Current Date

Search
Close this search box.
Search
Close this search box.

ഹബീബ് ബിന്‍ മസ്‌ലമത്തുല്‍ ഫഹ്‌രി : അര്‍മേനിയ ജയിച്ചടക്കിയ നായകന്‍

അബൂ അബ്ദുറഹ്മാന്‍ എന്ന നാമത്തില് ചരിത്രത്തില്‍ സ്ഥാനം നേടിയ വീരനായകനാണ് ഹബീബ് ബിന്‍ മസ്‌ലമത്തുല്‍ ഫഹ്‌രി. ഹിജ്‌റക്ക് രണ്ടുവര്‍ഷം മുമ്പ് മക്കയില്‍ ജനിച്ച ഇസ്‌ലാമികമായ അന്തരീക്ഷത്തില്‍ വളര്‍ന്ന വ്യക്തിത്തമാണദ്ദേഹം. നബിയുടെ അവസാന യുദ്ധമായ തബൂക്ക് യുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം ധീരതയില്‍ ഖാലിദ് ബിനുല്‍ വലീദിന്റെയും അബൂ ഉബൈദയുടെയും സ്ഥാനത്തേക്കുയര്‍ന്നു. പിന്നീടുള്ള ഇസ്ലാമിന്റെ വിജയങ്ങളില്‍ അനല്‍പമായ പങ്കുവഹിക്കാനും അദ്ദേഹത്തിന് ജനമനസുകളിലുള്ള സ്വാധീനത്താല്‍ സാധിച്ചു. കാരണം ചെറുപ്പം മുതല്‍ യുദ്ധരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ആയോധനകലയും യുദ്ധതന്ത്രങ്ങളും കുഞ്ഞുനാളിലേ സ്വായത്തമാക്കിയിരുന്നു. ഉള്‍പ്രദേശങ്ങളില്‍ സ്ഥിതിചെയ്തിരുന്ന രാജ്യങ്ങള്‍ പിടിച്ചക്കി അവിടങ്ങളില്‍ ഇസ്ലാമിന്റെ വെന്നിക്കൊടി പറത്തുകയും ഇസ്‌ലാമികമായ അടിത്തറ പാകുകയും ചെയ്തു. നീണ്ട യുദ്ധങ്ങളിലൂടെ കഠിനാധ്വാനം ചെയ്താണ് അര്‍മേനിയന്‍ ദ്വീപുകളും കോക്കസ് ദ്വീപുകളും പിടിച്ചടക്കിയത്. അബൂബക്കര്‍ (റ) വിന്റെ ഭരണകാലത്ത് ശാമിലേക്ക് അയച്ച യുദ്ധസംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

വിജയങ്ങള്‍
ഉമര്‍ (റ) വിന്റെ ഭരണകാലത്ത് അദ്ദേഹം ഗവര്‍ണ്ണറായിരുന്നു എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അബ്ദുറഹ്മാനും സുറാഖത്ത് ബിന്‍ അംറും അര്‍മീനിയ കീഴടക്കിയിരുന്നെങ്കിലും അധികകാലം നീണ്ടു നിന്നില്ല. പിന്നീട് ഉസ്മാന്‍ (റ) വിന്റെ കാലത്താണ് ഹബീബ് ബിന്‍ മസ് ലമയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണവിജയം നേടിയത്.

വടക്കന്‍ യമന്‍ കീഴടക്കിയ അബൂ ഉബൈദ്ത്തുബ്‌നുല്‍ ജറാഹിന്റെ സംഘത്തില്‍ ഹബീബ് ബിന്‍ മസ്ലമയുമുണ്ടായിരുന്നു. അന്തോക്യ കീഴടക്കിയ അദ്ദേഹം അവിടെ ഗവര്‍ണ്ണറായി സ്ഥാനമേറ്റു. ആ സമയത്താണ് ആദ്യമായി അദ്ദേഹം യുദ്ധത്തിന്റെ നേതാവാകുന്നത്. ജബലു ലുക്കാമിലെ ശക്തരായ ജര്‍ജമക്കാരായിരുന്നു എതിരാളികള്‍. അദ്ദേഹം യുദ്ധത്തിനുമുതിരാതെ സന്ധിക്ക് തയാറാവാന്‍ ആ നാട്ടുകാരോട് ആവശ്യപ്പെട്ടു. അവര്‍ മുസ് ലിംകളുമായി സഹകരിച്ച് മുന്നോട്ട് പോവാമെന്ന് സമ്മതിച്ചു. പിന്നീട് ഇയാദ് ബിന്‍ ഗനമിന്റെ നേതൃത്വത്തില്‍ അള്‍ജീരിയ കീഴടക്കിയ സൈനികസംഘത്തില്‍ പേരിനൊരു നേതാവായിരുന്നു അന്ന് ഹബീബ്. ഉമറിന്റ കല്‍പനപ്രകാരം പിന്നീട് അര്‍മീനിയയിലേക്ക് പോവുകയായിരുന്നു. യോദ്ധാവായ അദ്ദേഹം ധീരതയുടെ പേരില്‍ പ്രശസ്തനായി. ജനങ്ങള്‍ അങ്ങേയറ്റം അദ്ദേഹത്തെ സ്‌നേഹിച്ചു. ഹസ്സാനുബ്‌നു സാബിത്ത് അദ്ദേഹത്ത പുകഴ്ത്തി ഒരു കവിതാശകലം തന്നെ രചിച്ചിരുന്നു. ദൈവഭക്തിയും നന്മയും ഉള്‍ച്ചേര്‍ന്ന് ജീവിതം നയിച്ച ഹബീബ് ,അബൂബക്കര്‍ (റ) വിന്റെയും ഉമര്‍(റ) വിന്റെയും പാത പിന്തുടര്‍ന്നു ജീവിക്കണമെന്ന് നിരന്തരം മുആവിയയെ നിര്‍ബന്ധിച്ചിരുന്നു. ഹിജ്‌റ 42 ല്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

വിവ: ഇസ്മായില്‍ അഫാഫ്‌

Related Articles