Current Date

Search
Close this search box.
Search
Close this search box.

ഡാന്‍സ് ക്ലബിലെത്തിയ പണ്ഡിതന്‍

dj-dance.jpg

ഞങ്ങളുടെ നാട്ടില്‍ ചെറിയൊരു മസ്ജിദുണ്ടായിരുന്നു. വലിയൊരു പണ്ഡിതനായിരുന്നു അവിടെ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആരാധനകള്‍ക്കും ആളുകളെ വിദ്യ അഭ്യസിപ്പക്കുന്നതിനുമായി മാറ്റി വെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നമസ്‌കാരക്കാരുടെ എണ്ണം കുറയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ തന്റെ മക്കളാണെന്ന മനസ്സോടെ അദ്ദേഹമത് ഗൗരവത്തിലെടുത്തു. ഒരുനാള്‍ നമസ്‌കരിക്കാനെത്തിയവരിലേക്ക് തിരിഞ്ഞ് ചോദിച്ചു: എന്താണ് ആളുകള്‍ക്ക് പറ്റിയത്.. പ്രത്യേകിച്ചും യുവാക്കള്‍ക്ക്, അവര്‍ മസ്ജിദിലേക്ക് അടുക്കുന്നില്ലല്ലോ..
നമസ്‌കരിക്കാനെത്തിയവര്‍ പറഞ്ഞു: അവര്‍ ഡാന്‍സ് ക്ലബുകളിലും നിശാക്ലബുകളിലുമാണ്.
പണ്ഡിതന്‍ ചോദിച്ചു: ഡാന്‍സ് ക്ലബോ, അതെന്താണ്?
അവരില്‍ ഒരാള്‍ പറഞ്ഞു: വിശാലമായ ഒരു ഹാള്‍, അതില്‍ ഉയര്‍ന്ന ഒരു സ്റ്റേജും. യുവതികള്‍ അതില്‍ കയറി നൃത്തം ചെയ്യും. ആളുകള്‍ അവരിലേക്ക് നോക്കിയിരിക്കും.
പണ്ഡിതന്‍ പറഞ്ഞു: അഊദു ബില്ലാഹ് (ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു) ഇത്തരത്തില്‍ അവരിലേക്ക് നോക്കിയിരിക്കുന്നവരില്‍ മുസ്‌ലിംകളുമുണ്ടോ?
അതെയെന്ന ഉത്തരം കേട്ടപ്പോള്‍ വളരെയധികം ആശ്ചര്യത്തോടെ പറഞ്ഞു: ആളുകളെ ഉപദേശിക്കേണ്ടത് അനിവാര്യമാണ്.
ഡാന്‍സ് ക്ലബില്‍ ചെന്ന് ആളുകളെ ഉപദേശിക്കുകയോ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചു.
അതെയെന്ന് പറഞ്ഞ് അദ്ദേഹം മസ്ജിദിന് പുറത്തിറങ്ങി. വരു നമുക്ക് ഡാന്‍സ് ക്ലബിലേക്ക് പോകാം എന്നു പറഞ്ഞ് അദ്ദേഹം ഇറങ്ങി. ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു നോക്കി. പരിഹാസവും കളിയാക്കലും നേരിടേണ്ടി വരുമെന്നും ഉപദ്രവം ഏല്‍ക്കേണ്ടി വരുമെന്നുമെല്ലാം അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കേട്ട അദ്ദേഹം ചോദിച്ചു: മുഹമ്മദ് നബി(സ)യേക്കാള്‍ ശ്രേഷ്ഠരൊന്നും അല്ലല്ലോ നമ്മള്‍!
അവരില്‍ ഒരാളുടെ കൈപിടിച്ച് പണ്ഡിതന്‍ പറഞ്ഞു: നീയെനിക്ക് ആ ക്ലബ് കാണിച്ചു തരണം. അങ്ങനെ അദ്ദേഹം സ്ഥൈര്യത്തോടെ ക്ലബ് ലക്ഷ്യമാക്കി നടന്നു. വളരെ ദൂരെ നിന്ന് തന്നെ ക്ലബ്ബുടമ അദ്ദേഹത്തെ കണ്ടു. വല്ലയിടത്തും ക്ലാസെടുക്കാനോ പ്രഭാഷണത്തിനോ പോകുകയായിരിക്കും എന്നദ്ദേഹം കരുതി. എന്നാല്‍ അദ്ദേഹം തന്റെ നേരെയാണ് വരുന്നതെന്ന് കണ്ട അദ്ദേഹം അത്ഭുതപ്പെട്ടു. ഡാന്‍സ് ക്ലബിന്റെ കവാടത്തിലെത്തിയപ്പോള്‍ അദ്ദേഹം അവരോട് ചോദിച്ചു: എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?
ഡാന്‍സ് ക്ലബിലുള്ളവരെയൊന്ന് ഉപദേശിക്കണം എന്ന പണ്ഡിതന്റെ മറുപടി ഉടമയെ ഞെട്ടിച്ചു. അദ്ദേഹത്തെ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയ അദ്ദേഹം ആവശ്യം അംഗീകരിച്ചില്ല. പണ്ഡിതന്‍ പണത്തിന്റെ കാര്യത്തില്‍ വിലപേശല്‍ നടത്താന്‍ തുടങ്ങി. വലിയ തുകകള്‍ വാഗ്ദാനം ചെയ്തു. അവസാനം ക്ലബിന്റെ ഒരു ദിവസത്തെ വരുമാനത്തിന് തുല്യമായ തുകക്ക് അദ്ദേഹം പ്രവേശനാനുമതി നല്‍കി. അടുത്ത ദിവസത്തെ പ്രദര്‍ശനം തുടങ്ങുന്ന സമയത്ത് വരാന്‍ അദ്ദേഹവുമായി ധാരണയിലെത്തി.

അടുത്ത ദിവസം ക്ലബില്‍ ആളുകളെല്ലാം ഒരുമിച്ച് കൂടിയിരിക്കുന്നു. ഹാളിലെ സ്‌റ്റേജ് തോന്നിവാസങ്ങളാല്‍ തുളുമ്പി, പിശാചുക്കള്‍ ആളുകളെ വലയം ചെയ്തു അവരെ കൊണ്ട് കയ്യടിപ്പിച്ചു. പെടന്ന് കര്‍ട്ടന്‍ താഴ്ന്നു. പിന്നെ ഉയര്‍ന്നപ്പോള്‍ വളരെയധികം ഗാംഭീര്യത്തോടെ ഒരു പണ്ഡിതന്‍ കസേരയില്‍ ഇരിക്കുന്ന കാഴ്ച്ചയാണ് ആളുകള്‍ക്ക് മുന്നില്‍. ആളുകള്‍ അത്ഭുതപ്പെട്ടു. ഇടക്കുള്ള എന്തെങ്കിലും തമാശയായിരിക്കുമെന്ന് ചിലര്‍ ധരിച്ചു. ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി പണ്ഡിതന്‍ ആളുകളെ ഉപദേശിക്കാന്‍ തുടങ്ങി.

ആളുകള്‍ പരസ്പരം നോക്കി. ചിലരൊക്കെ ചിരിക്കുന്നു. ചിലര്‍ കുറ്റപ്പെടുത്തു. മറ്റുചിലര്‍ പരിഹസിക്കുന്നുമുണ്ട്. അതൊന്നും പരിഗണിക്കാതെ പണ്ഡിതന്‍ ഉപദേശം തുടരുകയാണ്. അതിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റ് നിന്ന് ആളുകളെ നിശബ്ദരാക്കി എല്ലാവരോടും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. ആളുകള്‍ ശാന്തരായി ഒപ്പം അവരുടെ മനസ്സുകളും. പണ്ഡിതന്റെ ശബ്ദമല്ലാത്ത ഒരു ശബ്ദവും ഇല്ലാത്ത വിധം ശബ്ദങ്ങളെല്ലാം ഒടുങ്ങി. അവരാരും മുമ്പ് കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. പര്‍വതങ്ങളെ പോലും പ്രകമ്പനം കൊള്ളിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും, പ്രവാചക വചനങ്ങളും ഉപമകളും, ചില കുറ്റവാളികളുടെ പശ്ചാത്താപത്തിന്റെ കഥകളും. വിതുമ്പലോടെ അദ്ദേഹം പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങള്‍ കുറേ കാലം ജീവിച്ചു, അല്ലാഹുവിനെ ഏറെ ധിക്കരിക്കുകയും ചെയ്തു. പാപങ്ങളുടെ ആസ്വാദനം എവിടെ പോയി? അതിന്റെ ആസ്വാദനം പോയിരിക്കുന്നു, അവശേഷിപ്പിച്ചിരിക്കുന്നത് കറുത്ത ഏടുകള്‍ മാത്രമാണ്. അതിനെ കുറിച്ച് അന്ത്യനാളില്‍ നിങ്ങള്‍ ചോദിക്കപ്പെടും… അല്ലാഹുവല്ലാത്ത എല്ലാം നശിക്കുന്ന ഒരു ദിനം വരാനുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവ നിങ്ങളെ എവിടെ എത്തിക്കുമെന്നതിനെ കുറിച്ചും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.. ഈ ലോകത്തെ തീയിനെ പോലും നിങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല. നരകത്തീയിന്റെ എഴുപതില്‍ ഒരംശം മാത്രമാണത്. അതുകൊണ്ട് സമയം നഷ്ടപ്പെടുത്താതെ നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍.. അല്ലയോ ജനങ്ങളേ, ഈ കുറ്റങ്ങളെല്ലാം ചെയ്യാന്‍ അല്ലാഹു എന്താണ് നിങ്ങളോട് ചെയ്തത്.. അവന്റെ നന്മകളല്ലേ നിങ്ങളിലേക്ക് ഇറങ്ങുന്നത്, അവനിലേക്ക് കയറി പോകുന്നതോ തിന്മകളും.. അനുഗ്രഹങ്ങളിലൂടെ അവന്‍ നിങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ പാപങ്ങളിലൂടെ നിങ്ങളവന്റെ വെറുപ്പ് സമ്പാദിക്കുന്നു.

പണ്ഡിതന്‍ ഉപദേശത്തിലൂടെ അവരെ സ്വാധീനിക്കാന്‍ തുടങ്ങി. ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തറച്ചു. അത് കേട്ട് ആളുകള്‍ കരഞ്ഞു. ഉപദേശത്തിന് പുറമെ അവരുടെ പാപമോചനത്തിനും കാരുണ്യത്തിനുമായി പ്രാര്‍ഥിക്കുകയും ചെയ്തു. അവര്‍ അതിനെല്ലാം ആമീന്‍ ചൊല്ലുകയും ചെയ്തു. അദ്ദേഹത്തോടുള്ള ആദരവോടെ അവര്‍ ഇരിപ്പടങ്ങളില്‍ നിന്നും എഴുന്നേറ്റു നിന്നു. അവര്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് പുറകെ അവരെല്ലാവരും പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കൈകളാല്‍ അവര്‍ പശ്ചാത്തപിച്ചു. ജീവിതത്തിന്റെ രഹസ്യം അവര്‍ മനസ്സിലാക്കി. ക്ലബിന്റെ ഉടമ അടക്കമുള്ളവര്‍ പശ്ചാത്തപിക്കുകയും തങ്ങളുടെ ചെയ്തികളില്‍ ഖേദിക്കുകയും ചെയ്തു.

മൊഴിമാറ്റം: നസീഫ്

Related Articles