Current Date

Search
Close this search box.
Search
Close this search box.

നിതാഖാത്ത്

ഇരുമ്പ് കട്ടിലിലിട്ട കോസടിയുടെ ചുളിവുകളില്‍ മൂട്ടകള്‍ കുടുംബമായി താമസമാണ്. ജോലി കഴിഞ്ഞെത്തി ക്ഷീണിച്ചുറങ്ങുമ്പോള്‍ മൂട്ടകടി അറിയാറില്ല. ഒഴിവ് ദിവസങ്ങളാണ് പ്രശ്‌നം.

അയല്‍പക്കത്തെ ശിഹാബ് പത്രാസില്‍ നടക്കുന്നതും, കെട്ടിപ്പൊക്കിയ ബംഗ്ലാവില്‍ പാര്‍ക്കുന്നതും കണ്ടപ്പോള്‍ ഉപ്പയാണ് ഒരു ദിവസം പറഞ്ഞത് മോനേ കുഞ്ഞാപ്പാ ഇജ്ജ് ഇങ്ങനെ നടന്നാ മതിയോ? അന്റെ തായേം, മേലേം ഉള്ള മാളും കുഞ്ഞുമ്മും ഇജ്ജ് കാണ്ണില്ലേ- ഓലേ ഒരു ബൈക്കാക്കണ്ടെ. ഇന്ക്ക് ഇനി ഐന് കയ്ഞ്ഞൂന്ന് ബെരൂല. ഇന്റെ കൊണക്കേട് അനക്കറിയാലോ. ഉപ്പാക്ക് ബ്ലോക്ക് മൂന്നാണന്നാണ് ഡോക്ടര്‍ പറഞ്ഞത്. പള്ളിയിലേക്ക് വലിഞ്ഞു നടന്നാല്‍ ശ്വാസം മുട്ട് കൂടും. പതുക്കെ പതുക്കെ നടക്കാനേ പറ്റു.

ഉമ്മാക്കും നല്ല സുഖം പോര. എന്നും ഊരവേദനയാണ്. പിന്നെ ചെറിയ അനിയന്‍ ശഫീഖ് എട്ടാം ക്ലാസിലെത്തിട്ടേ ഉള്ളു. പത്താം തരത്തിന്റെ മേലെ പഠിക്കാന്‍ പത്ത് നാഴിക പോകണം അതൊക്കേ നടക്ക്വാ ആവോ?
അങ്ങനെയാണ് ശിഹാബിനോട് വിസ ചോദിച്ചത്. ഉപ്പ തന്നെയാണ് ശിഹാബിന്റെ വാപ്പ മൊയ്തീന്‍ ഹാജിയെ കണ്ടു സംസാരിച്ചത്. സഹായത്തിന് പള്ളിയിലെ ഉസ്താദിനെയും കൂട്ടി. ഉസ്താദ് പറഞ്ഞു. ഹാജിയാരെ ഇങ്ങക്കറിയാലോ ബാപ്പുട്ട്യാക്ക ബയ്യാണ്ടിരിക്കാണ്. രണ്ട് പെണ്‍ മക്കളാണ് പുര നിറഞ്ഞു നിക്കണത്. കുഞ്ഞാപ്പാനെ എന്തെങ്കിലും പണിക്ക് ജിദ്ദേക്ക് കൂട്ടാന്‍ ഇങ്ങള് ശിഹാബിനോട് പറഞ്ഞാ നടക്കാതിരിക്കില്ല.
ശിഹാബ് കാര്യങ്ങളോക്കെ പറഞ്ഞു. കുഞ്ഞാപ്പാ വിസ ഞാന്‍ വാങ്ങിച്ചു തരാം. പണം പിന്നെ അവിടെ വന്നു തന്നാല്‍ മതി. ടിക്കറ്റിന്റെ കാശ് ഇജ്ജ് ഒപ്പിക്കണം. പണി ഇജ്ജ് ശരിയാക്കണം. ഞാനവിടെ ഒരു കമ്പനിയില്‍ ഫോര്‍മാനാ.. ഇന്ക്ക് അന്നെ നോക്കാന്‍ സമയം ഒട്ടുംകിട്ടൂല. അങ്ങനെയാണ് ജിദ്ദ ശറഫിയയിലെത്തുന്നത്.

കഫീലിനെ കണ്ടു കടലാസൊക്കെ നേരെയാക്കി മാസം മാസം കഫീലിന് കൊടുക്കാനുള്ള റിയാലും പറഞ്ഞുറപ്പിച്ചു. തല്‍കാലം ബിന്‍സാഗര്‍ കമ്പനിയില്‍ ഓഫീസ് ബോയ് ആയി പണികിട്ടി. ശറഫിയയിലെ  മലയാളികള്‍ തിങ്ങിത്താമസിക്കുന്ന കെട്ടിടത്തില്‍ മാസ വാടകക്ക് ഒരു ബെഡും ഒപ്പിച്ചു.

അഞ്ചാറ് മാസം കൊണ്ട് വകതിരിവായി. ഡ്രൈവിംഗ് ലൈസന്‍സ് ഒപ്പിക്കാന്‍ അധികം പ്രയാസപെട്ടില്ല. മാസാമാസം കിട്ടുന്ന കാശ് ഉപ്പാക്ക് അയച്ചുപോന്നു. മരുന്നു വാങ്ങാന്‍ പ്രത്യേകം പറഞ്ഞിരുന്നു. അതിനിടെ ഒരു ദിവസം നാട്ടില്‍ നിന്നൊരു ഫോണ്‍.

എന്ത് ചെയ്യാന്‍? ഉപ്പാന്റെ അവധി എത്തിക്കാണും, ഒരു ഞായറാഴ്ച സുബഹിക്ക് ഉപ്പ ഉണര്‍ന്നില്ല. രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണ്. അന്നുരാത്രിയും ഉപ്പ മാളുന്റെയും, കുഞ്ഞിമ്മൂന്റെയും കാര്യം ഉമ്മാനോട് പറഞ്ഞിരുന്നു എന്ന് ഫോണിലൂടെ അറിഞ്ഞു.

ബിന്‍ സാഗര്‍ കമ്പനിയില്‍ നിന്ന് ജോലി രാജി വെച്ച് ഒരു നിസാന്‍ കാറ് വാങ്ങി ജിദ്ദയില്‍ കള്ള ടാക്‌സി ഓടിക്കാന്‍ തോന്നിയ സമയം ഏതാണന്ന് ശരിക്കോര്‍മ്മയില്ല. എങ്കിലും ഒട്ടുമിക്ക രാത്രിയും കിടന്നാല്‍ നാട്ടിലെ കാര്യങ്ങളോര്‍ക്കും, പാര്‍ക്കാനൊരു പൂര. പെങ്ങന്മാരുടെ കല്ല്യാണം, പിന്നെ അനുജന്റെ പഠനം, എന്റെ വിവാഹം, കുട്ടികള്‍, ഉമ്മാക്ക് ഒരു സഹായി, അതിന് പണം വേണം. ജിദ്ദയില്‍ കള്ള ടാക്‌സി ഓടിച്ചു വലിയ കാശുണ്ടാക്കിയ പലരേയും പരിചയപ്പെട്ടു. അഞ്ച് റിയാലിന് പെട്രോളടിച്ചാല്‍ 50 റിയാലിന് സുഖമായി ഓടാം. ജിദ്ദ-റിയാദ്, ജിദ്ദ-മദീന, ജിദ്ദ-മക്ക അങ്ങനെ നല്ല ഓട്ടം. യതീംഖാന, പള്ളി, മദ്‌റസ, കുട്ടികളെ കെട്ടിക്കല്‍, രോഗ ചികിത്സ, സാധ്യമാകുന്ന സഹായം നല്‍കാന്‍ പാകത്തില്‍ തരക്കേടില്ലാത്ത വരവുകള്‍. ഒരു തവണ നാട്ടില്‍ പോയി വന്നു. എല്ലാവര്‍ക്കും അത്യാവശ്യം വസ്ത്രങ്ങളും പിന്നെ ഗൃഹോപകരണങ്ങളും വാങ്ങി.

കല്ല്യാണക്കാര്യം പലതും വന്നു. മാളൂന്റെ കെട്ട് ഉറപ്പിച്ചു. 25 പവനും, ഒന്നര ലക്ഷം രൂപയും. അധികം ആര്‍ഭാഡമില്ലാതെ കെട്ടിച്ചയച്ചു. ഇനി കുഞ്ഞിമ്മൂന്റെ കല്ല്യാണം അടുത്ത വരവിനാക്കാം. ഉമ്മാക്കും, നാട്ടുകാര്‍ക്കും, കുടുംബക്കാര്‍ക്കും റാഹത്ത്. ഉപ്പാന്റെ അസാന്നിധ്യം നാത്രം ഒരു നീറ്റല്‍ പോലെ മനസ്സില്‍ തങ്ങി നിന്നു. തിരിച്ചു ജിദ്ദയിലെത്തി ഒരാഴ്ച കഴിഞ്ഞു കാണും ”നിതാഖാത്ത്” ഓര്‍ഡര്‍ വന്നു. ജോലി ചെയ്യേണ്ടത് യത്ഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴില്‍ മാത്രം. എന്റെ കഫീലിന് പറയത്തക്ക കമ്പനികളില്ല. ഉള്ളത് കുറെ ഫ്രീ വിസക്കാര്‍. അവര്‍ നല്‍കുന്ന കഫാലത്താണദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം.

പല ശ്രമങ്ങളും നടത്തിനോക്കി. ഒന്നും ഫലിച്ചില്ല. അവസാനം ഒരു വിധം ടിക്കറ്റിനും, ചില്ലറ സാധനങ്ങള്‍ക്കും പണമൊപ്പിച്ച് കുറച്ച് പോക്കറ്റ് മണിയും കരുതി. കരിപ്പൂരിലേക്ക് തിരിച്ചു പറന്നു.

വീട്ടിലെത്തിയ അന്ന് തന്നെ പള്ളി കമ്മിറ്റിക്കാര്‍ വന്നു. പള്ളിയില്‍ പുതിയ കാര്‍പറ്റ് വിരിക്കണം. എത്ര കുറഞ്ഞാലും ഒരു ലക്ഷം രൂപ വേണ്ടി വരും. ഉള്ളത് വെച്ച് അയ്യായിരം കൊടുത്തു. പിറ്റേ ദിവസം പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലബുകാര്‍ വന്നു. ഒരു ആംബുലന്‍സ് വാങ്ങിച്ചേ പറ്റൂ. അഞ്ചരലക്ഷം രൂപ വേണം. അകത്ത് കയറി പോക്കറ്റ് തപ്പി നോക്കി ഇരുപതിനായിരത്തില്‍ താഴെയാണു ഉള്ളത്. അയ്യായിരം അവര്‍ക്കും കൊടുത്തു. മാളും, മരുമകനും വന്നു. പോകാന്‍ നേരത്ത് പെങ്ങള്‍ കുറച്ച് പണം കടം ചോദിച്ചു. അയ്യായിരം കൊടുത്തു. ഉമ്മാനെ ഡോക്ടറെ കാണിക്കണം. കൊണ്ടുപോയി ചെക്കിങ്ങും, മരുന്നു, ഡോക്ടര്‍ ഫീസും അടക്കം മുവ്വായിരം വന്നു. കടയില്‍ കയറി അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങി. വീട്ടിലെത്തി ധാരാളം പിരിവുകാര്‍ വന്നും, പോയിമിരുന്നു. കുറച്ചൊക്കെ അവര്‍ക്കും കൊടുത്തു. പിന്നെ ഞാന്‍ ബെഡ്‌റൂമില്‍ കയറി കതകടച്ചു. ബാക്കി തുക എണ്ണി നോക്കി. പലതവണ എണ്ണി പിന്നേയും പിന്നേയും എണ്ണി. അയ്യായിരം തികയുന്നില്ല. പിരിവുകാര്‍ നാളെയും വരാതിരിക്കില്ല. അത്യാവശ്യവും നടക്കണം. ജിദ്ദയിലെ കോസടിയിലെ മൂട്ട കടി ഒരിക്കലും ഉറക്കം തടസ്സപ്പെടുത്തിയിരുന്നില്ല. എന്റെ ബെഡ് റൂമില്‍ മൂട്ടയും കൊതുകുമില്ല. പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. ” നിതാഖാത്ത്” എന്ന കൊടും ഭീകരന്‍ വേട്ട തുടരുകയാണ്.

Related Articles