Current Date

Search
Close this search box.
Search
Close this search box.

പേരില്ലാ പോരാളി

മസ്‌ലമ: ബിൻ അബ്ദുൽ മലിക് (66 هـ-685 م1/7/ 121 هـ-24/ 12،/738 م)

റോമാക്കാരുടെ വലിയ കോട്ട ഉപരോധിച്ചു കൊണ്ടിരിക്കുന്ന സമയം. അദ്ദേഹത്തിന്റെ യുദ്ധങ്ങളിൽ മിക്കതും അന്നത്തെ ആഗോള വില്ലന്മാരായ ബൈസന്റൈൻ റോമൻ ഭരണകൂടത്തിനെതിരിലായിരുന്നു. ആ കോട്ട മതിലുകളുടെ ഉയരവും അതിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും റോമക്കാർ അടച്ചതുമൂലവും മുസ്‌ലിം സൈന്യത്തിന് അവിടേക്കുള്ള പ്രവേശനം അപ്രാപ്യമായിരുന്നു. റോമൻ പട്ടാളക്കാരെ സംബന്ധിച്ചേടത്തോളം അനുകൂല ഘടകവും അത് തന്നെ. മുസ്‌ലിം സൈന്യത്തെ കോട്ടയുടെ മുകളിൽ നിന്ന് കുന്തങ്ങൾ, മൂർച്ചയുള്ള കല്ലുകൾ എന്നിവ കൊണ്ട് റോമൻ സൈന്യം എറിയാൻ തുടങ്ങി. മുസ്‌ലിംകൾ വല്ലാതെ തളർന്നുപോയ അവസരം.

അന്ന് രാത്രി കൂരിരുട്ടിൽ, കൂട്ടത്തിലെ ഒരു സാധാരണ മുസ്‌ലിം പട്ടാളക്കാരന് വലിയ ആശയം മനസ്സിൽ തെളിഞ്ഞു വന്നു. കോട്ടയുടെ കവാടത്തിലെത്തി ഒളിച്ചിരുന്ന് ആരും കാണാതെ ഒരാൾക്ക് ഒളിച്ചു കയറാൻ പറ്റുന്ന വലിപ്പത്തിൽ കവാടത്തിൽ ദ്വാരമുണ്ടാക്കി. പതുക്കെ ഇളക്കി അവിടെ തന്നെ ആരുമറിയാതെ സ്ഥാപിച്ചു സ്വന്തം ക്യാമ്പിലേക്ക് മടങ്ങി; സംഭവം ആരോടും പറയാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

അടുത്ത ദിവസം, മുസ്‌ലിംകൾ പതിവുപോലെ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ കൂട്ടത്തിൽ ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ കവാടത്തിൽ ദ്വാരമുണ്ടാക്കിയ അതേയാൾ ഒരു മുഖംമൂടി ധരിച്ച് നിശബ്ദമായി അതിലൂടെ പ്രവേശിച്ച് പ്രധാന കവാടം തുറന്നു .അതോടെ മുസ്‌ലിം സൈന്യം ഒത്തുകൂടി മിന്നൽവേഗത്തിൽ കോട്ടയുടെ മതിലുകളിൽ കയറി, കോട്ട നിമിഷങ്ങൾക്കകം പിടിച്ചടക്കി. റോമൻ സൈന്യം പരാജയപ്പെട്ടോടി .

യുദ്ധാനന്തരം മസ്‌ലമ ബിൻ അബ്ദുൽ മലിക് തന്റെ സൈന്യത്തെ ഒരുമിച്ചുകൂട്ടി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “കോട്ടയുടെ കവാടം തുറന്നവന്നു പ്രത്യേക പ്രതിഫലം ലഭിക്കുന്നതാണ് , ആരായാലും കടന്നു വരൂ ” .
ആരും വന്നില്ല. സദസ്സ് പിരിഞ്ഞു. മസ് ലമ ക്യാമ്പിലേക്ക് തിരിച്ചുപോയി.പിറ്റേന്ന് വീണ്ടും സൈനികരെ ഒന്നിച്ച് കൂട്ടി പറഞ്ഞു:
“കോട്ടയുടെ കവാടം തുറന്നവന്നു പ്രത്യേക പ്രതിഫലം ലഭിക്കുന്നതാണ് , ആരായാലും കടന്നു വരൂ “.
അപ്പോഴും ഒരു അനക്കവുമുണ്ടായില്ല.

മൂന്നാം ദിവസം അവിടെ നിന്നും പിരിഞ്ഞ് പോവുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അവലോകന ചടങ്ങിൽ
അതേ സംഗതി ആവർത്തിച്ചു :
” കവാടം തുറന്നവന്നു പ്രത്യേക പ്രതിഫലം ലഭിക്കുന്നതാണ് , ആരായാലും ഏതു സമയത്തു വേണെമെങ്കിലും കടന്നു വന്നു സമ്മാനം കൈപറ്റാവുന്നതാണ്.”

രാത്രി ആയി , മസ്‌ലമ കൂടാരത്തിൽ ഒറ്റക്കിരിക്കുമ്പോൾ മുഖംമൂടി ധരിച്ച ഒരാൾ അവിടേക്ക് സലാം ചൊല്ലി പ്രവേശിച്ചു.മസ്‌ലമ അയാളോട് ചോദിച്ചു:
” ആ ദ്വാരമുണ്ടാക്കിയത് ?”
ആഗതൻ പറഞ്ഞു:
“അതൊക്കെ പറയാം , ആ കാര്യം തലവനായ താങ്കളോട് പറയാൻ ആ ദ്വാരമുണ്ടാക്കിയയാൾക്ക് മൂന്ന് നിബന്ധനകളുണ്ട് ” .

മസ്‌ലമ പറഞ്ഞു: “അവ എന്തൊക്കെയാണ്?”
അപ്പോൾ ആ മനുഷ്യൻ ഉണർത്തി: “അയാളുടെ പേര് ചോദിക്കാനോ മുഖം വെളിപ്പെടുത്താനോ പറയരുത്. കൂടാതെ ഒരു പാരിതോഷികവും അയാൾക്ക് കൊടുക്കരുത്. ”
മസ്‌ലമ ആശ്ചര്യത്തോടെ പറഞ്ഞു:
“ആവട്ടെ, അയാൾ ആവശ്യപ്പെടുന്നത് പോലെ ” .

ആ മുഖംമൂടിയ മനുഷ്യൻ പറഞ്ഞു:
“ഞാനാണാ മനുഷ്യൻ. ”
ശേഷം വളരെ വേഗം അയാൾ സൈനിക കൂടാരങ്ങൾക്കിടയിൽ അപ്രത്യക്ഷനായി!
ഈ സംഭവത്തിന് ശേഷം മസ്‌ലമയുടെ പ്രാർഥനകളിലെല്ലാം ആ ദ്വാരത്തിന്റെ നിർമ്മാതാവിനോടൊപ്പം എന്നേയും സ്വർഗത്തിലൊരുമിപ്പിക്കണേ എന്നു കൂടി പറയാറുണ്ടായിരുന്നു.

നമുക്കും ഇങ്ങിനെയൊരു അദൃശ്യ പോരാളിയാവാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാം, കാരണം നമ്മുടെയിടയിൽ പ്രശസ്തി നേടിയ ആളുകൾക്കിടയിൽ പൊതുവെ സത്യസന്ധത വിരളമാണ്. ഭൗതിക നേതാക്കൾക്കിടയിൽ സ്വാർത്ഥതയുടെ ജീവിതമാവും മിക്കവാറും എല്ലാവർക്കും പ്രിയപ്പെട്ടത്.

(അല്ലാഹു അദൃശ്യരും നിരപരാധരും ഭക്തരും മറഞ്ഞവരുമായവരെ സ്നേഹിക്കുന്നു, അവർ ഇല്ലാതിരുന്നാൽ ആരും അറിയുന്നില്ല ,
അവർ പങ്കെടുക്കുകയാണെങ്കിൽ പോലും അവർ അറിയപ്പെടുന്നില്ല, അവരുടെ ഹൃദയം സന്മാർത്തിന്റെ വിളക്കുകളാണ്, എല്ലാ ഇരുണ്ട പരീക്ഷണങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ടു പുറത്തുവരുന്നു ) എന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണുന്ന അദൃശ്യ പോരാളികളാണവർ. ഇന്നത്തെ കാലം തേടുന്നതും അത്തരം വിരൽ ചൂണ്ടപ്പെടാത്ത അഖ്ഫിയാക്കളെയാണ്. ചരിത്രത്തിൽ ഊരോ പേരോ രേഖപ്പെടുത്തപ്പെടാത്ത നിഷ്കാമകർമ്മികളായ അപ്രസിദ്ധരാണവർ. നാഥന്റെ മജ്‌ലിസിന്റെ സാമിപ്യം ഉറപ്പിച്ചവർ.

:‏ Ref
مختصر تاريخ دمشق (7/273)
تاريخ الطبري ( 3 / 667 )

Related Articles