Current Date

Search
Close this search box.
Search
Close this search box.

ഹമാസും മുസ്‌ലിം ബ്രദര്‍ഹുഡും

ഓട്ടോമന്‍ തുര്‍ക്കിയുടെ തകര്‍ച്ചയുടെ കാലത്ത് 1928 ലാണ് ഇഖ്‌വാന്‍ രൂപീകരിക്കപ്പെടുന്നത്. മിഡിലീസ്റ്റിലെ മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഇഖ്‌വാനെ രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും വ്യത്യസ്ത പേരുകളിലായി ഇഖ്‌വാന്‍ സജീവമായി ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രയേലിന്റെ രൂപീകരണത്തിന് രണ്ട് വര്‍ഷം മുമ്പ 1946 ലാണ് ഇഖ്‌വാന്റെ ഫലസ്തീന്‍ ശാഖ രൂപീകരിക്കപ്പെടുന്നത്. ഇഖ്‌വാന്‍ രൂപം നല്‍കിയ പ്രസ്ഥാനങ്ങളാണ് മിഡിലീസ്റ്റിലുടനീളം ഇന്നും രാഷ്ട്രീയചക്രം തിരിച്ചു കൊണ്ടിരിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, യമന്‍, കുവൈത്ത്, മൊറോക്കോ തുടങ്ങിയ രാഷ്ടങ്ങളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ അവര്‍ക്ക് സാധിച്ചു. ഓരോ രാഷ്ടങ്ങളിലേയും സവിശേഷമായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രസ്ഥാനങ്ങളെ മുകളില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു ഏകാധികാര ബോഡിയായല്ല ഇഖ്‌വാന്‍ പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം.

ചരിത്രത്തിലുടനീളം തങ്ങളുടേതായ രാഷ്ടീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഇസ്‌ലാമിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കേണ്ട മാര്‍ഗത്തെച്ചൊല്ലിയാണ് അവര്‍ക്കിടയില്‍ പ്രധാനമായും അഭിപ്രായ വിത്യാസം നില നില്‍ക്കുന്നത്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ഇസ്‌ലാമിനെ സംസ്ഥാപിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇഖ്‌വാന്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, അതേസമയം ഫലസ്തീനിലെ ഇസ്‌റയേല്‍ അധിനിവേശത്തെ ചെറുക്കുന്നതില്‍ സായുധ മാര്‍ഗമാണ് തുടക്കം മുതലേ അവര്‍ സ്വീകരിച്ചിരുന്നത്. മാത്രമല്ല, ഹസനുല്‍ ബന്ന ജീവിച്ചിരുന്ന കാലത്ത് ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ ഫലസ്തീനിലേക്ക് ജിഹാദിനായി പോവുകയും ഇസ്‌റയേലിനെ പരാജയപ്പെടുത്തുന്ന വക്കോളമെത്തുകയും ചെയ്തിരുന്നു. പിന്നീട് ഓസ്‌ലോ കരാറെന്ന പേരില്‍ ഈ മുന്നേറ്റം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.

1980 ലാണ് ഇഖ്‌വാന്റെ ഫലസ്തീന്‍ രൂപമായ ഹമാസ് രൂപീകരിക്കപ്പെടുന്നത്. 1946 ല്‍ ഇഖ്‌വാന്റെ ആദ്യ ഫലസ്തീന്‍ ശാഖ രൂപീകരിക്കപ്പെട്ട കാര്യം നേരത്ത സൂചിപ്പിച്ചുവല്ലോ. ഈജിപ്തിലേതു പോലെത്തന്നെ ഇസ്‌ലാമിന്റെ സംസ്ഥാപനം മുന്‍നിര്‍ത്തിയാണിത് രൂപീകരിക്കപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടിരുന്നില്ല. ബ്രിട്ടീഷ്-സയണിസ്റ്റ് മുന്നണിക്കെതിരായിരുന്നു അന്ന് ഇസ്‌ലാമിസ്റ്റുകള്‍ നിലയുറപ്പിച്ചിരുന്നത്. 1948 ലെ സയണിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാരെ ഇഖ്‌വാന്‍ ഫലസ്തീനിലേക്ക് അയക്കുകയുണ്ടായി. 1948 ലെ ഇസ്രായേല്‍ രൂപീകരണത്തിന് ശേഷം ഫലസ്തീനിലെ ഇഖ്‌വാന്‍ പ്രധാനമായും രണ്ടായി വിഭജിക്കപ്പെട്ടു. അതിലൊന്ന് വെസ്റ്റ്ബാങ്കിലും മറ്റേത് ഗസ്സയിലുമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. അതോടൊപ്പം തന്നെ  ഏകീകരിക്കപ്പെട്ട സ്വഭാവമാണ് ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ 1980 വരെ ദേശീയ പ്രസ്ഥാനങ്ങളായിരുന്നു ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. അതിന് ശേഷമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്.

അഭൂതപൂര്‍വ്വമായ ഒരു ഇസ്‌ലാമിസ്റ്റ് മുന്നേറ്റത്തിനാണ് 1980 സാക്ഷ്യം വഹിച്ചത്. ഇന്‍തിഫാദ എന്നായിരുന്നു അതിന്റെ പേര്‍. ആദ്യം ഗസ്സയിലും പിന്നീട് വെസ്റ്റ് ബാങ്കിലുമായിരുന്നു ഇന്‍തിഫാദ അലയടിച്ചത്. സവിശേഷമായ ഈ രാഷ്ടീയ സാഹചര്യത്തിലാണ് ഇഖ്‌വാന്‍ ഹമാസ് രൂപീകരിക്കുന്നത്. ഹമാസിനെ കൂടാതെ വേറെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1980 ല്‍ രൂപീകരിക്കപ്പെട്ട ഇസ്‌ലാമിക് ജിഹാദാണ് അവയില്‍ പ്രധാനപ്പെട്ട ഒന്ന്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സംഘടന രൂപീകരിക്കപ്പെടുന്നത്. 1980കളില്‍ ഫലസ്തീനിലെ ഇഖ്‌വാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ തുടക്കത്തില്‍ തന്നെ ഇസ്രായേലിനെതിരായ സായുധ ആക്രമണങ്ങള്‍ നടത്തുന്നതിലാണ് ഇസ്‌ലാമിക് ജിഹാദ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കുറച്ച് കൂടി വിശാലമായ ചെറുത്ത് നില്‍പ്പ് രൂപപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

1990 ന്റെ മധ്യത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഇസ്‌ലാമിക് ജിഹാദ് നിരവധി ചാവേറാക്രമണങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് ഇസ്‌റയേലിനെ ഞെട്ടിച്ചു. ഹമാസിനെപ്പോലും വെല്ലുന്നതായിരുന്നു ഈ മുന്നേറ്റങ്ങള്‍. എന്നാല്‍ ജനകീയാടിത്തറയുടെ കാര്യത്തില്‍ അവര്‍ ദുര്‍ബലരായിരുന്നു. അവര്‍ തെരെഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തതിന്റെ കാരണവും അതായിരുന്നു. ഫലസ്തീനില്‍ സജീവമായ മറ്റൊരു ഇസ്‌ലാമിക പ്രസ്ഥാനമാണ് ഹിസ്ബുത്തഹ്‌രീര്‍. 1952 ലാണിത് രൂപീകരിക്കപ്പെടുന്നത്. ഖിലാഫത്ത് പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തോടെ ഫലസ്തീന്‍ വിമോചനം സാധ്യമാകും എന്നാണിവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ജനാധിപത്യപരമായ രീതിയിലുള്ള ഇസ്‌ലാമിക പ്രവര്‍ത്തനത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ ഫലസ്തീന്‍ വിമോചനം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിന് ജനകീയാടിത്തറ നേടിയെടുക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയാണുണ്ടായത്. (തുടരും)

വിവ : സഅദ് സല്‍മി

ഇസ്‌ലാമും ഫലസ്തീനിയന്‍ പോരാട്ടവും
സയണിസവും ജൂതമതവും

Related Articles