Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ എന്തുകൊണ്ട് അറബി ഭാഷ പഠിക്കണം?

ഡിസംബര്‍ പതിനെട്ട് അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുമ്പോള്‍ അറബി ഭാഷയുമായുള്ള നമ്മുടെ വൈകാരികവും സാംസ്‌കാരികവുമായ ബന്ധങ്ങളെ കുറിച്ചും അത് പഠിക്കേണ്ട അനിവാര്യതയെ പറ്റിയും നാം ഗൗരവതരമായ ചില ആലോചനകള്‍ നടത്തേണ്ടതുണ്ട് .ഇന്ന് ജീവിച്ചിരിക്കുന്ന ഭാഷകളില്‍ പുരാതനമായ ഒരു ഭാഷയാണ് അറബി. അറബി ഭാഷക്ക് 1600-ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകന്മാരുടെ നിഗമനം. അറബി ഭാഷയുടെ പ്രായത്തിലുള്ള പല ഭാഷകളും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായപ്പോഴും അറബി ഭാഷ അതിന്റെ തനിമയോടെ നിലനില്‍ക്കാന്‍ കാരണം അല്ലാഹു അതിന്റെ സംരക്ഷണം ഏറ്റെടുത്തതിനാലാണ്. അല്ലാഹു ഖുര്‍ആനിനെ സംരക്ഷിക്കും എന്നു വാഗ്ദാനം ചെയ്തതില്‍ നിന്നും ഖുര്‍ആന്‍ അവതീര്‍ണമായ ഭാഷയും സംരക്ഷിക്കപ്പെടും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. മതകീയവും ആരാധനാപരവുമായ മാനങ്ങളുള്ളതോടൊപ്പം തന്നെ സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും നാഗരികതയുടെയും ഭാഷയായി അറബി മാറിയിരിക്കുന്നു. അറബി ഭാഷക്ക് അന്ന് നിലവിലുള്ള പേര്‍ഷ്യന്‍, ഗ്രീക്ക്, ഇന്ത്യന്‍ ഭാഷകളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ശീതളഛായയില്‍ അറബി ഭാഷ അന്താരാഷ്ട്ര ഭാഷയായിത്തീര്‍ന്നു. ഇന്ന് ഇരുപതില്‍ പരം രാഷ്ട്രങ്ങളുടെ മാതൃഭാഷയും 150 -കോടിയിലേറെ മുസ് ലിങ്ങളുടെ സംസാര ഭാഷയും അറബി തന്നെയാണ്.

ഇസ്‌ലാമിക വീക്ഷണത്തില്‍ അറബി ഭാഷാ പഠനത്തിന്‍ വലിയ പ്രാധാന്യമുണ്ട്. അല്ലാഹു ദിവ്യസന്ദേശം അവതരിപ്പിക്കാന്‍ വേണ്ടി അറബി ഭാഷ തിരഞ്ഞെടുത്തു എന്നത് തന്നെ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ‘അറബി ഭാഷ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയാണെന്ന്’ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു. ‘ അറബി ഭാഷ ദീനിന്റെ ഭാഗമാണ്. അത് പഠിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. കാരണം വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും യഥാവിധി മനസ്സിലാക്കാന്‍ അറബി ഭാഷ പഠിക്കേണ്ടതുണ്ട്. അതിനാല്‍ പ്രസ്തുത ലക്ഷ്യസാധൂകരണത്തിന് അറബി ഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്. അറബി ഭാഷ ഉപേക്ഷിച്ചതിനാലാണ് ജനങ്ങളില്‍ അന്ധവിശ്വാസവും അഞ്ജതയും ഉണ്ടാകാന്‍ കാരണമെന്ന് ഇമാം ശാഫി രേഖപ്പെടുത്തുന്നു. ദീനിലെ നവീനവാദക്കാരെ നാശത്തിലകപ്പെടുത്താന്‍ കാരണം അനറബികളാണെന്ന് ഹസന്‍ ബസ്വരിയും രേഖപ്പെടുത്തുന്നു. ഇസ്‌ലാമിക-അറബി  സംസ്‌കാരത്തിലേക്കുള്ള താക്കോലാണ് അറബി ഭാഷ. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം ആര്‍ജിച്ചെടുത്ത നിരവധി വിജ്ഞാനങ്ങളെ മനസ്സിലാക്കാന്‍ ഈ ഭാഷ പഠിച്ചവര്‍ക്ക് സാധിക്കും. വിശ്വാസികള്‍ക്കിടയിലുള്ള പരസ്പര ബന്ധം ദൃഢമാക്കുന്നതിനും മുസ് ലിങ്ങളുടെ ഐക്യത്തിനും അനല്‍പമായ പങ്ക് അറബി ഭാഷക്കുണ്ട്. അറബി ഭാഷ സ്വായത്തമാക്കുന്നതിന് മുസ്‌ലിം സമൂഹം തുടക്കം മുതലേ വലിയ പ്രാധാന്യം നല്‍കിയതായും കാണാം. ഇന്ന് അറബ്- ഇസ്‌ലാമിക പൈതൃകങ്ങളുമായി ഇടപഴകിച്ചേരാനും ജോലി ആവശ്യാര്‍ഥവും ഇതരമതസ്ഥരായ ആളുകള്‍ ധാരാളമായി ഇന്ന് അറബി ഭാഷ പഠിക്കുന്നുണ്ട്.

അറബി ഭാഷയുമായി കേരളീയര്‍ക്ക് ചിരപുരാതനകാലം മുതല്‍ക്കെ ഹൃദ്യമായ ബന്ധമുണ്ട്. കച്ചവടത്തിനായി കേരളത്തിലെത്തിയ അറബികള്‍ മുഖേന ഈ ഭാഷയും സംസ്‌കാരവും ഇവിടെ പ്രചരിക്കുകയുണ്ടായി. ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും ഔദ്യോഗികമായിത്തന്നെ അറബി ഭാഷ കേരളത്തില്‍ പഠിപ്പിക്കുന്നുണ്ട്. അറബി ഭാഷയുടെ ഉന്നമനത്തിനായുള്ള അഫ്‌സലുല്‍ ഉലമ പോലോത്ത കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ അംഗീകാരമുള്ളതാണ്. കൂടാതെ പള്ളിദര്‍സുകളിലൂടെയും അറബിക്- ഇസ്‌ലാമിയ കോളേജുകളിലൂടെയും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികളിലൂടെയും അറബി ഭാഷ പഠിക്കാനുള്ള അവസരം കേരളത്തിലുണ്ട്. ഇത്തരത്തില്‍ അറബി ഭാഷയില്‍ നൈപുണ്യം നേടിയ അനേകായിരം പേര്‍ കേരളത്തിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കേരളീയജീവിതത്തിന്റെ അനിവാര്യതയായതുകൊണ്ട് തന്നെ മലയാളികളുടെ ജീവിതവുമായിട്ട് ഹൃദ്യമായ ബന്ധം ഈ ഭാഷക്കുണ്ട്. പക്ഷെ, കേരളത്തില്‍ ഒരു അറബി സര്‍വകലാശാല എന്ന സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് മലയാളികളിനിയെത്ര കാത്തിരിക്കണം എന്നതാണ് ഈ ഭാഷാദിനം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

Related Articles