Art & Literature

കഭീ കഭീ മെരെ ദിൽമെ..  പ്രിയപ്പെട്ട ഖയ്യാമിന് ആദരാഞ്ജലി 

ചില നേരങ്ങളിൽ മനസ്സിൽ ഒരേസമയം ഉന്മാദമായും വിഷാദമായും ഉണരുന്ന ഖയാലാണെനിക്ക് ഖയ്യാം.

ഇന്റർവെൽ സമയത്ത് സ്റ്റാഫ് റൂമിൽ പതിവു പോലെ ഏതോ ഒരു പാട്ട് മൂളിക്കൊണ്ടിരുന്ന സമയത്താണ് മുഹ്‌യുദ്ദീൻ ബാഖവി എന്ന ബാഖവി ഉസ്താദ് എന്നെ അടുത്തേക്ക് വിളിച്ചത്. ശമീം മാഷേ, കഭീ കഭീ മെരെ ദിൽ മെ എന്ന പാട്ട് ഒന്ന് പാടാമോ? ആദ്യം എനിക്കൊരു കൗതുകം തോന്നി. ഏത് നേരത്തും മൂളിക്കൊണ്ടിരിക്കുമെങ്കിലും ആരെങ്കിലും പാടാൻ പറഞ്ഞാൽ എനിക്കൊരു ചമ്മലാണ്. എന്നാൽ പറയുന്നത് ബാഖവി ഉസ്താദ്. ഒരാധികാരികമതപണ്ഡിതനുമാണദ്ദേഹം.

എന്നാലും അടുത്തിരുന്ന് ഞാൻ പതുക്കെ ആ പാട്ട്, അതിന്റെ പല്ലവിയും ആദ്യ അനുപല്ലവിയും മാത്രം പാടിക്കൊടുത്തു. ഇടയ്ക്ക് ചായ മൊത്തിക്കൊണ്ട് തന്നെ. ബാബു മാഷും അന്നേരം അടുത്ത് വന്നിരുന്നു.
കഭീ കഭീ മെരെ ദിൽ മെ
ഖയാൽ ആതാ ഹെ
കെ ജേസെ തുഝ്‌കോ ബനായാ ഗയാ ഹെ മേരെ ലിയേ
തു അബ്‌സെ പെഹലെ സിതാരോം മെ ബസ് രഹീ ഥി കഹീ
തുഝേ സമീൻ പെ ബുലായാ ഗയാ ഹെ മേരെ ലിയേ..

ചില നേരങ്ങളിലെന്റെ ഹൃദയത്തിലുണരുന്നുണ്ട്,
പറഞ്ഞറിയിക്കാനാവാത്തൊരനുഭൂതി
Sometimes, in my heart a feeling emerges

സാഹിർ ലുധിയാൻവിയുടെ വരികൾ. യാഷ് ചോപ്രയുടെ കഭീ കഭീ എന്ന സിനിമയ്ക്ക് വേണ്ടി മുകേഷ് പാടിയത്. സിനിമയിൽ ഗാനരംഗത്ത് വരുന്നത് അമിതാഭ് ബച്ചൻ.
കഭീ കഭീ മെരെ ദിൽമെ, ഖയാൽ ആതാഹെ..

ആ അനുഭൂതി..
എനിക്ക് വേണ്ടി മാത്രമായി ഉണ്ടാക്കപ്പെട്ട ഒന്ന്,
നിന്റെ രൂപമായിരുന്നതിന്.
ആദ്യമേ തന്നെ താരങ്ങൾക്കൊപ്പമെവിടെയോ പാര്‍ക്കാൻ
പുറപ്പെട്ടു പോയിരുന്നല്ലോ നീ?
എന്നിട്ടിപ്പോൾ നീയീ മണ്ണിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു,
എനിക്ക് വേണ്ടി, എനിക്ക് മാത്രം വേണ്ടി.

കഭീ കഭീ മെരെ ദിൽ മെ
ഖയാൽ ആതാ ഹെ
കെ യെ ബദൻ യെ നിഗാഹെ മെരീ അമാനത് ഹേ
യെ ഗേസുവോ കീ ഘനീ ഛാവൊ മേരീ ഖാതിർ
യെ ഹോത് ഓർ യെ ബാഹേ മെരീ അമാനത് ഹേ…

അപ്പോഴേക്കും ബെല്ലടിച്ചു. ക്ലാസ്സിലേക്ക് പോകുന്നതിന് മുമ്പ് ഉസ്താദിനോട് ചോദിച്ചു, എന്താ ഈ പാട്ടിനോട് ഇത്ര ഇഷ്ടം?

ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലുമുണരും ഒരു ഖയാല്‍, ബാഖവി ഉസ്താദ് കവിയാവുകയാണ്. പഠിപ്പു കഴിഞ്ഞ് വന്ന് കല്യാണം കഴിച്ച് അധികം താമസിയാതെയാണ് ഞാൻ ദുബായിലേക്ക് പുറപ്പെട്ടത്, അദ്ദേഹം തുടർന്നു. ബസ്സിൽ ബോംബെയിലേക്ക് ചെന്ന് അവിടുന്ന് ദുബായിലേക്ക് പോവുക എന്നതാണ് അന്നത്തെ രീതി. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി വീട്ടിൽ നിന്ന് പിരിഞ്ഞു നിൽക്കുകയാണ്. ഉള്ളിൽ അതിന്റേതായ വിമ്മലുകളുണ്ട്. ആ സമയത്ത് ബസ്സിൽ പാടിക്കൊണ്ടിരുന്ന പാട്ട് ഇതായിരുന്നു. കഭീ കഭീ മെരെ ദിൽമെ. ലുധിയാൻവിയുടെ വരികൾ മാത്രമല്ലല്ലോ ആ പാട്ടിനെ അങ്ങേയറ്റം ആസ്വാദ്യമാക്കുന്നത്. മുകേഷിന്റെ ശബ്ദഗാംഭീര്യമാണ് അതിനെ ഹൃദയത്തില്‍ തറപ്പിക്കുന്നത്. അതിലുപരി അത്, ഖയ്യാമിന്റെ ഈണമാണ്.

ഹിന്ദി സിനിമയിലെ സംഗീതസംവിധായകരിൽ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ടയാളാണ് ഖയ്യാം. എന്ന് പറഞ്ഞാല്‍ പോര, ഒരു സംഗീത പ്രേമി എന്ന നിലക്ക് എന്റെ ഒരു ഭ്രമം തന്നെയാണ് ഖയ്യാം. ബാബാ ചിഷ്ഠിയിൽ നിന്നും സംഗീതം അഭ്യസിച്ച അദ്ദേഹം വളരെക്കുറഞ്ഞ വർക്കുകളേ സിനിമയിൽ ചെയ്തിട്ടുള്ളൂ. 1948ൽ വാലി സാഹബ് സാക്ഷാൽക്കരിച്ച ഹീർ രാഞ്ഝയിലായിരുന്നു തുടക്കം. (ഹീർ രാഞ്ഝ പലരും സിനിമയാക്കിയിട്ടുണ്ട്. ഇത് മുംതാസ് ശാന്തി, ഗുലാം മുഹമ്മദ് തുടങ്ങിയവര്‍ അഭിനയിച്ച പടം). റഹ്മാൻ വർമയുമായി ചേർന്ന് ശർമാജി-വർമാജി എന്ന കൂട്ടുകെട്ടായാണ് ഹീര്‍ രാഞ്ഝയിലെ പാട്ടുകൾ കംപോസ് ചെയ്തത്.

കമാല്‍ അംറോഹിയുടെ റസിയാ സുല്‍ത്താൻ എന്ന സിനിമയിൽ കബ്ബൻ മിർസ പാടിയ രണ്ട് പാട്ടുകൾ -തേരാ ഹിജ്ർ മേരാ നസീബ് ഹേ, ആയി സഞ്ജീർ കീ ഝൻകാർ ഖുദാ ഖൈറ് കരേ എന്നിവ), അതേ പടത്തിൽത്തന്നെ ലതാ മങ്കേഷ്‌കർ പാടിയ ജൽതാ ഹെ ബദൻ, ഏ ദിലേ നാദാൻ എന്നിവ, മുസഫർ അലിയുടെ ഉമ്രാവ് ജാനിലെ എല്ലാ പാട്ടുകളും (ദിൽ ചീസ് ക്യാ ഹെ ആപ് മെരീ ജാൻ ലീജിയേ, യേ ക്യാ ജഗേ ഹെ ദോസ്‌തോ, ഇൻ ആംഖോം കി മസ്തീ കേ, ജുസ്ത്ജൂ ജിസ്‌കി ഥീ തുടങ്ങി ആശാ ഭോസ്‌ലേ പാടിയ പാട്ടുകളും തലത് അസീസ് ആലപിച്ച സിന്ദഗീ ജബ് ഭീ തെരീ ബസ്മ് മെ എന്ന പാട്ടും ഗുലാം മുസ്തഫ ഖാന്റെ ജബ് ഭി മിൽതീ ഹെ എന്ന ഖയാലുമൊക്കെത്തന്നെ) എന്നിവ എന്റെ എക്കാലത്തെയും ഹൃദയഗീതങ്ങളിൽപ്പെടുന്നു.

ആദ്യം ശർമാജി-വർമാജി കൂട്ടുകെട്ടിലെ ശർമാജിയായും പിന്നീട് ഖയ്യാം ആയും സിനിമയിൽ സംഗീതം ചെയ്ത മുഹമ്മദ് സഹൂറിന്റെ മരണവാര്‍ത്തയാണ് എന്റെ മനസ്സിലേക്ക് ഈ ഖയാലുകളെ കൊണ്ടുവന്നത്.

അതെ, ഖയ്യാം ഇഹലോകവാസം വെടിഞ്ഞു. ഇന്നലെ.

കഭീ കഭീ മെരെ ദിൽ മെ ഖയാൽ ആതാഹെ..

ഉമ്രാവ് ജാനിലെ പാട്ടുകൾ വല്ലാത്തൊരനുഭൂതിയാണ്. ശഹ്‌രിയാർ എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്ന ഉർദു കവി അഖ്‌ലാഖ് മുഹമ്മദ് ഖാന്റെ ഗസലുകളാണതിൽ. ആശാ ഭോസ്‌ലേയുടെ ഏറ്റവും മികച്ച ട്രാക്കുകളിൽപ്പെടും ഇതിലെ പാട്ടുകൾ.

ദില്‍ ചീസ് ക്യാ ഹെ ആപ് മെരീ ജാൻ ലീജിയേ..
എന്റെ ഹൃദയത്തെ, എന്റെ പ്രണയത്തെ മറന്നേക്കുക, പകരം താങ്കൾ എന്റെ ജീവിതത്തെത്തന്നെ പുണരുക
ബസ് ഏക് ബാർ മേരാ കഹാ മാൻ ലീജിയേ..
പക്ഷേ, ഒരു തവണ, ഒരൊറ്റത്തവണ എന്റെ പ്രലപനങ്ങൾക്കൊന്ന് ചെവി തരാമോ

ഉമ്രാവ് ജാൻ (രേഖ) പാടുകയാണ്. കോഠ എന്നറിയപ്പെട്ടിരുന്ന മുഗള്‍ കാലത്തെ ഗണികാഗൃഹത്തിലിരുന്നു കൊണ്ട്.
ജീവിതത്തിന്റെ മുറിവുകൾ,
ഹൃദയത്തിന്റെ മുറിപ്പാടുകൾ..

പ്രിയപ്പെട്ട ഖയ്യാമിന് ആദരാഞ്ജലി. താരകങ്ങളുടെ ലോകത്ത് വസിക്കാൻ പുറപ്പെട്ട ഖയ്യാമിനെ ഞാൻ ഒന്നുകൂടി മണ്ണിലേക്ക് വിളിക്കട്ടെ. ഒരു ഖയാലായി എന്നിൽ നിറയാൻ.

Facebook Comments
Related Articles
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Check Also

Close
Close
Close