Current Date

Search
Close this search box.
Search
Close this search box.

സമാധാനം പുലരാന്‍ തെരുവിനെ കാന്‍വാസാക്കിയ മുറാദ്

k;op.jpg

തീ തുപ്പുന്ന വിമാനങ്ങളും ചാവേറുകളായി പൊട്ടിത്തെറിക്കുന്ന പടയാളികളും തോക്കുകളും ബോംബുകളും നിറഞ്ഞ യുദ്ധഭൂമിയില്‍ സമാധാനം കൊതിച്ച് ബ്രഷ് കൈയിലെടുത്തവരുമുണ്ട്. തങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ മന:സാമാധാനം എന്നത് സ്വപ്‌നതുല്യമാകുമ്പോള്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ അതിനായി പോരാടുകയാണ് യമനിലെ മുറാദ് സുബായ് എന്ന ചെറുപ്പക്കാരന്‍.

തെരുവിന്റെ വിവിധ ഇടങ്ങള്‍ തന്റെ ക്യാന്‍വാസാക്കി മാറ്റി ബ്രഷുകൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുകയാണ് മുറാദ്. യുദ്ധ കലുഷിതമായ യമനില്‍ സമാധാനം തിരികെകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്്ട്രീറ്റ് ആര്‍ട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം.

ബോംബിട്ട് തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിലും ചുമരുകളിലും കൂറ്റന്‍ പൈപ്പുകളിലുമെല്ലാം തന്റെ പ്രതിഷേധവും യുദ്ധത്തിന്റെ കെടുതികളും ദുരന്തങ്ങളും വരച്ചിടുകയാണ് മുറാദ്.

UJLU

മുപ്പതുകാരനായ മുറാദിന്റെ ചിത്രങ്ങള്‍ ഇതിനോടകം യമനിലും വിദേശങ്ങളിലുമെല്ലാം പ്രസിദ്ധമാണ്. സ്ട്രീറ്റ് ആര്‍ട് എന്നാല്‍ യമനിലെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍, ഏഴു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തോടെ ഈ കലാപ്രകടനം രാജ്യത്ത് സജീവമാവുകയായിരുന്നു’ മുറാദ് സുബായ് പറഞ്ഞു. ചില രാജ്യങ്ങളില്‍ ഗ്രാഫിറ്റി ആര്‍ട് എന്ന പേരിലാണ് ഈ കലാപ്രകടനം അറിയപ്പെടുന്നത്. തെരുവിലെ കൂറ്റന്‍ ചുമരുകളിലും തൂണുകളിലും മതിലുകളിലുമെല്ലാം അനുമതി വാങ്ങിയും വാങ്ങാതെയും വിവിധ സന്ദേശങ്ങള്‍ ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കലാപ്രകടനമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവ നേരത്തെ തന്നെ പ്രചാരത്തിലുണ്ട്.

2011 മുതലാണ് സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത്. സൗദിയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും ഹൂതി വിമതരും തമ്മിലാണ് പോരാട്ടം. യുദ്ധം ഇപ്പോള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. യുദ്ധം യമനിലെ സാധാരണക്കാരെ എങ്ങനെയാണ് ബാധിച്ചതെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് സ്ട്രീറ്റ് ആര്‍ട്ടിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് സുബായ് പറഞ്ഞു.

DFREH

ഞാന്‍ എന്റെ ആവശ്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഞാന്‍  യുദ്ധത്തിന് എതിരാണ്. സ്‌ഫോടനങ്ങളുടെയും വെറുപ്പിന്റെയും ശബ്ദങ്ങള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളൂ. അതിനാല്‍ തന്നെ ഇതിലൂടെ സമാധാനം പുലര്‍ത്താനാണ് നാം ആവശ്യപ്പെടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമന്‍ തലസ്ഥാനമായ സന്‍ആയിലും തായിസ്,ഹൊദയ്ദ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സുബായിയുടെ ചിത്രങ്ങള്‍ കാണാം. സാധാരണ ജനങ്ങളുടെ അവസ്ഥകളും സ്വപ്‌നങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ് ഇവിടെയെല്ലാം അദ്ദേഹം വരച്ചിട്ടത്.

TGJ
ചെറിയ കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സൂചിപ്പിക്കുന്നതിന്റെ ചിത്രവും യു.എസിന്റെ യുദ്ധ വിമാനങ്ങള്‍ക്കു താഴെ എന്തിനാണ് എന്റെ കുടുംബത്തെ കൊന്നൊടുക്കിയതെന്ന് പിഞ്ചു ബാലന്റെ ചോദ്യവും തകര്‍ന്നടിഞ്ഞ വീട്ടിലെ ചുമരില്‍ തൂക്കിയിട്ട കുടുംബ ചിത്രത്തിലിരിക്കുന്ന കാക്ക എന്നിവയെല്ലാം സ്ട്രീറ്റ് ആര്‍ട്ടില്‍ കടന്നുവരുന്നു.

2017ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്നും നിര്‍ബന്ധിതരായി പലായനം ചെയ്യപ്പെട്ടത്. ഇതിനോടകം അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി മാറി യമന്‍. രാജ്യത്തെ 28 മില്യണ്‍ ജനങ്ങളെയും യുദ്ധം ബാധിച്ചിട്ടുണ്ട്. മാനസിക നില തകര്‍ന്ന ലോകത്തെ ഏറ്റവും വലിയ ജനതയാണ് ഇവിടെയുള്ളതെന്നാണ് യു.എന്‍ പറയുന്നത്.

UYLKUIO';

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോളറ പിടിപെട്ടതും ഇവിടെയാണ്. 2017 വരെ ആറു ലക്ഷം പേര്‍ക്കാണ് അസുഖം പിടിപെട്ടത്്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. ലോകത്തു നിന്നും ഉന്മൂലനം ചെയ്യപ്പെട്ടതെന്ന് കരുതുന്ന ഡിഫ്തീരിയ ഇവിടെ 500ഓളം പേര്‍ക്കാണ് പിടിപെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ ആളുകളുടെ ജീവനും പ്രതീക്ഷയും പ്രതികരണവും നഷ്ടപ്പെട്ട് ഇഞ്ചിഞ്ചായി മരിച്ചു വീഴുന്ന രക്തകലുഷിതമായ ഭൂമിയില്‍ പ്രതീക്ഷ അസ്തമിക്കാതെ വസന്തം വിരിയിക്കാനുള്ള ശ്രമത്തിലാണ് മുറാദ് സുബായ്.

മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

 

 

Related Articles