Art & Literature

ഉറുദു ബസാറില്‍ നിന്ന് കളമൊഴിയുന്ന പരമ്പരാഗത ഖത്താതികള്‍

ഏതൊരു രാജ്യത്തും പഴമയുടെ ഓര്‍മ്മകള്‍ അയവിറക്കി സന്ദര്‍ശക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു നഗര സമുച്ചയം തലയുയര്‍ത്തി നില്‍ക്കുന്നുണ്ടാവും. ഡല്‍ഹിയിലെ അതിപുരാതന ഡല്‍ഹി (പുരാണ ഡല്‍ഹി) അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ പ്രധാന നഗര ഭാഗമാണ്. ഇന്നത്തെ പുരാതന ഡല്‍ഹിയിലെ ഓരോ തെരുവും ഗല്ലിയും സന്ദര്‍ശകര്‍ക്ക് മുമ്പിലും തുറന്നു വെക്കുന്നത് വ്യത്യസ്ത രുചിയും മണവുമുള്ള അനുഭവങ്ങളായിരിക്കും.

ജമാ മസ്ജിദിന്റെ ചുവടു പിടിച്ചു പടര്‍ന്നു പന്തലിച്ച മുഗളായി ഭക്ഷണ ശാലകള്‍ ഒരു ഭാഗത്തുണ്ടെങ്കില്‍, ഊദ്-അത്തര്‍ശാലകള്‍ മുതല്‍ പൗരാണിക ഗ്രന്ഥശേഖരങ്ങള്‍ വരെ ആകര്‍ഷകമായ പേരുകളില്‍ തെരുവുകളില്‍ അങ്ങിങ്ങായി കാണാം. അതില്‍ പ്രധാന തെരുവുകളിലൊന്നാണ് ഉറുദു ബസാര്‍. ജമാ മസ്ജിദിന്റെ ഏറ്റവും പൗരാണികവും എന്നാല്‍ പരമ്പരാഗത തൊഴില്‍ശാലകള്‍ നിലനില്‍ക്കുന്നതുമായ പ്രധാന ഭാഗങ്ങളിലൊന്നാണ് ഉറുദു ബസാര്‍. ഖുതുബ ഖാനകള്‍ (ലൈബ്രറികള്‍) നിറഞ്ഞു നില്‍ക്കുന്നതു കൊണ്ട് തന്നെ ഉറുദു ബാസാര്‍ എന്നാണ് പുരാതന ഡല്‍ഹിയിലെ ഈ പ്രധാന തെരുവ് അറിയപ്പെടുന്നത്. ഉറുദു, അറബിക്, പേര്‍ഷ്യന്‍, കാശ്മീരി, പഞ്ചാബി ഭാഷകളില്‍ ഇന്ത്യയില്‍ പേരെടുത്ത നിരവധി പുസ്തക പ്രസിദ്ധീകരണ ശാലകള്‍ ഉറുദു ബസാറിന്റെ പ്രത്യേകതയാണ്.

1857ലെ ഒന്നാം സ്വാതന്ത്ര സമരാനന്തരം ഉറുദു ബസാര്‍ ഉള്‍പ്പെടെ പുരാതന ഡല്‍ഹിയുടെ പ്രധാന മാര്‍ക്കറ്റ് സമുച്ഛയങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. ഡല്‍ഹിയെ തന്റെ ഹൃദയത്തോട് ചേര്‍ത്ത മിര്‍സാ ഗാലിബ് ഒന്നാം സ്വതന്ത്ര സമരാനന്തരം ഉറുദു ബസാറിനെക്കുറിച്ച് പറയുന്നതിപ്രകാരമാണ് ‘എവിടെയാണ് ഉറുദു ഭാഷ? ഉറുദു ബസാറും മറ്റു പൗരാണിക മാര്‍ക്കറ്റുകളും ഇന്നിവിടെയില്ല’. ബഹളമയം നിറഞ്ഞ അന്തരീക്ഷം തന്നെയാണ് ജമാ മസ്ജിദ്ന്റെ പരമ്പരാഗതവും പൗരാണികവുമായ നഗര കാഴ്ചകളെ ജീവിപ്പിച്ചു നിലനിര്‍ത്തുന്നത് എന്ന് വേണമെങ്കില്‍ പറയാം. ഉറുദു ബസാറിനോളം ഡല്‍ഹിയുടെ ചരിത്രത്തെ അടുത്തറിഞ്ഞവരാണ് ജമാ മസ്ജിദിന്റെ തെരുവുകളില്‍ എഴുത്ത്കലയുടെ കുലപതികളായ പരമ്പരാഗത കുത്താബുകള്‍/ഖത്താതികള്‍ (എഴുത്തുകാര്‍).

എഴുത്തുകാര്‍ എന്ന കേവല പ്രയോഗത്തില്‍ ഒതുക്കി നിര്‍ത്തേണ്ടവരല്ല ഇക്കൂട്ടര്‍. അറബി, പേര്‍ഷ്യന്‍, ഉറുദു എന്നീ പ്രധാനപ്പെട്ട ഭാഷകളില്‍ പൗരാണിക ഇസ്ലാമിക കാലിഗ്രഫി ലിബികളെ അതിന്റെ തന്മയ് ഭാവത്തോടെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ മെയ്‌വഴക്കം സിദ്ധിച്ചവരാണ് ഇക്കൂട്ടര്‍. സാങ്കേതിക വിദ്യ അത്രയൊന്നും മേല്‍ക്കൈ നേടാത്ത കാലത്ത് ഖത്ത് ദിവാനി, ഖത്ത് കുഫി, ഖത്ത് സുലുസു, ഖത്ത് റുക തുടങ്ങിയ ശൈലികളില്‍ ഡല്‍ഹിയില്‍ നിന്ന് ഇറങ്ങിയിരുന്ന പ്രമുഖ ഉറുദു, ഹിന്ദി പത്ര മാഗസിനുകളില്‍ വന്നിട്ടുള്ള പരസ്യ വാചകങ്ങളില്‍ ഇവരുടെ കയ്യൊപ്പു പതിയാത്ത മേഖലകള്‍ വളരെ വിരളമായിരുന്നു. എഴുത്തു കലയുടെ സുവര്‍ണ്ണ കാലഘട്ടം പറഞ്ഞു തരാന്‍ കഴിയുന്ന പ്രഗത്ഭരായ കുത്താബുകള്‍ ഇന്ന് ഏറെക്കുറെ കളമൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. നൂതന സാങ്കേതിക വിദ്യ അത്ര മേല്‍ വികാസം പ്രാപിച്ചപ്പോഴും പരമ്പരാഗത എഴുത്തു മേഖലയിലെ കയ്യെഴുത്ത് ശാലകള്‍ തനത് ശൈലികള്‍ നിലനിര്‍ത്തി മുന്നോട്ടു പോവാനാണ് ആഗ്രഹിച്ചത്.

ഡല്‍ഹിയിലെ ഓഖ്ലയിലെ താമസക്കാരനാണ് 62 വയസ്സ് പ്രായമുള്ള മുഹമ്മദ് യാഖൂബ്. ജമാ മസ്ജിദിലെ പരമ്പരാഗത കാത്തീബുമാരില്‍ ഒരാളാണിദ്ദേഹം.ദിവസവും രാവിലെ 9 മണിക്കുള്ള 402 നമ്പര്‍ ബസ് പിടിച്ചു ജമാ മസ്ജിദിലെ ഉറുദു ബസാറില്‍ എത്തുന്നുണ്ട് ഇന്നും ഇദ്ദേഹം. പേര്‍ഷ്യന്‍, ഉറുദു ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന യാഖൂബ് സാഹിബ് ഡല്‍ഹിയയുടെ ഔദ്യോഗിക ഭാഷയായ ഉറുദുവില്‍ ഓഫീസ് പേപ്പറുകള്‍ എഴുതി തയ്യാറാക്കി കൊടുക്കാറുണ്ട്. ജമാ മസ്ജിദിന്റെ ഇന്നിന്റെ തെരുവുകള്‍ക്ക് സുപരിചിതനായ മറ്റൊരു വ്യക്തിയാണ് 53 വയസ്സ് പ്രായം ചെന്ന മുഹമ്മദ് ഗാലിബ് സാഹിബ്.

ദിവസം 400 മുതല്‍ 500 രൂപ വരെ സമ്പാദിക്കാറുണ്ടെങ്കിലും അതും വളരെ അപൂര്‍വ്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എങ്കിലും ഈ തൊഴില്‍ വിടാന്‍ അദ്ദേഹം തയ്യാറല്ല. പ്രസ്തുത തൊഴില്‍ ഉപജീവന മാര്‍ഗ്ഗമല്ലെന്നു കണ്ട് പലരും മറ്റു പല സാമ്പത്തിക സ്രോതസുകള്‍ തേടിപ്പോയപ്പോഴും മുഹമ്മദ് ഗാലിബ് കൂടുതല്‍ ആര്‍ജ്ജവത്തോടെയാണ് ഒഴുക്കിനെതിരെ നീന്താന്‍ തയ്യാറായത്. ഒറ്റ ബെഞ്ചില്‍ കുനിഞ്ഞിരുന്നു എഴുതുന്ന 72 വയസ്സുള്ള മുഹമ്മദ് തഹ്സീന്‍ സാഹിബിന്റെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. ‘ഞങ്ങള്‍ക്ക് ഒരു സമയമുണ്ടായിരുന്നു, അന്ന് തെരഞ്ഞെടുപ്പിനും, കല്യാണത്തിനും, പരിപാടികള്‍ക്കും ഇടയില്‍ നിന്ന് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സമയം കണ്ടെത്തുക വളരെ പ്രയാസമായിരുന്നു’ ഒരിക്കലും മരിക്കാത്ത ആ ഓര്‍മകളെ അയവിറക്കി അദ്ദേഹം പറഞ്ഞു നിര്‍ത്തി.

പ്രോത്സാഹനവും അര്‍ഹിച്ച അംഗീകരവും നല്‍കേണ്ട നല്ല കാലങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. വരും തലമുറകള്‍ക്കു പഴയ ഡല്‍ഹിയുടെ ഖത്താത്തികളെ അനുഭവിക്കാന്‍ കഴിയില്ലെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. അവരും പതിയെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കംപ്യൂട്ടറും സാങ്കേതിക വിദ്യകളും പരമ്പരാഗത കാലിഗ്രഫിയെ എത്രെയൊക്കെ മാറ്റിയെഴുതിയാലും മഷിയില്‍ മുക്കിയെടുത്ത പേനത്തണ്ടുകളും അവയിലൂടെ അക്ഷരങ്ങളെ ജീവന്‍ വെപ്പിക്കുന്ന മഹത്തുക്കളായ ഖത്താത്തികളുമില്ലാത്ത ആ വലിയ ലോകം എന്നും ഒഴിഞ്ഞു തന്നെ കിടക്കും……പകരക്കാരുടെ വരവും കാത്ത്.

Facebook Comments
Related Articles
Show More

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Check Also

Close
Close
Close