Art & Literature

ഭാഷയും അധികാരവും

ചെറുതും വലുതുമായ നൂറ് കണക്കിന് ഭാഷകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ഭാഷാ വൈവിധ്യം നിലനിൽക്കുന്ന രാഷ്ട്രം. (ചെറുത്, വലുത് എന്നതിന്റെ അടിസ്ഥാനം സംസാരിക്കുന്ന ആളുകളുടെ എണ്ണം ആണ്. അവഗണനകളുടെയും അടിച്ചമര്‍ത്തലുകളുടെയും ഇക്കാലത്ത് ഏറ്റവും ചെറുതിനാണ് നാം ഏറ്റവും വലിയ പരിഗണന നല്‍കുക). ഇതെഴുതുന്നയാളിന്റെ അറിവ് ശരിയാണെങ്കിൽ ഇതിൽ ഇരുപത്തിരണ്ട് ഭാഷകൾ ഇന്ത്യയുടെ ഔദ്യോഗികഭാഷകളായി ഭരണഘടനയിൽ അംഗീകരിച്ചിട്ടുണ്ട്.

ഈ ശതക്കണക്കിന് ഭാഷകൾ പ്രധാനമായും ഇന്‍ഡോ യൂറോപ്യൻ അഥവാ ഇന്‍ഡോ ആര്യൻ, ദ്രവീഡിയൻ എന്നീ രണ്ട് കുടുംബങ്ങളിൽപ്പെടുന്നു. 77 ശതമാനം ആളുകൾ സംസാരിക്കുന്നത് ഇന്‍ഡോ യൂറോപ്യൻ കുടുംബത്തിൽപ്പെട്ട ഭാഷകളാണ്. 20.61 ശതമാനം ആളുകളുടെ ഭാഷകൾ ദ്രാവിഡവും. ഇത് രണ്ടിനും പുറമെ 1.2 ശതമാനം പേരുടെ ഭാഷകൾ ആസ്‌ത്രോഏഷ്യാറ്റിക് കുടുംബത്തിലും 0.8 ശതമാനമാൾക്കാരുടേത് സീനോ ടിബറ്റൻ കുടുംബത്തിലും പെടുന്നു. 0.39 ശതമാനം ജനങ്ങളുടെ സംസാരഭാഷ അൺക്ലാസിഫൈഡ് ആണ്.

ഇത്തരം വിഭജനങ്ങൾ അത്ര സൂക്ഷ്മമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് നമ്മുടെ മലയാള ഭാഷ തന്നെ ദ്രാവിഡ കുടുംബത്തിലായിരിക്കുമ്പോഴും ആര്യൻ ഭാഷയായ സംസ്‌കൃതത്തോട് നല്ല അടുപ്പം പുലര്‍ത്തുന്ന ഒന്നാണ്. പൂര്‍ണമായും ഒരു ഇന്ത്യന്‍ ഭാഷയായ (അങ്ങനെയല്ലെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നുണ്ട്) ഉർദു ഇൻഡോ ആര്യൻ കുടുംബത്തിലേതാണെങ്കിലും അതിന് പൊതുവെ ഇന്ത്യയിൽ ഇല്ലാത്ത സെമിറ്റിക് ഭാഷാകുടുംബത്തോട്, പ്രത്യേകിച്ചും അറബിയോട് കടപ്പാടുണ്ട്. മീററ്റി, ഘഡീബോലി തുടങ്ങിയ പ്രാചീന ഇന്ത്യൻ ഭാഷകളും പാര്‍സിയും അല്‍പം അറബിയും പിന്നെ തുർക്ചെയും (ടർകിഷ്) കൂടിച്ചേർന്നതാണ് ഉർദു.

ബുദ്ധന്റെ പാലി ഭാഷയും ജിനന്റെ അർധമാഗധി പ്രാകൃതവും ഇന്‍ഡോ ആര്യൻ ഗണത്തിൽപ്പെടുന്ന ഭാഷകൾ തന്നെയാണ്. അതേസമയം അക്കാലത്ത് മതരംഗത്തും അധികാരരംഗത്തും വൈജ്ഞാനികരംഗത്തും മേൽക്കോയ്മ പുലർത്തിയിരുന്ന സംസ്‌കൃതത്തോടുള്ള പ്രതിഷേധവും കൂടിയായിരുന്നു പാലിക്കും അർധമാഗധിക്കും ഈ രണ്ട് മഹാന്മാരും നൽകിയിരുന്ന പ്രാധാന്യം. ഇതാകട്ടെ, സംസ്‌കൃതത്തിന്റെ ചിന്താ, വൈജ്ഞാനിക പാരമ്പര്യങ്ങളെ നിഷേധിക്കലായിരുന്നില്ല.

മര്‍ദ്ദകാധികാരവ്യവസ്ഥയുടെ സംസ്ഥാപനത്തിൽ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ പാലിയുടെയും അര്‍ധമാഗധി പ്രാകൃതത്തിന്റെയും പുനരുത്ഥാനം എന്നത് സിദ്ധാർത്ഥ ഗൗതമന്റെയും വർധമാന മഹാവീരന്റെയും രാഷ്ട്രീയ നിലപാടായിരുന്നു. ഇതേ നിലപാടാണ് ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ന് പ്രസക്തമായിരിക്കുന്നത് എന്ന് പറയുമ്പോൾ ഈ കുറിപ്പുകാരനെ ഒരു ഭാഷാ വിരോധിയായി മുദ്ര കുത്തരുത്.

പണ്ട്, വിവരം കെട്ട ചില അധ്യാപകർ ഹിന്ദി ഹമാരീ രാഷ്ട്രഭാഷാ ഹൈ, ഹൈം, ഹൂം, ഹോ എന്ന് ചൊല്ലിപ്പഠിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അങ്ങനെയൊരു രാഷ്ട്രഭാഷയില്ല. ഉള്ളത് ഇരുപത്തിരണ്ട് ഒദ്യോഗിക ഭാഷകളാണ്. ഈ ഇരുപത്തിരണ്ടിനും തുല്യപദവിയുമാണ്. ഇക്കാര്യത്തില്‍ത്തന്നെ ഭരണഘടന നീതികേടാണ് പ്രവർത്തിച്ചത് എന്നാണ് ഈയുള്ളവന്റെ പക്ഷം. നൂറുകണക്കിന് ഭാഷകളിൽ നിന്ന് ഇരുപത്തിരണ്ടെണ്ണം മാത്രം ഔദ്യോഗിക പദവി നേടുന്നതിന് ഒരുപക്ഷേ, കൃത്യമായ മാനദണ്ഡങ്ങളുണ്ടാവാം. എന്നാൽ മറ്റനേകം ഭാഷകളോട് ചെയ്യുന്ന അനീതിയായിത്തീരുന്നു അത്.

അമീർ ഖുസ്രുവിന്റെയും ദൽഹി സൽത്തനത്തിന്റെയും കാലത്ത് നിരവധി ഭാഷകൾ സംസാരിച്ചിരുന്ന ദൽഹിയിൽ ലിംഗ്വ ഫ്രാങ്ക (lingua franca) ആയി നിലനിന്നിരുന്നത് ഹിന്ദ്‌വി ആണ്. മധ്യ ഇന്‍ഡോ ആര്യൻ ദേശ്യാപഭ്രംശമായിരുന്നു ഹിന്ദ്‌വി. ഹിന്ദ്‌വിയിലെ ഹിന്ദ് എന്ന പദം ഇന്ത്യയെ സൂചിപ്പിക്കുന്നതാണ്. ഈ ഹിന്ദ്‌വിയുടെ പില്‍ക്കാലരൂപമായ ഹിന്ദുസ്ഥാനിയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ. അത് ഹിന്ദിയാണ് എന്ന ധാരണ, എന്റെ അറിവ് ശരിയാണെങ്കില്‍ സ്‌കൂളുകളില്‍ രാഷ്ട്രഭാഷ എന്ന് പ്രയോഗിച്ചുവന്നത് പോലെ ഒരു തെറ്റാണ്. എന്നല്ല, ബോധപൂര്‍വമായ ഒരു ഗൂഢാലോചനയാണത്. മർദ്ദകാധികാരവ്യവസ്ഥയും ഭാഷയും തമ്മിലുള്ള ബന്ധത്തെപ്പറ്റി മുകളിൽ പറഞ്ഞതോർക്കുക.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ ഹിന്ദ്‌വിയിൽ നിന്ന് derive ചെയ്ത ഭാഷകളാണ് ഉർദുവും ഹിന്ദിയും. അതോടൊപ്പം ഹിന്ദിയും ദേവനാഗരി ലിപിയും വേദിക സംസ്കൃതത്തോട് ചേർന്നുനിൽക്കുകയും ചെയ്യുന്നു. അതേസമയം ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദുസ്ഥാനിക്ക് കൂടുതൽ അടുപ്പമുള്ളത് ഉർദുവിനോടാണ്. ക്ലാസ്സിക്കല്‍ ഹിന്ദി ഇന്ത്യയിലെ ജനങ്ങളുടെ സംസാരഭാഷയേയല്ല. ഏറ്റവും ജനകീയമായ ഭാഷയാണല്ലോ സിനിമകളിൽ ഉപയോഗിക്കുക. ഹിന്ദി സിനിമകളിൽ പാട്ടുകളെഴുതുന്നവരുടെ ലിസ്റ്റെടുത്തു നോക്കൂ. മജ്‌രൂഹ് സുൽത്താൻപുരി തൊട്ട് കൈഫി ആസ്മി വരെയുള്ള സകലരും ഉർദു കവികളാണ്. ഹിന്ദിയിൽ കവിതകളെഴുതുന്നവരുടെ പേര് ആ ലിസ്റ്റിൽ അത്യപൂർവമായിരിക്കും.

അതേസമയം ഭാഷകൾ പട്ടികപ്പെടുത്തുമ്പോൾ ഹിന്ദുസ്ഥാനിയും ഹിന്ദിയായി മാറും. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി-ഹിന്ദുസ്ഥാനി, ഇംഗ്ലീഷ്, ബെംഗാളി, തെലുങ്ക്, മറാത്തി, തമിൾ, ഉർദു, കന്നഡ, ഗുജറാത്തി, ഒഡിയ, മലയാളം എന്നിവയ്ക്ക് പുറമെ, പഞ്ചാബി, അസമിയ, മൈഥിലി, ഭിലോഡി, സന്താലി, കശ്മീരി, ഗോണ്ഡി, നേപ്പാളി, സിന്ധി, ദോഗ്രി, കൊങ്കണി, കുരുഖ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്. ഭാഷാ സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഓരോ സംസ്ഥാനത്തിനകത്തും നിരവധി ഭാഷാ ന്യൂനപക്ഷങ്ങൾ വസിക്കുന്നു. ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിമിൽ എഴുപത്തിരണ്ട് ഭാഷകൾ സജീവമായി നിലനിൽക്കുന്നു.

കേരളത്തിൽത്തന്നെ കാസർഗോഡ് ജില്ലയിൽ മലയാളത്തിന് പുറമെ കന്നഡ, തുളു, കൊങ്കിണി, ബ്യാരി, ഉർദു ഭാഷകൾ സജീവമായി നിലനിൽക്കുന്നുണ്ട്. ഓരോ ഭാഷയ്ക്കും നിരവധി പ്രാദേശികഭേദങ്ങളും. കേരളത്തിലെ ആദിയ, അരനാടൻ, ബേട്ടക്കുറുംബൻ, ചോലനായ്ക്കൻ തുടങ്ങിയ ഒട്ടേറെ ആദിവാസി വിഭാഗങ്ങളുടെ ഭാഷകളെ മലയാളത്തിന്റെ വകഭേദങ്ങള്‍ മാത്രമായി പരിഗണിക്കാമെങ്കിൽപ്പോലും അവയിൽ പലതിന്റെയും വാക്കുകളും പ്രയോഗശൈലികളും പരിശോധിക്കുമ്പോൾ അവ സ്വതന്ത്രമായ അസ്തിത്വം അവകാശപ്പെടുന്നുണ്ട്.

ഇന്ത്യൻ ജീവിതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രത്യക്ഷാടയാളങ്ങളാണ് ഭാഷാ വൈവിധ്യങ്ങൾ. ഈ വൈവിധ്യങ്ങളെയെല്ലാം നിരാകരിച്ച് ഹിന്ദിയെ ഏകരാഷ്ട്രഭാഷയാക്കുമ്പോൾ, സംഭവിക്കുന്നത് ഭാഷാപരമായ ഏകീകരണമല്ല. മറിച്ച് അത് ജീവിതവൈവിധ്യങ്ങളുടെയും സാംസ്‌കാരികത്തനിമകളുടെയും തന്നെ നിരാകരണമാണ്, അതിലുപരി മർദ്ദകാധികാരവ്യവസ്ഥയും ഫാഷിസ്റ്റ് വംശീയദേശീയതയും സ്ഥാപിക്കുന്നതിന് ഭാഷയെ ഉപകരണമായി ഉപയോഗിക്കലാണ്.

Facebook Comments
Related Articles
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Check Also

Close
Close
Close