Current Date

Search
Close this search box.
Search
Close this search box.

ജിഹാദും വിശുദ്ധ യുദ്ധവും

ബ്രിഡ്ജസ് ഫൗണ്ടേഷന്‍ നിര്‍മിച്ച ഡോക്യുമെന്ററികളില്‍ ഏറെ ശ്രദ്ധേയമായ ഡോക്യുമെന്ററിയാണ് ‘ജിഹാദ് ഓണ്‍ ടെററിസം’ ഇസ് ലാമിലെ സാങ്കേതിക ശബ്ദമായ ജിഹാദിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകളെ തിരുത്തി ജിഹാദ് എന്ന അറബി സംജ്ഞയുടെ യതാര്‍ത്ഥ ആശയം വിശദീകരിക്കുക എന്നതാണ് ഡോക്യുമന്ററിയുടെ ലക്ഷ്യം. ടെററിസത്തിന്റെ കാരണങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം തന്നെ ജിഹാദുമായി ടെററിസത്തെ ബന്ധിപ്പിക്കുന്നതിലെ പൊരുത്തക്കേടുകളും ഇതില്‍ ചര്‍ച്ചാ വിഷയമാണ്.

അക്കാദമിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതരുമായി നടത്തുന്ന അഭിമുഖങ്ങളാണ് ഇതിലുള്ളത്, ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് പറയുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള മാപ്പുസാക്ഷി മനോഭാവം 100 മിനുട്ട് നീണ്ടുനില്‍ക്കുന്ന അഭിമുഖത്തില്‍ ഇല്ല.  ഇസ്‌ലാമില്‍ ജിഹാദി സങ്കല്‍പമുണ്ടെന്നും എന്നാല്‍ അത് സായുധ ജിഹാദില്‍ മാത്രം പരിമിതമല്ലെന്നുമാണ് ഡോക്യുമെന്ററി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ ഇസ്‌ലാമിക് സൊസൈറ്റി മെമ്പറും ബ്രിഡ്ജസ് ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഡോക്ടര്‍ ജമാല്‍ബദവിയാണ് ഇസ്‌ലാമിന്റൈ വ്യത്യസ്തമായ ജിഹാദി സങ്കല്‍പങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. ഡോ. അബ്ദുല്ലാ ഹകിം ക്യുക്ക് പോലെയുള്ള പ്രശസ്തരായ മറ്റു ചില അമേരിക്കന്‍ ഇസ്‌ലാമിക പണ്ഡിതരുമായുള്ള അഭിമുഖങ്ങളും പ്രസക്തമാണ്.
 
ടെററിസം (തീവ്രവാദം) എന്നവാക്കിനെ അക്കാദമിക തലത്തില്‍ അംഗീകരിക്കപ്പെടുന്ന രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ച പണ്ഡിതരാണ് ചിക്കാഗോ സര്‍വ്വകലാശാലയിലെ രാഷ്ട്രമീമാംസ അധ്യാപകനായ ഡോ. റോബര്‍ട്ട് പേജും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ അന്താരാഷ്ട്ര നിയമ വിഭാഗത്തില്‍ അധ്യാപകനായ  ഡോ.ഫിലിപ്പേ സാന്ഡ്‌സും. ഇവരുടെ അഭിപ്രായ പ്രകടനങ്ങളെ ഉള്‍പ്പെടുത്തി തീവ്രവാദം എന്ന സംജ്ഞയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ആധികാരികമാക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അക്കാദമിക രംഗത്തെ ഈ വിശദീകരണങ്ങളൊന്നും രാഷ്ട്രീയ രംഗത്ത് വിലപോവില്ലെന്നത് ഒരു യാഥാര്‍ത്യമാണ്. സാധ്യമെങ്കില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരെക്കൂടി ഉള്‍പെടുത്തി കുറച്ച് കൂടി വിപുലമായ അര്‍ത്ഥത്തില്‍ ഇതിനെ വികസിപ്പിക്കാമായിരുന്നു.

ജിഹാദിനും തീവ്രവാദത്തിനും പിന്നിലുള്ള രാഷ്ട്രീയ മാനങ്ങളെക്കൂടി വിശദീകരിക്കാന്‍ 1985 ലെ സമാധാന നോബല്‍ സമ്മാന ജേതാവ് ഡോ.ഗണ്ണര്‍ വെസ്റ്റ് ബര്‍ഗ് ശ്രമിക്കുന്നുണ്ട്. ശ്രീലങ്കയിലെ തമിഴ്പുലികളുടെയും മറ്റ് കമ്മ്യൂണിസ്റ്റ് കക്ഷികളുടെയും തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും അടിസ്ഥാനമാക്കി  തീവ്രവാദത്തിലേക്ക് നയിക്കുന്ന പ്രേരക ഘടകങ്ങളെ ചരിത്രത്തിന്റെ മേമ്പൊടിയോടു കൂടി അവതരിപ്പിക്കുന്നത് നല്ല അനുഭവമാണ്.

ചാവേര്‍ ആക്രമണങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുളള ഡോ. റോബര്‍ട്ട് പേജിന്റെ നിരീക്ഷണങ്ങളും ശ്രദ്ദേയമാണ്. 1980 കള്‍ മുതല്‍ തമിഴ്പുലികളും ശ്രീലങ്കയിലെ സെക്യുലര്‍ ഹിന്ദുമാര്‍ക്‌സിസ്റ്റ് വിഭാഗങ്ങളും (secular Hindu Marxist group) നടത്തുന്ന ചാവേറാക്രമങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും  അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തീവ്രവാദം രൂപപ്പെടാനുള്ള കാരണങ്ങള്‍ രാഷ്ട്രീയപരവും സാഹചര്യപരവുമാണെന്ന് അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ വിശദാംശങ്ങളലൂടെ ബോധ്യപ്പെടും.

ജിഹാദ് എന്നതിന് വിശുദ്ധയുദ്ധം എന്ന് അര്‍ത്ഥമില്ലെന്ന് മാത്രമല്ല യുദ്ധം ഒരിക്കലും വിശുദ്ധമല്ല. വിശുദ്ധയുദ്ധം എന്നവാക്ക് ഇസ്‌ലാമില്‍ ഇല്ല, അത് ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ നിന്ന് കടന്ന് വന്നതാണ്. തുടങ്ങിയ ഒട്ടേറെ സന്ദേശങ്ങള്‍ ഡോക്യുമെന്റെറിയിലുണ്ട്. ജാതി,വംശ,മത ചിന്തകള്‍ കൈ വെടിഞ്ഞ് എല്ലാവരും ഒറ്റകെട്ടായി തീവ്രവാദത്തിന്റെ കാരണങ്ങളെ കണ്ടെത്തി ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് ഡോക്യുമെന്ററി നല്‍കുന്നത്.  മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.
‘എവിടെയെങ്കിലും അനീതിയുണ്ടെങ്കില്‍ അത് എവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്. ഒരു വസ്ത്രത്തിന്റെ ഇഴകള്‍ പോലെ പൊട്ടിച്ചെറിയാനാവാത്ത പാരസ്പര്യത്തിലാണ് വിധി നമ്മെ കോര്‍ത്തിണക്കിയിരിക്കുന്നത്. ഒരു ഇഴയെ ബാധിക്കുന്നത് മറ്റെല്ലാവരെയും ബാധിക്കും’.

Related Articles