാരന്മാർ പ്രസ്തുത നിർമ്മിതിയെ വിശേഷിപ്പിച്ചത്. മറ്റൊന്ന് ‘ബഡാ ഗുംബധി’ൻ്റ പിറകിലായി പണി കഴിപ്പിച്ചിട്ടുള്ള പള്ളിയാണ്. ചുണ്ണാമ്പുകല്ല് കൊണ്ട് നിർമ്മിക്കപ്പെട്ടു എന്നത് തന്നെയാണ് പ്രസ്തുത പള്ളിയുടെ പ്രത്യേകത. പള്ളിയുടെ പ്രധാന കവാട ചുവരുകളിൽ ഖുർആൻ ആയത്തുകൾ വ്യത്യസ്തമായ പൗരാണിക എഴുത്ത് ശൈലികളിൽ കൊത്തിവെച്ചിരിക്കുന്നത് ഏറെ ആകർഷണീയമാണ്. സിക്കന്തർ ലോധി നിർമ്മിച്ച ‘ശിശെ ഗുംബധ്’ (Glass Dome) എന്ന പേരിലറിയപ്പടുന്ന മറ്റാരു നിർമ്മിതി സന്ദർശകർക്ക് കൂടുതൽ ആസ്വാധനം നൽകും. പുറത്തെ ചുവരുകളിൽ പേർഷ്യയിൽ നിന്ന് കൊണ്ട് വന്ന നീല ടൈലുകൾ ഉപയോഗിച്ചുള്ള നിർമ്മാണ വൈവിധ്യമാണ് ‘ഗ്ലാസ് ഡോം’ എന്ന പേര് പ്രസ്തുത നിർമ്മിതിക്ക് വരാൻ കാരണം.

ബഹ് ലുൽ ലോധി ക്ക് ശേഷം വന്ന മകൻ സിക്കന്തർ ലോധിയാണ് ലോധി ഭരണകർത്താക്കളിൽ ഏറ്റവും പ്രമുഖനായ സുൽത്താൻ. ഗ്വാളിയോർ പ്രദേശം പിടിച്ചടുക്കുക സിക്കന്തർ ലോധിയുടെ ഒരു സ്വപ്നമായിരുന്നു. ഡൽഹിയിൽ നിന്ന് ആ ദൗത്യം ശ്രമകരമാണെന്ന് മനസ്സിലാക്കിയ സിക്കന്തർ ലോധി ഗ്വാളിയോർ കീഴടക്കാനായി ആഗ്ര എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചു. ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് തലസ്ഥാന നഗരി മാറ്റിയ ആദ്യത്തെ ഡൽഹി സുൽത്താനാണ് സിക്കന്തർ ലോധി. ആഗ്രയിൽ നിന്ന് അൽപം മാറി അദ്ദേഹം സ്ഥാപിച്ച നഗരമാണ് ഇന്ന് സിക്കന്തരാബാദ് എന്നറിയപ്പെടുന്നത്.ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീര മാതൃകയായി ( first garden tomb) സിക്കന്തർ ലോധിയുടെ ശവകുടീരം അറിയപ്പെടുന്നുണ്ട്. ഷഡ്ഭുജ കോണാകൃതിയിലാണ് ഇതിൻ്റെ നിർമ്മാണം നടന്നിട്ടുള്ളത്. ഭരണ പാടവം കൊണ്ട് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പേരെടുത്തവരിൽ സിക്കന്തർ ലോധിയുടെ പേര് കൂടി ചേർക്കാവുന്നതാണ്. സുൽത്താന്മാരിൽ സിക്കന്തർ ലോധിയുടെ കാലഘട്ടത്തിൽ നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് തർജിമ ചെയ്യപ്പെട്ടു. പേർഷ്യൻ ഭാഷയിൽ അഗ്രഗണ്യരായ ഹിന്ദുക്കളെ സർക്കാർ ഉദ്യാഗങ്ങളിൽ അദ്ദേഹം നിയമിച്ചു.

സിക്കന്തർ ലോധിക്ക് ശേഷം മകൻ ഇബ്രാഹീം ലോധി അധികാരത്തിൽ വന്നെങ്കിലും മുഗൾ സുൽത്താനായ ബാബർ പാനിപ്പത്തിൽ വെച്ച് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തു. ഇന്ന് ലോധി ഗാർഡൻ്റ പരിസര പ്രദേശങ്ങളിൽ മുഗൾ കാലത്തെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട ചെറുതും വലുതുമായ അനേകം നിർമ്മിതികൾ സന്ദർൾകർക്ക് കാണാം. ഗോൽ ഗുംബാധ്, മിർ തഖി ടോംപ്, അത്പുല, ബാരാ കംബാ, ലാൽ ബംഗ്ലാ, തുടങ്ങിയവ അതിൽ എടുത്ത് പറയേണ്ടതാണ്.

Related Articles