Current Date

Search
Close this search box.
Search
Close this search box.

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-1

വിജയങ്ങങ്ങളെ തുടര്‍ന്ന് ഉമര്‍(റ)വിന്റെ കാലത്ത് അതിര്‍ത്തി വിശാലമായപ്പോള്‍ അവിടങ്ങളില്‍ സൈനിക താവളങ്ങളും, കോട്ടകളും, ക്യാമ്പുകളും വിജയശ്രീലാളിതരായി മുന്നോട്ടുഗമിക്കുന്ന സൈന്യത്തിനുവേണ്ടി നിര്‍മിക്കേണ്ടത് ആവശ്യമായി വന്നു. ‘ഖലീഫ’ ഉമര്‍(റ) അക്കാര്യത്തില്‍ ഒട്ടും അശ്രദ്ധനായിരുന്നില്ല. ഉമര്‍(റ) കാലത്തെ സൈനികമായ വിജയത്തോടും, ഭരണപരമായ പരിഷ്‌കരണത്തോടും ചേര്‍ത്തുവെക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ നഗരവത്കരണത്തിലെ പുതിയ ചുവടുവെപ്പുകള്‍. അപ്രകാരം വിജയിച്ചടക്കിയ ദേശങ്ങളില്‍ ധാരാളം നഗരങ്ങള്‍ നിര്‍മിച്ചെടുക്കുകയും, പള്ളികള്‍, കോട്ടാരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവ പണികഴിപ്പിക്കുകയും ചെയ്തു. ഉമര്‍(റ)വിന്റെ കാലത്തെ നഗരവത്കരണത്തിലെ ചുവടുവെപ്പുകളാണിവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

ഒന്ന്: മസ്ജിദുകളുടെ നിര്‍മാണം

ഉമര്‍(റ) ‘മസ്ജിദുന്നബവി’ വിപുലീകരിച്ചു. അതിലേക്ക് അബ്ബാസ് ബിന്‍ അബ്ദുല്‍മുത്വലിബിന്റെ കുടില്‍ ചേര്‍ക്കുകയും ചെയ്തു. അതിന്റെ വ്യാപ്തി ഖിബ്‌ലയുടെ ഭാഗത്ത് നിന്ന് പത്ത് മുഴവും, പടിഞ്ഞാറില്‍ നിന്ന് ഇരുപത് മുഴവും, തെക്കുഭാഗത്ത് നിന്നായി എഴുപത് മുഴവുമായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയത് മണ്‍കട്ടകളും ഈന്തപ്പനനാരുകള്‍കൊണ്ടുമാണ്. തൂണുകള്‍ മരംകൊണ്ടും, മഴയേല്‍ക്കാതിരിക്കുന്നതിന് ഈന്തപ്പന നാരുകള്‍കൊണ്ട് മേല്‍ക്കൂര വിരിച്ചും, നമസ്‌കാരത്തില്‍ അശ്രദ്ധരാകാതിരിക്കാന്‍ മഞ്ഞനിറത്തിലും ചുവപ്പ് നിറത്തിലുള്ളതുമായ അലങ്കാരങ്ങള്‍ ഒഴിവാക്കിയുമാണ് മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മസ്ജിദ് മണ്ണുകൊണ്ടുള്ളതായിരുന്നു; കല്ല് വിരിച്ചതായിരുന്നു. നമസ്‌കരിക്കുന്നവര്‍ക്ക് വൃത്തിയോടെ നമസ്‌കരിക്കുന്നതിനും, നടക്കുന്നവര്‍ക്ക് ശരിയായി നടക്കുവാനും വേണ്ടിയായിരുന്നു അത്.

സുഖകരമായി നമസ്‌കരിക്കുവാനും, ത്വവാഫ് ചെയ്യുന്നതിനുമായി വിശുദ്ധ മക്കയിലെ വിശുദ്ധ ഭവനത്തില്‍ ചെറിയ മാറ്റങ്ങല്‍ ഉമര്‍(റ) വരുത്തുകയുണ്ടായി. വിശുദ്ധ കഅ്ബയോട് ചേര്‍ന്നുള്ള ‘മഖാം ഇബ്‌റാഹീം’ അവിടെ നിന്ന് നീക്കംചെയ്ത്, നിലവില്‍ നാം കഅ്ബയില്‍ നിന്ന് കുറച്ച് വിദൂരത്തായി കാണുന്ന അവസ്ഥയിലേക്ക് മാറ്റി. അവിടെ ഒരു കൂടാരം പണികഴിച്ചു. മസ്ജിദുല്‍ ഹറാമിന് ചുറ്റിലുണ്ടായിരുന്ന ഒരു കുടില്‍ വാങ്ങി പൊളിക്കുകയും അത് കഅ്ബയിലേക്ക് ചേര്‍ക്കുകയും ചെയ്തു.
അതുപോലെ, പുതിയ നഗരങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചു. കൂഫയിലെ ‘മസ്ജിദുല്‍ ജാമിഅ്’ സഅദ് ബിന്‍ അബീവഖാസും, ബസ്വറയിലെ ടമസ്ജിദുല്‍ ജാമിഅ്’ ഉത്ബത്ബിന്‍ ഗസ്‌വാനും, ഫുസ്ത്വാത്തിലെ ‘മസ്ജിദുല്‍ ജാമിഅ്’ അംറ് ബിന്‍ ആസ്വുമാണ് രൂപകല്‍പന ചെയ്തത്. ഈ മഹത്തരമായ അല്ലാഹുവിന്റെ ഭവനങ്ങള്‍ മുസ്‌ലിംകളുടെ നമസ്‌കാര കേന്ദ്രങ്ങളായിരുന്നു. കൂടാതെ, പരസ്പരം അറിയുന്നതിനും, അറിവ് പങ്കുവെക്കുന്നതിനും, ഭരണാധികാരികളുടെയും ഗവര്‍ണമാരുടെയും കല്‍പനകളും വിധികളും സ്വീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള കേന്ദ്രവും കൂടിയായിരുന്നു.

Also read: ദൈവ കാരുണ്യം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍ പതിവാക്കാം

രണ്ട്: കര-നാവിക ഗതാഗത മാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി

വിശാലമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ക്കിടയില്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഉമര്‍(റ) ബൈതുല്‍മാലില്‍ നിന്ന് ഒരു വിഹിതം വകയിരുത്തി. അക്കാലത്ത് ഗതാഗത മാര്‍ഗത്തിനായി ഉപയോഗിക്കപ്പെട്ടിരുന്ന ഒട്ടകങ്ങളൂടെ ഒരു കൂട്ടത്തെ അണിനിരത്തി. ഇറാഖിനും സിറിയക്കും ഉപദ്വീപിനുമിടിയില്‍ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നതിനായി ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. അതുപോലെ, ‘ദാറുദഖീഖ്’ എന്ന് വിളിക്കപ്പെടുന്ന സ്ഥലം ഏറ്റെടുത്തു. അവിടെ ഈത്തപ്പഴം, സവീഖ് (ഗോതമ്പ്, ബാര്‍ളി എന്നിവയുടെ പൊടിയില്‍ നിന്നുണ്ടാക്കുന്ന ഭക്ഷണം), സബീബ് (ഉണക്കമുന്തിരി), മറ്റു ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കുന്നു. ഇവിടങ്ങളില്‍ വഴിതെറ്റിയ യാത്രക്കാരെ സഹായിക്കുകയും, അപരിചിതരായ അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്നു. കൂടാതെ, മക്കക്കും മദീനക്കുമിടിയല്‍ യാത്രക്കാരുടെ ആവശ്യത്തിനുവേണ്ടതെല്ലാം ഇവിടെ സംവിധാനിച്ചിട്ടുണ്ട്; ആവശ്യത്തിനുവേണ്ട വെള്ളമുണ്ട്. യാത്രക്കാരന് വെള്ളവും പാഥേയവും വഹിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ നയിക്കുന്ന മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് നഗരത്തിന്റെ നിര്‍മാണം ആവശ്യപ്പെടുന്ന ബന്ധത്തിലേക്ക് മുന്നേറാന്‍ ഉമര്‍(റ)വിന് കഴിഞ്ഞു. അതിലൂടെ സമൂഹത്തിന് നിര്‍ഭയത്വവും ലഭിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ മാതൃകകളെ ചരിത്രത്തില്‍ മനോഹരമായി വരച്ചുകാണിക്കാന്‍ ഉമര്‍(റ)വിന് കഴിഞ്ഞു.

ഹിജ്‌റ 16-ാം വര്‍ഷം ഉമറുല്‍ഫാറൂഖ് ഇറാഖില്‍ പട്ടണങ്ങള്‍ രൂപീകരിക്കുന്നതിനും, നദികള്‍ നിര്‍മിക്കുന്നതിനും, പാലം പണിയുന്നതിനുമായി പ്രാധാന്യം നല്‍കി. ഇത് ഇയാദ് ബിന്‍ ഗനമിന്റെ കാലത്തെ ‘റഹക്കാര്‍ക്ക്’ എഴുതിയ കത്തില്‍ കാണാവുന്നതാണ്; അല്ലാഹുവിന്റെ നാമത്തില്‍, ഇത് റഹ വാസികള്‍ക്ക് ഇയാദ് ബിന്‍ ഗനമില്‍ നിന്നുള്ള എഴുത്താണ്. നിങ്ങള്‍ എനിക്ക് പട്ടണങ്ങളുടെ കവാടം തുറന്നുതരികയും, അതിലൂടെ ഒരോരുത്തരില്‍ നിന്നായി ദീനാറും, ഗോതമ്പിന്റെ ഒരു അളവ് എനിക്ക് നേടിതരുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവന്റെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും നിര്‍ഭയരാണ്; നിങ്ങളെ തുടര്‍ന്നുവരുന്നവരും. വഴിതെറ്റിയവരെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടതും, പാലങ്ങളും റോഡുകളും പണിയേണ്ടതും, മുസ്‌ലിംകളെ സംസ്‌കരിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലാഹു അതിന് സാക്ഷിയാണ്. സാക്ഷി നില്‍ക്കുവാന്‍ അല്ലാഹു മതി!
ബാബിലോണിയന്‍ കോട്ടക്ക് അടുത്തുള്ള നൈലിനിടയിലൂടെ ചെങ്കടിലിലേക്ക് ഒഴുകികൊണ്ടിരുന്ന ഉള്‍ക്കടലിനെ സംബന്ധിച്ച് ഉമര്‍(റ) അറിഞ്ഞപ്പോള്‍ ഹിജാസിനെ ഈജിപ്തുമായി ബന്ധിപ്പിക്കുകയായിരുന്നു. ഇത് വ്യാപാരം എളുപ്പമാക്കുന്നതാണ്. എന്നാല്‍, റോമക്കാര്‍ ഇത് അവഗണിക്കുകയും തടയാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഉമര്‍(റ) ഈജിപ്തിലെ ഗവര്‍ണര്‍ അംറ് ബിന്‍ ആസ്വിനോട് ഒരിക്കല്‍ക്കൂടി നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. അംറ് ബിന്‍ ആസ്വ് അത് പുനര്‍നിര്‍മിച്ചു. അപ്രകാരം ഈജിപ്തിന്റെ തലസ്ഥാനമായ ഫുസ്ത്വാത്തിനും ഹിജാസിനുമിടയില്‍ യാത്രചെയ്യുന്നത് എളുപ്പമായി. കടലുകള്‍ക്കിടയില്‍ വീണ്ടും വ്യാപാരം നല്ലരീതിയില്‍ മുന്നോട്ടുപോയി. ഈ ഉള്‍ക്കടലില്‍ (الخليج) ഫുസ്ത്വാത്തില്‍ പാര്‍ക്കുകളും, പൂന്തോട്ടങ്ങളും, വീടുകളും നിര്‍മിക്കപ്പെട്ടു. ഇതിനെ ‘ഹലീജ് അമീറുല്‍മുഅ്മനീന്‍’ (അമീറുല്‍മുഅ്മിനീന്‍ നിര്‍മിച്ച ഉള്‍ക്കടല്‍) എന്നാണ് അംറ് ബിന്‍ ആസ്വ് പേരിട്ടുവിളിച്ചത്. യൂഫ്രട്ടീസ് നദിയിലെ ജലം ബസ്വറയിലേക്ക് എത്തിക്കുന്നതനായി, ഖൂറില്‍ നിന്ന് ബസ്വറയിലേക്ക് മൂന്ന് കി.മീ ദൂരത്തില്‍ ഇറാഖില്‍ കനാല്‍ കുഴിച്ചു. ഇപ്രകാരം നദി കുഴിക്കുന്നതിനും, ഉള്‍ക്കടല്‍ നിര്‍മിക്കുന്നതിനും, റോഡ്-ഡാം-പാലം പണിയുന്നതിനും നിര്‍മിക്കുന്നതിനും ഭീമമായി സംഖ്യ ഉമര്‍(റ)ന്റെ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബജറ്റില്‍ നിന്ന് വനിയോഗിക്കേണ്ടതായി വന്നു.

(തുടരും)

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles