Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ ഹദിയ്യ

ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഏറ്റവും മികച്ച ഹ്രസ്വചിത്രമേതെന്ന് ആരെങ്കിലും ചോദിച്ചാൽ കഴിഞ്ഞാഴ്ച ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫലസ്തീൻ ചിത്രമായ ഹദിയ്യ (പ്രസന്റ് ) (The Present) ആണെന്ന് നിസ്സങ്കോചം പറയാൻ കഴിയും. സംവിധാനം ചെയ്തത് യുവ സംവിധായികയായ ഫറഹ് അൻനാബുൽസിയാണ്. ഇത് അഞ്ചാം തവണയാണ് ഒരു ഫലസ്തീൻ ഷോട്ട് ഫിലിം ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ഹിന്ദ് ശൗഫാനിയാണ് സഹസംവിധായിക . ഇസ്രായേലി അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു പിതാവ് തന്റെ മകളോടൊപ്പം അവളുടെ ഉമ്മാക്ക് ഒരു സർപ്രൈസ് വിവാഹ വാർഷിക സമ്മാനം വാങ്ങാൻ നഗരാതിർത്തിയിലേക്ക് പോവുന്നതാണ് 25 മിനിറ്റുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ കഥാതന്തു. തുടർന്ന് ചെക്ക് പോയിന്റുകളിൽ അവരനുഭവിക്കുന്ന മൃഗീയ പീഡനങ്ങൾ ഇസ്രായേൽ അധിനിവേശത്തിന്റെ കീഴിലുള്ള ഫലസ്തീനികളുടെ നരകതുല്യമായ ജീവിതത്തിന്റെ പ്രസന്റ് / വർത്തമാനത്തിലേക്കും വെളിച്ചം വീശുന്നു.സമ്മാനമെന്നും വർത്തമാനകാലമെന്നും ദ്വയാർഥമുള്ള പ്രസന്റ് എന്ന നാമധേയം ആകസ്മികമല്ല എന്നാണ് ഹുസാം ആസി പറയുന്നത്. ബി.ബി സി യുടെ അറബ് സിനിമാ വിശാരദനായ ഹുസാം ആസി സംവിധായക ഫറഹുമായി ഈയിടെ സവിസ്തരം സംസാരിച്ചിരുന്നു . (ഇന്റർവ്യൂ യൂട്യൂബിലുണ്ട് )

ഫലസ്തീൻ കലാകാരന്മായ സ്വാലിഹ് ബക്രി, മർയം കഞ്ച്, മർയം ബാഷ എന്നിവരാണ് അഭിനേതാക്കൾ. 2021 മാർച്ച് 18 നാണ് സിനിമ റിലീസാവുന്നത്. ഇതെഴുതുന്നതുവരെ മികച്ച വർത്തമാനകാല ചിത്രത്തിനുള്ള അക്കാദമി അവാർഡിനും മികച്ച ഹ്രസ്വചിത്രത്തിനുള്ള ബാഫ്റ്റ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു കഴിഞ്ഞു. ക്ലാരെമോണ്ട്-ഫെറാണ്ട് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡ്, ക്ലീവ്‌ലാന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഷോർട്ട് ഫിലിം അവാർഡ് എന്നിവക്കും നാമനിർദ്ദേശം ലഭിച്ചു കഴിഞ്ഞതിന് ശേഷമാണ് സിനിമ ഓസ്കാർ മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്.ഇതിലെ ഓരോ ഭാഗവും ഫലസ്തീനിലെ പരമ്പരാഗത തൊഴിൽ രീതികളെയും അവിടെ അഭംഗുരം നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സൂക്ഷ്മമായി ചിത്രീകരിക്കുന്നു.കലയിലൂടെ ലോകത്തേക്ക് ഫലസ്തീൻ പ്രശ്നവും എത്തിക്കാനുള്ള മാർഗമായി സംവിധായക ഈ സിനിമ ഉപയോഗിച്ചുവെന്ന് നിസ്സംശയം പറയാം.

“നമ്മുടെ കല, കഠിനാധ്വാനം, വിയർപ്പ്, രക്തം, കണ്ണുനീർ എന്നിവ ലോകം തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുമ്പോൾ അത് നല്ലതല്ലേ?” എന്നാണ് ഓസ്കാറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ കുറിച്ച് സംവിധായകക്ക് പറയാനുള്ളത്. ” ജീവിത യാത്രയുടെ ദുഃഖകരമായ ചില നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ദുഃഖം കുറക്കു”മെന്നാണ് സഹ സംവിധായകയായ ഹിന്ദ് പ്രതികരിക്കുന്നത്. അഥവാ ശരാശരി ഫലസ്തീനിയുടെ നേർരേഖാ ചിത്രമാണിതെന്നാണ് രണ്ട് മഹിളാരത്നങ്ങളും പറഞ്ഞു വെക്കുന്നത്.

1990 കളിലെ പലസ്തീൻ പ്രക്ഷോഭത്തിന്റെയും ഇൻതിഫാദയുടേയും തൊട്ടുപിന്നാലെ, ഫറഹ് നാബുൽസി വെസ്റ്റ് ബാങ്ക് സന്ദർശിക്കുന്നതിന് ബ്രിട്ടനിൽ നിന്ന് വരുമ്പോൾ അതിർത്തിയിൽ അനുഭവിച്ച മൃഗീയമായ പൗരത്വ പരിശോധനയാണ് ഫിലിമിന്റെ സ്റ്റെമെന്ന് ഫറഹ് സമ്മതിക്കുന്നു. പിതാവിന് യൂറോപ്പിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിട്ടുള്ളത് കൊണ്ട് സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രകൾ കൗമാരക്കാരിയായിരുന്ന ഫറഹ്ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ്. അതോടൊപ്പം സ്വന്തം നാട്ടിലെത്തിയാലുള്ള പോലീസ് ചെക്കിങും ഐബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുമെല്ലാം വികസിപ്പിച്ചാണ് ഇത്തരമൊരു ഹൃസ്വചിത്രത്തിന് കഥാകാരി ഉദ്യുക്തയാവുന്നത്.

വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ കുടുംബങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വെളിച്ചം വീശുന്നുണ്ട് സിനിമയിൽ. “അവിടുത്തെ സ്ഥിതിഗതികൾ കുറെയൊക്കെ ചെറുപ്പത്തിലേ മനസ്സിലായെന്നാണ് ഞാൻ വിചാരിച്ചിരുന്നത് .. പക്ഷേ, എന്റെ കണ്ണുകൾ കൊണ്ട് പിന്നീട് കണ്ട കാഴ്ചകൾ കൂടി രേഖപ്പെടുത്തിയതാണ് ഈ വിനീത ശ്രമം ” ഫർഹ് പറഞ്ഞു നിർത്തി. ഫലസ്തീൻ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇസ്രായേൽ 2002 ൽ സൈന്യം സ്ഥാപിച്ച നിരവധി ചെക്ക്‌പോസ്റ്റുകളെയും വെസ്റ്റ് ബാങ്കിലെ വിഭജന മതിലിനെയും ഫറഹ് ഇവിടെ പ്രത്യേകം ചിത്രീകരിക്കുന്നുണ്ട്. “ഭൂമിയെ രണ്ടാക്കുന്ന, കുടുംബങ്ങളെ മുറിച്ചുമാറ്റുന്ന , കണ്ണീർ മതിൽ” എന്നാണ് വിശേഷിപ്പിക്കുന്നത്. 10 വയസ്സുകാരിയായ മർയയെ കൊണ്ട് ആ ദാർശനികച്ചുവയുള്ള ഡയലോഗ് പറയിക്കാൻ അണിയറ പ്രവർത്തകരുടെ അധ്വാനം നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ.

തന്റെ ചിത്രത്തിൽ, ഈ അവസ്ഥകളുടെ ചിത്രം വരയ്ക്കുന്നത് ഫലസ്തീനീ പിതാവായ “യൂസഫി”ലൂടെയാണ്. അഥവാ കഥാപാത്രത്തിന്റെ പേര് പോലും ചരിത്രത്തിൽ നിന്ന് കടമെടുത്ത് വർത്തമാന കാലത്തെ/ പ്രസന്റിനെ ഭൂതവുമായി ബന്ധിപ്പിക്കുന്ന ഒരു രസതന്ത്രം വികസിപ്പിച്ചെടുക്കുന്നുണ്ട് ധീരകളായ സംവിധായകർ .വിഭജന മതിലിന്റെയും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റുകളുടെയും ലക്ഷ്യം ഇസ്രായേൽ നഗരങ്ങളിലെ തീവ്രവാദ ആക്രമണങ്ങൾ തടയുകയെന്നാണ് ജൂത അധിനിവേശ ശക്തികൾ “നായീകരിച്ച്” പറയുന്നത്.

പൂർണമായും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രമെന്നർഥം.വർഷങ്ങളായി കഥാകാരിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ ഹെബ്രോൻ / ഖലീലിൽ താമസിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗവും ചെക്ക് പോയന്റുകളിലാണ്. അക്ഷരാർത്ഥത്തിൽ അദ്ദേഹം റോഡിൽ താമസിക്കുന്നുവെന്ന് പറയാം, കാരണം അയാളുടെ വീട്ടിൽ നിന്ന് 80 മീറ്റർ അകലെ ഒരു ചെക്ക് പോയിന്റ് ഉണ്ട്. രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴും വരുമ്പോഴും പൗരത്വം തെളിയിക്കേണ്ടി വരുന്ന ഒരു സ്വദേശിയെ ഒന്ന് സങ്കല്പിച്ച് നോക്കൂ.

ചുരുക്കിപ്പറഞ്ഞാൽ ഈ ചിത്രം മുച്ചൂടും ഫറഹ് നാബുൽസിയുടെയും ഹിന്ദ് ശൗഫാനിയുടേയും ജീവിതമാണ്. 1948 ലേയും 1967 ലേയും ഇസ്രായേൽ അധിനിവേശ ചരിത്ര പഠനത്തിന്റെ അധിക വായനക്ക് ചരിത്ര വിദ്യാർഥികൾ നിർബന്ധമായും കാണേണ്ട ഒരു ദൃശ്യ വിസ്മയമാണ് ദി പ്രസന്റ്. അതേ സമകാലിക ലോകത്തിനുള്ള ഒരു ഫലസ്തീനിയൻ ഹദിയ്യ .

#ThePresent

Related Articles