Art & Literature

ഫരീദുദ്ദീന്‍ അത്താര്‍; ദൈവിക പ്രണയത്തെ ആവിഷ്‌കരിച്ച സൂഫി

പേര്‍ഷ്യന്‍ സൂഫി സാഹിത്യത്തിലെ അതികായന്മാരായി അറിയപ്പെടുന്നവരാണ് സഅദിയും റുമിയും അത്താറും. എന്നാല്‍ അത്താര്‍ ഇവരില്‍ നിന്ന് വ്യത്യസതനാവുന്നത് ദൈവിക പ്രണയാവിഷ്‌കാരത്തെ അതിമനോഹരമായ രീതിയില്‍ ആവിഷ്കരിച്ചാണ്. തന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ മന്‍ത്വിഖ് ത്വൈറിലൂടെയാണ് അത്താര്‍ സൂഫി ചിന്തകളുടെ പുതിയ വഴികള്‍ രേഖപ്പെടുത്തുന്നത്.

ജീവിതം
പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടില്‍ നിസാപൂരില്‍ ജീവിച്ച ഫരീദുദ്ദീന്‍ അത്താറിന്റെ ജനന വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച സുഗന്ധ കച്ചവടം(അത്തര്‍) തന്നെ തുടര്‍ന്നതിനാല്‍ അത്താര്‍ എന്ന അപരനാമം ലഭിക്കുകയും ചെയ്തു. സൂഫിയായ മാതാവ് അത്താറിനെ ആത്മീയ ചിട്ടയില്‍ വളര്‍ത്തി. അത്തര്‍ കച്ചവടക്കാരനായിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് പ്രവേശിക്കുന്നതും ഏകാന്തനായി ഇലാഹിലേക്ക് യാത്ര തിരിക്കുന്നതും. മക്ക, മദീന, ഡമസ്‌കസ്, തുര്‍ക്കിസ്താന്‍, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളിലൂടെ യാത്ര നടത്തിയ അദ്ദേഹം സൂഫികളെ സന്ദര്‍ശിക്കുകയും ത്വരീഖത്തുകള്‍ സ്വീകരിക്കുകയും ചെയ്തു. മഹാന്മാരായ സൂഫികള്‍ അത്താറിനെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ജലാലുദ്ദീന്‍ റൂമി പറയുന്നു: ‘അത്താര്‍ പ്രണയത്തിന്റെ ഏഴ് പട്ടണങ്ങളും താണ്ഡി കടന്നു പോയവരാണ്. നാം ഇവിടെ വഴി തിരിവുകളില്‍ റോന്ത് ചുറ്റി കൊണ്ടിരിക്കുന്നു’. റൂമിയെ അത്താര്‍ ചെറിയ പ്രായത്തില്‍ അനുഗ്രഹിക്കുകയും തന്റെ ‘അസ്‌റാര്‍ നാമ’ സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. ശിബസ്തരി പറയുന്നു: അത്താര്‍ അതുല്യനാണ്, അടുത്ത നൂറ് നൂറ്റാണ്ടിലൊന്നും ഇദ്ദേഹത്തെ പോലെ ആരെയും കാണാന്‍ സാധിക്കുകയില്ല. അബ്ദുറഹ്മാന്‍ ജാമി പറയുന്നു: അത്താറിന്റെ കവിതകള്‍ സൂഫിസത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് ഒരു പ്രഹരമാണ്, അത് ചിലപ്പോള്‍ പ്രതിരോധവും പ്രേരണയുമായിരിക്കും.

ഗ്രന്ഥങ്ങള്‍
നിരവധി രചനകളുടെ കര്‍ത്താവ് കൂടിയാണ് അത്താര്‍. നുറിലധികം രചനകള്‍ നടത്തിയ അദ്ദേഹത്തിന്റെ രചനകളില്‍ പലതും ഇന്ന് ലഭ്യമല്ല. മറ്റു പല രചനകളും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ കവിതാ സമാഹാരങ്ങളാണ് അധിക ഗ്രന്ഥങ്ങളും. പക്ഷെ അത്താറിന് മുമ്പ് ജീവിച്ച സൂഫികളുടെ ജീവചരിത്രം രേഖപ്പെടുത്തിയ രചനയായ തദ്കിറത്തുല്‍ ഔലിയ ഗദ്യ രൂപേണയുള്ളതാണ്. തദ്കിറത്തുല്‍ ഔലിയില്‍ ഹല്ലാജിന്റെ ജീവിത ചരിത്രം കൂടുതലായി വിശദീകരിക്കുന്നതായി കാണാം. അത്താറിനെ രണ്ടാം ഹല്ലാജായി വരെ വായിക്കുന്നവരുണ്ട്. കാരണം ഹല്ലാജിന്റെ ജീവിതത്തോട് കൂടുതല്‍ സാദൃശ്യമായ സംഭവങ്ങള്‍ അത്താറിന്റെ ജീവിതത്തിലും കാണാന്‍ സാധിക്കും. ഹല്ലാജിന്റെ അനല്‍ ഹഖ് പോലെ പല വാചകങ്ങളും അത്താറും സംസാരിക്കുന്നുണ്ട്. ‘അന അല്ലാഹ് അന അല്ലാഹ് അന അല്ലാഹ്’ എന്ന് അത്താര്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഹല്ലാജിന്റെ അന്ത്യം പോലെ തന്നെയായിരുന്നു അത്താറിന്റെയും എന്ന് വിശദീകരുക്കുന്ന ജീവചരിത്രകാരന്മാരുമുണ്ട്. ജലാലുദ്ദീന്‍ റൂമി പറയുന്നു: ഹല്ലാജിന്റെ ആത്മാവ് അത്താറിലും തുടി കൊള്ളുന്നുണ്ട്. വുസ്ലത്ത് നാമ, കന്‍സ് നാമ, ഖുസ്രു നാമ, മുസീബത് നാമ, ദീവാന്‍, അസാറാര്‍ നാമ തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ആത്മീയ ജീവിതം
ഗ്രന്ഥങ്ങളിലെവിടെയും അത്താര്‍ തസവ്വുഫിനെ കൃത്യമായി വിശദീകരിക്കുന്നില്ല. പക്ഷെ, കവിതയുടെ കണ്ണാടിയിലൂടെയാണ് അദ്ദേഹം സൂഫിസത്തെ വിശദീകരിക്കാനുള്ള മാധ്യമമായി സ്വീകരിക്കുന്നത്. അത്താര്‍ പറയുന്നു: എന്റെ ഹൃദയത്തില്‍ ചില രഹസ്യങ്ങളുണ്ട്. അത് പുറത്തേക്ക് ഒഴുകുന്നതല്ല. അത് വിശദീകരിക്കാന്‍ സാധിക്കുന്നതുമല്ല. വിശ്വസിച്ച് വിശദീകരിച്ച് കൊടുക്കാന്‍ ഉതകുന്ന ഒരാളുമല്ല. സനാഈ പറയുന്നു: ഞാന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. കാരണം, ദൈവിക രഹസ്യങ്ങള്‍ വിശദീകരിക്കാന്‍ ഉതകുന്ന വാക്കുകളോ ചിഹ്നങ്ങളോ ഇല്ല. അത്താര്‍ പറയുന്നു: എന്റെ പ്രണയിനിയുടെ കഥ പറഞ്ഞു തന്ന ആത്മാവിന്റെ നാവ് അറുക്കപ്പെട്ടിരിക്കുകയാണ്. അതിനൊന്നും തന്നെ സംസാരിക്കാന്‍ ആവുന്നതല്ല. എന്റെ ഹൃദയം രഹസ്യങ്ങളുടെ കലവറയാണ്. പക്ഷെ, നാവ് ആണി തറക്കപ്പെട്ടിരക്കുന്നു. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? അത്താര്‍ ചില സ്ഥലങ്ങളില്‍ സര്‍വ്വ മറകളെയും നിരാകരിക്കുകയും ഹൃദയ രഹസ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സൂഫികളുടെ സ്ഥാനങ്ങളിലൊന്നായ ഖബ്‌ള്, ബസ്ത്വിലെത്തിയ സൂഫികള്‍ പലപ്പോഴും സ്വന്തം ആത്മാവിന് വന്നണയുന്ന സുഖങ്ങളെക്കുറിച്ചും ഉല്ലാസത്തെക്കുറിച്ചും ഉന്മത്തരായി സംസാരിക്കാറുണ്ട്. ‘ഞാന്‍ എന്റെ ഹബീബിന്റെ മുഖം കണ്ടിരിക്കുന്നു’ ഇത്തരം നിരവധി വാക്കുകള്‍ അത്താറില്‍ നിന്ന് വന്നതായി കാണാം. അത്താര്‍ ഹൃദയവുമായാണ് സംവേദനം നടത്തിയത്. കാരണം ബൗദ്ധിക വിചാരങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം അപ്രസക്തമായിരുന്നു. ബുദ്ധിക്ക് ഒരിക്കലും പരമ സത്യത്തെ പുല്‍കാന്‍ സാധിക്കില്ലെന്നാണ് യഥാര്‍ത്ഥ്യം. പക്ഷെ, ബൂദ്ധിയുടെ സാന്നിധ്യത്തേയും ആവശ്യകതയെയും അദ്ദേഹം അവഗണിക്കുന്നില്ല.
പ്രണയമാണ് തസവ്വുഫിന്റെ അടിസ്ഥാനമെന്നാണ് അത്താര്‍ പറയുന്നത്. പ്രണയത്തിന് മാത്രമാണ് സത്യത്തെ തിരിച്ചറിയാന്‍ സാധിക്കുകയൊള്ളു. ബുദ്ധി പ്രണയത്തിന്റെ പ്രകാശം കൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ബൂദ്ധി അബൂബക്കറിനെപ്പോലയാണ്, പ്രവാചകന്‍(സ) യുടെ നേര്‍വെളിച്ചത്തില്‍ നിന്നാണ് അബൂബക്കര്‍ ഉന്നതി പ്രാപിച്ചത്. അല്ലാഹു, ലോകം, മനുഷ്യന്‍ എന്നിവ തമ്മിലുള്ള പരസ്പര ബന്ധമാണ് അത്താര്‍ രചനകളുടെ പ്രധാന വിഷയങ്ങള്‍.

മന്‍ത്വിഖ് ത്വൈര്‍
അത്താറിന്റെ പ്രധാന രചനകളിലൊന്നാണ് മന്‍ത്വിഖ് ത്വൈര്‍ (പക്ഷി സംവേദനം). അത്താറിന്റെ പ്രണയ വിചാരങ്ങളെയും ആത്മിക ചിന്തയെയും കാവ്യത്മവും രൂപാത്മകവുമായി സമീപിക്കുന്ന രീതിയാണ് ഇതില്‍ കാണാനാകുക. അത്താറിന്റെ സൂഫി ചിന്തകളധികവും മന്‍ത്വിഖ് തൈ്വറില്‍ ദൃശ്യവുമാണ്. മന്‍ത്വിഖ് തൈ്വറിലെ സംഭവത്തെ ഇങ്ങനെ വായിക്കാം. പക്ഷി ലോകത്തിന് ഒരു രാജാവിനെ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് ലോകത്തുളള പക്ഷികള്‍ മുഴുവനും ഹുദ്ഹുദ് പക്ഷിയുടെ നേതൃത്വത്തില്‍ സംഘമിക്കുന്നു. പക്ഷികള്‍ മുഴുവനും ഹുദ്ഹുദിനോട് രാജാവിന്റെ ആവശ്യകതയെ വിശദീകരിച്ച് കൊടുക്കുന്നു. ഹുദ്ഹുദ് ഏഴ് മലകള്‍ക്ക് അപ്പുറത്തുള്ള സിമര്‍ഗ് എന്ന ഒരു പക്ഷിയെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. പക്ഷികള്‍ സിമര്‍ഗിനെ രാജാവായി അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ശേഷം ഹുദ്ഹുദ് പക്ഷികളോട് യാത്രക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കവിതയില്‍ ഹുദ്ഹുദ് ശൈഖും മുര്‍ഷിദും പക്ഷികള്‍ മുരീദുകളുും സിമര്‍ഗ് ദൈവവുമായി രൂപപ്പെടുന്നു. സിമര്‍ഗിലേക്കുളള യാത്ര ദൈവത്തിലേക്കുള്ള യാത്രയായി ചിത്രീകരിക്കപ്പെടുന്നു. ഹുദ്ഹുദും പക്ഷികളും തമ്മിലുള്ള സംസാരമാണ് സൂഫി പ്രയാണത്തിന്റെ വഴികള്‍ രൂപപ്പെടുത്തുന്നത്. പ്രയാണത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അനുഭൂതികളും യാത്രയുടെ പര്യവസാനത്തില്‍ ലഭിക്കുന്ന സുഖാനുഭൂതികളെയും വിശദീകരിച്ച് കൊടുക്കുന്ന ഹുദ്ഹുദ് എല്ലാ പക്ഷികളെയും യാത്രയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ യാത്രയുടെ കഠിനതയും പ്രയാസവും മനസിലാക്കുന്ന ചില പക്ഷികള്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു. അവസാനം മുപ്പത് പക്ഷികള്‍ മാത്രമാണ് ബാക്കിയാകുന്നത്.

പക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചരിത്ര സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണ് കവിതകളില്‍ മുഴുവനും നിഴലിച്ച് നില്‍ക്കുന്നത്. മുപ്പത് പക്ഷികളുമായി യാത്ര തിരിക്കുന്ന ഹുദ്ഹുദ് ഏഴ് താഴ്‌വാരങ്ങള്‍ താണ്ഡിയാണ് സിമര്‍ഗിന്റെ സമീപത്തേക്ക് എത്തിച്ചേരുന്നത്. ഏഴ് താഴ്‌വാരങ്ങളും സൂഫികളില്‍ ഉണ്ടാകുന്ന ഏഴ് മഖാമുകളെയാണ് സുചിപ്പിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രണയത്തിന്റെ ഏഴ് അവസ്ഥകളെയാണ് പരാമര്‍ശിക്കുന്നത്. ആഗ്രഹം, സ്‌നേഹം, തിരിച്ചറിവ്, സ്വാതന്ത്ര്യം, ഏകത്വം, ആശ്ചര്യം, മരണം തുടങ്ങിയ പേരുകളാണ് ഓരോ മലഞ്ചെരിവുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഒരു വസ്തുവിനോട് തോന്നുന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്ന് തുടങ്ങുന്ന യാത്രകളാണ് അവസാനം മരണമെന്ന മലഞ്ചെരിവില്‍ ഏകീയമായി അതിനോട് ഒന്നായി തീരാന്‍ പ്രേരിപ്പിക്കുന്നത്. അത്താറിനെതിരെ ശീഈ ആരോപണം ഉയര്‍ത്തുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു ആശയത്തിന്റെ പ്രചാരകനായിരുന്നില്ല അദ്ദേഹമെന്നതിന് അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ തന്നെ വ്യക്തമായ തെളിവുകള്‍ കാണാന്‍ സാധിക്കും. മന്‍ത്വിഖ് ത്വൈര്‍ തുടങ്ങുന്നത് തന്നെ പ്രവാചകരേയും അബുബക്കറിനെയും മറ്റു മൂന്ന് ഖലീഫമാരെയും പരാമര്‍ശിച്ച് കൊണ്ടാണ്. അലി(റ) വിനെക്കുറിച്ച് കൂടുതലായി പരാമര്‍ശിച്ചതാണ് ശീഈ ആരോപണത്തിന് കാരണമായത്. അത്താറിന്റെ മരണവര്‍ഷവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല.

Facebook Comments
Related Articles

Check Also

Close
Close
Close