Current Date

Search
Close this search box.
Search
Close this search box.

അവസാന ആകാശവും കഴിഞ്ഞാല്‍ പക്ഷികള്‍ പിന്നെ എങ്ങോട്ട് പറക്കും?

തങ്ങളുടെ സംസ്‌കാരത്തെയും ഭാഷയെയും മണ്ണിനേയും  സംരക്ഷിക്കാനായി സമരത്തിലേര്‍പ്പെട്ടിരിക്കുന്നവന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിരോധ രാഷ്ട്രീയമാണ്. എത്ര സര്‍ഗാത്മകമാണെങ്കിലും അത് അനീതിയോട് കലഹിച്ചുകൊണ്ടിരിക്കും. ഒട്ടുംതന്നെ അഹങ്കരിക്കാതെ, അനീതിയോട് നീതിപൂര്‍വ്വം കലഹിക്കുക എന്നതാണ് ഏറ്റവും വലിയ സര്‍ഗാത്മകത. തങ്ങളുടെ നാടിന് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുക എന്നതായിരുന്നു അല്ലെങ്കില്‍ ആകുന്നു ഓരോ ഫലസ്തീനിയുടെയും ആഗ്രഹവും അഭിലാഷവും. ഫലസ്തീനില്‍ നിന്ന് ഒരു കഥയോ കവിതയോ സിനിമയോ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കത് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലോ യുദ്ധത്തിനുള്ള ആയുധമോ  ആയിരിക്കും. ഇംഗ്ലീഷ്, ഫ്രഞ്ച് ആധിപത്യത്തിന് കീഴിലായിരുന്ന അറേബ്യന്‍ രജ്യങ്ങള്‍ക്ക് പ്രത്യേകിച്ചും ഫലസ്തീന്, സിനിമാ വ്യവസായത്തെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. വ്യവസായം എന്നതിലപ്പുറം അവര്‍ക്ക് പൊതുഅവബോധം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായിരുന്നു സിനിമ. ഗസ്സയെക്കുറിച്ച് ഫലസ്തീനികള്‍ നിര്‍മിച്ച ആദ്യ ഡോക്യുമെന്ററിയാണ് ‘വെയര്‍ ഷുഡ് ദ ബേര്‍ഡ്‌സ് ഫ്‌ലൈ’.

2008-2009 വര്‍ഷത്തിലെ ശീതകാലത്ത് തെക്കന്‍ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേല്‍ ഹമാസ് പോരാട്ടമാണ് ഗസ്സ യുദ്ധം. ‘ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബര്‍ 27 ന് ഗസ്സ ചീന്തില്‍ ഇസ്രയേലാണ് തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം ‘ഗസ്സ കൂട്ടക്കൊല’ മജ്‌സറതു ഗസ്സ എന്നാണ് അറിയപ്പെടുന്നത്’ തെക്കന്‍ മേഖലയിലെ യുദ്ധം’ എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു. ഗസ്സ യുദ്ധാനന്തരമുള്ള ഫലസ്തീന്‍ ജനതയുടെ ജീവിതമാണ് ഈ ഡോക്യുമെന്ററിയുടെ  ഇതിവൃത്തം. ഗസ്സയുദ്ധത്തെ അതിജീവിച്ച ഫലസ്തീനികളുടെ പ്രതീക്ഷകളാണ് ഇതിലുടനീളം. പ്രമുഖ ഫലസ്തീന്‍ കവിയായിരുന്ന ദര്‍വീശിന്റെ വരിയാണ് ഇതിന്റെ തലവാചകം. ഒരു കവിതയില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്: ‘അവസാന ആകാശവും കഴിഞ്ഞാല്‍ പിന്നെ പക്ഷികള്‍ എങ്ങോട്ട് പറക്കും?’

ഫലസ്തീന്‍ വികാരങ്ങളുമായി ശുഭപ്രതീക്ഷയോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന മുനാ സമൂനി(12) എന്ന പെണ്‍കുട്ടി ഇതില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഗസ്സാ ജനതയുടെ ശേഷിയും പ്രതീക്ഷയും മനുഷ്യത്വവും നര്‍മബോധവുമെല്ലാം ഇതിലുണ്ടെന്നാണ്  നിരൂപകര്‍ ഇതിനെ വിലയിരുത്തിയത്. ഒരു യുദ്ധം സാധാരണക്കാരുടെ വ്യക്തി സ്വാതന്ത്രത്തിനുണ്ടാക്കുന്ന വിലക്കുകള്‍ ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഗസ്സക്കാരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ പ്രൊഫഷണല്‍ മികവുള്ള ഡോക്യുമെന്ററികള്‍ നിര്‍മിക്കാന്‍ ഒരു പക്ഷെ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് വരാം. ഡോക്യുമെന്ററി സംവിധായികയായ ഫിദാ ഖിഷ്ത റഫയിലും ഗസ്സയിലുമായാണ് ജനിച്ചു വളര്‍ന്നത്. വിവാഹ ഫോട്ടോഗ്രാഫറായാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഗസ്സയിലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂടെയാണ് പിന്നീട് അവരുടെ ജീവിതം. ഉപരോധിക്കപ്പെട്ട ഗസ്സയിലെ ഓരോ ദിവസവും അവര്‍ സ്‌ക്രീന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഗസ്സ ഉപരോധത്തെക്കുറിച്ചുള്ള അവരുടെ കമന്ററി ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ടെബ്യൂണറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ലെ ഗസ്സാ ഉപരോധത്തെ ക്കുറിച്ച് അവര്‍ തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടുകള്‍ യു.കെ യിലെ ഗാര്‍ഡിയന്‍, ഒബ്‌സര്‍വ്വര്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles