Current Date

Search
Close this search box.
Search
Close this search box.

കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

ഭയഭക്തിയിലും, ഏകത്വത്തിലും, വിശ്വാസത്തിലും സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം സുലൈമാന്‍ നബി(അ) ഏറ്റടുക്കുകയാണ്. മറ്റാര്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അധികാരവും, ഭരണവും അദ്ദേഹത്തിന് നല്‍കപ്പെടുകയാണ്. അതിനെല്ലാം മുമ്പ് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അങ്ങനെ, ചരിത്രത്തില്‍ വ്യതിരക്തമായ വ്യക്തിത്വത്തിന്റെ ഉടമയായി സുലൈമാന്‍ നബി(അ) രൂപപ്പെടുകയായിരുന്നു. സുലൈമാന്‍ നബി(അ) പ്രവാചകത്വം നല്‍കപ്പെട്ടു; വിജ്ഞാനവും വിവേകവും നല്‍കപ്പെട്ടു. ഇത് മുമ്പ് അദ്ദേഹത്തിൻെറ പിതാവിനും നല്‍കപ്പെട്ടിരുന്നു.

രാഷ്ട്രഭരണത്തിലെ സുലൈമാന്‍ നബി(അ)യുടെ മികവ്:

സുലൈമാന്‍ നബി(അ)യുടെ ചരിത്രം പറയുന്ന വിശുദ്ധ ഖുര്‍ആനിലെ കഥകള്‍ രാഷ്ട്രഭരണത്തിന്റെയും, അതിന്റെ ശാക്തീകരണത്തിന്റെയും വ്യത്യസ്തമാര്‍ന്ന ശൈലികളിലേക്ക് സൂചന നല്‍കുന്നുണ്ട്. അദ്ദേഹത്തന്റെ ഈയൊരു മികവും അവഗാഹവുമാണ് താഴെ വിശദീകരിക്കുന്നത്.

ഒന്ന്, രാഷ്ട്രത്തിലെ ജനങ്ങളുടെ അവസ്ഥകള്‍ നിരന്തരമായി ശ്രദ്ധിക്കുന്നു. വ്യക്തകളുടെയും സമൂഹത്തിന്റെയും അവസ്ഥകള്‍ സശ്രദ്ധം നിരീക്ഷിക്കുന്ന പ്രകൃതക്കാരാനായിരുന്നു സുലൈമാന്‍ നബി(അ). ‘അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു. എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടുപോയ കൂട്ടത്തിലാണോ?.’ (അന്നംല്: 20). ഇത് രാജ്യത്തെ ഭരണാധികാരികളില്‍ നിന്ന് തേടുന്ന കാര്യമാണ്. എല്ലാവരേയും പരിഗണക്കേണ്ടതുണ്ട്. ദുര്‍ബലരായവരെ പ്രത്യേകിച്ചും.
രാഷ്ട്രത്തിന്റെ ഭരണം ഏറ്റവും നന്നായി നിര്‍വഹിക്കുന്നതിന് സ്ഥാപനങ്ങളും, സംവിധാനങ്ങളും, കമ്മിറ്റികളും അത്യാവശ്യമാണ്. സുലൈമാന്‍ നബി(അ) രാഷ്ട്രത്തിലെ സൈന്യത്തെയും തൊഴിലെടുക്കുന്നവരെയും സശ്രദ്ധം പിന്തുടരുമായിരുന്നു. ഏതെങ്കിലും അര്‍ഥത്തിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. സുലൈമാന്‍ നബി(അ) ഹുദ്ഹുദ് പക്ഷിയെ കാണാതിരുന്ന ഉടനെ ചോദിക്കുകയുണ്ടായി; എന്തുപറ്റി? ഹുദ്ഹുദിനെ കാണുന്നില്ലല്ലോ? അഥവാ, ആ പക്ഷിക്ക് സുഖമില്ലാത്തത് കൊണ്ടാണോ വരാതിരിക്കുന്നത് എന്നര്‍ഥത്തിലാണ് അദ്ദേഹം അത് ചോദിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: ‘അത് സ്ഥലം വിട്ടുപോയവരുടെ കൂട്ടത്തിലാണോ?’ ഹുദ്ഹുദിന് എന്തുപറ്റിയെന്ന ചോദ്യത്തിനുശേഷമാണ് അദ്ദേഹം ഇപ്രകാരം രണ്ടാമതും ചോദിക്കുന്നത്. അഥവാ, കേവലമായി ചോദിക്കേണ്ട എന്നുവിചാരിച്ച് ചോദിക്കുന്നതല്ല ഇത്, മറിച്ച് വളരെ ഗൗരവത്തില്‍ ചോദിക്കുന്നതാണ്.

Also read: ഇനി വേണ്ടത് ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കേണ്ട ഇസ്ലാമിക കലാലയങ്ങൾ

രണ്ട്, തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും നന്മപ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ നന്മയിലേക്ക് നയിക്കാനും രാഷ്ട്രത്തിന് നിയമങ്ങള്‍ നിര്‍ബന്ധമാണ്. തെറ്റുകളുടെ പ്രകൃതം നോക്കികൊണ്ടാണ് ശിക്ഷിക്കേണ്ടത്. ഓരോ തെറ്റിന്റെയും അളവും വലിപ്പവും നോക്കികൊണ്ട് ശിക്ഷിക്കുകയെന്നതാണ് നീതിയുടെ പക്ഷം. അതുകൊണ്ട് തന്നെ സുലൈമാന്‍ നബി(അ) തെറ്റ് സ്ഥിരപ്പെട്ട് കഴിഞ്ഞാല്‍ എല്ലാ തെറ്റുകള്‍ക്കും ഒരേ ശിക്ഷ നടപ്പിലാക്കിയിരുന്നില്ല. മറിച്ച് തെറ്റിന്റെ വലിപ്പം പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വ്യവസ്ഥചെയ്തിരുന്നത്. ‘ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം.’ (അന്നംല്: 21). തെറ്റുകളുടെ വലിപ്പം നോക്കിയാണ് ശിക്ഷ നടപ്പിലാക്കേണ്ടത് എന്ന് പണ്ഡിതന്മാര്‍ തെളിവെടുക്കുന്നത് ഈ സൂക്തത്തെ മുന്നില്‍വെച്ച് കൊണ്ടാണ്.

മൂന്ന്, സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഇസ്‌ലാമിക രാഷ്ട്രം അനിവാര്യമായും പ്രാധാന്യം നല്‍കേണ്ട ഒന്നാണ് സുരക്ഷാ സംവിധാനങ്ങള്‍. ദീനിനും, ഏകദൈവ വിശ്വാസത്തിനും, സമുന്നത മൂല്യങ്ങള്‍-ലക്ഷൃങ്ങള്‍-മികച്ച മാതൃകകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിനും, ധാര്‍മികമായ മാര്‍ഗങ്ങളും മാധ്യമ സംവിധാനങ്ങള്‍ ഉപയോഗിച്ചും ജിഹാദിന്റെ മക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നതിനും, അനുയോജ്യമായ അവസ്ഥകള്‍ക്ക് വേണ്ടി മനസ്സിനെ പാകപ്പെടുത്തി ദീനിനെ സ്ഥാപിക്കുന്നതിനും പ്രയോജനകരമാകുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വലിയ പ്രധാന്യവും പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്. ഇപ്രകാരമാണ് സുലൈമാന്‍ നബി(അ) പ്രവര്‍ത്തിച്ചത്. ഇമാം ഖുര്‍ത്വുബി പറയുന്നതുപോല; ഹുദ്ഹുദ് പക്ഷിയുടെ സത്യം അതിനുള്ള ന്യായമായിരുന്നു. ജിഹാദ് ആവശ്യപ്പെടുന്നതെന്തായിരുന്നോ അത് ഹുദ്ഹുദ് അറിയിച്ചു. സലൈമാന്‍ നബി(അ) ജിഹാദിനെ അവയിലേക്ക് ആകര്‍ഷിപ്പക്കുന്ന ഒന്നാക്കി.

നാല്, ഏകദൈവ വിശ്വാസ പ്രബോധനത്തിന് പ്രാധാന്യം നല്‍കി. ഏകത്വത്തിലേക്ക് പ്രബോധനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുകയെന്നത് ഇസ്‌ലാമിക രാഷ്ട്ര നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരിലേക്കും ഏകദൈവ വിശ്വാസ സന്ദേശമെത്തിക്കേണ്ടതുണ്ട്. ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ സുലൈമാന്‍ നബി(അ) ജാഗ്രതയോടെ ഗൗരവത്തോടെ അവരിലേക്ക് പ്രബോധനവുമായി പുറപ്പെട്ടു. തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തോടെ അവരോട് സംസാരിച്ച് തുടങ്ങി. ‘നീ എന്റെ ഈ എഴുത്ത് കൊണ്ട് പോയി അവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്ന് മാറി നിന്ന് അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് നോക്കുക.’ (അന്നംല്: 28). ഇമാം ഖുര്‍ത്വുബി പറയുന്നു: ‘ഈ സൂക്തം അമുസ്‌ലിംകളിലേക്ക് ഇസ്‌ലമാമിക സന്ദേശമയക്കുന്നതിനും, ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനുമുള്ള തെളിവാണ്. നബി(സ) പേര്‍ഷ്യയുടെയും റോമിന്റെയുമെന്നല്ല, മറ്റു അക്രമകാരികളായവരിലേക്കും സന്ദേശമയച്ചിട്ടുണ്ട്.’ സബഅ് രാജ്ഞിക്ക് സുലൈമാന്‍ നബി(അ) എഴുതിയ കത്ത് തുടങ്ങുന്നത് കരുണയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ അവസാന ക്ഷണം അല്ലാഹുവിന് ഉത്തരം നല്‍കുവാനും അവനെ കീഴ്‌പ്പെടാനുമായുരുന്നു. ‘അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായികൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക.’ (അന്നംല്: 30-31).

Also read: ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകള്‍ മുസ് ലിംകൾ അവഗണിക്കുമ്പോള്‍

അഞ്ച്, ഇഹലോക വിഭവങ്ങള്‍ മുന്നില്‍ കീഴൊതുങ്ങുന്ന പ്രകൃതമായിരുന്നില്ല. സുലൈമാന്‍ നബി(അ)യെ പരീക്ഷിക്കുന്നതിനായി സബഅ് രാജ്ഞി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. മതത്തോടുള്ള സുലൈമാന്‍(അ) സ്‌നേഹം പരീക്ഷിക്കുന്നതിന് സമ്മാനം അദ്ദേഹത്തിലേക്ക് അയക്കാമെന്ന് സബഅ് രാജ്ഞിക്ക് ബുദ്ധിയുദിച്ചു. എന്നാല്‍ അദ്ദേഹം ആ പണത്തില്‍ തല്‍പരനായില്ല. അല്ലാഹു നല്‍കിയ ദീനാണ് അനന്തമായ സന്തോഷം നല്‍കുന്നതെന്നും, അതോടൊപ്പം അല്ലാഹു ദുനിയാവില്‍ അധികമായി സമ്പത്ത് നല്‍കിയിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സമ്മാനവുമായി വന്നവരെ അദ്ദേഹം അറിയിച്ചു. ഇത്തരം മഹനീയമായ സമ്മാനം നല്‍കപ്പെട്ടിരിക്കെ സുലൈമാന്‍ നബി(അ)ക്ക് മറ്റൊന്നിലേക്ക് തിരിയാന്‍ എങ്ങനെ കഴിയും! സമ്മാനവുമായി വന്നവര്‍ വിചാരിച്ചത് അത് അദ്ദേഹത്തെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹം അവരില്‍നിന്ന് ഇസ്‌ലാമോ അല്ലെങ്കില്‍ ഈ നിലപാടിന്റെ പേരില്‍ അവരോട് യുദ്ധമോ അല്ലാതെ മറ്റൊന്നും ആഗ്രഹിച്ചില്ല. ‘അങ്ങനെ അവന്‍(ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ സമ്പത്ത് നല്‍കി എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുളളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയായിരുന്നു.’ (അന്നംല്: 36).

ആറ്, സന്ദര്‍ഭോചിതമായി ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്. കഠനിമായ അവസ്ഥയില്‍ കടുത്ത നിലപാട് എടുക്കുന്നതില്‍ സുലൈമാന്‍ നബി(അ) പതറിയിരുന്നില്ല. സമൂഹം ശിര്‍ക്കില്‍ തന്നെയാണെന്ന് സുലൈമാന്‍ നബി(അ) കണ്ടു. അവര്‍ സുലൈമാന്‍ നബി(അ)യില്‍ നിന്ന് തിരിയാനും സത്യത്തില്‍ നിന്ന് വിട്ടുനല്‍ക്കാനും ഉദ്ദേശിച്ചപ്പേള്‍ സമ്മാനവുമായി വന്ന സംഘത്തോട് അദ്ദേഹം പറഞ്ഞു: ‘നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും, നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്.’ (അന്നംല്: 37). നിഷേധികളോട് ശത്രുത കാണിക്കുന്നതിലും, പ്രബോധനത്തില്‍ നിന്ന് തടയാന്‍ തീവ്രത കാണിക്കുന്നവരുടെ കാര്യത്തില്‍ ശക്തി പ്രയോഗിക്കുന്നതിലും പ്രശ്‌നമില്ല.

ഏഴ്, കഴിവുകളും നൈപുണ്യവും പ്രയോജനപ്പെടുത്തി. ഭരണീയരുടെ കഴിവുകളും നൈപുണ്യവും പ്രയോജനപ്പെടുത്തുകയെന്നത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. കൂടാതെ, അത് ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സുലൈമാന്‍ നബി(അ)യുടെ രാജവംശത്തില്‍ ജിന്നുകളും മനുഷ്യരുമടങ്ങുന്ന വിഭാഗം ഹുദ്ഹുദ് പക്ഷിയുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നിട്ടും, ഹുദ്ഹുദിനെ തന്നെ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് അതിന്റെ കഴിവ് ഉപയോഗപ്പെടുത്തുക എന്ന നിലക്കായിരുന്നു.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles