History

ഹജ്ജ് കർമം റദ്ദു ചെയ്യപ്പെട്ട ചരിത്ര മുഹൂർത്തങ്ങളും കാരണങ്ങളും

സൗദി അറേബ്യ എന്ന രാഷ്ട്രം സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് മക്കയിലേക്കുള്ള തീർഥാടനം റദ്ദു ചെയ്യപ്പെടുന്നതെങ്കിലും, തീർഥാടനം റദ്ദു ചെയ്യപ്പെട്ട വർഷങ്ങളുടെ നീണ്ട പട്ടികയിലേക്ക് 2020 എന്ന വർഷവും ചേർക്കപ്പെടും.

വ്യത്യസ്ത നൂറ്റാണ്ടുകളിലായി ഹജ്ജ് കർമം പലതവണ റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിലും, 1932-ൽ സൗദി അറേബ്യ സ്ഥാപിതമായതു മുതൽ ഒരു വർഷം പോലും തീർഥാടകർക്ക് ഹജ്ജ് കർമം നഷ്ടമായിട്ടില്ല, ലോകത്തുടനീളം ലക്ഷക്കണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ 1917-18 ലെ സ്പാനിഷ് ഫ്ലൂവിന്റെ സമയത്തു പോലും ഹജ്ജ് കർമം തടസ്സങ്ങളില്ലാതെ നടന്നിരുന്നു.

എന്നിരുന്നാലും, 2020ലെ ഹജ്ജ് കർമം സൗദി അറേബ്യ റദ്ദു ചെയ്യുകയാണെങ്കിൽ, 629-ലെ പ്രഥമ റദ്ദാക്കൽ മുതലുള്ള 40 ഓളം വരുന്ന നാടകീയമായ റദ്ദാക്കൽ സംഭവങ്ങളുടെ ചരിത്രത്തിലേക്ക് അതു ചേർക്കപ്പെടും. ചരിത്രത്തിലെ സുപ്രധാനമായ ഹജ്ജ് റദ്ദാക്കൽ സംഭവങ്ങളിലൂടെ ഈ അവസരത്തിൽ ഒന്നു കണ്ണോടിക്കാം.

Also read: കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന ഇസ് ലാമോഫോബിയ

865: അറഫാ മലയിലെ കൂട്ടക്കൊല

ബാഗ്ദാദ് ആസ്ഥാനമായ അബ്ബാസിയ ഖിലാഫത്തുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി, അൽസഫക്ക് എന്നറിയപ്പെടുന്ന ഇസ്മാഈൽ ബിൻ യൂസഫ്, മക്കയുടെ സമീപമുള്ള അറഫ മലയിൽ തമ്പടിച്ചിരുന്ന തീർഥാടകർക്കു നേരെ കൊടിയ ആക്രമണം അഴിച്ചുവിടുകയും അനേകം തീർഥാടകരെ വധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആ വർഷത്തെ ഹജ്ജ് കർമം നിർത്തിവെക്കപ്പെട്ടു.

930 : ഖറാമിത്ത്വകളുടെ മക്കാ ആക്രമണം

ഇന്നത്തെ ബഹ്റൈൻ സ്ഥിതിചെയ്യുന്ന ഭൂപ്രദേശത്ത് താമസിച്ചിരുന്ന ഒരു ഹെട്രൊഡോക്സ് വിഭാഗമായിരുന്നു ഖറാമിത്ത്വകൾ. അബൂ താഹിൽ അൽജനാബിയുടെ കീഴിൽ അവർ സ്വന്തമായി രാഷ്ട്രം സ്ഥാപിച്ചിരുന്നു. ഇസ്മാഈലി ശിയാ ഇസ്ലാമും നോസ്റ്റിക് (gnostic) വിശ്വാസവും കൂടിച്ചേർന്നതായിരുന്നു അവരുടെ വിശ്വാസ വ്യവസ്ഥ. സമത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു സമൂഹമായിരുന്നു അവരുടേത്. ഹജ്ജ് കർമം ഒരു പാഗൻ ആചാരമായി കരുതിയതിനാലാണ് 930ൽ ഹജ്ജ് നടക്കുന്ന സമയത്ത് അബൂ താഹിറിന്റെ നേതൃത്വത്തിൽ അവർ മക്ക ആക്രമിച്ചത്.

Also read: തിരിയിത്തിരി തെളിയട്ടെയുള്ളില്‍

ഖുർആൻ സൂക്തങ്ങൾ പരിഹാസരൂപേണ ഉറക്കെ ഉരുവിട്ടു കൊണ്ടാണ് അവർ 30000 ത്തോളം തീർഥാടകരെ വധിച്ചതെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു. ശേഷം മൃതദേഹങ്ങൾ സംസം കിണറിൽ തള്ളുകയും ചെയ്തു. കഅബയിൽ നിന്ന് അവർ ഹജറുൽ അസ് വദ് മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പത്തു വർഷത്തോളം, ഹജറുൽ അസ് വദ് തിരികെ മക്കയിലേക്കു തന്നെ കൊണ്ടുവരപ്പെടുന്നതു വരേക്കും ഹജ്ജു കർമം റദ്ദു ചെയ്യപ്പെട്ടു.

983 : അബ്ബാസിയ-ഫാത്തിമിയ്യ ഖിലാഫത്തുകൾ തമ്മിലുള്ള രാഷ്ട്രീയ തർക്കം

എ.ഡി 983ൽ ആരംഭിച്ച, ഇറാഖിലെയും സിറിയയിലെയും അബ്ബാസിയ ഖിലാഫത്തും ഈജിപ്തിലെ ഫാത്തിമിയ ഖിലാഫത്തും തമ്മിലുള്ള ആഴമേറിയ രാഷ്ട്രീയ തർക്കങ്ങളുടെ ഫലമായി ഹജ്ജ് കർമത്തിനു വേണ്ടിയുള്ള യാത്രകൾ നിർത്തലാക്കപ്പെട്ടു. പരസ്പരം എതിർക്കുന്ന രണ്ടു മുസ്ലിം സാമ്രാജ്യങ്ങൾ തമ്മിലുള്ള അധികാര തർക്കം എട്ടു വർഷത്തോളം ഹജ്ജ് കർമ്മം റദ്ദു ചെയ്യപ്പെടുന്നതിലേക്ക് നയിച്ചു. പിന്നീട്, ഹജ്ജ് യാത്രകൾ പുനരാരംഭിക്കാൻ ലോകത്തുടനീളമുള്ള മുസ്ലിംകൾക്ക് എ.ഡി 991 വരെ കാത്തിരിക്കേണ്ടി വന്നു.

1831 : പ്ലേഗ്

1831ൽ ഭയാനകമായ പ്ലേഗ് മക്കയിൽ ആകമാനം പടർന്നുപിടിച്ചു. മക്കയിലെത്തിയ 75 ശതമാനം തീർഥാടകരും പ്ലേഗ് ബാധിച്ച് മരണപ്പെട്ടതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി തടയുന്നതിനു വേണ്ടി ഹജ്ജ് കർമം നിർത്തലാക്കപ്പെട്ടു.

Also read: സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റൈൻ ചില പ്രവാചക മാതൃകകൾ

1837- 1858 : പകർച്ചവ്യാധികളുടെ പരമ്പര

രണ്ടു ദശാബ്ദ കാലയളവിനിടെ മൂന്നു തവണ ഹജ്ജ് നിർത്തിവെക്കപ്പെടുകയുണ്ടായി. ഏഴു വർഷത്തോളം തീർഥാടകർക്കു മക്കയിലേക്കു യാത്ര ചെയ്യാൻ കഴിഞ്ഞില്ല. 1837-ൽ ഉണ്ടായ പകർച്ചവ്യാധിയെ തുടർന്ന് 1840 വരെ ഹജ്ജ് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് 1846 ൽ മക്കയിൽ കോളറ പടർന്നുപിടിച്ചു, 15000ത്തിലധികം ആളുകൾ കോളറ പിടിപ്പെട്ട് മരണപ്പെട്ടു. 1850 വരേക്കും കോളറയുടെ ആക്രമണം നീണ്ടുനിന്നു.

1858ൽ ഉണ്ടായ മറ്റൊരു ആഗോള കോളറ പകർച്ചവ്യാധി, മക്കയെയും ബാധിച്ചു. തീർഥാടകർക്ക് ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഒരുക്കിയിരുന്ന താൽക്കാലിക കോറന്റൈൻ ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നു.

കോവിഡ് 19 പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, ഈ വർഷത്തെ ഹജ്ജ് കർമം റദ്ദു ചെയ്യപ്പെടുകയാണെങ്കിൽ, അത് എല്ലാവരുടെയും നന്മയെ മുൻനിർത്തിയാണെന്ന് മനസ്സിലാക്കുക, ഈ പകർച്ചവ്യാധിയെ അതിജീവിക്കാൻ പരമകാരുണികനോട് പ്രാർഥിക്കുക, രോഗവ്യാപനം തടയുന്നതിനു വേണ്ടിയുള്ള ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

Facebook Comments
Related Articles
Tags
Close
Close