Current Date

Search
Close this search box.
Search
Close this search box.

റഅ്ഫത് ബാഷ : ചരിത്ര സാഹിത്യത്തിലെ അതികായന്‍

അബ്ദുറഹ്മാന്‍ റഅ്ഫത് ബാഷ ഇസ്‌ലാമിക സാഹിത്യത്തിന്റ എഞ്ചിനീയര്‍, ചരിത്രകാരന്‍, സാഹിത്യകരാന്‍, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. തന്റെ കാലത്തെ പ്രമുഖരായ രണ്ടു ഭാഷാനിപുണന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായ അറബി ഭാഷക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു. സഹാബികളുടെയും താബിഉകളുടെയും വീരോചിത കൃത്യങ്ങളെ ഒരു നായകന്റെ പരിവേഷത്തോടെയും നോവല്‍ സാഹിത്യത്തിന്റെ ശൈലിയിലും ഭംഗിയിലും അദ്ദേഹം ചിത്രീകരിച്ചു. ഇസ്‌ലാമിക സമൂഹത്തിന്റെ നവോഥാനത്തിനും നവജാഗരണത്തിനുമനുഗുണമാകുന്ന രീതിയില്‍ വായനക്കാരെ സംസ്‌കരിക്കുക എന്ന ശൈലിയാണ് തന്റെ രചനകളില്‍ അദ്ദേഹം ആവിഷ്‌കരിച്ചത്.
ഇസ്‌ലാമിക സാഹിത്യ കലയായിരുന്നു തന്റെ പ്രബോധനപ്രവര്‍ത്തനത്തിന്റെ തട്ടകമായി റഅ്ഫത് ബാഷ തെരഞ്ഞെടുത്തത്. ഇസ്‌ലാമിക സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍ നാം വിശകലന വിധേയമാക്കേണ്ടതുണ്ട്.

1. ഇസ്‌ലാമിക സാഹിത്യശാഖയിലേക്കുള്ള പ്രബോധനവും ആഗോള ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ രൂപീകരണവും:
അബ്ദുറഹ്മാന്‍ റഅ്ഫത് ബാഷ തന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ മേഖലയായി തെരഞ്ഞെടുത്തത് ദാറുല്‍ അദബുല്‍ ഇസ്‌ലാമിയായിരുന്നു. അറബി ഭാഷയുടെ സംരക്ഷകനായും ഇസ്‌ലാമിക സാഹിത്യ ശാഖയുടെ പ്രബോധകനുമായിട്ടാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്. തന്റെ രചനകള്‍ ആസ്വാദ്യകരമാകുമ്പോള്‍ തന്നെ പ്രയോജനപ്രദവും ആകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിക സാഹിത്യത്തെ അതിന്റെ എല്ലാ തികവോടും മികവോടും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. മനുഷ്യസമൂഹത്തെ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന എല്ലാതരം സാഹിത്യങ്ങളോടും അദ്ദേഹം കലഹിച്ചു. ഇസ്‌ലാമിക സാഹിത്യ ശാഖക്ക് പ്രയോജനപ്രദമാകുന്ന ഒരു വിജ്ഞാനകോശം നിര്‍മിക്കുന്നതിനായി അദ്ദേഹം നിലകൊള്ളുകയുണ്ടായി. ഇസ്‌ലാമിക പ്രബോധന സാഹിത്യവിജ്ഞാനകോശം എന്ന ആശയം രിയാദിലെ അറബി ഭാഷ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് വെച്ചപ്പോള്‍ അതിന്റെ നേതൃത്വം അദ്ദേഹം താല്‍പര്യപൂര്‍വ്വം ഏറ്റെടുക്കുകയും സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിക്കുകയും ചെയ്തു. പ്രവാചക കാലം മുതല്‍ അബ്ബാസി കാലഘട്ടം വരെയുള്ള ഇസ്‌ലാമിക കവിതകള്‍ ശേഖരിച്ച് പുറത്തിറക്കുകയും പ്രവാകന്റെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടം വരെയുള്ള സന്ദര്‍ഭങ്ങളിലെ കഥകള്‍ രണ്ട് വാള്യങ്ങളിലായി ശേഖരിക്കുകയും ചെയ്തു. ഇസ്‌ലാമിക കവിതയെ പറ്റിയുള്ള തെറ്റായ ചില ധാരണകള്‍ തിരുത്താന്‍ ഇത് ഉപകരിച്ചു. സാഹിത്യത്തിലും നിരൂപണശാസ്ത്രത്തിലും ഇസ്‌ലാമിക ശൈലി സ്ഥാപിച്ചെടുക്കാനാവശ്യമായ തത്വങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. സഊദി യൂണിവേഴ്‌സിറ്റിയില്‍ ഇതിന്റെ രൂപരേഖ സമര്‍പിച്ചു. അപ്രകാരം ചരിത്രത്തിലാദ്യമായി ഇസ്‌ലാമിക സാഹിത്യ രീതിശാസ്ത്രത്തിന്നായി ഒരു പ്രത്യേക വിഭാഗം അവിടെ ആരംഭിക്കുകയുണ്ടായി. അബുല്‍ ഹസന്‍ അലി നദവിയുടെ മദ്ഹബുന്‍ ഇസ്‌ലാമിയ്യിന്‍ ഫില്‍ അദബി വന്നഖ്ദ് എന്ന ഗ്രന്ഥത്തില്‍ അബ്ദുര്‍ഹ്മാന്‍ ബാഷയുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ അദ്ദേഹം പ്രശംസിക്കുന്നുണ്ട്. പിന്നീട് അദ്ദേഹം ഇതിന്റെ വികാസത്തിനായി ഒരു അന്താരാഷ്ട്രവേദി രൂപീകരിക്കണമെന്ന് ആഗ്രഹിക്കുകയും തല്‍ഫലമായി റാബിത്വതുല്‍ അദബുല്‍ ഇസ്‌ലാമി അല്‍ ആലമിയ്യ എന്ന പ്രസ്ഥാനം രൂപീകരിക്കുകയുമുണ്ടായി. അതിന്റെ പ്രഥമ ഉപാധ്യക്ഷനും അദ്ദേഹം തന്നെയായിരുന്നു.
ബാഷയുടെ രചനകള്‍:
സാഹിത്യം, നിരൂപണം, തര്‍ബിയ, ചരിത്രം തുടങ്ങിയ വൈവിധ്യമായ തലങ്ങള്‍ റഅ്ഫത് ബാഷ കൈകാര്യം ചെയ്തിട്ടുണ്ട്. പൂര്‍വീക പൈതൃകങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ രചനകളുടെ പ്രചോദനം. വളര്‍ന്നുവരുന്ന തലമുറയില്‍ ഇസ്‌ലാമിക കഥാപുരുഷന്മാരെ കുറിച്ച വികാരങ്ങള്‍ സൃഷ്ടിക്കാനും ഇസ് ലാമികമായ മൂല്യങ്ങളില്‍ അവരെ വളര്‍ത്താനുമായിരുന്നു തന്റെ രചനകളില്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഇസ്‌ലാമിക സാഹിത്യശാഖക്ക് മികച്ച 48 ഗ്രന്ഥങ്ങള്‍ അബ്ദുറഹ്മാന്‍ റഅ്ഫത് ബാഷ സമര്‍പ്പിക്കുകയുണ്ടായി. ‘സുവറു മിന്‍ ഹയാതി സഹാബ, സുവറു മിന്‍ ഹയാതി സഹാബിയ്യാത്ത്, സുവറു മിന്‍ ഹയാതി താബിഈന്‍, നഹവ മദ്ഹബുന്‍ ഇസ് ലാമിയ്യിന്‍ ഫില്‍ അദബി വന്നഖ്ദ്, അല്‍ ബുത്വൂല തുടങ്ങിയ അതില്‍ പ്രധാനപ്പെട്ടതാണ്.
സുവറു മിന്‍ ഹയാതി സ്സഹാബ:
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാഠശാലയില്‍ നിന്നും വളര്‍ന്നു വന്ന നക്ഷത്രതുല്യരായ സഹാബികളുടെ തെളിമയാര്‍ന്ന ജീവിതം സുന്ദരമായി ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥമാണിത്. ചരിത്രപരമായ യാഥാര്‍ഥ്യങ്ങളും സാഹിത്യശൈലികളും സമഞ്ജസമായി സമ്മേളിപ്പിച്ച രചനയാണിത്. ഒരേ സമയം ചരിത്രവിദ്യാര്‍ഥികളെയും കഥാകുതുകികളെയും സാഹിത്യാഭിരുചിയുള്ളവരെയും തൃപ്തിപ്പെടുന്ന രചനാപാടവം ഇതില്‍ ദൃശ്യമാണ്.
സുവറു മിന്‍ ഹയാതി സഹാബിയ്യാത്:
പ്രവാചക കാലഘട്ടത്തില്‍ ജീവിച്ച സ്ത്രീ രത്‌നങ്ങളുടെ ജീവിതമാണ് ഇതില്‍ അനാവരണം ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇസ്‌ലാം നല്‍കിയ പാഠങ്ങളും സവിസ്തരം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. പുരുഷന്മാരെ പോലെ ബൈഅത്ത് ചെയ്യാനും ഇസ്‌ലാമിക മാര്‍ഗത്തില്‍ സമര്‍പ്പിക്കാനും അവര്‍ സന്നദ്ധരായതും ജിഹാദിലെ അവരുടെ പങ്കാളിത്തവുമെല്ലാം എല്ലാ ചൈതന്യത്തോടുകൂടിയും ഇതില്‍ വിവരിച്ചിട്ടുണ്ട്.
സുവറു മിന്‍ ഹയാതി താബിഈന്‍:
പ്രവാച കാലത്തോടടുത്ത് ജീവിച്ച മഹാരഥന്മാരായ താബിഉകളുടെ സംഭവബഹുലമായ ജീവിതമാണ് ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവരുടെ വിശ്വാസദാര്‍ഢ്യവും സമര്‍പ്പണവും ത്യാഗങ്ങളും സംഭാവനകളുമെല്ലാം ഇതില്‍ അനുസ്മരിക്കുന്നുണ്ട്.

ഈ ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്തേക്ക് ഗ്രന്ഥകര്‍ത്താവ് നമ്മുടെ കൈപിടിച്ച് കൊണ്ടുപോകുന്നതായി നമുക്കനുഭവപ്പെടും. ഇസ്‌ലാമിക ചരിത്ര സാഹിത്യത്തില്‍ ഇന്നും ആധികാരിക സ്രോതസ്സുകളായി നിലകൊള്ളുന്നത് അബ്ദുറഹ്മാന്‍ റഅ്ഫത്ത് ബാഷയുടെ രചനകളാണ് എന്നത് തന്നെ അദ്ദേഹത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles