Current Date

Search
Close this search box.
Search
Close this search box.

വുദൂ സുൽത്താൻ

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഭരണാധികാരിയാണ്. തുർക്കിയെ അത്താതുർക്കിന്റെ കൈവശം ഏല്പിച്ചു കൊടുത്തു പാരീസിലേക്ക് സുഖവാസത്തിന് പോയി എന്നുവരെ എഴുതിയ ഓറിയന്റലിസ്റ്റ് പേനയുന്തികളെ കോപ്പി പേസ്റ്റ് ചെയ്ത മുസ്ലിം എഴുത്തുകാർ പോലുമുണ്ട്. എന്നാൽ ഇത്രമാത്രം സഹിഷ്ണുതയും അതോടൊപ്പം ദൈവഭയവുമുള്ള ഒരു ഭരണാധികാരി ഒരു പക്ഷേ ആധുനിക മുസ്ലിം ചരിത്രത്തിൽ ആദ്യമായിരിക്കും.

വുദു ചെയ്തിട്ടല്ലാതെ രാജ്യത്തിന്റെ ഒരു നയതന്ത്ര പത്രത്തിലും ഒപ്പിടാതിരുന്ന , മിക്കവാറും ദാഇമുൽ വുദൂ ആയ ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഗുമസ്തൻ അസ്അദ് ബക് വളരെ പ്രധാനപ്പെട്ട ഒരു രേഖയുമായി ഒരിക്കൽ പാതിരാത്രിയുടെ മധ്യത്തിൽ സുൽത്താന്റെ ഔദ്യോഗിക വസതിയുടെ വാതിലിൽ മുട്ടി. ആദ്യ മുട്ടലിൽ വാതിൽ തുറന്നില്ല, ബക് പലതവണ മുട്ടി, അയാൾ സുൽത്താനെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം വാതിൽ തുറന്ന് സുൽത്താൻ അബ്ദുൽ ഹമീദ് പുറത്തിറങ്ങി.

മുഖത്ത് പുഞ്ചിരി തൂകിക്കൊണ്ട് ഗുമസ്തനോട് സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: മോനേ, ഒന്നും വിചാരിക്കരുത്.നിന്റെ ആദ്യ മുട്ട് കേട്ടപ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു . വന്നിരിക്കുന്നത് നീയാണെന്ന് ബോധ്യപ്പെട്ടപ്പോൾ എഴുന്നേറ്റു പോയി വുദൂവെടുത്ത് വന്നതാണ്. കാത്തിരുന്നതിൽ നന്ദിയുണ്ട്. നീ ഈ നേരത്ത് എന്തെങ്കിലും പ്രധാനപ്പെട്ട വല്ല ദൗത്യവുമായേ വരൂവെന്ന് ഉറപ്പായിരുന്നു. എന്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വുദുവില്ലാതെ ഞാനൊരു രേഖയും ഒപ്പുവെച്ചിട്ടില്ല.

തുടർന്ന് സുൽത്താൻ പേപ്പറുകൾ എടുത്ത് സൂക്ഷ്മമായി വായിക്കുകയും ബിസ്മി ചൊല്ലി ഒപ്പിടുകയും ചെയ്തു.

തുർക്കിയിലെ 34)മത്തെ ഉസ്മാനീ സുൽത്താനായിരുന്നു ‍അബ്ദുൽ ഹമീദ് രണ്ടാമൻ. സുൽത്താൻ അബ്ദുൽ മജീദ് ഒന്നാമന്റെ അഞ്ചാമത്തെ പുത്രനായി 1842 സെപ്റ്റംബർ 22- 16 ശഅ്ബാൻ 1258ന് ഇസ്താംബൂളിൽ ജനിച്ചു. ഉമ്മയായ തർമെഷ്കാൻ”, 33 ആം വയസ്സിൽ മരിച്ചു, മകന് പത്തുവയസ്സ് പ്രായം . പിതാവിന്റെ രണ്ടാം ഭാര്യ ബർസ്തൂ ഖാദിനെ ഏൽപ്പിച്ചാണ് അവർ ദിവംഗതയായത്.പിതാവ് അബ്ദുൽ ഹമീദ് I മകന്റെ 18-ാം വയസ്സിൽ അന്തരിച്ചു, പിതൃവ്യൻ അബ്ദുൽ അസീസിന്റെ കിരീടാവകാശിയായി.

തന്നെ വളർത്തി വലുതാക്കിയ തർമെഷ്കാൻ എന്ന രണ്ടാനമ്മയെ സുൽത്താന പദവി നൽകി ആദരിച്ചു. ചെറുപ്പത്തിലേ തന്നെ അറബി, പേർഷ്യൻ ഭാഷകൾ സ്വായത്തമാക്കിയ അബ്ദുൽ ഹമീദ് II സാഹിത്യം, കവിത, ചരിത്രം, സംഗീതം, രാഷ്ട്രീയ മീംമാസ എന്നിവ പഠിച്ച അദ്ദേഹം കൊത്തുപണി ഇഷ്ടപ്പെടുകയും അതിൽ ധാരാളം സമയം ചെലവഴിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ചില മരപ്പണി സ്മാരകങ്ങൾ ഇപ്പോഴും ഇസ്തംബൂൾ മ്യൂസിയത്തിലുണ്ട്. അബ്ദുൽ ഹമീദ് II പിതൃവ്യന്റെ പിൻഗാമിയായി ഇസ്താംബുൾ സന്ദർശിച്ച ലോകത്തിലെ നിരവധി രാജാക്കന്മാരുമായി കണ്ടുമുട്ടി. ചെറുപ്പത്തിലെ തന്നെ കായിക പരിശീലനം, കുതിരസവാരി, ഇസ്ലാമിക ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള ശ്രദ്ധ , ലഹരിവസ്തുക്കൾ ഒഴിവാക്കുന്ന പ്രകൃതം എന്നിവ അദ്ദേഹത്തെ ആ സ്ഥാനത്തിന് കൂടുതൽ അർഹത നല്കി.

കൊട്ടാരത്തിലെ ചില ഉപജാപക വൃന്ദം ആസൂത്രണം ചെയ്ത ഗൂഢാലോചനയിൽ സുൽത്താൻ അബ്ദുൽ അസീസ് കൊല്ലപ്പെട്ടു, അബ്ദുൽ ഹമീദിന്റെ സഹോദരൻ മുറാദ് അഞ്ചാമൻ അദ്ദേഹത്തിന് ശേഷം സിംഹാസനത്തിനെത്തിയെങ്കിലും 93 ദിവസം മാത്രമാണ് അദ്ദേഹം സിംഹാസനത്തിൽ തുടർന്നത്. മിദ്ഹത് പാഷയുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനായ മുറാദ് അഞ്ചാമനെ പുറത്താക്കിയതിനെത്തുടർന്ന് 1876 സെപ്റ്റംബർ 19 ശഅ്ബാൻ 1293-ന് അബ്ദുൽ ഹമീദ് II സുൽത്താനായി അഭിഷിക്തനായി. അപ്പോളദ്ദേഹത്തിന് മുപ്പത്തിനാലു വയസ്സായിരുന്നു, . പുതിയ റഷ്യൻ- ഉസ്മാനീ യുദ്ധം, സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ബാൽക്കണുകളിലെ അശാന്തി, പ്രധാന ന്യൂനപക്ഷമായ ജൂതന്മാർ, രാഷ്ട്രീയ അവസരവാദികളായ ദോനുമക്കാർ , ഇസ്ലാം മടുത്ത യുക്തന്മാർ, കമാലിസ്റ്റുകൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായി. തുടർന്ന് 1918, ഫെബ്രുവരി 10 / 28 റബീഉൽ ആഖിർ 1336 AH ന് അദ്ദേഹം നിര്യാതനായി.

റഫറൻസ് :
مذكرات السلطان عبد الحميد الثاني
تاريخ الدولة العثمانية

Related Articles