Art & Literature

ഗോഥെ ; ഇസ്ലാമിനെ പ്രണയിച്ച മഹാമനീഷി

ചരിത്രം പരിശോധിച്ചാല്‍, എല്ലാ കാലഘട്ടത്തിലും അധികാരവര്‍ഗം പറയുന്നതിന് അപ്പുറത്തേക്കു ചിന്തിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതെ സങ്കൂചിതമാനസികാവസ്ഥയിലും മുന്‍വിധികളിലും കഴിയുന്ന ഒരു ഭൂരിപക്ഷജനവിഭാഗത്തെ കാണാന്‍ കഴിയും. വളരെ ചുരുക്കം ചിലര്‍ക്കു മാത്രമാണ് ഇതിനെയെല്ലാം മറികടക്കാന്‍ സാധിക്കുക. സ്വതന്ത്രമായി ചിന്തിക്കുന്ന ഈ ചെറുന്യൂനപക്ഷം, മഹത്തായ ആശയങ്ങളും ഉന്നതമായ ചിന്തകളും സ്വന്തമായ ലോകവീക്ഷണങ്ങളും വെച്ചുപുലര്‍ത്തുന്നവരാണെന്ന് കാണാം. ഈ ശ്രേഷ്ഠാത്മാക്കള്‍, അറിഞ്ഞോ അറിയാതെയോ ഖുര്‍ആനിക വെളിച്ചത്തെയാണ് പിന്തുടരുന്നത്:

“ഭൂമിയിലുള്ളവരില്‍ ഭൂരിപക്ഷത്തെ നീ പിന്തുടരുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌. തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്‌.” (സൂറത്തുല്‍ അന്‍ആം: 116-117)

ഗോഥെ അത്തരത്തിലൊരു അസാധാരണ മനുഷ്യനായിരുന്നു എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നത്തെ പോലെത്തന്നെ, ഭൂരിഭാഗം വരുന്ന ചിന്തകരും ബുദ്ധിജീവികളും ഇസ്ലാമിനെ അപഹസിക്കാനും പരിഹസിക്കാനും താറടിച്ചുകാണിക്കാനും പരിശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കേണ്ടി വന്നിട്ടും, ഇസ്ലാമിനെ കുറിച്ച് ആത്മാര്‍ഥമായി അന്വേഷിക്കാന്‍ തീരുമാനിച്ച ഗോഥെ, ഭൂരിപക്ഷവീക്ഷണത്തിനു വിരുദ്ധമായ അഭിപ്രായത്തിലാണ്എത്തിച്ചേര്‍ന്നത്. അദ്ദേഹം ഇസ്ലാമിനെ ഗാഢമായി പ്രണയിച്ചു, പരിശുദ്ധ ഖുര്‍ആനുമായും പ്രവാചകന്‍ മുഹമ്മദുമായും (സ) ജീവിതാവസാനം വരേക്കും നീണ്ടുനിന്ന ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

“A wonderful hymn in praise of the Prophet Muhammad” എന്ന പ്രവാചക സ്തുതി ഗീതം എഴുമ്പോള്‍ ഗോഥെക്ക് 23 വയസ്സ് മാത്രമായിരുന്നു പ്രായം എന്ന്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. കാതറീന മൊംസെന്‍ എഴുതിയ “Goethe, the Muslim” എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണത്. ഇസ്ലാമുമായും പ്രവാചകനുമായുള്ള ഗോഥെയുടെ ആത്മബന്ധം “അദ്ദേഹം ജീവിച്ച ചരിത്രപ്രധാന കാലഘട്ടത്തിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണെന്ന്” ഡോ. മൊംസെന്‍ പറയുന്നു. ഗോഥെയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാന്‍ കഴിയും, കാരണം എന്‍റെ വിശ്വാസവിചാരങ്ങളുമായി ഒരുപാടു തലത്തില്‍ യോജിക്കുന്ന ഒന്നു തന്നെയാണ് ഇസ്ലാം.

വിജ്ഞാനശാഖകളില്‍ പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനോടുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടായിരുന്നു ഗോഥെയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു ഘടകം. തത്വചിന്തകനായ ഹെര്‍ഡറിന് എഴുതിയ ഒരു കത്തില്‍, ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തു ത്വാഹയില്‍ മൂസാ നബി (അ) നടത്തുന്ന പ്രാര്‍ഥന ഉദ്ദരിച്ചു കൊണ്ട് ഗോഥെ ഇങ്ങനെ പ്രസ്താവിക്കുന്നത് കാണാം, “എനിക്ക് ഖുര്‍ആനില്‍ മോസസ് പ്രാര്‍ഥിക്കുന്നതു പോലെ പ്രാര്‍ഥിക്കണം: ”നാഥാ, എനിക്കു നീ ഹൃദയവിശാലത പ്രദാനം ചെയ്യേണമേ, ദൗത്യനിര്‍വഹണം എളുപ്പമാക്കേണമേ, എന്റെ സംസാരം ശ്രോതാക്കള്‍ക്ക് ഗ്രഹിക്കാന്‍ നാവിന്റെ കുരുക്ക് അഴിക്കേണമേ.” തന്‍റെ സര്‍ഗാത്മക കഴിവുകള്‍ ശരിയായ മാര്‍ഗത്തില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഗോഥെ പ്രാര്‍ഥിക്കുന്നതെന്ന് ഡോ. മൊംമെന്‍ വിശദീകരിക്കുന്നു.

18ആം നൂറ്റാണ്ടില്‍ ലഭ്യമായിരുന്ന നിലവാരം കുറഞ്ഞ ഖുര്‍ആന്‍ പരിഭാഷകളില്‍ ഗോഥെ നിരാശനായിരുന്നു. ഖുര്‍ആന്‍റെ യുക്തിഭദ്രതയും വൈജ്ഞാനിക മൂല്യവും മാത്രമല്ലഗോഥെ ഇഷ്ടപ്പെട്ടത്, അതിന്‍റെ ഭാഷാപരമായ മനോഹാരിതയോട് അദ്ദേഹത്തിനു ആഴത്തിലുള്ള വൈകാരികാടുപ്പവും ഉണ്ടായിരുന്നു. തന്‍റെ “West-Eastern Divan”-നില്‍ ഗോഥെ എഴുതുന്നു, “ഖുര്‍ആന്‍റെ ശൈലി ഗൗരവതരവും ഉത്കൃഷ്ടവും ആദരണീയവും ഒരു പരിധിവരെ അത്യുന്നതവുമാണ് (truly sublime).” ഒരു സാഹിത്യരചനക്ക് അദ്ദേഹത്തിനു നല്‍കാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും വലിയ വിശേഷണമാണ് ഇതെന്ന് അദ്ദേഹത്തിന്‍റെഭാഷാപ്രയോഗ പരിസരം പരിചയമുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് ഡോ. മൊമ്മെന്‍ സാക്ഷ്യപ്പെടുത്തുന്നു.

അറബി ഭാഷാപഠനത്തിനു വേണ്ടി ഗോഥെ സമയത്തിന്‍റെ വലിയൊരു ഭാഗം നീക്കിവെച്ചിരുന്നു. ഖുര്‍ആന്‍ ആഴത്തില്‍ തന്നെ പഠനമനനത്തിനു വിധേയമാക്കിയിരുന്ന അദ്ദേഹം ഖുര്‍ആനിക സൂക്തങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തിരുന്നു.ഐക്യം പ്രവാചകന്‍ മുഹമ്മദിന്‍റെ സുപ്രധാനനേട്ടങ്ങളില്‍ ഒന്നായി ഗോഥെ കണക്കാക്കി.

“Song of Mahomet” എന്ന തന്‍റെ രചനയില്‍ പ്രവാചകനെ മാനവകുലത്തിന്‍റെ ആത്മീയനേതാവായി ഗോഥെ വരച്ചുകാട്ടുന്നു. പ്രവാചകനെ ഒരു ജലപ്രവാഹത്തോടാണ് ഗോഥെ ഉപമിക്കുന്നത്. “ചെറുവെള്ളച്ചാലായി ആരംഭം കുറിച്ച്, ഒരു നദിയായി വികസിച്ച് പരന്നൊഴുകി, ഒരു മഹാജലപ്രവാഹമായി സമുദ്രത്തില്‍ പൂര്‍ണതപ്രാപിക്കുന്ന” ആത്മീയശക്തി. ദൈവികതയെ സമുദ്രത്തോടാണ് ഗോഥെ ഉപമിക്കുന്നത്.

“Song of Mahomet”-ല്‍, പ്രവാചകന്‍ മുഹമ്മദിന്‍റെ സമീപത്തായി ഗോഥെ സ്വയം പ്രതിഷ്ഠിക്കുന്നുണ്ട്. ഒരു കവിയെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും, ഉന്നതമായ ജീവിതദര്‍ശനത്തിലേക്ക് സഹജീവികളെ കൈപിടിച്ചുയുര്‍ത്തുകയുമാണ് തന്‍റെ ദൗത്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ കവിതകളെല്ലാം തന്നെ ആത്യന്തികമായി മതാംശമുള്ളതായിരുന്നു. ഒരുപാടാളുകളെ സംബന്ധിച്ചിടത്തോളം ഗോഥെ അവരുടെ ആത്മീയഗുരുവും പ്രവാചകനുമാണെന്നതാണ് വാസ്തവം.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: moroccoworldnews

Facebook Comments
Related Articles
Show More

Check Also

Close
Close
Close