Current Date

Search
Close this search box.
Search
Close this search box.

ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും

സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ യമനും ഈജിപ്തും ഏറ്റെടുത്ത്, ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു. ഈ അവസ്ഥയിലെല്ലാം ഏകാധിപത്യ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിയത് സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടങ്ങളായിരുന്നു. ‘Facebook Revolution’, ‘twitter Revolution’ എന്നീ പേരുകൾ ലോകത്ത് പുതിയ വിപ്ലവ വീര്യത്തിൻ്റെ അടയാളങ്ങളായി രേഖപ്പെടുത്തപ്പെട്ടു.

അറബ് ലോകത്ത് ഉയർന്ന് വന്ന വിപ്ലവത്തിൻ്റെ തീജ്വാലയെ വീണ്ടും വീണ്ടും ആളിക്കത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച, ആവിഷ്കാര സ്വാതന്ത്രത്തിൻ്റെ പുതിയ കാലത്തെ അടയാളങ്ങളായി വിലയിരുത്തപ്പെട്ട മേഖലയായിരുന്നു കലാവിഷ്കാരങ്ങളിലൂന്നിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ. Art Revolution, Artistic Revolution, Street revolution എന്നീ പേരുകളിൽ കൂടി അറബ് വസന്തത്തെ പരിചയപ്പെടുമ്പോൾ ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും ചേർന്ന് ഉത്തരാഫ്രിക്കയിലും അറബ് രാജ്യത്തും സൃഷ്ടിച്ച മാറ്റത്തിൻ്റെ വ്യാപ്തി എത്രയെന്ന് വ്യക്തമാകും.

തുനീഷ്യ തുടങ്ങി വെച്ച അറബ് വസന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലിബിയയിലെയും തുനിസിലെയും കൈറോയിലെയും തെരുവുകളെ പഠിച്ചാൽ artistic revolution ൻ്റെ വിഭിന്നങ്ങളായ രൂപങ്ങളെ അടുത്തറിയാം. കല ആസ്വദിക്കാനും ആസ്വദിപ്പിക്കാനും മാത്രമല്ലന്നും അടിച്ചമർത്തപ്പെട്ടവൻ ഉയർത്തുന്ന വീര്യത്തെ ആളിപ്പടർത്താൻ കഴിയുന്ന ഇന്ധനം കൂടിയാണെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങൾക്കായിരുന്നു മിഡിൽ ഈസ്റ്റ് സാക്ഷിയായത്.

പൗരാണിക കാലത്തെ അറബ് ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ വേഗത്തിൽ വായനക്കാരൻ്റെ കണ്ണുടക്കുന്ന ഭാഗമാണ് ഗ്രന്ഥങ്ങളുടെ പുറം ചട്ടകൾ. അക്കാലത്തെ മികച്ച Illumination രീതികൾ ഉപയോഗിച്ച്, ഡിസൈനിംഗ് രംഗത്തെ നൂതനവും കാല്പനികവുമായ സ്വഭാവം നിലനിർത്താൻ അന്നത്തെ കലാകാരന്മാർ ശ്രമിച്ചിരുന്നു. ഗ്രന്ഥത്തിൻ്റെ പുറം ചട്ടകൾ പോലും വിപ്ലവത്തിൻ്റെ കാതലായ മേഖലയായി വിലയിരുത്തപ്പെട്ട കാലഘട്ടം കഴിഞ്ഞ് പോയതായി ഈ അടുത്ത കാലത്ത് ഇറങ്ങിയ ബാഹിയ ഷെഹാബിൻ്റെയും ഹെയ്തം നവാറിൻ്റെയും ഗ്രന്ഥമായ ‘ A history of Arab Graphic Design’ തുറന്ന് വെക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ദൃശ്യ വിസ്മയത്തിൻ്റെ വ്യക്തമായ ചരിത്രവും മദ്ധ്യപൗര്യ ദേശത്തെ പൈത്യക സമ്പത്തുകളോടുള്ള അവഗണനയുടെ നേരനുഭവങ്ങളും പ്രസ്തുത ഗ്രന്ഥം കുറിച്ചിടുന്നുണ്ട്. ഗ്രന്ഥത്തിൻ്റെ പ്രചരണാർത്ഥം കൈറോയിൽ നടന്ന ചടങ്ങിൽ പുസ്തകത്തെക്കുറിച്ച ചോദ്യത്തിന് ഈ ഗ്രന്ഥം സമർപ്പിക്കുന്നത് ‘To the forgotten Arab designers’ എന്നായിരുന്നു ഗ്രന്ഥകാരൻ്റെ മറുപടി. അറബ് ഡിസൈനിംഗ് രംഗത്തെ ആദ്യ കാല ആചാരന്മാരായി ഗ്രന്ഥം പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റുകളാണ് ഹുസൈൻ ബികാർ, അബ്ദുൾ സലാം അഷരീഫ് എന്നിവർ. കുട്ടികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട മാഗസിൻ ‘സിൻബാദ്’ ൻ്റെ കവർ പേജ് തയ്യാറാക്കിയ വ്യക്തിയാണ് ഈജിപ്ത് കാരനായ ഹുസൈൻ ബികാർ. ലബനോനിലെ പ്രസിദ്ധനായ അറബി കലിഗ്രഫർ കമാൽ അൽ ബാബാ പോലുള്ളവരുടെ സംഭാവനകൾ കൂടി പ്രസ്തുത ഗ്രന്ഥം കുറിച്ചിടുന്നു.

ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും
ഗ്രഫിറ്റിയോടൊപ്പം ചേർത്ത് വെക്കേണ്ട ആർട്ട് രൂപമാണ് കലിഗ്രഫിറ്റി. കലിഗ്രഫി, ടൈപ്പോഗ്രഫി, ഗ്രഫിറ്റി എന്നിവയുടെ കൂടിച്ചേരലാണ് ഒറ്റവാക്കിൽ കലിഗ്രഫിറ്റി. അറബി കലിഗ്രഫി എന്ന പരമ്പരാഗതവും നിരവധി നിയമാവലികളും മാത്രമുള്ള കലാവിഷ്കാരത്തെ ജനകീയമാക്കാൻ കലിഗ്രഫിറ്റിക്ക് കുറഞ്ഞ കാലയളവിൽ തന്നെ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ തന്നെ പ്രസിദ്ധനായ ഇറാഖി കലിഗ്രഫറും ആർട്ടിസ്റ്റും, പുതിയ തലമുറയിലെ കലിഗ്രഫിറ്റി ആർട്ടിസ്റ്റുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുകയും ചെയ്ത ഹസൻ മസൂദിയുടെ വാക്കുകൾ കടമെടുത്താൽ ‘ ഒരേ മാതാപിതാക്കളുടെ രണ്ട് പെൺമക്കളാണ് ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും’ . സുന്ദരമായ, നിയമാനുസ്രതമായ കലാവിഷ്കാരങ്ങൾ ഗ്രഫിറ്റിയിലും കലിഗ്രഫിറ്റിയിലും പൊതുവെ കാണാൻ സാധിക്കില്ല. ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയുടെ പ്രകടമായ രൂപങ്ങളായി വിലയിരുത്തപ്പെടാവുന്നവയാണ് രണ്ട് ആർട്ട് രൂപങ്ങളും. തുനീഷ്യയിലെ എൽ സീദ് (El-Seed) എന്ന വ്യക്തിയുടെ വരകൾ കലിഗ്രഫിറ്റിയിലെ വിപ്ലവമായിട്ടാണ് ലോകത്ത് വിലയിരുത്തപ്പെടുന്നത്. 2011 ലെ അറബ് വസന്താനന്തരം ഉയർന്ന് കേട്ട ആർട്ട് വിപ്ലവമായിരുന്നു തുനീഷ്യൻ ആർട്ടിസ്റ്റായ എൽ സീദിൻ്റേത്.

ആർട്ടിസ്റ്റിക്ക് വിപ്ലവത്തിൻ്റെ വലിയ സാധ്യതകളെ പ്രതിരോധത്തിൻ്റെ ഭാഗമാക്കി ഉപയോഗിക്കാൻ അറബ് വിപ്ലവത്തിന് മുമ്പേ ശ്രമം നടത്തിയത് ഫലസ്തീനിലായിരുന്നു. അത് പക്ഷെ ഇസ്രയേൽ – ഫലസ്തീൻ സംഘർഷത്തിലെ ഒരു ചെറിയ ഏടു മാത്രമായി എഴുതപ്പെട്ടു. എങ്കിലും അറബ് വിപ്ലവത്തിന് ഗ്രഫിറ്റിയെയും കലിഗ്രഫിറ്റിയെയും അടുത്തറിയാൻ ഫലസ്തീൻ ഡോക്യമെൻ്റുകൾക്ക് എത്ര മാത്രം കഴിഞ്ഞുവെന്നത് വിവർണാതീതാമാണ്.

വിപ്ലവങ്ങൾക്ക് തെരുവിലെ ഉയർത്തി കെട്ടിയ മതിലുകളും ചുവരുകളും എത്രമാത്രം പ്രാധാന്യമെന്ന് വരച്ച് കാട്ടിയ അറബ് വിപ്ലവം നിരവധി മുസ്ലിം കലാകാരന്മാരെയും ലോകത്തിനു സമ്മാനിച്ചു. ബെയ്റൂത്തിലെ യുവ കലാകാരനായ യാസൻ ഹൽവാനി വർഗീയതക്കെതിരെ പ്രതികരിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഗ്രഫിറ്റി കലാവിഷ്കാരത്തെ ലബനോനിലെ തെരുവുകൾ എറ്റെടുത്തത് യാസൻ ഹൽവാനിയിലൂടെയായിരുന്നു. Manal Al Dowayan, Hossein Amirsadeghi, Amani Hasan, Othman Lazraq, Sascha Crasnow, Nadine Abdel Ghaffar Ganzeer, Fatenn Mostafa എന്നിവരും ഈ മേഖലയെ വ്യത്യസ്ത രീതികളിൽ നയിക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു. ‘war of the walls ‘, Graffiti: Street art revolution and the Arab Spring, എന്ന് തുടങ്ങി നിരവധിയായ പ്രതികരണങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും ആസ്വാദനത്തിനപ്പുറമുള്ള തലത്തിലേക്ക് പതിയെ മാറാൻ തുടങ്ങി.

ഈജിപ്തിൻ്റെ തെരുവുകളായിരുന്നു ആർട്ടിസ്റ്റിക്ക് വിപ്ലവത്തിൻ്റെ ചൂടും ചൂരും വേണ്ടുവോളം അനുഭവിച്ചത്. ചത്വരങ്ങൾ പ്രതിഷേധക്കാർ കയ്യടക്കിയപ്പോൾ അവരിലെ ആർട്ടിസ്റ്റുകൾക്ക് ചുവരുകളും റോഡുകളും ക്യാൻവാസായി അനുഭവപ്പെട്ടത് സ്വാഭാവികം…..Syrian graffiti, Beirut Graffiti, Bahrain’s Graffiti, Tunisian graffiti എന്നീ പേരുകളിൽ തന്നെ നിരവധി ജനകീയ മുന്നേറ്റങ്ങളും സാധ്യമാക്കാൻ വിപ്ലവത്തിന് സാധിച്ചു. സാധ്യതകളെ വ്യത്യസ്തവും വ്യവസ്ഥാപിതവുമായി ഉപയോഗപ്പെടുത്താൻ നേതാക്കൾക്കും അണികൾക്കും കഴിഞ്ഞു എന്നതാണ് ഉത്തരാഫ്രിക്കയിലും അറബ് ലോകത്തും അലയടിച്ച അറബ് വിപ്ലവത്തിലെ തെരുവ് കലാവിഷ്കാരങ്ങൾക്കുള്ള പ്രസക്തി.

Related Articles