Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് അഭയാര്‍ഥി ജീവിതങ്ങളുടെ നേര്‍ചിത്രമായി ‘നമ്മുടേതല്ലാത്ത ലോകം’

a-world-not.jpg

മൂന്ന് ലക്ഷത്തിലധികം ഫലസ്തീന്‍ അഭയാര്‍ഥികള്‍ ഇന്ന് ലെബനാലില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ അതില്‍ കേവലം 2% പേര്‍ക്ക് മാത്രമാണ് ലെബനാലില്‍ ജോലി ചെയ്തു സമ്പാദിക്കാനുള്ള അനുവാദമുളളത്. ലെബനാനിലെ തൊഴില്‍ നിയമം ഫലസ്തീനികളെ മിക്ക ജോലിയില്‍ നിന്നും വിലക്കിയിരിക്കുന്നു. ജോലിയുള്ളവരാകട്ടെ മിനിമം കൂലിയിലും കുറഞ്ഞ വേതനത്തിനാണ് പണിയെടുക്കുന്നതും. ഫലസ്തീനികള്‍ ഭൂമി വാങ്ങുന്നതിനും ലെബനാനില്‍ നിയമപരമായ വിലക്കുണ്ട്. 1948 ലെ നഖബയെ തുടര്‍ന്ന് ഫലസ്തീനില്‍ നിന്നും വമ്പിച്ച അഭയാര്‍ഥി പ്രവാഹമുണ്ടായതിനെ തുടര്‍ന്ന് തെക്കന്‍ ലെബനാനില്‍ സ്ഥാപിച്ച അഭയാര്‍ഥി ക്യാമ്പാണ് ഐനുല്‍ ഹല്‍വ. താല്‍ക്കാലികമായ കെട്ടിയുയര്‍ത്തിയ വീടുകളിലാണ് ഈ ക്യാമ്പുകളില്‍ ഇന്ന് ആളുകള്‍ താമസിക്കുന്നത്. ലെബനാലിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ഐനുല്‍ ഹല്‍വയില്‍ ഏകദേശം 70,000 ത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്്. ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഇപ്പറഞ്ഞ 70,000 ആളുകളും കുടില്‍ കെട്ടി താമസിക്കുന്നതെന്നും നാം മനസിലാക്കണം. ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതര രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീനികളുടെ ദുരിത ജീവിതത്തിന്റെ ഒരു പുറം മാത്രമാണിത്.

ലെബനാനിലെ ഇത്തരമൊരു ക്യാമ്പിലാണ് മെഹദി ഫ്‌ലൈഫല്‍ എന്ന ഫലസ്തീന്‍ സിനിമ സംവിധായകന്‍ ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ ലണ്ടന്‍ കേന്ദ്രീകരിച്ചാണ് മെഹദിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കിലും വേനല്‍ കാലങ്ങളില്‍ മെഹദി ഈ അഭയാര്‍ഥി ക്യാമ്പുകളിലെത്തും. മെഹദി ഫ്‌ലൈഫല്‍ സംവിധാനം നിര്‍വഹിച്ച ‘നമ്മുടേതല്ലാത്ത ലോകം’ (A World Not Ours) എന്ന ഡോക്യുമെന്ററി ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളുടെ ദൈന്യ ചിത്രം വിവരിക്കുന്നതാണ് ‘നമ്മുടേതല്ലാത്ത ലോകം’. ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്ന വ്യത്യസ്ത തലമുറകളില്‍പെട്ടവരുടെ കഥ പറയുന്ന ഈ ഡോക്യുമെന്ററി അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതാവസാനം വരെ കഴിച്ചു കൂട്ടിയവരുടെയും ഇടക്കു ക്യാമ്പ് വിട്ടു പോയവരുടെയും സ്വന്തം നാട് ഇതുവരെ കണ്ടിട്ടില്ലാത്തവരുടെയും വിവരണങ്ങള്‍ അടങ്ങിയതാണ്. ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനത്തെത്തിയത് മെഹദിയുടെ ഈ ഡോക്യുമെന്ററിയായിരുന്നു. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സമാധാന സിനിമക്കുള്ള അവാര്‍ഡും, അബൂദാബിയില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും ‘നമ്മുടേതല്ലാത്ത ലോകം’ കരസ്ഥമാക്കി. കഴിഞ്ഞ ആഴ്ച്ച ലണ്ടനിലും ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
ഐനുല്‍ ഹല്‍വയിലെ തന്റെ വേനല്‍ കാല ജീവിതത്തിനിടയില്‍ പിതാവില്‍ നിന്നാണ് ഫ്‌ലൈഫല്‍ ഫലസ്തീന്‍ ജീവിതങ്ങളുടെ ദുരിത കഥകള്‍ കേട്ടു തുടങ്ങിയത്. 1980-90 കളിലെ പിതാവിന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചിട്ടു കൊണ്ടാണ് അദ്ദേഹം ഡോക്യുമെന്ററിക്ക് തുടക്കം കുറിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിത ജീവിതത്തിന്റെ ചിത്രം വ്യക്തമാക്കിത്തരുന്ന ഈ ഡോക്യുമെന്ററിയുടെ ഒരു പ്രധാന പോരായ്മ അഭയാര്‍ഥി ക്യാമ്പുകളിലെ സ്ത്രീ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ്. എങ്കിലും ഫലസ്തീന്‍ അഭയാര്‍ഥി ജീവിതങ്ങള്‍ക്കുമേല്‍ വര്‍ഷിക്കുന്ന ദുരിത മഴയെ ജീവനോടെ പകര്‍ത്തുന്നതാണ് ‘നമ്മുടേതല്ലാത്ത ലോകം’ എന്നതില്‍ സംശയമില്ല.

Related Articles