Current Date

Search
Close this search box.
Search
Close this search box.

സൈനബിന്റെയും അബുൽ ആസിന്റെയും ഇസ്ലാം സ്വീകരണം

പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. സ്വന്തം കസിൻ തന്നെയായ അബുൽ ആസ് ബിൻ റബീഹ് ആണ് സൈനബയുടെ പ്രതിശ്രുത വരൻ ആയി വന്നത്. ഒരു ദിനം അബുൽ ആസ് വന്നിട്ട് നബിയോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ മൂത്ത മകളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ നബി പറഞ്ഞു. നിന്റെ കസിൻ വന്നിട്ട് നിന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു. നിനക്കിഷ്ടമാണോ? നബി സൈനബയോട് ചോദിച്ചു. സൈനബയുടെ മുഖം ചുകന്ന റോസാ പൂക്കൾ പോലെ വിടർന്നു. ആ കവിളിൽ അരുണിമ പടർന്നു. ലജ്ജ കൊണ്ട് മുഖം താഴ്ത്തി. പുഞ്ചിരി കൊണ്ട് അവർ സമ്മതമറിയിച്ചു.

അങ്ങനെ സൈനബിന്റെയും അബുൽ ആസിന്റെയും വിവാഹം നടന്നു. ആ ബന്ധത്തിൽ രണ്ട് ആനന്ദ വല്ലരികൾ അവർക്കു പിറന്നു. അലിയും ഉമാമയും. പ്രവാചകന് ആദ്യം പുന്നാരിക്കാൻ കിട്ടിയ പേരക്കുട്ടി ഉമാമ ആയിരുന്നു.

തിരുമേനിക്കു പ്രവാചകത്വം കിട്ടിയ വേളയിൽ അബുൽ ആസ് മക്കയിൽ നിന്നും അകലെയായിരുന്നു. തിരിച്ചു വന്നപ്പോൾ കണ്ടത് ഇസ്ലാം സ്വീകരിച്ച ഭാര്യയെ. അബുൽ ആസ് വീട്ടിലെത്തി വേഷം മാറുന്നതിനിടയിൽ സൈനബ് ആ വിവരം പ്രിയതമനെ അറിയിച്ചു. നോക്കൂ. എനിക്കൊരു സന്തോഷ കാര്യം പറയാനുണ്ട്. എന്റെ ബാപ്പയ്ക്ക് പ്രവാചകത്വം കിട്ടിയിരിക്കുന്നു. ഞാൻ അദ്ദേഹത്തിൽ വിശ്വസിച്ചിരിക്കുന്നു. അബുൽ ആസ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് ചോദിച്ചു. നീ എന്ത് കൊണ്ട് ഇതാദ്യം പറഞ്ഞില്ല? സൈനബ് അബുൽ ആസിന്റെ മനസ്സ് തണുപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചു.നോക്കൂ. പിതാവിനെ അവിശ്വസിക്കാൻ ഞാൻ ഒരു ന്യായവും കാണുന്നില്ല. ഒന്നാമത് അദ്ദേഹം കളവു പറയുന്ന ആളല്ല. ജനങ്ങളുടെ ഇടയിൽ സത്യസന്ധൻ എന്നും വിശ്വസ്തൻ എന്നുമാണ് അദ്ദേഹം അറിയപ്പെടുന്നത്. പിന്നെ ഞാൻ മാത്രമല്ല അദ്ദേഹത്തിൽ വിശ്വസിച്ചത്. എന്റെ ഉമ്മ വിശ്വസിച്ചിരിക്കുന്നു. എന്റെ സഹോദരികൾ മുഴുവൻ വിശ്വസിച്ചിരിക്കുന്നു. പിതാവിന്റെ കസിൻ അലി വിശ്വസിച്ചിരിക്കുന്നു. നിങ്ങളുടെ സുഹൃത്ത് അബൂബക്കർ തന്നെ വിശ്വസിച്ചിട്ടുണ്ട്.

കാര്യങ്ങളൊക്കെ ശരിയായിരിക്കാം അബുൽ ആസ് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം പാരമ്പര്യ മതത്തെ തള്ളിക്കളഞ്ഞു എന്നുപറയുന്ന അവസ്ഥ ഞാൻ ഇഷ്ടപ്പെടുന്നില്ല. സ്വന്തം ഭാര്യയെ സന്തോഷിപ്പിക്കാൻ ഒരു പേരുദോഷം കേൾക്കാൻ ഞാൻ തയ്യാറല്ല. നിന്റെ ബാപ്പയുടെ നിലപാട് ശരിയായിരിക്കാം. ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ എനിക്ക് ഇസ്ലാം സ്വീകരിക്കാൻ പറ്റില്ല. ദയവുചെയ്ത് നീ എന്നെ മനസ്സിലാക്കൂ.

സൈനബ് പ്രേമ പാരവശ്യത്തോടെ പറഞ്ഞു. ആരു പറഞ്ഞു ഞാൻ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്നു? ഞാൻ എങ്ങും പോകില്ല. നിങ്ങൾക്ക് എന്നാണോ സത്യം മനസ്സിലാകുന്നത് അതുവരെയും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. അങ്ങനെ അകന്നു നിന്നാണെങ്കിലും ആ ബന്ധം നീണ്ട 20 വർഷം മുറിയാതെ നില നിന്നു.

അതിനിടയിൽ ഹിജ്റ കടന്നുവന്നു. വിശ്വാസികളെല്ലാം മദീനയിലേക്ക് പലായനം തുടങ്ങി. സൈനബ ഓടിപ്പോയി പ്രവാചകനോട് അനുമതി ചോദിച്ചു അബുൽ ആസിന്റെ കൂടെ മക്കയിൽ തന്നെ തങ്ങാൻ. പ്രവാചകൻ സമ്മതം മൂളി. നീ നിന്റെ ഭർത്താവിന്റെയും മക്കളുടെയും കൂടെയാണ് കഴിയേണ്ടത്. തിരുമേനി മൊഴിഞ്ഞു.

അങ്ങനെ വിശ്വാസികളെല്ലാം മദീനയിൽ എത്തിയിട്ടും പ്രവാചകപുത്രി സൈനബ് മാത്രം മക്കയിൽ ബാക്കിയായി. അധികം താമസിക്കാതെ ബദർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പ്രവാചകന്റെ കൂടെ വിശ്വാസികൾ ഒരു ഭാഗത്ത്. മറുഭാഗത്ത് ആയിരക്കണക്കിന് അവിശ്വാസികൾ. അക്കൂട്ടത്തിൽ ഒരാളായി അബുൽആസും.

സൈനബ് ധർമസങ്കടത്തിലായി. ഒരുഭാഗത്ത് തന്റെ പ്രിയപ്പെട്ട പിതാവും വിശ്വാസികളും. മറുഭാഗത്ത് തന്റെ പ്രിയതമനും ഖുറൈശികളും. സൈനബിന്റെ അന്നത്തെ മാനസികാവസ്ഥയും സങ്കടവും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

യുദ്ധം കഴിഞ്ഞു. മുസ്ലിം സൈന്യം വിജയിച്ചു.സൈനബ് ദൈവത്തിനു നന്ദി പറഞ്ഞു പിന്നെ ആദ്യം അന്വേഷിച്ചത് തന്റെ പിതാവിന് വല്ലതും പറ്റിയോ എന്നാണ്. അദ്ദേഹം സുരക്ഷിതനാണ് എന്നറിഞ്ഞപ്പോൾ തന്റെ പ്രിയ മാരന് എന്തെങ്കിലും പറ്റിയോ എന്നായി. അബുൽ ആസിനെ ബന്ദിയാക്കി കൊണ്ടുവന്നിട്ടുണ്ട്. ബന്ധനസ്ഥരായ ശത്രുക്കളെ മോചനദ്രവ്യം കൊടുത്തു സ്വതന്ത്രരാക്കാം എന്നറിഞ്ഞ സൈനബ് ആരോടെന്നില്ലാതെ പറഞ്ഞു. ഞാനെന്ത് തുക ചെലവഴിച്ചും അദ്ദേഹത്തെ മോചിപ്പിക്കും. ഇത് പറയുമ്പോൾ സൈനബിന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. ആകെക്കൂടി ഉണ്ടായിരുന്നത് ഉമ്മ ഖദീജ പണ്ടു വിവാഹ സമ്മാനമായി നൽകിയ ഒരു മുത്തുമാല. ആ മാല ഭർതൃ സഹോദരന്റെ കയ്യിൽ കൂടി സൈനബ് പ്രവാചകന്റെ സമക്ഷത്തിങ്കൽ എത്തിച്ചു.

മദീനയിൽ പ്രവാചകൻ മോചനദ്രവ്യം വാങ്ങി ഓരോ ബന്ദിയേയും വിട്ടയക്കുകയായിരുന്നു. കൂട്ടത്തിൽ ഒരു മുത്തുമാല അദ്ദേഹത്തിന്റെ കണ്ണിൽ ഉടക്കി. തിരുമേനി ആ മാല തിരിച്ചും മറിച്ചും നോക്കി. ഇത് ഖദീജയുടെ മാലയല്ലേ. ഖദീജയെ ക്കുറിച്ചുള്ള ഓർമ്മകൾ വന്നു പെട്ടെന്ന് ആ ഹൃദയം ആർദ്രമായി. വികാര ഭരിതനായ പ്രവാചകന്റെ കണ്ണുകൾ നിറഞ്ഞു. ഈ മാല ഞാൻ സൈനബിനു തന്നെ തിരിച്ചു കൊടുക്കട്ടെ. അദ്ദേഹം അനുയായികളോട് സമ്മതം ചോദിച്ചു. അവർ ഏക സ്വരത്തിൽ സമ്മതിച്ചു. മാല അബുൽ ആസിനു തിരിച്ചു കൊടുത്തു അദ്ദേഹത്തെ മോചിപ്പിച്ചപ്പോൾ പ്രവാചകൻ ഇത്ര കൂടി പറഞ്ഞു. സൈനബിനോട് പറയൂ ആ മാല ഇനിയാർക്കും കൊടുക്കരുതെന്ന്.

അബുൽ ആസ് മാലയും വാങ്ങി തിരിഞ്ഞു നടക്കവേ, പ്രവാചകൻ ഓടിച്ചെന്നു ഒരു കാര്യം കൂടി ഉണർത്താനുണ്ട് എന്നു പറഞ്ഞു. അബുൽ ആസ് എന്താണ് ഇനി എന്നറിയാൻ പുരികമുയർത്തി. എനിക്ക് ദൈവത്തിൽ നിന്ന് ബോധനം വന്നിരിക്കുന്നു. വിശ്വാസിയായ സ്ത്രീയും അവിശ്വാസിയായ പുരുഷനും തമ്മിലുള്ള വിവാഹം ഇസ്ലാമിൽ സാധൂകരിക്കയില്ലയെന്നു. അതിനാൽ നിങ്ങൾ ആവിശ്വാസിയായി തന്നെ തുടരാനാണ് ഭാവമെങ്കിൽ എനിക്ക് എന്റെ മകളെ തിരിച്ചു തരണം. മടിയോടെ ആണെങ്കിലും അബുൽ ആസ് അത് അംഗീകരിച്ചു.

സൈനബ് ആകാംക്ഷയോടെ പ്രിയതമന്റെ വരവും കാത്ത് ഉമ്മറപ്പടിയിൽ നിൽക്കുകയായിരുന്നു. വീട്ടിലെത്തിയ അബുൽ ആസ് സൈനബി നോട്‌ പറഞ്ഞു. നമ്മൾ പിരിയുകയാണ്. നിങ്ങൾ എവിടെ പോകുന്നു സൈനബ് ഉദ്വേഗത്തോടെ ചോദിച്ചു. അബുൽ ആസ് പറഞ്ഞു. സത്യത്തിൽ ഞാൻ അല്ല പോകുന്നത് നീയാണ്. നീ നിന്റെ പിതാവിന്റെ അടുക്കലേക്ക് പോകുന്നു. നമ്മൾ അകലണമത്രേ. കാരണം നീ മുസ്ലിമും ഞാൻ അമുസ്ലിമും. സൈനബ് പ്രേമ പാരവശ്യത്തോടെ ഒന്നുകൂടി കെഞ്ചി വിശ്വാസം സ്വീകരിച്ചു നിങ്ങൾക്ക് എന്റെ കൂടെ നിന്നാൽ എന്താണ് ? പക്ഷേ അത് അംഗീകരിക്കാൻ അബുൽ ആസിന്റെ ഈഗോ അദ്ദേഹത്തെ സമ്മതിച്ചില്ല.

അങ്ങനെ സൈനബ് മകനെയും മകളെയും കൂട്ടി മദീനയിലേക്ക് പോയി. ആറു വർഷം കടന്നു പോയി. അബുൽ ആസ് ഒരു ദിനം തിരിച്ചു വരും എന്ന പ്രതീക്ഷയിൽ മറ്റൊരു ബന്ധത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും സൈനബ് ചിന്തിച്ചില്ല. ആറു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം അബുൽ ആസ് മദീനയിലെ സൈനബിന്റെ കുടിലിന്റെ വാതിലിൽ മുട്ടി.

ആക്കാലത്തു മക്കയിൽ നിന്ന് സിറിയയിലേക്ക് കച്ചവടത്തിന് പോകുന്നവർ മദീന വഴിയാണ് പോയി ക്കൊണ്ടിരുന്നത്. അബുൽ ആസും മക്കക്കാരുടെ സാധനം പേറി മദീന വഴി വരികയായിരുന്നു. മക്കയിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടു ഹിജറ പോയവരിൽ ചിലർ അവരുടെ സ്വത്തു ഈ കച്ചവടക്കാരിൽ നിന്ന് പിരിച്ചെടുക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ഏറ്റുമുട്ടലിൽ അബുൽ ആസിന്റെ സ്വത്തുക്കൾ അവർ പിടിച്ചെടുത്തു. പക്ഷേ ശരീരം പിടി കൊടുക്കാതെ അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടു. തനിക്ക് അഭയം കിട്ടുന്ന ഒരേ ഒരു ഭവനം സൈനബിന്റെ വീട് മാത്രം എന്ന തിരിച്ചറിവാണ് അബുൽ ആസിനെ സൈനബിന്റെ വീട്ടിൽ എത്തിച്ചത്.

സന്തോഷം കൊണ്ടും സങ്കടം കൊണ്ടും സൈനബിന്റെ കണ്ണ് നിറഞ്ഞു. നിങ്ങൾ മുസ്ലിം ആയിട്ടാണോ വന്നത്? സൈനബിന്റെ ഒന്നാമത്തെ ചോദ്യം അതായിരുന്നു. നിഷേധാർത്ഥത്തിൽ അബുൽ ആസ് തല കുലുക്കി. പക്ഷെ ഞാൻ ഇപ്പോൾ വന്നത് അഭയം ചോദിച്ചു കൊണ്ടാണ്. ആട്ടെ, നിങ്ങൾ ഇനിയെങ്കിലും വിശ്വാസം സ്വീകരിക്കുമോ? വീണ്ടും സൈനബിന്റെ ദയനീയ ശ്രമം. അപ്പോഴും അദ്ദേഹം പറഞ്ഞു. ഇല്ല.
സൈനബിന്റെ മിഴികൾ താണു. കണ്ണുനീർ തുടച്ചു കൊണ്ട് സൈനബ് പറഞ്ഞു. കടന്നു വരൂ. നിങ്ങൾ എന്റെ മക്കളുടെ ബാപ്പയല്ലേ. താങ്കൾ ഇവിടെ സുരക്ഷിതനായിരിക്കും.

പിറ്റേന്ന് കാലത്തു നബിയും അനുചരന്മാരും കേൾക്കുമാർ ഉച്ചത്തിൽ സൈനബ് വിളിച്ചു പറഞ്ഞു. ഞാൻ അബുൽ ആസിനു അഭയം നൽകിയിരിക്കുന്നു. അദ്ദേഹം എന്റെ മക്കളുടെ പിതാവാണ്.

പ്രവാചകൻ ജനങ്ങളെ വിളിച്ചു കൂട്ടി പറഞ്ഞു. അബുൽ ആസ് എന്റെ പ്രിയപ്പെട്ട മരുമകൻ ആണ്. അവൻ ഒരിക്കലും വാക്ക് പാലിക്കാതിരുന്നിട്ടില്ല. ജീവിതത്തിൽ ഇന്നേ വരെ കളവു പറഞ്ഞിട്ടില്ല. അതിനാൽ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവനെ അവന്റെ പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം സുരക്ഷിതമായി മക്കയിലേക്കു പോകാൻ അനുവദിക്കാം. നിങ്ങൾ അനുവദിക്കില്ലെങ്കിൽ അതിന്റെ പേരിൽ ഞാൻ നിങ്ങളെ ആക്ഷേപിക്കില്ല.അനുചരന്മാർ അബുൽ ആസിനെ മോചിപ്പിക്കാൻ പ്രവാചകന് അനുമതി നൽകി.

അന്ന് രാത്രി പ്രവാചകൻ സൈനബിനെ ഓർമിപ്പിച്ചു. ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് അയാളുടെ ശരീരം ഇപ്പോൾ അനുവദനീയമല്ല. നീ അയാൾക്ക്‌ അഭയം കൊടുത്ത പോലെ ഞങ്ങളും അദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നു.

പോകാൻ നേരത്ത് സൈനബ് വീണ്ടും അബുൽ ആസിനോട് ചോദിച്ചു. നിങ്ങൾക്ക് എന്നെയും കുട്ടികളെയും മിസ്സ്‌ ചെയ്യുന്നില്ലേ. ഒരു വിശ്വാസിയായി ഇനിയുള്ള കാലം ഞങ്ങളോടൊത്ത് കഴിഞ്ഞു കൂടെ. അതിനു മറുപടി പറയാതെ സാധനവും എടുത്തു അബുൽ ആസ് മരുഭൂമിയിൽ വീണ്ടും അപ്രത്യ ക്ഷനായി.

എന്നാൽ മക്കയിൽ എത്തിയപ്പോഴേക്കും അബുൽ ആസിന്റെ മനസ്സിൽ മാറ്റത്തിന്റെ കാറ്റ് വീശി. കച്ചവടത്തിനു ഏല്പിച്ച മുഴുവൻ സാധനങ്ങളും തിരിച്ചു ഏല്പിച്ച ശേഷം അവരുടെ മുൻപിൽ വെച്ച് തന്നെ അബുൽ ആസ് പ്രഖ്യാപിച്ചു. അല്ലാഹു അല്ലാതെ വേറെ ആരാധ്യൻ ഇല്ല. മുഹമ്മദ്‌ അവന്റെ പ്രവാചകൻ മാത്രം.

പിന്നീട് ഒരു നിമിഷം പോലും അദ്ദേഹം മക്കയിൽ തങ്ങിയില്ല. മദീനയിൽ എത്തി പ്രവാചകന്റെ തിരു സവിധത്തിൽ എത്തി സത്യവാചകം ആവർത്തിച്ചു. നേരത്തെ വിശ്വസിക്കാതിരുന്നത് താൻ കച്ചവട സാധനവുമായി മുങ്ങി എന്ന് മക്കക്കാർ പറയാതിരിക്കാൻ ആണെന്നും നിങ്ങൾ ഇന്നലെ എന്നോട് കാണിച്ച നല്ല പെരുമാറ്റവും എനിക്ക് നിങ്ങളും മകളും തന്ന അഭയവും എന്നെ മാറി ചിന്തിപ്പിച്ചു വെന്നും അബുൽ ആസ് പറയാതെ പറഞ്ഞു.

നബി അബുൽ ആസിന്റെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി സൈനബിന്റെ കയ്യിൽ ഏല്പിച്ചു പറഞ്ഞു. പ്രിയപ്പെട്ട മകളെ. നിന്റെ ഭർത്താവ് വന്നു നിന്നെ വീണ്ടും എന്നോട് ചോദിച്ചു. ഇതാ. നീ അയാൾക്ക്‌ നിന്നെ തിരിച്ചു കൊടുക്കുമോ? ഇരുപത് വർഷം മുൻപ് സൈനബിന്റെ കവിളിൽ പടർന്ന അതേ ശോണിമ അപ്പോഴും ആ കവിളിൽ വിരിഞ്ഞു. നാണം കൊണ്ട് ആ മുഖം കുനിഞ്ഞു. ലജ്ജയിൽ പൊതിഞ്ഞ പുഞ്ചിരിയോടെ വീണ്ടും അവർ മാരന്റെ കണ്ണിലേക്കു നോക്കി.

പക്ഷെ ആ ബന്ധം പിന്നെ ഒരു വർഷം മാത്രമേ ഉണ്ടായുള്ളൂ. സൈനബ് ഒരസുഖത്തെ തുടർന്ന് ഇഹലോക വാസം വെടിയുകയായിരുന്നു. അബുൽ ആസിനു ദുഃഖം സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. കൂടെയിരുന്നവരെ പോലും അദ്ദേഹം കരയിച്ചു. പ്രവാചകന് സൈനബിന്റെ മരണം തന്റെ പ്രിയ പത്നി ഖദീജയുടെ മരണത്തെ ഓർമിപ്പിച്ചു. ആ കണ്ണും ഹൃദയവും തേങ്ങി.

അബുൽ ആസിനു പിന്നീടുള്ള ദിവസങ്ങൾ നീങ്ങിയില്ല. മക്കളെ ചേർത്ത്പിടിച്ചു കരയാതെ ഒരു ദിവസം പോലും ഉണ്ടായില്ല. പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. പടച്ചവൻ തന്നെ സത്യം എനിക്ക് സൈനബ് ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല. പിന്നീട് ഒരു വർഷം മാത്രമേ അദ്ദേഹവും ജീവിച്ചിരുന്നുള്ളൂ.

Related Articles