Current Date

Search
Close this search box.
Search
Close this search box.

അഭ്രപാളി കീഴടക്കുന്ന തുര്‍ക്കിഷ് ടി.വി സീരീസുകള്‍

ചരിത്രം വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണ്. പ്രത്യേകിച്ചും അതിനെ ധാരാളം അനുമാനങ്ങളും കഥകളും പ്രതീകങ്ങളും മിത്തുകളുമെല്ലാം വലയം ചെയ്യുമ്പോള്‍. ഓട്ടോമന്‍ സാമ്രാജ്യം ചരിത്രപുസ്തകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ നൂറുകണക്കിന് പുസ്തകങ്ങള്‍ ഇവ്വിഷയകമായി ലഭ്യമാണ്. ഓരോ വര്‍ഷം കഴിയുംതോറും ചരിത്രപരമായ തെളിവുകളുള്ള പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിച്ച് ചരിത്രമെഴുത്ത് പല സ്വഭാവങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം തന്നെ പുതിയ കാലത്ത് ചരിത്രത്തെ വിഷ്വല്‍ മീഡിയയിലേക്ക് കൊണ്ടുവന്ന് അവതരിപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചു. വിഷ്വല്‍ മീഡിയക്ക് ആഗോളതലത്തിലുള്ള വര്‍ധിച്ച സ്വീകാര്യതയാണ് ഇതിന് പ്രധാന കാരണം. വിഷ്വല്‍ മീഡിയയിലെ പ്രധാന ഭാഗമാണ് സിനിമാറ്റോഗ്രഫി.

ഓരോ രാജ്യത്തിനും പറയാന്‍ ധാരാളം കഥകളുണ്ട്. അവര്‍ അത് വീണ്ടും വീണ്ടും അയവിറക്കികൊണ്ടിരിക്കുന്നു. തുര്‍ക്കിയില്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഓട്ടോമന്‍ ചരിത്രം, സമൃദ്ധി, വിജയങ്ങള്‍, പോരാട്ടങ്ങള്‍ തുടങ്ങി പ്രമേയങ്ങള്‍ മാധ്യമങ്ങളിലുടനീളം, പ്രത്യേകിച്ച് ടെലിവിഷനില്‍ ഏറ്റവും പ്രചാരമുള്ള കഥാതന്തുവായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഐഡന്റിറ്റികള്‍ സൃഷ്ടിക്കുന്നതില്‍ ചരിത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ടി.വി സീരീസുകളുടെ പ്രചാരത്തോടെ ഓട്ടോമന്‍ ഭൂതകാലത്തോടുള്ള സമൂഹത്തിന്റെ താത്പര്യം വര്‍ദ്ധിച്ചുവരുന്നത്, ഈ സീരീസുകള്‍ ഉത്പാദിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രതിഭാസങ്ങളിലൊന്നാണ്.

അടുത്തകാലത്തായി, ഓട്ടോമന്‍ സാമ്രാജ്യം, ടെലിവിഷന്‍ എഴുത്തുകാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ പ്രിയപ്പെട്ട പ്രമേയമാണ്. ഓട്ടോമന്‍ സാമ്രാജ്യത്തെ വിഷ്വല്‍ രൂപത്തില്‍ ചിത്രീകരിക്കുന്ന 15 ഓളം ഡോക്യുമെന്ററികളും ഷോകളും ഇന്ന് ലഭ്യമാണ്. എല്ലാം ഒരേ കലാരൂപങ്ങളാണെങ്കില്‍ പോലും അഭിനേതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ വ്യത്യസ്തമാകുന്നതിനനുസരിച്ച് ഛായാഗ്രഹണത്തിന്റെ സ്വഭാവത്തിലും അവതരണത്തിലും വ്യത്യസ്തത ഉണ്ടാവുന്നുണ്ട്. തുര്‍ക്കിഷ് ടെലിവിഷന്‍ സീരീസായ ദിരിലിഷ് എര്‍തുറുലിന് ആഗോളതലത്തില്‍ വലിയതോതിലുള്ള സ്വീകാര്യത ലഭിച്ചുകഴിഞ്ഞതോടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാന പതനത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചുമുള്ള ചരിത്രങ്ങള്‍ അന്വേഷിക്കാനും പഠിക്കാനുമുള്ള ത്വര സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടി.ആര്‍.ടി വേള്‍ഡ് തന്നെ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന കുര്‍റൂലൂസ് ഒസ്മാന്‍ കൂടി വന്നതോടെ അതിന് ഗതിവേഗം കൂടി. ഓട്ടോമന്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട് വന്ന വിഷ്വല്‍ ട്രീറ്റുകളില്‍ ഏറെ ശ്രദ്ധേയമായ ദിരിലിഷ് എര്‍തുറുല്‍, റൈസ് ഓഫ് എംപയര്‍, പായി തഹ്ത് അബ്ദുല്‍ ഹമീദ്, കുറുലുസ് ഒസ്മാന്‍ എന്നീ തുര്‍ക്കിഷ് സീരീസുകളെക്കുറിച്ചാണീ കുറിപ്പ്.

ദിരിലിഷ് എര്‍തുറുല്‍

ആറ് നൂറ്റാണ്ടിലധികം ഭരണം നടത്തിയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്‍ ഗാസിയുടെ പിതാവ് എര്‍തുറുല്‍ ഗാസിയെ കേന്ദ്രകഥാപാത്രമാക്കി തുര്‍ക്കിഷ് ഫിലിം ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയരായ ബോസ്ദാഗ് തിരക്കഥ തയ്യാറാക്കുകയും മെതിന്‍ ഗുനായ് സംവിധാനം ചെയ്യുകയും ചെയ്ത അഞ്ച് സീസണുകളിലായി 488 എപ്പിസോഡുകളുള്ള ബ്രഹ്മാണ്ഡ സീരീസാണ് ദിരിലിഷ് എര്‍തുറുല്‍. ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതിന് മുമ്പ്, അനാറ്റോലിയ ആസ്ഥാനമാക്കി നടന്ന സംഭവവികാസങ്ങള്‍ പറഞ്ഞുകൊണ്ടാണ് കഥ പുരോഗമിക്കുന്നത്. യുദ്ധം, പ്രണയം, ആത്മീയത എന്നീ മൂന്ന് പ്രമേയങ്ങളും സീരീസിലുടനീളം ഇഴചേര്‍ന്നു നില്‍ക്കുന്നു. തുര്‍ക്കിഷ് ചലചിത്ര നടനായ എന്‍ജിന്‍ അല്‍ത്താന്‍ ദുസയ്താന്‍ ആണ് എര്‍തുറുല്‍ ഗാസിയുടെ വേഷം അഭിനയിച്ചിരിക്കുന്നത്. സീരീസ് തുടങ്ങി അധികം വൈകാതെ തന്നെ കഥാപാത്രങ്ങളും പ്രേക്ഷകനും തമ്മില്‍ അറുത്തുമാറ്റാനാവാത്ത വിധം അനിതരസാധാരണമായ ആത്മ ബന്ധം സൃഷ്ടിക്കപ്പെടുന്നു. കഥയും കഥാപാത്രങ്ങളും സ്‌ക്രീനില്‍ നിന്നും ഇറങ്ങിയാലും അവര്‍ പ്രതിനിധാനം ചെയ്യുന്ന ചരിത്രസത്യങ്ങളും മൂല്യങ്ങളും കാഴ്ചക്കാരന്റെ ഉപബോധ മനസ്സിനെ അത്രമേല്‍ സ്വാധീനിക്കുന്ന ഒന്നായിമാറുന്നു എന്നിടത്ത് അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ടി ചാനലാണ് സീരീസ് ബ്രോഡ്കാസ്റ്റ് ചെയ്തത്. 2014 ഡിസംബറില്‍ ബ്രോഡ്കാസ്റ്റ് ആരംഭിച്ച സീരീസിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങുന്നത് 2019 മെയ് മാസത്തിലാണ്. നിലവില്‍ 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ സീരീസിനുണ്ട്. മലയാള സ്വതന്ത്ര്യ പരിഭാഷക സംഘമായ എം.സോണ്‍ മലയാളം സബ്ടൈറ്റില്‍ കൂടി പുറത്തിറക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ അടുത്തിടെയായി സീരീസ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

Also read: എന്താണ് EIA (Environment Impact Assessment)

കേവലം ഒരു ദൃശ്യാവിഷ്‌കാരം എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയതാത്പര്യങ്ങളോടെ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ തയ്യാറാക്കപ്പെട്ട മികച്ച ഒരു ദൃശ്യവിരുന്നാണ് ദിരിലിഷ് എര്‍തുറുല്‍ എന്ന് ഒരു വരിയില്‍ പറയാം. സീരീസ് കാണുന്ന പ്രേക്ഷകരൊക്കെത്തന്നെ സ്വാഭാവികമായും ഉയര്‍ത്തുന്ന ചോദ്യങ്ങളിലൊന്നാണ് യഥാര്‍ഥ ചരിത്രം ഇങ്ങനെയൊക്കെത്തന്നെയാണോ എന്നത്. എന്നാല്‍ ഉസ്മാന്‍ ഗാസിയുടെ പിതാവ് എര്‍തുറുല്‍ ഗാസിയുടെ ജീവിതത്തെക്കുറിച്ചുളള ചരിത്രഡോക്യുമെന്റുകള്‍ വളരെ വിരളമാണ്. 1326ല്‍ മരണപ്പെട്ട ഉസ്മാന്‍ ഗാസിയുടെ ചരിത്രം എഴുതപ്പെടുന്നത് തന്നെ പതിനഞ്ചാം നൂറ്റാണ്ടിലാണ്. അതായത് അദ്ദേഹം മരണപ്പെട്ടതിന് 100 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നര്‍ത്ഥം. സീരീസ് പറഞ്ഞുവെക്കുന്ന ചരിത്രസംഭവങ്ങളെല്ലാം തന്നെ ആധികാരികമാണെന്ന് തിരക്കഥ തയ്യാറാക്കിയ മെഹ്മദ് ബോസ്ദാഗ് പോലും അഭിപ്രായപ്പെടുന്നില്ല. എര്‍തുറുല്‍ ഗാസിയേയും കായി ഗോത്രത്തേയും ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിത്തുകളും ഫോക്ലോര്‍ കഥകളും ആസ്പദമാക്കി വിടവു വന്ന സ്ഥല-കാലങ്ങളില്‍ തന്റേതായ ഭാവനാത്മകത പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് താന്‍ തിരക്കഥ തയ്യാറാക്കിയതെന്ന് ബോസ്ദാഗ് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ചിലയിടങ്ങളില്‍, കഥാപാത്രങ്ങളുടെ സൗകര്യത്തിനും കഥയുടെ താളാത്മകമായ ഒഴുക്കിനും വേണ്ടി ലഭ്യമായ ചരിത്രരേഖകളില്‍ നിന്ന് വരെ സീരീസ് വഴിമാറി സഞ്ചരിക്കുന്നുണ്ട്.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നിടത്ത് നിലവിലുള്ള സ്റ്റീരിയോടൈപ്പുകളെയൊക്കെത്തന്നെ സീരീസ് തകിടം മറിക്കുന്നു. പ്രണയം സീരീസിലെ പ്രധാന പ്രമേയമാകുമ്പോള്‍തന്നെ ലവലേശം സെക്സ് സീനുകളോ അശ്ലീല ചേരുവകളോ കൊണ്ടുവരാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം, സീരീസിലുടനീളം ശക്തരായ പല സ്ത്രീ കഥാപാത്രങ്ങളെയും കാണാം. കേന്ദ്രകഥാപാത്രമായ എര്‍തുറുല്‍ ഗാസിക്ക് ഹീറോ പരിവേഷം കൊടുക്കുമ്പോള്‍ തന്നെ അദ്ദേഹം പലപ്പോഴും ശത്രുക്കളുടെ കെണിയിലകപ്പെടുന്നു. രണ്ട് പക്ഷങ്ങളുണ്ടാകുമ്പോള്‍ തന്നെ, രണ്ടിലും നന്മയും തിന്മയും ഉണ്ടാവുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും വംശീമായ വേര്‍തിരിവുകള്‍ സീരീസിലെവിടെയും വരാതിരിക്കുന്നു, എല്ലായിപ്പോഴും നീതിക്കും സത്യത്തിനും വേണ്ടിയുള്ള മുറവിളികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു, ധീരത, ആര്‍ദ്രത, അഭിമാനം തുടങ്ങിയവ മഹത്വവത്കരിക്കപ്പെടുന്നു, സീരീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ഒട്ടനേകം മൂല്യങ്ങള്‍ മറ്റു സീരീസുകളില്‍ നിന്നും ദിരിലിഷ് എര്‍തുറുലിനെ വ്യത്യസ്തമാക്കുന്നു. അനാറ്റോലിയയിലെ കുരിശുയുദ്ധക്കാര്‍ക്കെതിരെയുള്ള തുര്‍ക്കി കാമ്പയിന്‍, മംഗോളിയക്കാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍, ക്രിസ്ത്യന്‍-ബൈസന്റെയ്നുമായുള്ള യുദ്ധം തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുക വഴി തുര്‍ക്കിയുടെ പോരാട്ടപ്രതാപത്തെ പുനരവതരിപ്പിക്കാനാണ് സീരീസ് ശ്രമിക്കുന്നത്.

സീരീസില്‍ പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്ന മറ്റൊരു കഥാപാത്രമാണ് ഇബ്നു അറബി. സീരീസില്‍ എര്‍തുറുല്‍ ഗാസിക്ക് ആത്മീയമായ ദര്‍ശനങ്ങളിലൂടെ ഊര്‍ജ്ജം നല്‍കുന്നത് ഇബ്നു അറബിയാണ്. സ്‌ക്രീനില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ഓരോ സംഭാഷണങ്ങളും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്ന ആത്മീയ ചൈതന്യം അക്ഷരങ്ങള്‍ക്കതീതമാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വ്യാപനത്തെക്കുറിച്ച് അദ്ദേഹം പ്രവചിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. സീരീസില്‍ എര്‍തുറുല്‍ ഗാസിയുമായി ഇടക്കിടെ കണ്ടുമുട്ടുകയും മുന്നോട്ടുകള്‍ വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഇബ്നു അറബി, ചരിത്രത്തില്‍ എര്‍തുറുല്‍ ഗാസിയുമായി കണ്ടുമുട്ടിയിട്ടുണ്ട് എന്നതിന് തന്നെ ഡോക്യുമെന്റുകളില്ല. എന്നാല്‍, ഒരേ കാലത്ത് ജീവിച്ചവരാണ് എന്നത് കൊണ്ടും വിവിധ നാടുകള്‍ ചുറ്റിക്കറങ്ങിയ ഇബ്നു അറബി അലപ്പോയില്‍ എത്തിയിരുന്നു എന്ന രേഖകള്‍ വെച്ചുകൊണ്ടും അവര്‍ തമ്മില്‍ കണ്ടുമുട്ടാനുള്ള സാധ്യതകള്‍ ചരിത്രാന്വേഷികള്‍ തള്ളിക്കളയുന്നില്ല. ഒന്നാം സീസണിലെ ഒരു സംഭാഷണം ഇങ്ങനെ വായിക്കാം. എര്‍തുറുല്‍: പോകും മുമ്പ് ശൈഖ് ഇബ്നു അറബിയുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ദര്‍വീഷ്: ശൈഖ് പോയിക്കഴിഞ്ഞു, താങ്കളറിഞ്ഞില്ലേ? എര്‍തുറുല്‍: എവിടേക്ക്? ദര്‍വീഷ്: അല്ലാഹുവിന് മാത്രമറിയാം. എര്‍തുറുല്‍: എനിക്കവരെ കണ്ടെത്തണം. ദര്‍വീഷ്: കണ്ടെത്താന്‍ അവരെ താങ്കള്‍ക്ക് നഷ്ടപ്പെട്ടുവോ, നഷ്ടപ്പെടാന്‍ അവരെ താങ്കള്‍ കണ്ടെത്തിയോ?

Also read: നേതൃപാടവത്തിന്റെ ഇസ്ലാമിക മാതൃകകൾ

തുര്‍ക്ക് ഗോത്രങ്ങളില്‍ പെട്ട കായി ഗോത്രത്തിലാണ് സുലൈമാന്‍ ഷായുടെ മകനായി എര്‍തുറുല്‍ ജനിക്കുന്നത്. വെറും നാനൂറ് കൂടാരങ്ങള്‍ മാത്രമുള്ള ഒരു നാടോടി ഇടയ വംശം ആയിരുന്ന കായി ഗോത്രം. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്തിരുന്ന നാടോടികളെ ലോകം കണ്ട പ്രവിശാല സാമ്രാജ്യത്തിന്റെ സംസ്ഥാപനത്തിലേക്ക് നയിച്ചത് എര്‍തുറുല്‍ ഗാസി എന്ന യോദ്ധാവായിരുന്നു. ”ഉസ്മാനികള്‍ വംശപരമായി തുര്‍ക്കികളായിരുന്നു. അവരുടെ സാമ്രാജ്യം ഉടലെടുത്ത കഥ കൗതുകകരമാണ്. ഹുലാഗുഖാന്റെ കാലത്ത് ബഗ്ദാദ് പിടിച്ചടക്കിയ മംഗോളുകളുടെ ഒരു സൈനികവ്യൂഹം ഏതാനും വര്‍ഷം കഴിഞ്ഞ് ഏഷ്യാ മൈനര്‍ അധീനപ്പെടുത്തിക്കൊണ്ട് അങ്കാറാ പട്ടണത്തിന് അടുത്ത് എത്തുകയുണ്ടായി. ഖുനിയയിലെ സല്‍ജൂഖി സുല്‍ത്താന്‍ അവരെ എതിര്‍ത്തു. ഇരു സൈന്യങ്ങളും പടവെട്ടിക്കൊണ്ടിരിക്കെ നാടോടി തുര്‍ക്കുകളുടെ ഒരു സംഘം ആ വഴി കടന്നുവന്നു. സംഘത്തലവനായ അര്‍തുഗ്റുല്‍ നോക്കിയപ്പോള്‍ ഒരു സൈന്യം എണ്ണത്തില്‍ വളരെ കുറവും മറ്റേത് വളരെ കൂടുതലുമാണെന്ന് കണ്ടു. അര്‍തുഗ്റിലിനൊപ്പം 444 അശ്വഭടന്മാരാണുണ്ടായിരുന്നത്. എങ്കിലും അദ്ദേഹം ദുര്‍ബലമായ സൈന്യത്തിന്റെ ഭാഗത്ത് ചേര്‍ന്നു. ധീരമായ ഒരു പോരാട്ടത്തിലൂടെ പ്രബലമായ ഒരു സൈന്യത്തെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രബല സൈന്യം മംഗോളുകളുടേതും ദുര്‍ബല സൈന്യം സല്‍ജൂഖികളുടേതുമായിരുന്നു. അര്‍തുഗ്റുലിന്റെ സാഹസത്തിനും സഹായത്തിനും പ്രതിഫലമായി സുല്‍ത്വാന്‍ അലാഉദ്ദീന്‍ അദ്ദേഹത്തിന് ഒരു ജാഗിര്‍ നല്‍കി. (ഇസ്ലാമിക സമൂഹം, ചരിത്ര സംഗ്രഹം-സര്‍വത് സൗലത്). പിന്നീട് എര്‍തുറുല്‍ ഗാസിയുടെ മരണത്തിന് ശേഷം സല്‍ജൂക് ഡൈനാസ്റ്റിയുടെ പതനം പൂര്‍ണ്ണമായ സമയത്ത് തന്റെ മകന്‍ ഉസ്മാന്‍ ഗാസി 1299ല്‍ ഉസ്മാനിയ്യ സാമ്രാജ്യം പ്രഖ്യാപിക്കുകയായിരുന്നു.

Also read: ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ

നിലവില്‍ പാക്കിസ്ഥാനിലാണ് സീരീസ് കാട്ടുതീ പോലെ പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സീരീസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇസ്ലാമോഫോബിയയെ തടയാന്‍ സീരീസ് സഹായിക്കുന്നുണ്ടെന്നും ആയതിനാല്‍ ഉറുദുവിലേക്ക് ഡബ്ബ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പി.ടി.വി ഉര്‍ദു ഡബ്ബ്ഡ് പതിപ്പ് പുറത്തിറക്കാന്‍ തുടങ്ങിയത്. ഉര്‍ദു വേര്‍ഷന്‍ പുറത്തിറങ്ങിയതോടെ ചുരുങ്ങിയ സമയം കൊണ്ട് മില്യണ്‍ കണക്കിന് കാഴ്ചക്കാര്‍ ഉണ്ടായി യൂട്യൂബിലെ എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ സീരീസിന് സാധിച്ചിരുന്നു. ഒരു വിദേശ സീരീസ് പാക്കിസ്ഥാനില്‍ ഇത്രയധികം തരംഗം സൃഷ്ടിച്ചതിലുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശയായിരുന്നു. മാത്രമല്ല, ലോകചരിത്രത്തില്‍ ഇസ്ലാമിക നാഗരികതയുടെ മഹത്വ വും പ്രതാപവും മനസ്സിലാക്കാന്‍ സീരീസ് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടതും സീരീസിനോടുള്ള ജനങ്ങളുടെ താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യുയുമെല്ലാം കശ്മീര്‍ ജനതയെ പ്രതിസന്ധിയിലാക്കിയ വേളയില്‍ ഫ്ളാഷ് ഡ്രൈവുകളില്‍ സഞ്ചരിച്ച് സീരീസ് ഒരു കമ്യൂണിറ്റി ഹിറ്റായി മാറിയിരുന്നുവെന്ന് ഡൈലി സബാഹ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകര്‍ഷകമായ ടെലിവിഷന്‍ സീരീസുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ദിരിലിഷ് എര്‍തുറുല്‍ ഇതിനകം തന്നെ സമീപകാലത്തെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ സീരീസുകളിലൊന്നായി മാറിക്കഴിഞ്ഞു. തുര്‍ക്കിഷ് ഗെയിം ഓഫ് ത്രോണ്‍സ് എന്നാണ് പ്രേക്ഷകര്‍ ദിരിലിഷ് എര്‍തുറുല്‍ സീരീസിനെ വിശേഷിപ്പിക്കുന്നത്.

റൈസ് ഓഫ് എംപയേര്‍സ്:ഓട്ടോമന്‍

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കഥ പറയുന്ന 6 എപ്പിസോഡുകള്‍ മാത്രമുള്ള നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഡോക്യൂ ഡ്രാമ മിനി വെബ് സീരീസാണ് റൈസ് ഓഫ് എംപയര്‍. നോം മുറോ സംവിധാനം നിര്‍വ്വഹിച്ച സീരീസില്‍ സെം യീത് ഇസോമോലു എന്നവരാണ് ഫാതിഹ് സുല്‍ത്താന്‍ മെഹ്മത് രണ്ടാമനായി അഭിനയിക്കുന്നത്. തൊമാസോ ബസിലി എന്നവര്‍ കോണ്‍സ്റ്റന്റൈന്‍ നാലമാനായും അഭിനയിക്കുന്നു. അയാ സോഫിയ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ജൂലായ് മാസം പത്താം തീയ്യതി തുര്‍ക്കിയിലെ ഉന്നത കോടതി വിധി പറഞ്ഞതോടെ കോണ്‍സ്റ്റാന്റിനോപ്പിളും മുഹമ്മദുല്‍ ഫാതിഹുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ചുകൊണ്ടിരിക്കുകയാണ്.

മറ്റു സീരീസുകളില്‍ നിന്ന് വ്യത്യസ്തമായി നെറ്റ്ഫ്ലികസ് ഒറിജിനല്‍ സീരീസ് ഗണത്തില്‍ പെടുന്നതാണ് റൈസ് ഓഫ് എംപയര്‍. യു.എസിലെ അരിസോനയില്‍ ചെറിയ ഡി.വി.ഡി ഷോപ്പില്‍ നിന്ന് ഇന്റര്‍നെറ്റിന്റ നെറുകയിലെത്തിയ നെറ്റ്ഫ്ളിക്സ് ഇന്ന് കോടിക്കണക്കിന് പ്രേക്ഷകരുള്ള ആഗോള ഇന്റര്‍നെറ്റ് സ്ട്രീമിംഗ് ഭീമനായിമാറിക്കഴിഞ്ഞു. 1997ല്‍ റീഡ് ഹോസ്റ്റിങ്ങ്സും മാര്‍ക് റാന്‍ഡോള്‍ഫും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി ആദ്യം ഒട്ടേറെ സിനിമകളും സീരീസുകളും സംപ്രേഷണം ചെയ്യുകയും ശേഷം സ്വന്തമായി സീരീസുകള്‍ നിര്‍മ്മിച്ചുതുടങ്ങുകയും ചെയ്യുകയായിരുന്നു. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സീരിസില്‍ പെട്ട ഒന്നാണ് റൈസ് ഓഫ് എംപയേര്‍സ്; ഓട്ടോമന്‍. നിഷ്പക്ഷം എന്ന് പറയാന്‍ പറ്റാത്ത രീതിയിലാണ് സീരീസ് കഥ പറയുന്നത്. കേവലം ദൃശ്യങ്ങള്‍ മാത്രം കാണിച്ചുപോകുന്നതിന് പകരം വിവിധ യൂനിവേഴ്സിറ്റികളിലെ ചരിത്ര പ്രൊഫസര്‍മാരുടെ ബൈറ്റ് കൂടി ചേര്‍ത്ത് ഒരു ഡോക്യുമെന്ററി സെറ്റപ്പിലാണ് സീരീസ് പുരോഗമിക്കുന്നത്.

അപ്പോഴും മുഹമ്മദുല്‍ ഫാതിഹുമായും കോണ്‍സ്റ്റാന്റിനിപ്പോള്‍ കീഴടക്കുന്നതുമായും ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ സീരീസ് കാണിക്കുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍, റോമന്‍ എംപയറിനോടും റോമന്‍ രാജാവിനോടും അനുഭാവം (sympathy) തോന്നിപ്പിക്കുന്ന തരത്തിലാണ് കഥപറച്ചിലിന്റെ ശൈലി. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കല്‍ (conquer) കാണിക്കുന്നിന് പകരം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ വീഴ്ച (fall of constantinople) ആണ് സീരീസ് പറയാന്‍ ശ്രമിക്കുന്നത്. മുഹമ്മദുല്‍ ഫാതിഹും ഓട്ടോമന്‍ സൈന്യവും സ്‌ക്രീനില്‍ വരുന്നതിനേക്കാള്‍ കുറഞ്ഞ സമയം മാത്രമേ റോമന്‍ സൈന്യവും രാജാവുമൊക്കെ സ്‌ക്രീനില്‍ വരുന്നുള്ളൂവെങ്കില്‍ പോലും, സ്നേഹം, ആര്‍ദ്രത, ധീരത, തുടങ്ങിയ മൂല്യങ്ങള്‍ കൂടുതലായി റോമന്‍ പക്ഷത്തോട് ചേര്‍ത്ത് പറയുന്നതായി സൂക്ഷ്മമായി വീക്ഷിക്കുമ്പോള്‍ മനസ്സിലാവുന്നു. അതേസമയം, മുഹമ്മദുല്‍ ഫാതിഹിന്റെ പോരാട്ടങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തെയും മുസ്ലിം സൈന്യത്തേയും കൂറച്ചുകൂടി ക്രൂരമായി ചിത്രീകരിക്കാനും സീരീസ് മുതിരുന്നു. മുഹമ്മദുല്‍ ഫാതിഹിന്റെ ചരിത്രത്തിലെ തിളക്കമുള്ള ഏടുകളിലൊന്നായ കരയിലെ കപ്പലോടിച്ച സംഭവം പോലും സീരീസ് കാണിക്കുന്നില്ല എന്നത് പ്രത്യേകം പ്രസതാവ്യമാണ്. അപ്രകാരം, സര്‍വ്വ വിജ്ഞാനശാഖകളിലും മഹാപാണ്ഡിത്യം ഉണ്ടായിരുന്ന മുഹമ്മദ് ശംസുദ്ദീന്‍ ഹംസ എന്ന അദ്ദേഹത്തിന്റെ ഗുരുനാഥനെക്കുറിച്ചും സീരീസ് പരാമര്‍ശിക്കുന്നില്ല. പിതാവായ മുറാദ് രണ്ടാമനോട് കുട്ടിയായ മുഹമ്മദുല്‍ ഫാതിഹ് ”ഞാന്‍ സുല്‍ത്താനായാല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കും” എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സന്ദര്‍ഭം കാണിച്ചുകൊണ്ട് ആരംഭിക്കുന്ന സീരീസ് ദിവസങ്ങളോളം നടന്ന ശക്തമായ ഉപരോധത്തിന് ശേഷം മുഹമ്മദുല്‍ ഫാതിഹിന്റെ സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതോടെ സീരീസ് അവസാനിക്കുന്നു. ഛായാഗ്രഹണം, അവതരണം, ചിത്രീകരണം, തുടങ്ങിയവയില്‍ സീരീസ് മികച്ചുനില്‍ക്കുന്നു.

Also read: നവജാത ശിശുവിനോടുള്ള പത്ത് ബാധ്യതകള്‍

ദിരിലിഷ് എര്‍തുറുലില്‍ നിന്നും വ്യത്യസ്തമായി റൈസ് ഓഫ് എംപയേര്‍സ് പറയുന്ന പ്രമേയം ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീടക്കപ്പെടു, ആ സൈന്യാധിപന്‍ എത്ര നല്ല സൈന്യാധിപനാണ്, എന്ന് മുഹമ്മദ് നബി പ്രവചനം നടത്തിയിരുന്നു. പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യം തകരുമെന്ന് പ്രവാചകര്‍ മറ്റു ഹദീസുകളിലൂടെയും പറഞ്ഞുവെക്കുന്നുണ്ട്. ഖുലഫാഉ റാശിദീങ്ങളുടെ കാലത്ത് തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം മുഴുവനായും റോമന്‍ സാമ്രാജ്യത്തിന്റെ ചില ഭാഗങ്ങളും ഇസ്ലാമിന്റെ അധീനതയില്‍ വന്നിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്ന സേനാനായകനെക്കുറിച്ച് പ്രവാചകര്‍ സംതൃപ്തി പ്രകടിപ്പിച്ചതിനാല്‍, അത് താനായിരിക്കണമെന്ന് ഓരോ മുസ്ലിം ഭരണാധികാരികളും ആഗ്രഹിച്ചിരുന്നു. ഒന്നാം അമവി ഖലീഫയായിരുന്ന മുആവിയ (റ) ഇതിനു തുടക്കമിട്ടിരുന്നു. ആ യുദ്ധത്തിലാണ് അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) കൊല്ലപ്പെടുന്നത്. എന്നാല്‍, മെഴുക് പുരട്ടിയ തടിക്കഷ്ണങ്ങള്‍ താഴെവെച്ച് അതിന് മുകളിലൂടെ കപ്പലുകള്‍ വലിച്ച് ചങ്ങലകള്‍ ഭേദിച്ച് ചരിത്രത്തില്‍ അന്ന് വരെ പരിചിതമല്ലാത്ത പല യുദ്ധ തന്ത്രങ്ങളും ആവിഷ്‌കരിച്ച് മുഹമ്മദുല്‍ ഫാതിഹ് ആ ദൗത്യം പൂര്‍ത്തീകരിക്കുകയായിരുന്നു. സീരീസിലെ ആറ് എപ്പിസോഡ് കണ്ടുതീരുമ്പോഴേക്കും പട്ടണങ്ങളുടെ രാജ്ഞിയായ സിറ്റി ഓഫ് കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമാസാമ്രാജ്യത്തിന് എത്രത്തോളം പ്രധാനമായിരുന്നുവെന്നും അത് കീഴടക്കാന്‍ മുഹമ്മദുല്‍ ഫാതിഹിന്റെ സൈന്യം സഹിച്ച ത്യാഗങ്ങള്‍ എന്തായിരുന്നുവെന്നും കൃത്യമായി ബോധ്യപ്പെടും.

കുറുലുസ് ഒസ്മാന്‍

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനും എര്‍തുറുല്‍ ഗാസിയുടെ മകനുമായിട്ടുള്ള ഒസ്മാന്‍ ഗാസിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടുള്ള തുര്‍ക്കിഷ് സീരീസ് ആണ് കുര്‍ലുസ് ഒസ്മാന്‍. ദിരിഷ് എര്‍തുറുലിന്റെ തുടര്‍ച്ചയെന്നോണമാണ് മെഹ്മദ് ബോസ്ദാഗും സംഘവും ഈ സീരീസ് നിര്‍മ്മിക്കുന്നത്. 2019 നവംബറില്‍ ബ്രോഡ്കാസ്റ്റ് ആരംഭിച്ച സീരീസിന്റെ 2 മണിക്കൂര്‍ വീതമുള്ള 27 എപ്പിസോഡുകളുള്ള ആദ്യ സീസണ്‍ 2020 ജൂലായ് മാസത്തോടെ പൂര്‍ത്തിയായി. തുര്‍ക്കിഷ് ഫിലിം ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാറായ ബുറാക്ക് ഓസ്വിറ്റ് ആണ് ഒസ്മാന്‍ ഗാസിയുടെ വേഷം അഭിനയിക്കുന്നത്. എന്‍ജിന്‍ അല്‍ത്താനാണോ ബുറാക്കാണോ മികച്ച അഭിനയം എന്ന തരത്തില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍, രണ്ടും രണ്ട് പ്ലോട്ടുകള്‍ ആയതിനാലും ചരിത്രപരതയില്‍ വേറിട്ടുനില്‍ക്കുന്നതിനാലും പരസ്പരം താരതമ്യം ചെയ്യുന്നത് ഉചിതമല്ല എന്നാണ് പലരുടേയും പക്ഷം. എന്നിരുന്നാലും, സീസണ്‍ 1 ബ്രോഡ്കാസ്റ്റ് പൂര്‍ത്തിയാവുമ്പോള്‍ കുറുലുസ് ഒസ്മാന്‍ സീരീസ് കഥയുടെ ഒഴുക്ക്, താളം, പശ്ചാത്തല സംഗീതം, ആര്‍ട്ട് വര്‍ക്ക് തുടങ്ങിയവയില്‍ ദിരിലിഷ് എര്‍തുറിലിന്റെ അത്ര മികച്ചതല്ല എന്നതാണ് പ്രേക്ഷകരുടെ പൊതുഅഭിപ്രായം. ഏഴ് സീസണുകളുള്ള സീരീസിന്റെ രണ്ടാം സീസണ്‍ നവംബറില്‍ ബ്രോഡ്കാസ്റ്റ് ആരംഭിക്കുമെന്നാണ് ടി.ആര്‍.ടി ചാനലിന്റെ ഔദ്യോഗിക അറിയിപ്പ്.

Also read: ചിന്തകളാൽ വ്യക്തതയേകും വ്യക്തിത്വം

പായിതഹ്ത് അബ്ദുല്‍ ഹമീദ്

ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും അവസാനത്തെ ശക്തനായ ഭരണാധികാരിയായിരുന്ന സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ജീവിതം ആസ്പദമാക്കി സെര്‍ദാര്‍ അകാര്‍ സംവിധാനം ചെയ്ത തുര്‍ക്കിഷ് സീരീസാണ് പായിതഹ്ത് അബ്ദുല്‍ ഹമീദ്. നാല് സീസണുകളിലായി 119 എപ്പിസോഡുകളുള്ള സീരീസ് 2017 ഫെബ്രുവരിയിലാണ് ബ്രോഡ്കാസ്റ്റ് ആരംഭിക്കുന്നത്. ഓട്ടോമന്‍ ചരിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടി.വി ഷോകളില്‍ ഏറെ ശ്രദ്ധേയമായ വര്‍ക്ക് ആണ് പായിതഹ്ത്. തുര്‍ക്കിഷ് ആക്ടര്‍ ആയ ബുലന്റ് ഇനാല്‍ ആണ് അബ്ദുല്‍ ഹമീദിന്റെ വേഷമിട്ടിരിക്കുന്നത്. തിയോഡര്‍ ഹെര്‍സലിന്റെ നേതൃത്വത്തിലുള്ള സിയോണിസം, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായുള്ള ഓട്ടോമന്‍ ഖിലാഫതിന്റെ വിവിധ രാഷ്ട്രീയ തര്‍ക്കങ്ങള്‍, ഖിലാഫത്തുമായി ബന്ധപ്പെട്ട് അറബ് ലോകത്തെ അസ്വാരസ്യങ്ങള്‍ തുടങ്ങിയവ സീരീസിലെ പ്രധാന പ്രമേയങ്ങളായി വരുന്നു.

Related Articles