Current Date

Search
Close this search box.
Search
Close this search box.

ലോക ഭാഷകളെ സ്വാധീനിച്ച അറബി ഭാഷ

എല്ലാ പദങ്ങള്‍ക്കും നൂറു ശതമാനം അടിസ്ഥാനമുള്ള സംശുദ്ധമായ ഒരു ഭാഷയും ലോകത്തില്ല. കാരണം, ജ്ഞാന കൈമാറ്റം, കച്ചവടം, പോരാട്ടങ്ങള്‍, കൊളോണിയലിസം, ഭൂമിശാസ്ത്രപരമായ അതിര്‍ത്ഥികള്‍ എന്നിവയുടെ സ്വാധീനത്താല്‍ മിക്ക ഭാഷകള്‍ക്കും ഇതര ഭാഷകളില്‍ നിന്നും പദങ്ങള്‍ കടംകൊള്ളേണ്ടി വന്നിട്ടുണ്ട്. ഏഷ്യന്‍ ഭൂഗണ്ഡത്തില്‍ ചൈന മുതല്‍ പശ്ചിമേഷ്യയിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും വളര്‍ന്ന് സ്‌പെയ്ന്‍ വരെയെത്തിയ ഇസ്ലാമിക ഭരണകൂടങ്ങളുടെ വളര്‍ച്ചയും സ്വാധീനവുമാണ് അറബി ഭാഷയെ ഇതര ഭാഷയേക്കാള്‍ ജനപ്രിയമാക്കിയത്. അറബി ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആയിരക്കണക്കിന് വാക്കുകള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ടര്‍ക്കിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പേര്‍ഷ്യന്‍ ഭാഷാ നിഘണ്ടുവില്‍ കാണാനാകും. മാത്രമല്ല, അറബി ഭാഷയിലെ അക്ഷരങ്ങള്‍ ഏഷ്യന്‍ ഭൂഗണ്ഡത്തിലെ മുപ്പതോളം ഭാഷകളുടെ എഴുത്ത് അക്ഷരങ്ങളെ വരെ സ്വാധീനിച്ചിട്ടുണ്ട്, അതിലേറ്റവും പ്രധാനം പേര്‍ഷ്യന്‍ ഭാഷയാണ്.

അറബി ഭാഷ മറ്റു ഭാഷകളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പറയാം:

ഇംഗ്ലീഷ്: അറബി ഭാഷയില്‍ അടിവേരുള്ള നിരവധി വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയിലുണ്ട്. അതിനുശേഷം സ്പാനിഷ് പോലെയുള്ള ഭാഷകളും അവ കടമെടുത്തു. ‘മതര്‍ ടംഗ്’ വെബ്‌സൈറ്റിന്റെ കണക്കു പ്രകാരം ഇംഗ്ലീഷ് ഭാഷയിലെ പതിനായിരത്തോളം വാക്കുകള്‍ അറബി ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാല്‍ പിന്നീട് ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി അതില്‍ നിന്ന് പേരുകളും മറ്റു ചില വാക്കുകളും കളഞ്ഞ് 900മാക്കി അതിനെ ചുരുക്കി.

Algebra എന്നത് അല്‍ജബറില്‍ നിന്നും ഉരുത്തിരിഞ്ഞ പദമാണ്. ഒമ്പതാം നൂറ്റാണ്ടിലെ ഗണിത ശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് ബ്‌നു മൂസ അല്‍ഖവാരിസ്മിയാണ് ആദ്യമായി ആ പദം ഉപയോഗിച്ചത്. ‘വോയ്‌സ് ഓഫ് അമേരിക്ക’യുടെ റിപ്പോര്‍ട്ട് പ്രകാരം പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിലാണ് ആ പദം ഇംഗ്ലീഷ് ഭാഷയിലെത്തുന്നത്. ഇതുപോലെ അറബി ഭാഷയില്‍ നിന്നും വന്നവായി മറ്റനേകം പദങ്ങളുമുണ്ട്; സുക്കര്‍ എന്നതില്‍ നിന്നും sugar, ഖുത്വ്ന്‍ എന്നതില്‍ നിന്നും cotton, ലയ്മൂന്‍ എന്നതില്‍ നിന്നും lemon, കീമിയാഅ് എന്നതില്‍ നിന്നും alchemy, ഖവാരിസ്മിയ്യയില്‍ നിന്നും algoritham, ജമലില്‍ നിന്നും camel, ഗസാലില്‍ നിന്നും gazalle, ഖഹ്‌വയില്‍ നിന്നും coffee, അമീറില്‍ നിന്നും admiral, സറാഫയില്‍ നിന്നും giraffe, ജസ്സയില്‍ നിന്നും guess. അതുപോലെത്തന്നെ ഗോളവും സസ്യങ്ങളുമായി ബന്ധപ്പെട്ട് അനേകം വാക്കുകള്‍ അറബി വേരുള്ളവയാണ്.

മധ്യകാലഘടത്തില്‍ യൂറോപ്പില്‍ നടന്ന വിവര്‍ത്തന പ്രസ്ഥാനത്തിനിടെ അറബി പദ പ്രയോഗങ്ങള്‍ക്ക് പുറമെ ഉദാഹരണവും(the camel’s back straw that broke) ഇംഗ്ലീഷിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഇംഗ്ലീഷ് സംസ ാര ഭാഷയുള്ള മിക്ക രാജ്യങ്ങളും നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ സമ്പ്രദായത്തിനും പുറമെ, റോമന്‍ സമ്പ്രദായത്തില്‍ നിന്നും ഇന്‍ഡോ-അറബ് സമ്പ്രദായത്തിലേക്ക് മാറിയ നമ്പറുകളിലും കസ്‌കസ്(couscous), ഹമസ്(hummus), കബാബ്(kebab), ഫലാഫില്‍(falafel) തുടങ്ങിയ അടുക്കള പദങ്ങള്‍ക്കും അറബി ഭാഷാ സ്വാധീനമുണ്ടായിരുന്നു.

സ്പാനിഷ്: എ.ഡി 711-1492നുമിടയില്‍ സ്‌പെയ്‌നില്‍ ഉണ്ടായ ഇസ്ലാമിക ഭരണകാലത്ത് ഒരുപാട് അറബി പദങ്ങള്‍ സ്പാനിഷ് ഭാഷയിലേക്ക് കടന്നുകൂടിയിട്ടുണ്ട്. പ്രമുഖ സ്പാനിഷ് ഭാഷാ സൈറ്റായ ‘സ്പാനിഷ് ഡിക്റ്റി’ന്റെ കണക്കു പ്രകാരം ഏകദേശം എണ്ണായിരത്തോളം പദങ്ങള്‍ അറബി ഭാഷയില്‍ നിന്നും കടന്നുവന്നവയാണ്. ആഗോള ഭാഷാ പഠന വെബ്‌സൈറ്റായ ‘ഡുവോലിംഗോ’ സൂചിപ്പിക്കുന്നത് നിലവില്‍ ഉപയോഗിക്കുന്ന 8% സ്പാനിഷ് പദങ്ങള്‍ അറബി ഭാഷയില്‍ നിന്നും ഉത്ഭവിച്ചവയാണ്(നാലായിരം സമാന പദങ്ങള്‍, അറബി വേരുള്ള ആയിരും പദങ്ങള്‍, അറബി ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞ മൂവായിരം പദങ്ങള്‍). ലാറ്റിന്‍ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന അനേകം പദങ്ങള്‍ മാറ്റിയാണ് ഇവ സ്വീകരിച്ചത്.

അറുസ്സില്‍ നിന്നും arroz, സുക്കറില്‍ നിന്നും acucar, അല്‍കറസില്‍ നിന്നും alcaeaz, അല്‍സൂഖ് എന്നതില്‍ നിന്നും alzoco, അല്‍ബുഹൈറിയില്‍ നിന്നും albuhera, ഫുലാനില്‍ നിന്നും fulano, ഹത്തായില്‍ നിന്നും hasta, ദീവാനില്‍ നിന്നും divan തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. almodovar(അല്‍മുദൂര്‍), medinaceli(മദീനത്തു സാലിം) പോലെ ചില സ്പാനിഷ് പട്ടണങ്ങളുടെ പേരുകളുടെ തുടക്കത്തില്‍ കാണുന്ന ‘അല്‍’ എന്നതിന്റെ അടിസ്ഥാനവും അറബിയാണ്.

ടര്‍ക്കിഷ്: ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭരണകാലത്ത് 600 വര്‍ഷത്തോളം തുര്‍ക്കി ഭാഷ അറബി അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്(1932ല്‍ മുസ്ഥഫ കമാല്‍ അത്താതുര്‍ക്കിന്റെ നേതൃത്വത്തില്‍ തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതോടെ അവ ലാറ്റിനിലേക്ക് മാറ്റപ്പെട്ടു). അറബിയില്‍ നിന്നും ഉരുത്തിരിഞ്ഞ വന്ന ആയിക്കണക്കിന് പദങ്ങള്‍ പലതും ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

അറബി വേരുള്ള ഏകദേശം ആറായിരത്തോളം പദങ്ങള്‍ ടര്‍ക്കിഷ് ഭാഷയിലുണ്ട്. സാഅത്ത്(saat), സാഹില്‍(sahil), അബസ്(abes), അജാഇബ്(acayip), തിജാറത്ത്(ticarat), ബറാഅത്ത്(beraat), ജസൂര്‍(cesur), ഫുര്‍സത്ത്(firsat), കിതാബ്(kitap), ലയ്മൂന്‍(limon) എന്നിവ അതില്‍ ചിലതാണ്.

ഫ്രഞ്ച്: നൂറുകണക്കിന് അറബി പദങ്ങളാണ് ഫ്രഞ്ച് ഭാഷയിലേക്ക് കടന്നുവന്നത്. 19, 20 നൂറ്റാണ്ടുകളിലെ വ്യാപകമായ ഫ്രഞ്ച് കോളണിവല്‍കരണത്തിന്റെ കാലത്ത് പടിഞ്ഞാറു ഭാഗത്തുള്ള അറബ് നാടുകളില്‍ നിന്നാണ് അറബി ഭാഷയുടെ വലിയ സ്വാധീനമുണ്ടായത്. ഫ്രഞ്ചു ഭാഷയിലെ മറ്റു ചില പദങ്ങള്‍ അറബിയില്‍ നിന്നും ഉരുത്തിരിഞ്ഞ സ്പാനിഷ് പദങ്ങളിലൂടെ കടന്നുവന്നവയാണ്.

ബെല്‍ജിയന്‍ ഓറിയന്റലിസ്റ്റ് ഹെന്റി ലാമന്‍സിനെ ഉദ്ധരിച്ച് പ്രശസ്ത ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞന്‍ ഹെന്റിയറ്റ് വാള്‍ട്ടര്‍ എഴുതിയ ‘ദി അഡ്വഞ്ചര്‍ ഓഫ് ഫ്രഞ്ച് വേഡ്‌സ് ഫ്രം അദര്‍ പ്ലേസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് 700ഓളം പദങ്ങള്‍ അറബി ഭാഷയില്‍ നിന്നുള്ളവയാണെന്നാണ്. മിസ്‌കീന്‍(mesquin), അല്‍ഗാറ(algarade), അല്‍ഹിസ്വാന്‍(alezan), ഷുര്‍ബാത്ത്(sorbet), ത്വരീഫ്(tarif), സഫാരി(safari), ഖഫസ്(cabas) എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.

പോര്‍ച്ചുഗീസ്: സ്‌പെയ്‌നിലെ ഇസ്ലാം ആഗമനം തന്നെയാണ് പോര്‍ച്ചുഗീസ് ഭാഷയെയും സ്വാധീനിച്ചത്. പദങ്ങള്‍ക്കു പുറമെ സ്ഥല നാമങ്ങള്‍(പ്രത്യേകിച്ചും തെക്കന്‍ പ്രവിശ്യകളില്‍), സൈനിക സ്ഥാനങ്ങള്‍, തൊഴിലുകള്‍, അളവ് ഉപകരണങ്ങള്‍, കലകള്‍, ശാസ്ത്രം എന്നിവയില്‍ വരെ അറബി ഭാഷ സ്വാധീനം ചെലുത്തി. അറുന്നൂറോളം പദങ്ങള്‍ അറബി ഭാഷയില്‍ നിന്നായി പോര്‍ച്ചുഗീസ് ഭാഷയിലുണ്ട്. പൂര്‍ണ്ണമായും പോര്‍ച്ചുഗീസിലേക്ക് മാറ്റപ്പെടുന്നതിന് മുമ്പ് 3000ത്തോളം അറബി പദങ്ങള്‍ അവയിലുണ്ടായിരുന്നു.
അവയില്‍ ചിലത്; അല്‍മഗ്‌സൂന്‍(armazem), അല്‍ഫുന്‍ദുഖ്(alfandega), അല്‍ളയ്ഗ(aldeia), അല്‍ബര്‍ദാഅ്(albarda), അല്‍ഖന്‍ത്വറ(alcantara).

ജര്‍മ്മന്‍: മധ്യകാലഘട്ടത്തിലാണ് ജര്‍മ്മന്‍ ഭാഷയില്‍ അറബി സ്വാധീനമുണ്ടാകുന്നത്. വിവര്‍ത്തന പ്രസ്ഥാനങ്ങളും വിജ്ഞാന കൈമാറ്റങ്ങളും സ്‌പെയ്‌നിലെ ഇസ്ലാമിക ഭരണത്തിന് കീഴില്‍ നടന്ന സ്‌പെയ്ന്‍, പോര്‍ച്ചുഗീസ് വ്യാപാരവുമെല്ലാം അതിന് കാരണമായി എന്നുവേണം പറയാന്‍. ജര്‍മ്മന്‍ ഭാഷാ നിഘണ്ടുവില്‍ നൂറ് മുതല്‍ നാനൂറ് വരെ അറബി ഭാഷയുമായി ബന്ധപ്പെട്ട പദങ്ങളുണ്ട്. ജര്‍മ്മന്‍ ഭാഷാശാസ്ത്രജ്ഞനായ ആന്‍ഡ്രിയാസ് അംഗേറി ‘ഫ്രം അള്‍ജിബ്ര ടു അല്‍സുക്കര്‍; അറബിക് വേഡ്‌സ് ഇന്‍ ജര്‍മ്മന്‍ ലാംഗ്വേജ്’ എന്ന തന്റെ ഭാഷാ ഗ്രന്ഥത്തില്‍ അത് രേഖപ്പെടുത്തുന്നുണ്ട്. ബന്‍സീന്‍(benzene), ബബ്ഗാഅ്(papagei), സുക്കര്‍(zucker) എന്നിവ അതില്‍ പെടും.

പേര്‍ഷ്യന്‍: എ.ഡി ഏഴാ നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടുവരെ ഇറാനില്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന കാലഘട്ടമായിരുന്നു. നാല് സ്വരാക്ഷരങ്ങളൊഴികെ പേര്‍ഷ്യന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ബാക്കി 28 അക്ഷരങ്ങളും അറബി ഭാഷയിലേതാണ്. പേര്‍ഷ്യന്‍ ഭാഷയുടെ അമ്പത് ശതമാനത്തിലധികവും അറബി ഭാഷയില്‍ നിന്നാണെന്ന് അക്കാദമി ഓഫ് പേര്‍ഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ മേധാവി ഗുലാം രിസാ ഹദ്ദാദ് ആദില്‍ വ്യക്തമാക്കുന്നു.
പേര്‍ഷ്യന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ഇംതിഹാന്‍, ഇന്‍തിഹാര്‍, ഇസ്തിഅ്മാര്‍, ഇശ്തിയാഖ് തുടങ്ങിയവ നേരിട്ടുള്ള അറബി പദങ്ങളാണെങ്കില്‍, വഖ്ത്തില്‍ നിന്നും വഖ്തീ, ലിഖാഇല്‍ നിന്നും മുലാഖാത്ത്, ഉത്വ്‌ലയില്‍ നിന്നും തഅ്ത്വീല്‍ പോലെ അറബി പദങ്ങളില്‍ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള മറ്റനേകം പദങ്ങളും പേര്‍ഷ്യന്‍ ഭാഷയില്‍ ഉപയോഗിക്കുന്നുണ്ട്. അതുപോലെത്തന്നെ അര്‍ത്ഥം വിത്യസ്ഥമായ അറബി അടിസ്ഥാനമുള്ള മറ്റു പദങ്ങളും പേര്‍ഷ്യന്‍ ഭാഷയിലുണ്ട്; രാജ്യത്തെ സൂചിപ്പിക്കുന്ന ഖുത്വ്ര്‍ എന്ന പദത്തിന് നേര്‍രേഖയെന്നാണ് പേര്‍ഷ്യന്‍ ഭാഷയിലെ അര്‍ത്ഥം, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് സയ്യാറ എന്ന പദം ഉപയോഗിക്കുന്നത്.

ഇതര ഭാഷകള്‍: അറബി ഭാഷയില്‍ നിന്നും രൂപമാറ്റം സംഭവിച്ചതും കടകൊണ്ടതുമായ പദങ്ങളുള്ള മറ്റനേകം ഭാഷകളുമുണ്ട്. ഇന്ത്യയിലെയും പാകിസ്ഥാനലെയും മുസ്ലിംങ്ങള്‍ സംസാരിക്കുന്ന ഉര്‍ദു ഭാഷ അതില്‍ പെട്ടതാണ്. ഉറുദു ഭാഷയില്‍ അറബി അക്ഷരങ്ങള്‍ക്കു പുറമെ ഏഴായിരത്തോളം അറബി പദങ്ങളുമുണ്ട്. അതുപോലെ ഇന്ത്യന്‍ ഭാഷകളിലും അല്‍ബേനിയന്‍, ബള്‍ഗേറിയന്‍, ഗ്രീക്ക്, കുര്‍ദിഷ്, ഇന്തോനേഷ്യന്‍, ബര്‍ബേറിയന്‍, മലായ്, ലിത്വാനിയന്‍, സ്വാഹിലി തുടങ്ങിയ ഭാഷകളിലും ഡസന്‍ കണക്കിന് അറബി പദങ്ങളുണ്ട്.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles