Current Date

Search
Close this search box.
Search
Close this search box.

പേർഷ്യൻ കലിഗ്രഫിയും പൗരാണിക ഡൽഹിയും

അതിർത്തികൾ കവിഞ്ഞൊഴുകിയ ഒരു സംസകാരത്തെ അടുത്തറിയാൻ എന്നെ സഹായിച്ച ഇന്ത്യയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് ഇന്നത്തെ ഡൽഹി നഗരം. മുസ്ലിം പൈതൃകങ്ങളുടെ പെരുമയും ഗരിമയും നിറഞ്ഞു നിന്ന പ്രദേശം. പൗരാണിക ദൽഹി നഗരത്തിൻറെ നിർമ്മിതികളുടെ ബാഹുല്യത്തെക്കാൾ അവയിൽ സന്നിവേശിപ്പിച്ച കലാമൂല്യമുള്ള, അതിവിശിഷ്ടങ്ങളായ പ്രത്യേകതകളെ അടുത്തറിയാനും പഠിക്കുവാനും ശ്രമിക്കുമ്പോൾ നമ്മെ കാത്തിരിക്കുന്ന വിസ്മയങ്ങൾ നിരവധിയാണെന്ന് നിസ്സംശയം പറയാം.

ലോകത്ത് ഇന്ന് ഏറെക്കുറെ എല്ലാ ഭാഷകളും കലിഗ്രഫി എന്ന എഴുത്ത് രീതിയുടെ വിഭിന്നങ്ങളായ സ്വഭാവ വൈചാത്യങ്ങളെ ഉൾകൊണ്ട് മുന്നോട്ട് പോയി കഴിഞ്ഞു. അവയിൽ അറബി ഭാഷ കലിഗ്രഫി മേഖലയിൽ പുതുമകളവതരിപ്പിച്ച് മുന്നേറി. ഇന്ത്യയിലും ഡൽഹി കേന്ദ്രീകരിച്ച് നിരവധിയായ കലാമൂല്യമുള്ള നിർമ്മിതികളും വ്യക്തികളും ഉയർന്നു വന്നു. എന്നാൽ അറബി ഭാഷ നേടിയെടുത്ത കലിഗ്രഫിയിലെ ഈ അപ്രമാദിത്യം പേർഷ്യൻ ഭാഷയിലെ കലാവിഷ്കാരങ്ങളുടെ തിളക്കത്തെ ചെറുതായിട്ടൊന്നുമല്ല മങ്ങലേൽപ്പിച്ചത്. അതിൽ പലപ്പോഴും മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഭാഗമാണ് ‘പേർഷ്യൻ കലിഗ്രഫി’.

Also read: ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

പേർഷ്യൻ ഭാഷ അറബി അക്ഷരങ്ങളെ സ്വീകരിച്ചപ്പോൾ പേർഷ്യൻ എഴുത്ത് ശൈലികളെ അറബി ഭാഷ മുഴുവനായും ഉൾകൊള്ളുകയായിരുന്നു. കണ്ണുകളെ റാഞ്ചിയെടുക്കുന്ന എഴുത്തു രീതിയിലെ വശ്യതയുടെ പുതിയ തലങ്ങൾ പേർഷ്യൻ കലിഗ്രഫിയിലൂടെ അവതരിപ്പിക്കപ്പെട്ടു. പേർഷ്യൻ എഴുത്ത് രീതിയുടെ വകഭേദങ്ങളിൽ എടുത്ത് പറയേണ്ടതാണ് ‘നസ്തലീക്’ (خط النستعليق) എന്ന എഴുത്ത് ശൈലി. 14, 15 നൂറ്റാണ്ടുകളിൽ ഇറാനിൽ രൂപപ്പെടുകയും പിന്നീട് പേർഷ്യൻ ഭാഷ തന്നെ സ്വയമേ സ്വീകരിക്കുകയും ചെയ്ത എഴുത്ത് ശൈലിയാണ് നസ്തലീഖ്. നസ്തലീക് പൊതുവെയും അറബി, പഞ്ചാബി, കാശ്മീരി, പേർഷ്യൻ ഭാഷകളിലാണ് ഉപയോഗിക്കുന്നതെങ്കിലും ഉറുദു ഭാഷയിലാണ് പ്രസ്തുത എഴുത്ത് ശൈലിക്ക് കൂടുതൽ സ്വീകാര്യത കൈവന്നത്. നസ്തലിക് എഴുത്ത് ശൈലിക്കും വ്യത്യസ്തമായ ബഹുമുഖ വർണ്ണങ്ങൾ കാലാന്തരത്തിൽ കൈവന്നിട്ടുണ്ട്. ഖത്ത് ശികസ്ത്ത്, ഖത്ത് തഅലീഖ്, ഖത്തുൽ ഫാരിസി തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. ബാഹ്യ രൂപങ്ങളിൽ പ്രകടമാക്കേണ്ടതല്ല യഥാർത്ഥത്തിൽ കലിഗ്രഫിയുടെ ഭംഗിയെന്ന് സാന്ദർഭികമായി ഇവിടെ പറഞ്ഞു വെക്കട്ടെ.

ഡൽഹിയിലെ സൂഫി പ്രധാനിയായിരുന്ന ഖുതുബുദ്ധീൻ ബഖ്തിയാർ കാക്കിയുടെ ദർഗ നിലകൊള്ളുന്ന പ്രദേശത്ത് കാണപ്പെട്ട പേർഷ്യൻ ഭാഷയിൽ, നസതലിക് ശൈലിയിൽ എഴുതിയ പേർഷ്യൻ കവിത പേർഷ്യൻ കലിഗ്രഫിയുടെ പ്രാചീന ഈടുവെപ്പുകളിൽ പ്രധാനപ്പെട്ടതാണ്. വെള്ള മാർബിൾ ഫലകത്തിൽ കറുത്ത കല്ലുകൾ ഉപയോഗിച്ചാണ് കവിത എഴുതിയിരിക്കുന്നത്. ഇന്ന് പലഭാഗവും, വായിച്ചെടുക്കാൻ പ്രയാസമാവുന്ന നിലയിലേക്ക് കാലഹരണപ്പെട്ട് പോയിരിക്കുന്നു. ഷേർശാ സൂരിയുടെ കാലത്ത് എഴുതപ്പെട്ട മറ്റൊരു പേർഷ്യൻ കവിതയും ഇതേ കലിഗ്രഫി ശൈലിയിൽ പ്രസ്തുത ദർഗയുടെ മുൻവശത്ത് സന്ദർശകർക്ക് കാണാം. ഡൽഹിയിലെ അതിപ്രസിദ്ധമായ നിസാമുദ്ധീൻ ദർഗയിലും അതിവിശിഷ്ട സ്വഭാവത്തിലുള്ള പേർഷ്യൻ കലിഗ്രഫി നമ്മുക്ക് ആസ്വദിക്കാം. ദർഗയുടെ ഒരു ഭാഗത്ത് വെള്ള മാർബിളിൽ എഴുതപ്പെട്ട പേർഷ്യൻ കലിഗ്രഫി, ഷാജഹാൻറെ മൂത്ത മകൾ ജഹനാരയുടെ ശവകുടീരത്തോട് ചേർത്ത് എഴുതപ്പെട്ടതാണ്. ‘الحي القيوم ‘ എന്ന് അറബി ഭാഷയിൽ എഴുതിയതിന് ശേഷം പേർഷ്യൻ കലിഗ്രഫിയിൽ, അതേ ഭാഷയിൽ തന്നെ എഴുതിയ വാചകങ്ങൾ തുടർന്ന് വരുന്നതായി കാണാം. മറ്റൊന്ന് ‘മുഹകഖ് ‘ എന്ന അറബി എഴുത്തു രീതിയിൽ പേർഷ്യൻ ഭാഷയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ ഡൽഹിയിലെ തുർക്ക്മാൻ ഗൈറ്റിനടുത്തുള്ള കാലി കലാൻ പള്ളിയോട് ചേർന്ന് കാണാം. ഡൽഹിയിൽ സിക്കന്ദർ ലോധി 1494  നിർമ്മിച്ച ബാറാ മോസ്ക്കിലെ മിഹ്റാബിൽ എഴുതപ്പെട്ട പേർഷ്യൻ കവിതകൾ, ഖുതുബ് കോംപ്ലക്സിനകത്ത് നിർമ്മിക്കപ്പെട്ട ജമാലി കമാലി പള്ളിയുടെ ഉൾവശം തുടങ്ങിയ ഇടങ്ങളിലെല്ലാം കാണുന്ന പേർഷ്യൻ എഴുത്ത് ശൈലികൾ ഒരു വേള ഡൽഹിയിലെ പൗരാണിക പേർഷ്യൻ ചരിത്രത്തെ അടുത്തറിയാൻ പോലും നമ്മെ സഹായിക്കും.

Also read: പരീക്ഷിക്കപ്പെടുന്നതെപ്പോഴും ഞാൻ മാത്രമോ ?

ഡൽഹിയിലെ പല നിർമ്മിതികളിലും കൊത്തിവെച്ച കലിഗ്രഫി ആരുടേതാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ചിലതെല്ലാം നമ്മുക്ക് കണ്ടെത്താം. കലിഗ്രഫി എഴുതിയ വ്യക്തിയുടെ പേര്, വർഷം, ഒപ്പ് എന്നിവ എഴുത്ത് തീരുന്നിടത്ത് പ്രത്യേക രീതിയിൽ വരച്ചിട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പൗരാണിക ഡൽഹിയുടെ ഓരോ മിടിപ്പിലും അനുഭവിച്ചറിയാവുന്ന ഇസ്ലാമിക തനതു കലാവൈവിധ്യങ്ങൾ ഇനിയും പൂർണ്ണമായി തിട്ടപ്പെടുത്താൻ ചരിത്രത്തിന് പോലും കഴിഞ്ഞിട്ടില്ല. ഗഹനമായ പഠനങ്ങൾ നടക്കേണ്ട കലിഗ്രഫിയിലെ പ്രധാന ഭാഗമായി തന്നെ പേർഷ്യൻ കലിഗ്രഫിയെ മനസ്സിലാക്കാൻ നമ്മുടെ വരും തലമുറകൾക്ക് കഴിയണം.

Related Articles