Current Date

Search
Close this search box.
Search
Close this search box.

എന്നിട്ടും മഴ പെയ്യുന്നതെന്തുകൊണ്ട്

26413

ഹേര്‍ദാറിന്റെ ‘ ആഫ്രിക്കന്‍ ന്യായായവിധി’യില്‍ നീതി നടത്തിപ്പുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നു: ‘ മാസിഡോണിയയിലെ അലക്‌സാണ്ടര്‍ ഒരിക്കല്‍ ഏറ്റവും ദൂരെയുള്ള ഒരാഫ്രിക്കന്‍ നാട് സന്ദര്‍ശിച്ചു. സ്വര്‍ണ്ണക്കൂമ്പാരങ്ങളുണ്ടായിരുന്ന ആ രാജ്യത്തെ ജനം സ്വര്‍ണ്ണപ്പഴം നിറച്ച താലങ്ങളുമായി അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഇതുകണ്ട് അലക്‌സാണ്ടര്‍ അവരോട് പറഞ്ഞു. ‘ പഴം നിങ്ങള്‍ തന്നെ എടുത്തുകൊള്ളുക. ഞാന്‍ നിങ്ങളുടെ നിധികുംഭങ്ങള്‍ കാണാനല്ല വന്നത്. നിങ്ങളുടെ ജീവിതരീതിയും ആചാരക്രമങ്ങളും പഠിക്കാനാണ് വന്നത്. അപ്പോള്‍ അന്നാട്ടുകാര്‍ അദ്ദേഹത്തെ തങ്ങളുടെ രാജാവിന്റെ അടുത്തേക്ക് ആനയിച്ചു. അദ്ദേഹം അങ്ങാടിയില്‍ നീതി നടത്തുകയായിരുന്നു. അപ്പോള്‍ അവിടെ ഒരാള്‍ വന്നു ഇങ്ങനെ പറഞ്ഞു: ‘ രാജാവേ, ഇദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരു ചാക്ക് ഉമി വാങ്ങി. വിലയേറിയ ഒരു സ്വര്‍ണ്ണക്കട്ടി അതിനകത്തുണ്ടായിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല. അതിനാല്‍ ഉമി എന്റെതാണ്. എന്നാല്‍ സ്വര്‍ണ്ണക്കട്ടി എന്റെതല്ല. പക്ഷെ, ഇയാളത് തിരിച്ചെടുക്കുന്നില്ല. അങ്ങ് അയാളെ അത് തിരിച്ചുവാങ്ങാന്‍ നിര്‍ബന്ധിക്കണം’.

അതോടെ കൂടെയുണ്ടായിരുന്നയാള്‍ അതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു. ‘ നിനക്ക് അവകാശമില്ലാത്തത് എടുക്കാന്‍ നീ ഭയപ്പെടുന്നു. എനിക്ക് അവകാശമില്ലാത്തത് ഞാനെങ്ങനെ എടുക്കാനാണ്? ഞാന്‍ താങ്കള്‍ക്ക് ചാക്കും അതിലുണ്ടായിരുന്നതും വിററു. അതിനാലത് താങ്കളുടേതാണ്.’
രണ്ടു പേരുടെയും വാദം ശ്രദ്ധിച്ചുകേട്ട രാാജാവ് ആദ്യം പരാതി പറഞ്ഞ ആളോട് ചോദിച്ചു. ‘ താങ്കള്‍ക്ക് ആണ്‍കുട്ടിയുണ്ടോ? ഉണ്ട്; അയാള്‍ പറഞ്ഞു. അപ്പോള്‍ രണ്ടാമനോട് അന്വേഷിച്ചു.’ താങ്കള്‍ക്ക് മകളുണ്ടോ?. ഉണ്ട് എന്നറിയിച്ചപ്പോള്‍ രാജാവ് പറഞ്ഞു: നിങ്ങള്‍ രണ്ടു പേരും സത്യസന്ധരാണ്. അതിനാല്‍ നിങ്ങളുടെ മക്കള്‍ പരസ്പരം വിവാഹിതരാകട്ടെ. വിവാഹ സമ്മാനമായി  ഈ സ്വര്‍ണ്ണക്കട്ടി ഇരുവര്‍ക്കും നല്‍കുക. ഇതാണ് എന്റെ തീരുമാനം.

രാജാവിന്റെ വിധികേട്ട് അലക്‌സാണ്ടര്‍ അത്ഭുതസ്തബ്ധനായി. അദ്ദേഹത്തിന്റെ പരിഭ്രമം കണ്ട രാജാവ് ചോദിച്ചു. നിങ്ങള്‍ ഇത്രയേറെ അത്ഭുതപ്പെടുന്നതെന്തിനാണ്? ഞാന്‍ നടത്തിയ വിധി തെറ്റാണോ?
‘ തീര്‍ച്ചയായും അല്ല. പക്ഷേ, ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയല്ല വിധിക്കുക. അയാള്‍ തുടര്‍ന്നു. ‘ കക്ഷികള്‍ രണ്ടും കൊല്ലപ്പെടും. സ്വര്‍ണ്ണക്കട്ടി രാജാവിന്റെ കൈവശമെത്തകയും ചെയ്യും. അലക്‌സാണ്ടര്‍ പറഞ്ഞു.
അപ്പോള്‍ രാജാവ് ചോദിച്ചു: നിങ്ങളുടെ രാജ്യത്ത് സൂര്യന്‍ പ്രകാശിക്കാറുണ്ടോ? ഉണ്ട്; അലക്‌സാണ്ടര്‍ പറഞ്ഞു.
‘ എങ്കില്‍ അതവിടെ നിരപരാധികളായ നാല്‍കാലികളുള്ളതുകൊണ്ടായിരിക്കും. താങ്കള്‍ പറഞ്ഞതുപോലുള്ള മനുഷ്യര്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ സൂര്യന്‍ പ്രകാശിക്കുകയോ മഴപെയ്യുകയോ ചെയ്യുമായിരുന്നില്ല’.

സമ്പാദനം: അബൂഅയ് മന്‍

Related Articles