Current Date

Search
Close this search box.
Search
Close this search box.

‘തഹരീള്’ ചെറുത്തുനില്‍പിന്‍റെ കാവ്യ മുഖം

പ്രവാചക കാലത്ത് തന്നെ ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് വിത്തുപാകിയ ദേശമായിരുന്നു കേരളം. പ്രവാചകാനുചുരന്‍ മാലിക് ബിന്‍ ദീനാര്‍ (റ) കോഴിക്കോട് കടപ്പുറത്ത് കപ്പലിറങ്ങിയത് മുതല്‍ തുടങ്ങിയ അതിന്‍റെ അണമുറിയാത്ത ബന്ധം ഇന്നും കേരളത്തിന്‍റെ മതകീയ സംസ്കാരത്തില്‍ ഇഴചേര്‍ന്ന്‌ കിടക്കുന്നു. ചൈതന്യമുറ്റ ഈ മത ബോധം പണ്ഡിത സമൂഹത്തെ വിശിഷ്യാ യമനീ പാരമ്പര്യമുള്ള സൂഫീവര്യരെ കേരളത്തിലെത്തിക്കുന്നതില്‍ കാര്യമായ പങ്ക്‌ വഹിക്കുകയുണ്ടായി.

ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ട്‌ മുതല്‍ തന്നെ ഇന്ത്യന്‍ മഹാ സമുദ്രം വഴി മലബാര്‍ തീരങ്ങളിലേക്ക്‌ സൂഫികളുടെ ആഗമനത്തിന് തുടക്കമായിരുന്നു.
ആദ്യ കാലത്ത് കച്ചടവാര്‍ത്ഥം കേരളക്കരയിലേക്ക്‌ എത്തിച്ചേര്‍ന്ന അറബികള്‍ക്ക്‌ ഊഷ്മളമായ സ്വീകരണം നല്‍കുകയും കേരളത്തില്‍ തന്നെ സ്ഥിര താമസമാക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്‌ മുമ്പ്‌ തന്നെ കേരളത്തില്‍ ഖാദിരി, നഖ്‌ശബന്തി, സഹ്‌റവര്‍ദി കാസറൂനി പോലെയുള്ള ത്വരീഖത്തുകള്‍ വേരുറച്ചിരുന്നു.ഖാസീ മുഹമ്മദിന്‍റെ മുഹ്‌യുദ്ദീന്‍ മാലയും മഖ്‌ദൂം  ഒന്നാമന്‍റെ അദ് കിയയും രചിക്കപ്പെടുന്നതിന്‍റെ മുമ്പ്‌ തന്നെ മലബാര്‍ സൂഫികളുടെ സിരാ കേന്ദ്രമായിത്തീർന്നിരുന്നു എന്ന് വേണം വായിച്ചെടുക്കാന്‍. യമനീ പാരമ്പര്യമുള്ള പണ്ഡിതര്‍ക്കായിരുന്നു എന്നും ജനസ്വീകാര്യതയുണ്ടായിരുന്നത്‌. കേരള തീരത്തണിഞ്ഞ സൂഫീ വര്യര്‍ വൈകാതെ തന്നെ ജനപിന്തുണയാര്‍ജിക്കുകയും മാപ്പിളമാരുടെ രാഷ്ട്രീയ നേതൃത്തിലെത്തുകയും ചെയ്തു.

ദീനിന്‍റെ അന്തസത്ത മുറുകെ പിടിച്ച ആദ്യ കാല സൂഫികള്‍ കേരളത്തിലെ മുസ്ലിം മത വിശ്യാസികളുടെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ  മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്തു.
മാപ്പിള മുസ്സിംക ളുടെ എല്ലാ വിഷമ ഘട്ടങ്ങളിലും തണലായി കൂടെ നിന്ന സൂഫികള്‍ പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കെളോണിയല്‍ ശക്തികള്‍ക്കെതിരെ ശക്തമായി ചെറുത്തു നില്‍ക്കുകയും ഈ ചെറുത്തു നില്‍പ്പ് മാപ്പിളമാരെ ബൂദ്ധിമുട്ടിച്ച സാമ്രാജത്വ ശക്തികള്‍ക്കെതിരെ ഭരണ വിരുദ്ധ കൃതികള്‍ രചിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വാസ്കോഡ ഗാമയുടെ നേത്രത്തിലെത്തിയ പറങ്കികളുടെ കിരാതവും മുസ്ലിം വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹരീള് ആയിരുന്നു ഇതില്‍ പ്രഥമ ഗ്രന്ഥം. കേരളത്തില്‍ ആദ്യമായെത്തിയ വിദേശ ശക്തികളുടെ പ്രാഥമിക ലക്ഷ്യം മനസ്സിലാകാതെ അന്ധാളിച്ച് നിന്ന മാപ്പിളമാരെ തങ്ങളുടെ ക്രൂര നിയമങ്ങള്‍ക്ക്‌ ബലിയാടാക്കുകയും ഇതില്‍ മനംനൊന്ത മുസ്ലീങ്ങള്‍ അഭയം തേടിയിരുന്നത്‌ അന്നത്തെ മത നേതാവും പൊന്നാനി കേന്ദ്രമായി മത വിജ്ഞാനം നടത്തിയിരുന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ അടുക്കലേക്കായിരുന്നു.

Also read: ഈ സൗഹൃദം ഇന്ത്യ ഭയക്കേണ്ടതുണ്ട്

തഹ്‌രീള്; ആദ്യ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ

പോര്‍ച്ചുഗീസ് പടയെ കേരളക്കരയില്‍ നിന്ന് തുരത്തിയോടിക്കാന്‍ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച കാവ്യമാണ് തഹ്‌ രീള്. വിദേശികള്‍ക്കെതിരെ ഭരണ വിരുദ്ധ വികാരം സൃഷ്ടിച്ച് മാപ്പിളമാരെ സമരത്തിനിറക്കുകയായിരുന്നു ഈ കൃതിയുടെ  ലക്ഷ്യം. എന്നാല്‍ തന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍  രചയിതാവ്  വിജയിച്ചിട്ടുണ്ട് എന്നത് ചരിത്രം.  സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ വാക്കുകളില്‍ ആകൃഷ്ടരായ മാപ്പിള വിഭാഗം കൈമെയ്യ് മറന്ന് പോരാട്ടത്തിനിറങ്ങുകയായിരുന്നു. ആകെ നൂറ്റി എഴുപത്തി ഏഴ് വരികളാണ്‌ തഹ് രീളിലുള്ളത്.

തഹ് രീളു അഹ് ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തിസ്സുല്ബാന്‍ എന്ന ഗ്രന്ഥ നാമം.   കുരിശു ആരാധകര്‍ക്കെതിരെ വിശ്യാസികളെ പോരാട്ടത്തിന് പ്രേരിപ്പിക്കുക എന്നാണ് ഗ്രന്ഥത്തിന്‍റെ അര്‍ഥം. അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം എന്നാണ് രചിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകളില്ലെങ്കിലും പോര്‍ച്ചുഗീസ് നാവികത്തലവന്‍ വാസ്കോഡ ഗാമയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ വരവിന് ശേഷമാണെന്നാണ് കരുതപ്പെടുന്നത്. തന്‍റെ രണ്ടാമത്തെ വരവിന് ശേഷം മുസ്ലിം വിശ്വാസികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് ശക്തിയേറിയതാണ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനെ ഇത്തരത്തിലൊരു കൃതി രചിക്കുന്നതിലേക്ക് നയിച്ചത് എന്ന് വേണം കരുതാൻ. സൈനുദ്ധീന്‍ മഖ്ദൂം വഫാത്താകുന്നത് ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒന്നിലായിരുന്നു. ആയിരത്തി അഞ്ഞൂറ്റി ഇരുപത് ആകുമ്പോഴേക്കും മുസ്ലീങ്ങള്‍ നാവിക ആധിപത്യം നേടിക്കഴിഞ്ഞിരുന്നുവെന്ന പോര്‍ച്ചുഗീസ് ജനറല്‍ കമാന്‍ഡറായിരുന്ന അഫോന്‍സോ ഡി അല്‍ ബുക്കര്‍ക്കെയുടെ വാക്കുകള്‍ക്കൂടി,  ചേര്‍ത്ത് വായിക്കുമ്പോള്‍ തഹരീള് കോളോണയല്‍ കാലത്തെ മാപ്പിളമാരെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.

തന്‍റെ രചന കഴിഞ്ഞ ഉടനെ സൈനുദ്ദീന്‍ മഖ്ദൂം  ഇതിന്‍റെ കോപ്പികള്‍ കേരളത്തിലെ വിവിധ പള്ളികളിലേക്കും, തുര്‍ക്കി ഈജിപ്ത് തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലേക്കും അയച്ച് കൊടുക്കുകയായിരുന്നു.  അവിടങ്ങളിലെ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിച്ച് കൊണ്ടയിരുന്നു ഇത്.

Also read: മനുഷ്യനും യന്ത്രവും തമ്മിലുള്ള സംഘട്ടനമാണ് റോബോട്ടിന്റെ സാമ്പത്തിക തന്ത്രം

നാവിക സേനയിലെ വമ്പന്‍ ശക്തികളായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍മാരുടെ കുടുംബത്തെ പോരാട്ട വീഥിയില്‍ ഇറക്കുന്നതിന് സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ കൃതി പ്രേരകമായിട്ടുണ്ടെന്നും മനസ്സിലാക്കാം.  ആത്മീയ നേതാവായി പൊന്നാനിയില്‍ ദര്‍സ്‌ നടത്തിക്കൊണ്ടിരുന്ന കാലത്ത് മഖ്ദൂമിന്‍റെ ശിഷ്യനായിരുന്നു കുഞ്ഞാലി മരയക്കാര്‍. ഈ കാലത്ത് ഗുരുവില്‍ നിന്ന്‌ സ്വായത്തമാക്കിയതായിരുന്നു ഈ പോരാട്ട വീരം.

തഹ് രീളിന്‍റെ ആദ്യ ഭാഗങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ മലബാറിലെ മാപ്പിളമാരോട് കാണിച്ച കണക്കില്ലാത്ത ക്രൂരതകളെ കുറിച്ച് രചയിതാവ് വിലപിക്കുന്നുണ്ട്. ആദ്യ ഭാഗങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത് :  അവര്‍ മാപ്പിളമാരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയും സ്ത്രീകളെ ബലാല്‍കാരം ചെയ്യുകയും മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിനെ അഗ്നിക്കിരയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവരുടെ ചെയ്തികള്‍ അതിര് കടക്കുകയും അവര്‍ പ്രതികാരം ചെയ്യപ്പെടേണ്ടവരുമാകുന്നു.

യുദ്ധ പ്രേരക വരികള്‍

മറ്റു അറബി കാവ്യ ഗ്രന്ഥങ്ങളെ പോലെ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചും അവന്‍റെ പ്രവാചകന് അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച കൊണ്ട് തന്നെയാണ് തഹ് രീളും തുടങ്ങുന്നത്‌. തുടക്കം മുതല്‍ കാവ്യത്തിന്‍റെ അവസാന ഭാഗം വരെയും അധിനിവേശ ശക്തികളോടുള്ള ശക്തമായ എതിര്‍പ്പ് കവി പ്രകടിപ്പിക്കുന്നുണ്ട്. അധിനിവേശ വിദേശികള്‍ക്കെതിരെ പടപൊരുതന്നത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണെന്ന് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തഹ് രീളില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

 

Related Articles