Current Date

Search
Close this search box.
Search
Close this search box.

മലബാറിന്റെ നന്മകള്‍ ചാലിച്ച് ‘സുഡാനി ഫ്രം നൈജീരിയ’

fgh.jpg

ഫുട്‌ബോള്‍ പ്രമേയമാക്കിയുള്ള ഒരുപാട് സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ദേശത്തിന്റെ ഫുട്‌ബോളിനോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹവും അതിന്റെ പിന്നിലെ ജീവിതങ്ങളും അവരുടെ പരസ്പര ബന്ധവും കൃത്രിമത്വങ്ങളില്ലാതെ അതേപടി വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ നവാഗതനായ സകരിയ്യ മുഹമ്മദും കൂട്ടരും. ഫുട്‌ബോളിനപ്പുറം അതിനു പിന്നിലെ സ്‌നേഹവും പ്രതിസന്ധികളും പ്രയാസങ്ങളും ആത്മാര്‍ത്ഥതയും ഒപ്പിയെടുക്കുകയായിരുന്നു ടീം സുഡാനി. അതിലൂടെ കൃത്യമായ വിമര്‍ശനങ്ങളും രാഷ്ട്രീയവും നിലപാടും പറയാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം ഫുട്‌ബോളിനെ നിശ്കളങ്കമായി സ്‌നേഹിക്കുകയും ആരാധിക്കുകയും അതിനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്തവരുടെ നാടാണ്. എന്നാല്‍, മലയാള സിനിമ ഭീജാവാഹം ചെയ്തതു മുതല്‍ മലപ്പുറം എന്നത് ഒരു പ്രത്യേക മതവിഭാഗത്തെ താറടിച്ചു കാണിക്കാനും അവരെ കൊള്ളരുതാത്തവരായി ചിത്രീകരിക്കാനുമായിരുന്നു മുഖ്യധാര സംവിധായകരടക്കം കിണഞ്ഞു ശ്രമിച്ചിരുന്നത്. അതിപ്പോഴും വലിയ മാറ്റമില്ലാതെ തന്നെ തുടരുന്നുണ്ട്.

hkuik;

എന്നാല്‍, അതിനെല്ലാം കൃത്യമായ മറുപടി നല്‍കി മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുകയാണ് അണിയറക്കാര്‍. അതിന്റെ പൂര്‍ണത കൈവരിക്കാന്‍ കൊച്ചിക്കാരനായ നടന്‍ സൗബിന്‍ ഷാഹിറിനായിട്ടുണ്ടെന്നും നിസ്സംശയം പറയാന്‍ സാധിക്കും. മജീദ് എന്ന ഫുട്‌ബോള്‍ ടീം മാനേജറുടെ വേഷം കൃത്രിമമായി അഭിനയിക്കാന്‍ ശ്രമിക്കാതെ മലപ്പുറംകാരനെപോലെ ക്യാമറക്കുമുന്നില്‍ ജീവിക്കുകയായിരുന്നു സൗബിന്‍. കൂടെനിന്ന് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ‘സുഡാനി’യായ സാമുവല്‍ ആബിയോള റോബിന്‍സണുമായിട്ടുണ്ട്.

മലബാറിന്റെ കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലും ഗ്രൗണ്ടുകളിലും വര്‍ഷങ്ങളായി നടന്നുവരുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും അതിലേക്ക് കളിക്കാനായി എത്തുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ താരങ്ങളുടെ സാന്നിധ്യവുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. എന്നാല്‍ സുഡാനികളെന്ന് വിളിക്കുന്ന ഇവരുടെ അധികമാരും അറിയാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളും അവരുടെ പ്രതീക്ഷകളും പ്രതിസന്ധികളും തിരശ്ശീലയിലെത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സംവിധായകന്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ യുദ്ധവും പട്ടിണിയും സംഘര്‍ഷവും മൂലം നരകയാതന അനുഭവിക്കുന്നവരുടെ ഇടയില്‍ നിന്നും ഫുട്‌ബോള്‍ എന്ന സ്വപ്‌നത്തിനപ്പുറം വലിയ പ്രതീക്ഷകളുമായി വിമാനം കയറുന്നവരാണ് അവരില്‍ ഭൂരിഭാഗവും. നമുക്ക് അവര്‍ കേവലം കാല്‍പന്തിന്റെ മാന്ത്രിക കാഴ്ചകള്‍ സമ്മാനിക്കുന്ന സുഡാനികള്‍ മാത്രമാണ്. അതിനപ്പുറം അവര്‍ക്കൊരു ജീവിതമുണ്ടെന്ന് കാണിക്കുക കൂടിയാണ് ‘സുഡാനി ഫ്രം നൈജീരിയ ‘.

 

മജീദിന്റെ ഉമ്മ ജമീലയായി അഭിനയിച്ച സാവിത്രി ശ്രീധരന്റെയും അയല്‍വാസി ബീയ്യുമ്മയായി അഭിനയിച്ച സരസ ബാലുശ്ശേരിയുടെയും അഭിനയം എടുത്തു പറയേണ്ടതു തന്നെയാണ്. മലബാറിലെ ഉമ്മമാരുടെ വേഷപ്പകര്‍ച്ചയും ഭാവാഭിനയവും അതേപ്പടി പകര്‍ത്തുകയായിരുന്നു ഇരുവരും. അതിനാല്‍ സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുമുണ്ട്. സൗബിന്റെയും സാമുവലിന്റെയും കൂടെ അഭിനയിച്ച തൊണ്ണൂറ് ശതമാനവും പുതുമുഖങ്ങളായിട്ടും അതിന്റെ അലോസരമോ മുഷിപ്പോ പ്രേക്ഷകരെ അനുഭവിപ്പിക്കാതെ എല്ലാവരും തകര്‍ത്തഭിനയിക്കുകയായിരുന്നു.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും സര്‍ക്കാരും അധികൃതരും കാണിക്കുന്ന നീതികേടും സാധാരണക്കാരെ വട്ടംകറക്കുന്ന പൊലിസിന്റെ സ്ഥിരം ശൈലികളും സിനിമയില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. മലയാള സിനിമയിലെ രണ്ടു പ്രമുഖരായ സമീര്‍ താഹിറും ഷൈജു ഖാലിദും സിനിമയുടെ പിന്നണിയിലുള്ളതിന്റെ ഫലവും നമുക്ക് കാണാനാകും. ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ മത്സരം മുതല്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥി ജീവിതങ്ങളടക്കം ഭംഗിയായി ക്യാമറയിലൊപ്പിയെടുത്ത ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ കാഴ്ചകളും മനോഹരമാണ്. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് തീര്‍ത്ത സംഗീതവും നൗഫല്‍ അബ്ദുല്ലയുടെ എഡിറ്റിങും ചേര്‍ന്നപ്പോള്‍ അതിമനോഹരമായ കാഴ്ചയുടെ ഒരു വിരുന്നായി മാറുകയാണ് ‘സുഡാനി ഫ്രം നൈജീരിയ’.
 

 

Related Articles