Art & Literature

മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

ഇന്ന് അറബ് സോഷ്യൽ മീഡിയയിൽ മരിച്ചു പോയ കവികളുടെ പോസ്റ്റുമോർട്ടുവും ഡി എൻ എ ടെസ്റ്റും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വരി പോലും ജീവിതത്തിൽ -അല്ലാഹു വേണ്ടി വെച്ച് – എഴുതാത്ത നിരൂപകന്മാരാണ് ദർവീഷിനെ പോലുള്ളവരെ വീണ്ടും വീണ്ടും മുറിച്ചു കൊണ്ടിരിക്കുന്നത്. പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തിന് വരാത്ത താടിയുടെ സെല്ലുകളും കെടാതെ കത്തിയിരുന്ന സിഗരറ്റുമൊക്കെ വെച്ച് അദ്ദേഹത്തിന്റെ മതമളക്കുകയാണവർ. ദാർശനിക കവി ഇഖ്ബാലിനേയും സൂഫി കവി റൂമിയേയും വെറുതെ വിടാത്തവർ പാവം മഹ്മൂദ് ദർവീഷിനെ വിടുമോ?തന്നെപ്പോലുള്ള മതവിശ്വാസികളെയും നിരീശ്വരവാദികളെയും ഒരുപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുവെന്നതാണ് മഹ്മൂദ് ദർവീഷിനെതിരെ ഇസ്‌ലാമിന്റെ സംരക്ഷക വേഷം കെട്ടിയ ചിലർ ഗറില്ലാ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതിന് ഒരു കാരണം.

മത വേഷം ഹാവഭാവാധികളിൽ നിറഞ്ഞു നില്ക്കുന്ന ഒരു യോദ്ധാവ് ചോദിക്കുന്നു: മഹമൂദ് ദർവീഷിന്റെ യാഥാർത്ഥ്യം എന്താണ്?
നാം ശ്വാസം വിടും മുമ്പ് അയാൾ തന്നെ ഉത്തരം നൽകുന്നു :
“ഈ ദർവീഷ് നിരീശ്വരവാദത്തിൽ നീന്തി കുളിച്ചവനാണ് . അയാളുടെ സത്യം അറിയാത്ത മുഷിഞ്ഞവരോ അജ്ഞരോ അല്ലാതെ അയാളുടെ കവിതകളെ മഹത്വപ്പെടുത്തില്ല “….
ഭാവന പാപമാണെന്ന് വളരെ മുന്നേ ഫത്‌വ ഇറക്കിയിട്ടുള്ള വിഭാഗത്തിൽ നിന്നും ഇതിലും മാന്യമായ നിരൂപണം പ്രതീക്ഷരുതായിരുന്നു.

Also read: പ്രതിരോധത്തിന്റെ വാക്കഗ്നികള്‍

ഈ നിരൂപകരുടെ അപ്പോസ്തലന്മാർ മത വേഷങ്ങളോടെ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചിട്ടുള്ള തെമ്മാടി രാജ്യത്തെ വളരെ നിശബ്ദനായി നേരിട്ടു വെന്നതല്ലാതെ മറ്റൊരു “കുഫ്റും” ഈ കുറിപ്പുകാരന് ആ മഹാകവിയിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇസ്രായേൽ എന്ന ചട്ടമ്പി രാഷ്ട്രം അറസ്റ്റു ചെയ്തവരിൽ നടേ സൂചിപ്പിച്ച മുഫ്തിമാരോ നിരൂപകരോ ഒരു കാരണവശാലും വരാത്തതിൽ നിന്നും ഈ തക്ഫീരി ഫത് വയുടെ ഫാക്ടറി തെൽ അവീവ് പ്രാന്തപ്രദേശത്തെവിടെയോ ആണെന്ന് അനുമാനിക്കാം. മഹ്മൂദ് ദർവീഷിന്റെ കവിതകൾ ശ്ലേഷാർഥങ്ങളും അലങ്കാരങ്ങളും നിറഞ്ഞതുമായത് കൊണ്ട് അനുവാചകന് ഏത് രീതിയിലും “കവി ഉദ്ദേശിച്ചത് ” എന്നയർഥത്തിൽ വ്യാഖ്യാനിക്കാൻ വകുപ്പുണ്ട് .ഉദാഹരണത്തിന് post-modern elements ഉള്ള മഹ്മൂദ് ദർവീഷിന്റെ  ഇലാ ഉമ്മി എന്ന കവിത
(ശരിക്കുള്ള അറബി വരികളാണ് വായിക്കേണ്ടത്. മലയാളികളായ വായനക്കാർക്കു വേണ്ടി അതിന്റെ ചെറിയ പരാവർത്തനം താഴെ കൊടുക്കുന്നു.)

എന്റെ ഉമ്മ

എന്റെ ഉമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു
ഉമ്മയുടെ കാപ്പിക്ക്
അവരുടെ സ്പര്‍ശത്തിന്
നാള്‍തോറും ബാല്യകാലസ്മരണകള്‍
എന്നില്‍ വളര്‍ന്നുവരുന്നു
മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്
ഞാന്‍ അര്‍ഹത നേടിയിരിക്കണം
എന്റെ ഉമ്മയുടെ കണ്ണീരിന്നും.

ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക
നിന്റെ കാലടികളാല്‍ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍
ഞാന്‍ അനശ്വരനായേക്കും,
ഒരു ദൈവമായേക്കും.

ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികള്‍ക്കൊപ്പം ഞാന്‍
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി കണ്ടെത്തട്ടെ.

(മഹ്മൂദ് ദർവീഷ് ജയിലിൽ കിടന്നു എഴുതിയ കവിതയാണിത് .വീട്ടിൽ നിന്നും കൊടുത്തുവിട്ട കാപ്പിയും പലഹാരങ്ങളും വാച്ചർ നിഷ്കരുണം കൊട്ടിക്കളഞ്ഞപ്പോൾ ജയിലിന്റെ മൂലയിൽ എന്നോ വലിച്ച് ഒഴിവാക്കിയ സിഗരറ്റ് കൂടിൽ വിറക്കുന്ന കയ്കളും വിതുമ്പുന്ന ഹൃത്തുമായ് ദർവീഷ് കുറിച്ച വരികൾ.ഉമ്മയേയും അവരുടെ കാപ്പിയേയും തലോടലുകളേയും ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന ഏതാനും വരികൾ. പിന്നീട് ജയിൽ മോചിതനായി ഗസ പട്ടണത്തിലെത്തിയപ്പോഴാണ് ഫലസ്തീനി ജനത അവരുടെ മാതൃഭൂമിയുടെ വീണ്ടെടുപ്പിനുള്ള മുദ്രാവാക്യങ്ങളായ് അതേ വരികൾ ഏറ്റുചൊല്ലുന്നത് കേട്ടത് .ഇതാണ് കവിത ;രചനയോടെ കവി മരിക്കുന്നു (death of author ).അനുവാചകർ ആ വരികളെ നെഞ്ചിലേറ്റുന്നു )

Also read: വ്യക്തിത്വത്തെക്കുറിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ

ഫൈസ് അഹ്മദ് ഫൈസിന്റെ ഹം ദേഖേംഗേ യിലും അതാണ് സംഭവിച്ചത്. സിയാ ഉൽ ഹഖിന്റെ കാലത്ത് മൂപ്പര് ബോധപൂർവ്വമല്ലാതെ എഴുതിയ ലിബറൽ -സെക്കുലർ വരികൾ ഇന്ത്യയിലടക്കമുള്ള കലാലയങ്ങൾ നെഞ്ചിലേറ്റിയതിന് സമീപകാല ഇന്ദ്രപ്രസ്ഥം സാക്ഷി .

ദർവീഷ് തന്റെ പേരിലെ അക്ഷരങ്ങളെ ഏത് രീതിയിലാണ് വായിക്കുന്നത് എന്നതിന് പ്രസ്തുത കവിതയുടെ പരിഭാഷ ഇവിടെ കൊടുക്കാം.

ഭ്രമമാണ് മീമുൽ മുതയ്യമി,
ചിത്തഭ്രമമാണ് മീമുൽ മുതയ്യമി
പരിപൂർണ്ണ മീമുൽ മുതമ്മിമി
മീമുൽ മുയത്തമനാഥമീ
ഭ്രമമാണ് മീമുൽ മുതയ്യമി,
ചിത്തഭ്രമമാണ് മീമുൽ മുതയ്യമി

ആരാമം ഹാഉൽ ഹദീഖത്തി
അനുരാഗം ഹാഉൽ ഹബീബതി.
രണ്ടാഹുമൊന്നിച്ചു ഖേദിച്ചിടും
ഈ രണ്ടാഹുമാശ്ചര്യരായ് തീർന്നിടും .

പരദേശ മണ്ണിലായ് മരണം വരിക്കുവാൻ
കാത്തുകിടക്കുന്ന മീമ്
സാഹസം തേടുന്ന മീമ്
മോഹദീനമായ് മാറുന്ന മീമ്
പൂർണ സജ്ജമായ്‌ തീന്നുരു മീമ്

വിട ചൊല്ലിപ്പോകുന്നു വാവ്
തോട്ടത്തിൻ നടുവിലെ പൂവ്
എവിടെ നിന്നായാലും ജീവൻ തുടിപ്പിച്ച
നാടിനോടുള്ളൊരാ ചായ്വ്

വഴികാട്ടിയാണ് നീ ദാലേ
വഴി തന്നെയാണ് നീ ദാലേ
സ്‌മൃതിപോലും മാഞ്ഞൊരാ വീടിന്റെ മുന്നിലെ
കണ്ണീരു തുള്ളി നീ ദാലേ

(മൊഴിമാറ്റത്തിന് കടപ്പാട് Dr.സ്വബാഹ് ദുന്നൂറൈനോട് )

Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

ഭൂതക്കണ്ണാടിയോടെ കവിതകളിലെ അക്ഷരങ്ങൾ വായിക്കുന്നവർക്ക് ഇനിയും കുഫ്ർ ഫത് വയിറക്കാനുള്ള വകുപ്പ് ഉണ്ട് എന്ന് സൂചിപ്പിക്കാൻ രണ്ട് കവിതകൾ സൂചിപ്പിച്ചുവെന്ന് മാത്രം. ദാർശനികതയെ ഭയക്കുന്ന രോമ മതക്കാർക്ക് ഉറക്കം നഷ്ടപ്പെടുന്ന ചില ബിംബവത്കരണങ്ങൾ മതാർഭാടമില്ലാത്ത ദർവീഷ് കവിതകളിൽ സ്വാഭാവികം.ഏഥൻ നഷ്ടം, ജനനം, ഉയിർത്തെഴുന്നേല്പ്,വിപ്രവാസം,ജന്മഗേഹം നഷ്ടപ്പെട്ടവരുടെ മനോവ്യഥ തുടങ്ങിയവയുടെ രൂപകമായിട്ടാണ്‌ ദർ‌വീഷിന്റെ സൃഷ്ടികളിൽ തന്റെ ജന്മനാട് കടന്നുവരുന്നത്.

1942 മാർച്ച് 13 ന് ഫലസ്തീനിലെ അൽ ബിർവ പ്രവിശ്യയിൽ ജനിച്ച മഹ്‌മൂദ് ദർ‌വീഷ് അറുപത്തി ഏഴാം വയസ്സിൽ ഓഗസ്റ്റ് 9, 2008 അമേരിക്കയിലെ ടെക്സാസിലാണ് മരിക്കുന്നത്.

ആഗോള പ്രശസ്തി നേടിയ “ഐവി ലീഗ്” സർവകലാശാല എന്ന് വിളിക്കപ്പെടുന്ന ഏഴ് പ്രധാന സർവകലാശാലകളിലൊന്നായ റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല, അന്താരാഷ്ട്ര കവി മഹമൂദ് ദർവീഷ് എന്ന പേരിൽ സർവകലാശാലയുടെ ഫലസ്തീൻ പഠന വകുപ്പിന് പേരിട്ടു എന്ന വിവരം ഇതിനോട് ചേർത്ത് വായിക്കുക.

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker